Immigrant
കുടിയേറ്റക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ എന്‍എച്ച്എസ് സര്‍ച്ചാര്‍ജ് ഇരട്ടിയാക്കി. എന്‍എച്ച്എസ് സേവനങ്ങള്‍ ലഭിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കു പുറത്തു നിന്നെത്തിയ കുടിയേറ്റക്കാര്‍ ഇനി 400 പൗണ്ട് നല്‍കേണ്ടി വരും. യുകെയില്‍ താല്‍ക്കാലികമായി താമസിക്കുന്നവര്‍ക്ക് ഗുണകരമായ പദ്ധതിയാണ് ഇതെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ കരോളിന്‍ നോക്ക്‌സ് പറഞ്ഞു. ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരിക്കുന്ന ഈ വര്‍ദ്ധനയ്ക്ക് ഇനി പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കണം. 2015ലാണ് ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ച്ചാര്‍ജ് എന്ന ഈ ഫീസ് അവതരിപ്പിച്ചത്. യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്ക് പുറത്തു നിന്നെത്തുന്ന കുടിയേറ്റക്കാര്‍ക്കാണ് ഇത് ബാധകമായിട്ടുള്ളത്. ആറു മാസത്തിനു മേല്‍ കാലയളവില്‍ യുകെയില്‍ താമസത്തിനെത്തുന്നവര്‍ ഇത് നല്‍കണമെന്നാണ് നിബന്ധന. വര്‍ദ്ധിപ്പിച്ച നിരക്കനുസരിച്ച് അന്താരാഷ്ട്ര സ്‌കീമുകളില്‍ പഠനത്തിനെത്തിയിരിക്കുന്ന 18 മുതല്‍ 30 വയസു വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ ഡിസ്‌കൗണ്ട് ചെയ്ത നിരക്കായ 300 പൗണ്ട് അടക്കണം. നേരത്തേ ഇത് 150 പൗണ്ടായിരുന്നു. ബ്രിട്ടീഷ് നികുതിദായകരുടെ പണത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍എച്ച്എസ് ആവശ്യങ്ങളില്‍ എപ്പോഴും ഉണ്ടാകുമെന്ന് നോക്ക്‌സ് പറഞ്ഞു. ദീര്‍ഘകാല താമസക്കാരായ കുടിയേറ്റക്കാര്‍ ഈ സേവനം ഉപയോഗിക്കുന്നത് ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ആരോഗ്യ സര്‍വീസിന്റെ നിലനില്‍പ്പിനായി അവര്‍ അവരുടേതായ സംഭാവന നല്‍കേണ്ടത് അത്യാവശ്യമാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും നോക്ക്‌സ് വ്യക്തമാക്കി. ഈ ഉദ്ദേശ്യത്തിലാണ് 2015 ഏപ്രിലില്‍ ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ച്ചാര്‍ജ് നടപ്പാക്കിയത്. ഈ പണം അടക്കുന്നവര്‍ക്ക് യുകെ പൗരന്‍മാര്‍ക്ക് ലഭിക്കുന്നതു പോലെ ഏതു സമയത്തും എന്‍എച്ച്എസ് സേവനങ്ങള്‍ ലഭ്യമാകും. നിയമവിധേയമായി രാജ്യത്ത് തുടരുന്ന കാലയളവില്‍ ഇത് ഫലപ്രദമായി ഉപയോഗിക്കാനാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ പദ്ധതി ഇമിഗ്രന്റ്‌സിന് നല്‍കുന്ന ശിക്ഷയാണെന്നായിരുന്നു എന്‍എച്ച്എ,സ് ജീവനക്കാരുടെ സംഘടന കുറ്റപ്പെടുത്തിയത്. ബ്രിട്ടീഷ് വിസയ്ക്കായി അപേക്ഷിക്കുമ്പോളും പിന്നീട് എല്ലാ വര്‍ഷവും ഈ സര്‍ച്ചാര്‍ജ് അടക്കേണ്ടി വരും.
അഭയാര്‍ത്ഥികളായെത്തിയവര്‍ക്ക് യുകെയില്‍ വെച്ച് ജനിക്കുന്ന കുട്ടികളുടെ പൗരത്വത്തിനായി അമിത തുക ഈടാക്കുന്ന ഹോം ഓഫീസ് നടപടിക്കെതിരെ വ്യാപക വിമര്‍ശനം. അഭയാര്‍ത്ഥികളുടെ കുട്ടികളെ പണം പിടുങ്ങാനുള്ള മാര്‍ഗ്ഗമായി ഹോം ഓഫീസ് കാണുന്നുവെന്ന വിമര്‍ശനമാണ് ഉയരുന്നത്. 1000 പൗണ്ടിലേറെ വരുന്ന തുകയാണ് യുകെയില്‍ വെച്ച് ജനിക്കുന്ന കുട്ടികള്‍ക്കും അഭയാര്‍ത്ഥികള്‍ക്കൊപ്പം യുകെയിലെത്തുന്ന കുട്ടികള്‍ക്കും പൗരത്വം ലഭിക്കുന്നതിനായി നല്‍കേണ്ടി വരുന്നത്. അതി ഭീമമായ ഈ തുക താങ്ങാന്‍ പല അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്കും കഴിയാത്തതിനാല്‍ ഇവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം പോലും നിഷേധിക്കപ്പെടുകയാണ്. ഒരു കുട്ടിക്ക് ബ്രിട്ടീഷ് പൗരത്വത്തിനായി അപേക്ഷിക്കണമെങ്കില്‍ 1102 പൗണ്ടാണ് ഫീസ്. അഡ്മിനിസ്‌ട്രേറ്റീവ് ചെലവുകള്‍ക്കായി 372 പൗണ്ട് അധികമായി വരും. രണ്ടര വര്‍ഷത്തെ യുകെ സ്റ്റാറ്റസ് ലഭിക്കാനുള്ള ലീവ് ടു റിമെയ്ന്‍ ആപ്ലിക്കേഷന് 1033 പൗണ്ടാണ് നല്‍കേണ്ടത്. 500 പൗണ്ട് ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജും ഇതിനൊപ്പം നല്‍കണം. അടുത്തിടെയാണ് ഈ നിരക്കുകള്‍ ഹോം ഓഫീസ് കുത്തനെ ഉയര്‍ത്തിയത്. വര്‍ഷങ്ങളായി യുകെയില്‍ കഴിഞ്ഞു വരുന്ന അഭയാര്‍ത്ഥികള്‍ക്ക് അവരുടെ സ്റ്റാറ്റസ് പുതുക്കുന്നതിനായി നേരിടേണ്ടി വരുന്ന യാതനകള്‍ ഏറെയാണെന്നും കണക്കുകള്‍ പറയുന്നു. പണത്തിനായി നിയമ വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യേണ്ടതായി പലര്‍ക്കും വരുന്നു. കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്ന ഇവരിലെ സ്ത്രീകള്‍ക്ക് ലൈംഗികത്തൊഴിലിലേക്ക് തിരിയേണ്ടി വരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു സ്വതന്ത്ര ഇമിഗ്രേഷന്‍ ആന്‍ഡ് ബോര്‍ഡേഴ്‌സ് ചീഫ് ഇന്‍സ്‌പെക്ടര്‍ ഫീസുകളുടെ യുക്തിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടതോടെയാണ് ഈ ആരോപണങ്ങള്‍ ഉയര്‍ന്നത്.
RECENT POSTS
Copyright © . All rights reserved