Immigrants
കുടിയേറ്റക്കാര്‍ക്ക് എന്‍എച്ച്എസ് ചികിത്സ സൗജന്യമായി നല്‍കരുതെന്നും ബ്രിട്ടന്‍ ഇസ്ലാമികവത്കരിക്കപ്പെടുകയാണെന്നും വാദിച്ച വിദ്യാര്‍ത്ഥിയെ യൂണിവേഴ്‌സിറ്റി സസ്‌പെന്‍ഡ് ചെയ്തു. സെബാസ്റ്റ്യന്‍ വാല്‍ഷ് എന്ന 19 കാരനെയാണ് ക്ലാസ് ചര്‍ച്ചക്കിടെ ഈ വാദങ്ങള്‍ ഉന്നയിച്ചതിന് യൂണിവേഴ്‌സിറ്റി ഓഫ് സെന്‍ട്രല്‍ ലങ്കാഷയര്‍ സസ്‌പെന്‍ഡ് ചെയ്തത്. യുകിപ് അംഗമായ സെബാസ്റ്റ്യനെതിരെ നിരവധി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് യൂണിവേഴ്‌സിറ്റിയുടെ നടപടി. ഹലാല്‍ മാംസം പ്രാകൃതമാണെന്നും ഈ രീതിയില്‍ മൃഗങ്ങളെ കൊല്ലുന്നത് മനുഷ്യത്വ വിരുദ്ധമാണെന്നും സെബാസ്റ്റ്യന്‍ വാദിക്കുന്നു. ഹലാല്‍ ഭക്ഷണം വിതരണം ചെയ്യുന്ന സബ് വേ, കെഎഫ്‌സി എന്നിവിടങ്ങളില്‍ നിന്ന് താന്‍ ഇനി ഭക്ഷണം കഴിക്കില്ലെന്നും ഇയാള്‍ സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റിയുടെ നടപടി മനുഷ്യാവകാശ ലംഘനമാണെന്നാണ് സെബാസ്റ്റ്യന്‍ പ്രതികരിച്ചത്. ക്ലാസിനിടയിലെ ഇടവേളയിലുണ്ടായ സംഭവമാണ് ഇതിന് ആധാരമായതെന്ന് സെബാസ്റ്റ്യന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളെല്ലാവരും പുതിയ ആളുകളായിരുന്നതിനാല്‍ മറ്റൊരു ടേബിളിലെത്തി അവരുമായി സംസാരിക്കാന്‍ താന്‍ ശ്രമിച്ചു. ടേക്ക് എവേകളില്‍ നാം കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചായി സംസാരം. എന്നാല്‍ ഒരു സംവാദത്തിനായിരുന്നില്ല താന്‍ അവിടേക്ക് പോയത്. ഹലാല്‍ രീതിയില്‍ മൃഗങ്ങളെ കൊല്ലുന്നതിനാല്‍ സബ് വേ, കെഎഫ്‌സി എന്നിവിടങ്ങളില്‍ നിന്ന് താന്‍ ഭക്ഷണം കഴിക്കാറില്ലെന്ന് പറഞ്ഞു. മതത്തിന്റെ പേരില്‍ മൃഗങ്ങളെ പ്രാകൃതമായി കൊല്ലുന്നതിനോട് തനിക്ക് യോജിക്കാന്‍ കഴിയില്ല. മറ്റൊരു ചര്‍ച്ചയില്‍ എന്‍എച്ച്എസിന്റെ സ്വകാര്യവത്കരണമായിരുന്നു വിഷയം. കുടിയേറ്റക്കാര്‍ക്ക് സൗജന്യ ചികിത്സ നല്‍കേണ്ടതില്ല എന്നാണ് അതില്‍ താന്‍ അഭിപ്രായം പ്രകടിപ്പിച്ചത്. ഓരോ വിഷയത്തിലും ജനങ്ങള്‍ക്ക് പല അഭിപ്രായങ്ങളുമുണ്ടാകും. അവ സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ കഴിയണമെന്നാണ് തന്റെ അഭിപ്രായം. എന്നാല്‍ തന്നെ പൂര്‍ണ്ണമായും കുറ്റക്കാരനാക്കുകയായിരുന്നു യൂണിവേഴ്‌സിറ്റിയെന്ന് സെബാസ്റ്റ്യന്‍ പറയുന്നു. അതേസമയം, ഗുഡ് കോണ്‍ഡക്റ്റ് എഗ്രിമെന്റില്‍ ഒപ്പു വെക്കുകയും ഡൈവേഴ്‌സിറ്റി ട്രെയിനിംഗ് കോഴ്‌സില്‍ പങ്കെടുക്കുകയും ചെയ്താല്‍ സെപ്റ്റംബര്‍ മുതല്‍ സെബാസ്റ്റ്യന് പഠനം തുടരാമെന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചു. ഇതിന് ഒരുക്കമല്ലെന്നാണ് സെബാസ്റ്റ്യന്‍ വ്യക്തമാക്കിയത്. അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം മനുഷ്യാവകാശമാണ്. ആ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് സെബാസ്റ്റ്യന്‍ പറഞ്ഞു.
ഇംഗ്ലീഷ് ചാനലിലൂടെയുള്ള അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കാന്‍ ബ്രിട്ടന്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് ഫ്രാന്‍സിന്റെ പിന്തുണ. ഫ്രാന്‍സ് തീരത്തു നിന്ന് ചാനല്‍ കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ത്ഥികളെ തടയാന്‍ ഫ്രാന്‍സ് തീരുമാനിച്ചു. ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുടെ പരസ്പര സഹകരണവും നോര്‍ത്തേണ്‍ തീരപ്രദേശത്ത് നിരീക്ഷണവും സുരക്ഷയും ശക്തമാക്കാനാണ് തീരുമാനം. ഈ പദ്ധതി അനധികൃതമായുള്ള ചാനലിലൂടെയുള്ള അഭയാര്‍ത്ഥി പ്രവാഹത്തിന് അന്ത്യം കുറിക്കുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ക്രിസ്‌റ്റോഫ് കാസ്റ്റനര്‍ പറഞ്ഞു. അഭയാര്‍ത്ഥികളെ അപകടകാരികളെന്നും നിയമ ലംഘകരെന്നുമാണ് കാസ്റ്റനര്‍ വിശേഷിപ്പിച്ചത്. പുതിയ അഭയാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന മനുഷ്യക്കടത്തുകാരെ നിയന്ത്രിക്കുക എന്നത് ഫ്രാന്‍സിന്റെയും യുകെയുടെയും താല്‍പര്യങ്ങളില്‍ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷ് ചാനല്‍ കടക്കാന്‍ 71 ശ്രമങ്ങളുണ്ടായിട്ടുണ്ടെന്നാണ് ഫ്രാന്‍സ് അറിയിക്കുന്നത്. 2017ല്‍ രേഖപ്പെടുത്തിയതിനേക്കാള്‍ 12 എണ്ണം കൂടുതലാണ് ഇത്. 2018 നവംബറിലും ഡിസംബറിലുമായാണ് 57 ശ്രമങ്ങളും ഉണ്ടായതെന്നത് ഞെട്ടിക്കുന്നതാണ്. ചാനല്‍ കടക്കാന്‍ ശ്രമിച്ച 504 അഭയാര്‍ത്ഥികളില്‍ 276 പേര്‍ ബ്രിട്ടനില്‍ എത്തി. 228 പേരെ ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ പിടികൂടി. യൂറോടണലിലും ഫെറി പോര്‍ട്ടുകളിലും സുരക്ഷ ശക്തമാക്കിയതോടെയാണ് ചാനലിലൂടെ ബോട്ടുകളില്‍ അഭയാര്‍ത്ഥികള്‍ എത്താന്‍ തുടങ്ങിയതെന്നാണ് വിലയിരുത്തല്‍. അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇംഗ്ലീഷ് ചാനലില്‍ റോയല്‍ നേവിയുടെ കപ്പല്‍ വിന്യസിച്ചതിനു പിന്നാലെയാണ് ഫ്രാന്‍സ് പുതിയ തീരുമാനവുമായി രംഗത്തെത്തിയത്. അഭയാര്‍ത്ഥി പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച് കാസ്റ്റനറും ഹോം സെക്രട്ടറി സാജിദ് ജാവീദും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനായി സാമ്പത്തികവും സാങ്കേതികവുമായ സഹായം തുടരാമെന്ന് യുകെ ഫ്രാന്‍സിന് ഉറപ്പു നല്‍കി. ഡ്രോണുകളും റഡാറുകളും വീഡിയോ സര്‍വെയിലന്‍സുമാണ് ഏര്‍പ്പെടുത്തുക. അനധികൃത കുടിയേറ്റം തടയുന്നതിനായുള്ള ഇരു രാജ്യങ്ങളുടെയും സഹകരണം ബ്രെക്‌സിറ്റിനും മാറ്റാന്‍ കഴിയില്ലെന്ന് കാസ്റ്റനര്‍ പറഞ്ഞു.
യൂറോപ്യന്‍ യൂണിയന്‍ നഴ്‌സുമാര്‍ക്ക് ബ്രെക്‌സിറ്റിനുശേഷം എന്‍എച്ച്എസ് സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ പണം നല്‍കേണ്ടി വരും. പ്രതിവര്‍ഷം 600 പൗണ്ട് വീതം ഇവര്‍ അടക്കേണ്ടി വരുമെന്നാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. ഈ നീക്കം സ്റ്റാഫിംഗ് പ്രതിസന്ധി രൂക്ഷമാക്കുമെന്ന് എന്‍എച്ച്എസ് നേതൃത്വം മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ യൂറോപ്പിതര രാജ്യങ്ങളില്‍ നിന്നെത്തുന്ന കുടിയേറ്റക്കാരില്‍ നിന്ന് ഈടാക്കുന്ന ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് ബ്രെക്‌സിറ്റിനു ശേഷം യൂറോപ്പില്‍ നിന്നുള്ളവര്‍ക്കു കൂടി ബാധകമാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് ഹോം ഓഫീസ് സ്ഥിരീകരിച്ചു. നഴ്‌സുമാരുടെ കുടുംബങ്ങള്‍ ഈ സര്‍ചാര്‍ജ് മൂലം ഇപ്പോള്‍ത്തന്നെ പലയിടങ്ങളിലായാണ് കഴിയുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പറയുന്നു. കുട്ടികളെ സ്വന്തം രാജ്യത്ത് ഉപേക്ഷിച്ചാണ് മിക്ക നഴ്‌സുമാരും ഇവിടെ ജോലി ചെയ്യുന്നതെന്ന ആര്‍സിഎന്‍ വിശദീകരിച്ചു. കെനിയയില്‍ നിന്നുള്ള ഈവലിന്‍ ഒമോന്‍ഡി എന്ന നഴ്‌സ് രണ്ട് മുതിര്‍ന്നവര്‍ക്കും നാല് കുട്ടികള്‍ക്കുമായി 3600 പൗണ്ടാണ് നല്‍കി വരുന്നത്. ഈ ഫീസ് താങ്ങാനാവാത്തതിനാല്‍ ഇവര്‍ ആറും എട്ടും വയസുള്ള ഇളയ കുട്ടികളെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ചിരിക്കുകയാണെന്ന് ആര്‍സിഎന്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി. 2015ലാണ് ഈ സര്‍ചാര്‍ജ് അവതരിപ്പിച്ചത്. കുടിയേറ്റക്കാര്‍ക്ക് വരാന്‍ സാധ്യതയുള്ള മെഡിക്കല്‍ ചെലവുകള്‍ പരിഗണിച്ചാണ് ഇത് ഈടാക്കുന്നത്. ഒരാള്‍ക്ക് 200 പൗണ്ട് എന്ന നിലയിലാണ് വര്‍ക്ക് പെര്‍മിറ്റിനു വേണ്ടി ഈ തുക നല്‍കേണ്ടതായി വരുന്നത്. ഈ സര്‍ചാര്‍ജുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഇനി കൂടുതല്‍ രൂക്ഷമാകുമെന്ന് ആര്‍സിഎന്‍ ചീഫ് ജാനറ്റ് ഡേവിസ് വാര്‍ഷിക കോണ്‍ഫറന്‍സില്‍ പറയും. ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ നഴ്‌സുമാരിലേക്ക് കൂടി ഈ ഫീസ് ബാധകമാക്കിയാല്‍ അതുകൊണ്ടുണ്ടാകുന്ന നഷ്ടം വിശദീകരണങ്ങള്‍ക്ക് അപ്പുറമായിരിക്കുമെന്നും അവര്‍ സൂചിപ്പിക്കും. എന്‍എച്ച്എസിന് നിലവില്‍ 43,000 നഴ്‌സുമാരുടെ കുറവാണുള്ളത്. 1,40,000 യൂറോപ്യന്‍ നഴ്‌സുമാര്‍ നിലവില്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്യുന്നുണ്ട്. അതിരൂക്ഷമായ സ്റ്റാഫിംഗ് പ്രതിസന്ധിക്കിടയില്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് കൂടുതല്‍ പ്രതിസന്ധിക്കിടയാക്കുകയേയുള്ളുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
RECENT POSTS
Copyright © . All rights reserved