Impact
സോഷ്യല്‍ മീഡിയ ഉപയോഗം ഒട്ടേറെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു ഇതുവരെ പുറത്തുവന്ന പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പുതിയ പഠനം പറയുന്നത് സോഷ്യല്‍ മീഡിയ ഉപയോഗം കുട്ടികളുടെ സന്തുഷ്ടി ഇല്ലാതാക്കുന്നില്ലെന്നാണ്. കുട്ടികളെ സോഷ്യല്‍ മീഡിയ ഉപയോഗം വളരെ ചെറിയ തോതില്‍ മാത്രമേ പ്രതികൂലമായി ബാധിക്കുന്നുള്ളുവെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് കണ്ടെത്തിയത്. ജീവിതത്തെ സന്തോഷത്തോടെ നോക്കിക്കാണുന്നതില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സോഷ്യല്‍ മീഡിയ പ്രതികൂലമായി ബാധിക്കുന്നില്ല. എന്നാല്‍ അസംതൃപ്തി മൂലം സോഷ്യല്‍ മീഡിയ ഉപയോഗം കുറയ്ക്കുന്നവരില്‍ ഏറെയും പെണ്‍കുട്ടികളാണെന്നും പഠനം പറയുന്നു. വളരെ ചുരുങ്ങിയ തോതിലാണെങ്കിലും സോഷ്യല്‍ മീഡിയ ഉപയോഗം വരുത്തുന്ന പ്രതികൂല ഫലങ്ങള്‍ പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികളെയാണ് ഏറെയും ബാധിക്കുന്നതെന്നും പഠനം കണ്ടെത്തി. 99.75 ശതമാനം ചെറുപ്പക്കാരിലും ലൈഫ് സാറ്റിസ്ഫാക്ഷന്‍ സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ടുള്ളതല്ലെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. ആന്‍ഡി പ്രൈബില്‍സ്‌കി പറയുന്നു. കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്ത പലതും സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകുമെന്നത് ശരിയാണെന്നും എന്നാല്‍ ചെറുപ്പക്കാര്‍ ദുര്‍ബലരാകുന്നത് മറ്റു ചില പശ്ചാത്തലങ്ങള്‍ മൂലമാകാമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിനെക്കുറിച്ച് മാതാപിതാക്കള്‍ വിഷമിക്കേണ്ടതില്ലെന്നാണ് ഗവേഷക സംഘം പറയുന്നത്. പകരം അവരുടെ സോഷ്യല്‍ മീഡിയ അനുഭവം എന്തായിരുന്നു എന്നത് അവരുമായി സംസാരിക്കുകയാണ് വേണ്ടത്. ആശയവിനിമയം ശക്തമാകുക എന്നതിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ഗവേഷകര്‍ പറയുന്നു.
Copyright © . All rights reserved