indian
സ്വന്തം ലേഖകൻ തെലങ്കാന: ഇന്ത്യൻ സംസ്ഥാനമായ തെലങ്കാന, ടെക് മഹീന്ദ്രയുമായി സഹകരിച്ച് അടുത്തിടെ സൃഷ്ടിച്ച ബ്ലോക്ക്ചെയിൻ ഡിസ്ട്രിക്റ്റിൽ ബ്ലോക്ക്ചെയിൻ ആക്സിലറേറ്റർ ആരംഭിച്ചു. ഇതിന്റെ ഭാഗമായി തിരഞ്ഞെടുത്ത സ്റ്റാർട്ടപ്പുകൾ നൂതന ആശയങ്ങൾ അവതരിപ്പിക്കും. ഒപ്പം തെലങ്കാന സർക്കാർ, ടെക് മഹീന്ദ്ര, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്, ഐഐഐടി ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ ഉപദേശങ്ങൾ തേടുകയും ചെയ്യും. പുതുതായി സൃഷ്ടിച്ച തെലങ്കാന ബ്ലോക്ക്ചെയിൻ ഡിസ്ട്രിക്റ്റിന്റെ ഉദ്ഘാടന പരിപാടിയാണ് “ടി-ബ്ലോക്ക് ആക്സിലറേറ്റർ”. ഇന്നൊവേഷൻ മാനേജ്മെന്റ് കമ്പനിയായ ഐബിസി മീഡിയ ആണ് ആക്സിലറേറ്റർ പ്രവർത്തിപ്പിക്കുന്നത്. ആക്‌സിലറേറ്റർ പ്രോഗ്രാമിനായി 25 ഓളം സ്റ്റാർട്ടപ്പുകൾ ഉൾപ്പെടുത്തും. ഇതിൽ അഞ്ചെണ്ണം അടുത്ത ഘട്ട മെന്റർഷിപ്പിനായി തിരഞ്ഞെടുക്കും. ശക്തമായ ബ്ലോക്ക്ചെയിൻ ഉപയോഗ സ്റ്റാർട്ടപ്പുകൾ ലക്ഷ്യമിട്ടാണ് നാലുമാസത്തെ ആക്‌സിലറേറ്റർ പ്രോഗ്രാം എന്ന് തെലങ്കാന സർക്കാരിന്റെ വെബ്‌സൈറ്റ് പറയുന്നു. ടി-ബ്ലോക്ക് ആക്സിലറേറ്ററിനായുള്ള രജിസ്ട്രേഷൻ കഴിഞ്ഞ തിങ്കളാഴ്ച ഒരാഴ്ചത്തെ ബൂട്ട് ക്യാമ്പിലൂടെ ആരംഭിച്ചു. തുടർന്ന് നാല് ആഴ്ചത്തെ പരിശീലന പരിപാടിയും നടത്തപ്പെടും. പരിപാടിയിൽ വർക്ക്‌ഷോപ്പുകൾ, അവതരണങ്ങൾ, ചർച്ചകൾ എന്നിവ ഉൾകൊള്ളിച്ചിട്ടുണ്ട്. തെലങ്കാന സർക്കാരിന്റെ ഐടിഇ & സി ഡിപ്പാർട്ട്മെന്റിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ജയേഷ് രഞ്ജൻ പറഞ്ഞു: “ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയിൽ സഹകരിക്കാനും പരിഹാരങ്ങൾ കണ്ടെത്താനും പങ്കാളികളെ പ്രാപ്തരാക്കുന്ന ഒരു പ്ലാറ്റ്ഫോം ആണ് ബ്ലോക്ക്ചെയിൻ ഡിസ്ട്രിക്റ്റ്." ലോകത്തിലെ പ്രമുഖ ബ്ലോക്ക്ചെയിൻ നഗരങ്ങളിലൊന്നായി ഹൈദരാബാദ് വളരുകയാണ്. ടി-ബ്ലോക്ക് ആക്സിലറേറ്റർ പ്രോഗ്രാമിന്റെ ആദ്യ പതിപ്പ് ആരംഭിച്ചതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് ജയേഷ് രഞ്ജൻ പറഞ്ഞു. ബ്ലോക്ക്ചെയിൻ ഡിസ്ട്രിക്റ്റ് ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിനായി തെലങ്കാന സംസ്ഥാന സർക്കാർ 2018ലാണ് ടെക് മഹീന്ദ്രയുമായി കരാർ ഒപ്പിട്ടത്.
ഉപഭോക്താക്കള്‍ക്ക് ഉച്ചരിക്കാന്‍ ബുദ്ധിമുട്ടാകുമെന്ന ന്യായമുന്നയിച്ച് ഇന്ത്യന്‍ വംശജനായ ജീവനക്കാരന്റെ പേര് മാറ്റണമെന്ന് മാനേജര്‍മാരുടെ നിര്‍ദേശം. ഭവേഷ് മിസ്ത്രി എന്ന 40കാരനാണ് ഈ നിര്‍ദേശം ലഭിച്ചത്. വംശീയ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വിവേചനം സംബന്ധിച്ച് മിഡ്‌ലാന്‍ഡ്‌സില്‍ നടന്ന ഒരു പഠനത്തിലാണ് ഈ വിവരം പുറത്തു വന്നത്. സ്വത്വത്തിന്റെ അടയാളമായ പേര് തദ്ദേശീയരുടെ സൗകര്യത്തിന് മാറ്റണമെന്നാണ് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടാകുമെന്നും അതിനാല്‍ പേര് ഇംഗ്ലീഷ് വത്കരിക്കണമെന്നും മാനേജര്‍മാര്‍ ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഉച്ചരിക്കാന്‍ ബുദ്ധിമുട്ടില്ലാത്ത, രണ്ടു സിലബിളുകള്‍ മാത്രമുള്ള തന്റെ പേര് മാറ്റണമെന്ന നിര്‍ദേശം അപമാനമായി തോന്നിയെന്ന് മിസ്ത്രി സര്‍വേയില്‍ വെളിപ്പെടുത്തി. തങ്ങളുടെ പേരുകള്‍ പാശ്ചാത്യവത്കരിച്ചില്ലെങ്കില്‍ ജോലി പോലും നഷ്ടമാകുന്ന അവസ്ഥയാണ് യുകെയിലെ ബ്ലാക്ക്, ഏഷ്യന്‍, മൈനോറിറ്റി എത്ത്‌നിക് (ബെയിം) വിഭാഗങ്ങളിലുള്ളവര്‍ നേരിടുന്നതെന്ന് പഠനം പറയുന്നു. സ്ലേറ്റര്‍ ആന്‍ഡ് ഗോര്‍ഡന്‍ ആണ് പഠനം നടത്തിയത്. ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടേണ്ടി വരുന്ന അന്തരീക്ഷമായിരുന്നു തന്റെ ജോലിക്കെന്ന് ഭവേഷ് മിസ്ത്രി പറഞ്ഞു. ചില ഉപഭോക്താക്കള്‍ക്ക് ഉച്ചരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന് പറഞ്ഞാണ് തന്നോട് പേരു മാറ്റാന്‍ മാനേജര്‍മാര്‍ ആവശ്യപ്പെട്ടത്. സാധ്യമല്ലെന്ന് താന്‍ അവരോട് പറഞ്ഞുവെന്നും മിസ്ത്രി വ്യക്തമാക്കി. തന്റെ പേരില്‍ രണ്ടു സിലബിളുകള്‍ മാത്രമേയുള്ളു. എന്നാല്‍ ക്രിസ്റ്റഫര്‍ പോലെയുള്ള പേരുകള്‍ അതിലും ദൈര്‍ഘ്യമുള്ളതാണെങ്കിലും ഉച്ചാരണത്തിന് ബുദ്ധിമുട്ടുള്ളതായി ആരും പരാതിപ്പെട്ടിട്ടില്ലെന്നും മിസ്ത്രി വിശദീകരിക്കുന്നു. ഇത് തനിക്കു മാത്രം നേരിടേണ്ടി വരുന്ന പ്രശ്‌നമല്ല. തന്റെ അടുത്ത ബന്ധുവിനോട് ജോലി സ്ഥലത്ത് സ്റ്റീവ് എന്ന പേര് ഉപയോഗിക്കാനാണ് മേലുദ്യോഗസ്ഥര്‍ നിര്‍ദേശിച്ചത്. എന്റെ പേര് എന്നത് തികച്ചും വ്യക്തപരമായ സംഗതിയാണ്. എന്റെ മാതാപിതാക്കളാണ് അത് എനിക്കു തന്നത്. അത് മാറ്റണമെന്ന് പറയുന്നത് അപമാനിക്കലാണെന്നും മിസ്ത്രി കൂട്ടിച്ചേര്‍ത്തു.
ഐസ് ലാന്‍ഡില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം നടത്തിയ യാത്രക്കിടെ അപകടത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജയുടെ ചിത്രങ്ങള്‍ പുറത്തു വിട്ടു. രാജശ്രീ ലത്തൂരിയ എന്ന യുവതിയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. അപകടത്തില്‍ രാജശ്രീയുടെ ഭര്‍ത്താവ് ശ്രീരാജ് ലത്തൂരിയയുടെ സഹോദരന്‍ സുപ്രീമിന്റെ ഭാര്യ ഖുശ്ബൂ ലത്തൂരിയ, മൂന്നു വയസുള്ള കുട്ടി എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു. ശ്രീരാജ്, സുപ്രീം, എട്ടു വയസുള്ള പെണ്‍കുട്ടി, 9 വയസുള്ള ഒരു ആണ്‍കുട്ടി എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. രാജശ്രീയുടെയും ശ്രീരാജിന്റെയും പത്തു മാസം പ്രായമുള്ള കുട്ടി, ശ്രീപ്രഭയും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. കുടുംബം സഞ്ചരിച്ചിരുന്ന ലാന്‍ഡ് ക്രൂസര്‍ ഒരു പാലത്തിന്റെ കൈവരി തകര്‍ത്ത് നദിയുടെ തീരത്തേക്ക് പതിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 9.30നായിരുന്നു അപകടമുണ്ടായത്. നാഷണല്‍ റൂട്ട് 1ല്‍ 300 മീറ്റര്‍ നീളമുള്ള പാലത്തില്‍ വെച്ചായിരുന്നു അപകടം. സതേണ്‍ ഐസ് ലാന്‍ഡിലെ വിശാലമായ മണല്‍ത്തിട്ടയാണ് ഈ പ്രദേശം. പരിക്കേറ്റവരെ തലസ്ഥാനമായ റെയ്ക്യാവിക്കിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നു. വാഹനത്തിന്റെ നിയന്ത്രണം എങ്ങനെയാണ് നഷ്ടമായതെന്ന് മനസിലാക്കണമെങ്കില്‍ ഇവരുടെ മൊഴിയെടുക്കണം. എന്നാല്‍ അത് എപ്പോള്‍ സാധിക്കുമെന്ന് പറയാനാകില്ലെന്ന് പോലീസ് അറിയിക്കുന്നു. റോഡില്‍ ഐസുണ്ടാകാനുള്ള സാധ്യതയില്ലായിരുന്നു. എന്നാല്‍ ഹ്യുമിഡിറ്റി മൂലം റോഡില്‍ തെന്നലുണ്ടായിരിക്കാമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ വംശജരായ രണ്ട് ബ്രിട്ടീഷ് കുടുംബങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍ പെട്ടത്. ഐസ് ലാന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചു. വാടാന്യോക്കുള്‍ ഗ്ലേസിയറിന് തൊട്ടടുത്താണ് അപകടം നടന്നത്. ഒട്ടേറെ വിനോദസഞ്ചാരികള്‍ എത്താറുള്ള സ്ഥലമാണ് ഇത്.
വ്യാഴാഴ്ച ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരാല്‍ തട്ടിക്കൊണ്ടു പോകലിന് ഇരയാകുകയും കൊല്ലപ്പെടുകയും ചെയ്ത സൈനികള്‍ ഔറംഗസേബിനെ കൊല്ലുന്നതിന് മുമ്പ് ക്രൂരമായ പീഡനത്തിന് ഇരയാക്കിയതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ജമ്മു കശ്മീര്‍ പുല്‍വാമയിലെ ഗുസൂ കാടിനുളളിലായിരുന്നു ക്രൂരതയൂം വീഡിയോ പിടുത്തവും. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഔറംഗസേബിനെ തീവ്രവാദികള്‍ ചോദ്യം ചെയ്യുന്നത് കേള്‍ക്കാം. വെടിവെച്ചു കൊല്ലുന്നതിന് തൊട്ടുമുമ്പുള്ള വീഡിയോ ആയിരിക്കാം ഇതെന്നാണ് സംശയിക്കുന്നത്. നീല ജീന്‍സും ടി ഷര്‍ട്ടും ധരിച്ച നിലയിലുള്ള സൈനികനോട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ ജോലിയെക്കുറിച്ചും പോസ്റ്റിംഗിനെ കുറിച്ചും പങ്കെടുത്ത ഏറ്റുമുട്ടലുകളെ കുറിച്ചുമെല്ലാം ചോദിക്കുന്നുണ്ട്. വെള്ളിയാഴ്ചയായിരുന്നു വീഡിയോ പുറത്തുവന്നത്. വ്യാഴാഴ്ച രാവിലെ ഈ ആഘോഷിക്കാന്‍ രാജൗരി ജില്ലയിലെ സ്വന്തം വീട്ടിലേക്ക് പോകുമ്പോഴാണ് സൈനികന്‍ തീവ്രവാദികളുടെ പിടിയില്‍ പെട്ടത്. പുല്‍വാമയിലെ കോലമ്പോറയില്‍ വെച്ചായിരുന്നു തട്ടിക്കൊണ്ടുപോകലിന് ഇരയായത്. പിന്നീട് ഇവിടെ നിന്നും 10 കിലോമീറ്റര്‍ മാറി ഗുസ്സു ഗ്രാമത്തില്‍ പോലീസും സൈന്യവും നടത്തിയ തെരച്ചിലിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തലയിലും കഴുത്തിലും ആയിരുന്നു വെടിയേറ്റത്. 2017 ഒക്‌ടോബറില്‍ കൊലപ്പെടുത്തിയ വാസീംഷായുടെ കൊലപാതകത്തിനുള്ള പ്രതികാരമെന്നാണ് വീഡിയോയില്‍ തീവ്രവാദികള്‍ പറയുന്നത്. ഹിന്ദിയിലും ഉറുദുവിലുമാണ് തീവ്രവാദികള്‍ ഔറംഗസേബിനോട് ചോദ്യങ്ങള്‍ ചോദിക്കുന്നത്. ജോലിയെക്കുറിച്ചും ചെയ്യാന്‍ തുടങ്ങിയിട്ട് എത്ര നാളായെന്നും സൂപ്പര്‍വൈസിംഗ് ഓഫീസറുടെ പേരെന്താണെന്നുമെല്ലാം ഓഫീസര്‍ മേജര്‍ ശുക്‌ളയുമായി പെട്രോളിംഗിന് പോകാറുണ്ടോയെന്നും തീവ്രവാദികള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച ചോദിക്കുന്നു. പിതാവിന്റെ പേര് മൊഹമ്മദ് ഹനീഫ് എന്നാണെന്നും പൂഞ്ചില്‍ നിന്നുമാണ് താന്‍ വന്നതെന്നും മേജര്‍ ശുക്‌ളയ്‌ക്കൊപ്പം ജോലി ചെയ്തിട്ടുണ്ടെന്നും വിനയത്തോടെ മറുപടി പറയുന്നു. ഷായ്ക്ക് എതിരേ നടന്ന ഏറ്റുമുട്ടലില്‍ പങ്കെടുത്തിട്ടുണ്ടോ എന്നും ചോദിക്കുന്നുണ്ട്. ഹിന്ദി സംസാരിക്കുന്ന ഇസ്‌ളാമികള്‍ കൂടുതലുള്ള പൂഞ്ചിലെ ആട്ടിടയന്മാരുടെ മേഖലയില്‍ നിന്നുമാണ് ഔറംഗസേബ് വരുന്നത്. 4 ജമ്മുവില്‍ നിന്നുള്ള ഷോപിയാനിലെ ഷദിമാര്‍ഗ്ഗിലെ 44 രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പിലാണ് ഔറംഗസേബ് ആദ്യം നിയോഗിതനായത്. രാവിലെ 9 മണിയോടെ കാറില്‍ വരികയായിരുന്ന ഔറംഗസേബിന്റെ വാഹനം തീവ്രവാദികള്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. കാര്‍ ഡ്രൈവറെ ഇറക്കിവിട്ട ശേഷമാണ് ഔറംഗസേബിനെ കൊണ്ടുപോയത്. ഏപ്രില്‍ 30 ന് കൊല്ലപ്പെട്ട ഹിസ്ബുള്‍ തീവ്രവാദി സമീര്‍ ടൈഗറും കമാന്റര്‍ സദ്ദാം പഡ്ഡാറും ഉള്‍പ്പെടെ അഞ്ചു പേരെ ഇല്ലാതാക്കിയ 44 രാഷ്ട്രീയ റൈഫിള്‍സിന്റെ അനേകം എന്‍കൗണ്ടറുകളില്‍ ഔറംഗസേബ് പങ്കാളിയായിട്ടുണ്ട്.  
ഹോം സ്‌കൂള്‍ പഠനത്തിനിടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച ഇന്ത്യന്‍ വംശജനായ പ്രൈവറ്റ് ട്യൂട്ടര്‍ക്ക് അഞ്ച് വര്‍ഷം തടവുശിക്ഷ. സഞ്ജീവ് മിത്തല്‍ എന്ന 49കാരനാണ് ശിക്ഷ ലഭിച്ചത്. മണിക്കൂറിന് 50 പൗണ്ട് വീതം ഫീസ് നല്‍കിയാണ് കുട്ടികളുടെ മാതാപിതാക്കള്‍ ഇയാളുടെ സേവനം തേടിയിരുന്നത്. എട്ടും പത്തും വയസുള്ള കുട്ടികളെയാണ് 11-പ്ലസ് പരീക്ഷയ്ക്കുള്ള പരിശീലനത്തിനിടയില്‍ ഇയാള്‍ പീഡിപ്പിച്ചത്. എഡ്ജ്ബാസ്റ്റണിലെ സ്വന്തം വീട്ടില്‍ വെച്ചാണ് ഇയാള്‍ കുട്ടികളെ ദുരുപയോഗം ചെയ്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ആ കുട്ടിയുടെ വീട്ടില്‍വെച്ചു തന്നെയായിരുന്നു. കുട്ടിയുടെ അമ്മ അടുത്ത മുറിയില്‍ ഉള്ളപ്പോളായിരുന്നു സംഭവം. കൂടുതല്‍ കുട്ടികള്‍ ഇയാളുടെ ചൂഷണത്തിന് ഇരയായിട്ടുണ്ടോ എന്നാണ് പോലീസ് സംശയിക്കുന്നത്. 2016 നവംബര്‍ 24ന് ഒരു കുട്ടിയുടെ മാതാപിതാക്കള്‍ എന്‍എസ്പിസിസിയുമായി ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് ചാരിറ്റി നല്‍കിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് ഇയാളെ നിരീക്ഷിക്കാന്‍ തുടങ്ങിയത്. രണ്ട് മണിക്കൂര്‍ നീളുന്ന ട്യൂഷനിടക്ക് തന്റെ പാദങ്ങളിലും കാലുകളിലും ഇയാള്‍ സ്പര്‍ശിക്കുമായിരുന്നെന്ന് ഒരു പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. 2013നും 2015നുമിടയില്‍ മറ്റൊരു പെണ്‍കുട്ടിയെ ഇയാള്‍ ഉപദ്രവിച്ചിരുന്നുവെന്ന് കുട്ടിയുടെ അമ്മ അറിയിച്ചു. പെണ്‍കുട്ടിയും ഇയാള്‍ക്കെതിരെ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ 2016 ജൂണ്‍ 26ന് മിത്തല്‍ അറസ്റ്റിലായി. കൂടുതല്‍ പേര്‍ ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ 2017 ജൂണ്‍ 19ന് ഇയാളുടെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി. കുട്ടികളുടെ രക്ഷിതാക്കളില്‍ ചിലര്‍ക്ക് തന്നോടുള്ള വിരോധമാണ് ഈ ആരോപണങ്ങള്‍ക്ക് കാരണമെന്നായിരുന്നു മിത്തല്‍ പ്രതികരിച്ചത്. കുറ്റങ്ങള്‍ ഇയാള്‍ നിഷേധിക്കുകയും ചെയ്തു. സ്പര്‍ശനത്തിലൂടെയുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ 9 കൗണ്ടുകള്‍ ഇയാള്‍ക്കെതിരെ ബര്‍മിംഗ്ഹാം ക്രൗണ്‍ കോര്‍ട്ട് കഴിഞ്ഞ വെള്ളിയാഴ്ച ചുമത്തി. ജെഎസ് ഹോം ട്യൂട്ടേഴ്‌സ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു കണക്കില്‍ മാസ്റ്റേഴ്‌സ് ബിരുദധാരിയായ ഇയാള്‍ സെക്‌സ് ഒഫന്‍ഡേഴ്‌സ് രജിസ്റ്ററില്‍ ഒപ്പുവെക്കണമെന്നും കോടതി നിര്‍ദേശിച്ചു.
RECENT POSTS
Copyright © . All rights reserved