john kurinjirappally
ജോൺ കുറിഞ്ഞിരപ്പള്ളി പതിവുപോലെ ഇന്നും വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് പുറപ്പെടാൻ അയാൾ താമസിച്ചു പോയി . തിരക്കിട്ട് ബൈക്ക് സ്റ്റാർട്ട് ചെയ്തു പുറപ്പെടാൻതുടങ്ങിയപ്പോഴാണ് ഹെൽമെറ്റ് എടുത്തില്ല എന്ന് ഓർക്കുന്നത്. അല്പം കൂടി നേരത്തെ ഇറങ്ങിയാൽ അടുത്തുള്ള ലെവൽ ക്രോസിൽ കാത്തുനിൽക്കേണ്ടി വരില്ല. കാലത്തുള്ള മലബാർ എക്സ്പ്രസ്സ് കടന്നുപോകാൻ വേണ്ടി ലെവൽ ക്രോസ്സ് 9.30 ന് അടച്ചിരിക്കും. അവിടെ ചുരുങ്ങിയത് പത്തുമിനിറ്റെങ്കിലും കാത്തുനിൽക്കേണ്ടിവരും. മിക്കവാറും ഒരു ഗുഡ്‌സ്‌വണ്ടികൂടി കടന്നുപോകാൻ കാണും അയാൾ വാച്ചിൽ നോക്കി. ബൈക്ക് അല്പം വേഗത്തിൽ ഓടിച്ചാൽ ചിലപ്പോൾ ഗെയ്റ്റ് അടക്കുന്നതിനുമുൻപ് ലെവൽക്രോസ്സ് കടക്കാൻ കഴിഞ്ഞേക്കും.അയാൾ വേഗതകൂട്ടി. പക്ഷേ ,ലെവൽ ക്രോസ്സിൽ എത്തുമ്പോൾ ഗേറ്റ് കീപ്പർ വാതിൽ അടച്ചുകൊണ്ടിരിക്കുന്നു. അരിശം സഹിക്കുക വയ്യാതെ അയാൾ തന്നത്താൻ പറഞ്ഞു ,"ഷിറ്റ്." തൊട്ടടുത്ത് നിന്ന് ഒരു പെൺകുട്ടിയുടെ ചിരികേട്ട് അയാൾ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. അടുത്ത് നിർത്തിയിരിക്കുന്ന സ്‌കൂട്ടിയിൽ ഒരു സുന്ദരിയായ യുവതി ഇരിക്കുന്നു. അയാൾ പറഞ്ഞതുകേട്ട് അവൾ നിർത്താതെ ചിരിക്കുന്നു. ഏകദേശം ഒരു ഇരുപതു വയസ്സുകാണും അവൾക്ക്. വെളുത്തു മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഒരു സുന്ദരി. അവൾ അയാളെ നോക്കി ചിരിച്ചു.അയാൾ അവളെ തുറിച്ചുനോക്കി.അവൾ വീണ്ടും ചിരിച്ചു."എന്താ ഇത്രമാത്രം ഇളിക്കാൻ ?"അയാൾക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. "ഓ ചുമ്മാ.ഇപ്പോൾ നിങ്ങൾ ഇംഗ്ലീഷിൽ പറഞ്ഞ വാക്ക് ഒന്ന് മലയാളത്തിൽ പറഞ്ഞാൽ...." "പറഞ്ഞാൽ?" "ആളുകൾ ചിരിക്കും." "ഏതു വാക്ക്?" "ഷിറ്റ്". അയാൾക്ക് ദേഷ്യം ഇരട്ടിച്ചു."നിനക്ക് എന്താ വേണ്ടത്?" "നീ,എന്ന് എന്നെ വിളിക്കാൻ നിങ്ങളാരാ,കോവാലാ?". കോവാലൻ എന്ന വിളി കേട്ട് അയാൾ ഞെട്ടിപ്പോയി.കൂട്ടുകാർ കളിയാക്കി വിളിക്കുന്ന പേരാണ്.ഇത് ഇവൾ എങ്ങനെ അറിഞ്ഞു? തൻ്റെ ഗോപാലകൃഷ്ണൻ എന്ന പേര് അയാൾക്ക് ഇഷ്ടമായിരുന്നില്ല. കൂട്ടുകാർ ‘കോവാലാ‘ എന്ന് വിളിക്കുമ്പോൾ അയാൾക്ക് കലികയറും. ഇപ്പോൾ യാതൊരുപരിചയവും ഇല്ലാത്ത ഈ പെൺകുട്ടി ‘കോവാലാ ‘ എന്ന് തന്നെ വിളിക്കുന്നു. "ബെറ്റർ യു മൈൻഡ് യുവർ ഓൺ ബിസ്സിനസ്സ്.",ഗോപാലകൃഷ്‍ണൻ പറഞ്ഞു. "തീർച്ചയായിട്ടും.ദേ , കോവാലാ ,ഗേറ്റ് തുറന്നു,പിന്നെ കാണാം."അവൾ സ്‌കൂട്ടി സ്റ്റാർട്ട് ചെയ്ത് പാഞ്ഞുപോയി. അവളുടെ പിറകെ തൻ്റെ പുതിയ ബുള്ളറ്റ് ഓടിച്ചുചെന്നിട്ട് മണ്ടക്ക് രണ്ടുകൊടുക്കണമെന്ന് അയാൾക്ക് തോന്നാതിരുന്നില്ല. ഓഫിസിൽ എത്തുമ്പോൾ ലേറ്റ് ആയിക്കഴിഞ്ഞിരുന്നു. ആ പെൺകുട്ടിയും അവളുടെ ‘കോവാലാ ‘ എന്ന വിളിയും അയാളുടെ സ്വൈര്യം കെടുത്തി. യാതൊരു പരിചയവും ഇല്ലാത്ത അവൾ എങ്ങനെയാണ് ആ പേരുകണ്ടുപിടിച്ചത്?,അതായിരുന്നു,അയാളുടെ ആലോചന. അടുത്ത ദിവസവും പതിവ് തെറ്റിയില്ല. ഗോപാലകൃഷ്ണൻ വരുമ്പോൾ ലെവൽക്രോസ്സ് അടഞ്ഞുകിടക്കുന്നു. ബൈക്ക് ഓഫ് ചെയ്ത്, അയാൾ വണ്ടിവരുന്നതും കാത്തു ലെവൽ ക്രോസിൽ നിന്നു. ലെവൽ ക്രോസ്സിൽ നിന്നും മാറി ഒരു നൂറുമീറ്റർ അകലെ ഒരു ഇടവഴിയിൽക്കൂടി റെയിൽവേ ഗേറ്റ് ഒഴിവാക്കി ആളുകൾ സൈക്കിളിലും കാൽനടയായും കടന്നുപോകുന്നു. അപകടം പിടിച്ച ആ അഭ്യാസം നോക്കി അയാൾ നിന്നു. ഗേറ്റ് തുറക്കുന്നതും കാത്തു ധാരാളം വാഹനങ്ങൾ കിടപ്പുണ്ട്. "ഏയ്, കോവാലാ ,ഇന്നും താമസിച്ചുപോയി അല്ലേ ?" ശബ്ദം കേട്ട ഭാഗത്തേക്ക് ഗോപാലകൃഷ്ണൻ നോക്കി. ഇന്നലെ കണ്ട ആ പെൺകുട്ടിയാണ്,അവൾ ചിരിച്ചു. അവളുടെ സ്‌കൂട്ടർ റോഡിൽ നിരന്നുകിടക്കുന്ന വാഹനങ്ങൾക്ക് ഇടയിൽ നിർത്തിയിട്ടിരിക്കുന്നു. ഗോപാലകൃഷൻ്റെ വലതുഭാഗത്തായി ഒരു ഓട്ടോറിക്ഷയുടെ മറവിലാണ് അവളുടെ വണ്ടി നിർത്തിയിരിക്കുന്നത് . ഓട്ടോയിൽ യാത്രക്കാർ ആരുമില്ല. അവൾ പറഞ്ഞു ,"ഓട്ടോചേട്ടാ, വണ്ടി അല്പം ഒതുക്കിത്തന്നാൽ എനിക്ക് കോവാലൻ ചേട്ടനുമായി ഒന്ന് സംസാരിക്കാമായിരുന്നു." അയാൾ പറഞ്ഞു,"വണ്ടി മാറ്റാൻ പറ്റില്ല .എന്താണന്നുവച്ചാൽ എന്നോട് പറ. ഞാൻ നിങ്ങളുടെ കോവാലൻ ചേട്ടനോട് പറയാം." "താൻ ആൾ കൊള്ളാമല്ലോ.എനിക്ക് കോവാലൻ ചേട്ടനോട് പറയാനുള്ളത് ഞാൻ തന്നെ നേരിട്ട് പറഞ്ഞോളാം". അവൾ ഓട്ടോ റിക്ഷയുടെ യാത്രക്കാർ ഇരിക്കുന്ന സീറ്റിലൂടെ അയാളെ എത്തിനോക്കി . ഗോപാലകൃഷ്ണന് ദേഷ്യം വന്നു. അയാളെ അടിമുടി വിറക്കുന്നുണ്ടായിരുന്നു. "എന്താ വായിൽ നാക്കില്ലേ?"അവൾ വീണ്ടും ചോദിച്ചു. കോപം അടക്കി അയാൾ ചോദിച്ചു,"എന്താ തൻ്റെ പേര്?എന്തിനാണ് എന്നെ വെറുതെ ശല്യം ചെയുന്നത്?" "പേര്?തൽക്കാലം ,ലെവൽക്രോസ്സിലെ പെൺകുട്ടി എന്ന് വിളിച്ചോളൂ" "ഇത്രയും നീളമുള്ള പേര് എങ്ങിനെയാണ് വിളിക്കുക ?" "കോവാലന് വിളിക്കാൻ വിഷമമാണെങ്കിൽ വിളിക്കണ്ട." "എൻ്റെ പേര് കോവാലൻ എന്ന് ആരാണ് പറഞ്ഞുതന്നത്?" "ആരും പറഞ്ഞതല്ല.തൻ്റെ മുഖത്ത് അത് എഴുതിവച്ചിട്ടുണ്ടല്ലോ.എനിക്ക് ആളുകളുടെ മുഖത്തുനോക്കുമ്പോൾ അവരുടെ പേര് മനസ്സിൽ വരും" "കൊച്ചേ, എന്നാൽ എൻ്റെ പേര് ഒന്നുപറഞ്ഞേ"ഓട്ടോ ചേട്ടൻ സംഭാഷണത്തിൽ ഇടപെട്ടു. "ചേട്ടൻറെ പേര്,രാധാകൃഷ്ണൻ .ശരിയല്ലേ?" "അയ്യോ,ശരിയാണല്ലോ ." ഗോപാലകൃഷ്ണന് അരിശം വന്നു തുടങ്ങി,മുഖം ചുവന്നു. "നമ്മടെ കോവാലൻ ചേട്ടൻറെ മുഖം ചുവന്നു,ദേഷ്യം വന്നിട്ട്. സാരമില്ല,ദേ ഗേറ്റ് തുറന്നു." അവൾ പതിവുപോലെ സ്‌കൂട്ടിയിൽ പാഞ്ഞുപോയി. ഓട്ടോ റിക്ഷ ഡ്രൈവർ അയാളെ നോക്കി ചിരിച്ചു. ആ ചിരിയിൽ അല്പം പരിഹാസമില്ലേ? റെയിൽവേ ഗേറ്റ് കടന്നു നാലുകിലോമീറ്റർ പോകണം അയാളുടെ ജോലി സ്ഥലത്തേക്ക് . ഒരു ഫൈനാൻസിങ് കമ്പനിയിൽ അസിസ്റ്റൻറ് മാനേജർ ആണ് ഗോപാലകൃഷ്ണൻ . പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞു ജോലി തേടി നടന്നപ്പോൾ കിട്ടിയതാണ് ഈ ജോലി.ആദ്യം ഒന്ന് മടിച്ചു, ഈ ജോലിയിൽ ചേരാൻ.‘ഇരുപത്തിരണ്ടു വയസ്സല്ലേയുള്ളൂ പിന്നെ നിനക്ക് വേറെ ശ്രമിക്കാമല്ലോ ,എന്നെല്ലാം കൂട്ടുകാർ പറഞ്ഞപ്പോൾ അവിടെ ജോലിക്ക് ചേർന്നു. ജോലി സ്ഥലത്ത് എപ്പോഴും തിരക്കിലായിരിക്കും.അതുകൊണ്ട് അയാൾ റെയിൽവേഗേറ്റിൽ വച്ചുണ്ടായ സംഭവം ജോലി കഴിയുന്നതുവരെ ഓർമിച്ചതേയില്ല.എന്നാൽ അടുത്ത ദിവസവും അവൾ അയാളുടെ ബൈക്കിനരുകിൽ വന്നു വണ്ടി നിറുത്തി."കോവാലാ സുഖമല്ലേ?"അവൾ ചോദിച്ചു. അയാൾ തലകുലുക്കി."എന്താ പിണക്കമാണോ?" "ഞാൻ എന്തുപറയാനാണ്?" "എന്തെല്ലാമുണ്ട് പറയാൻ?" "ലെവൽക്രോസ്സ്‌സിലെ പെൺകുട്ടി എന്ത് ചെയ്യുന്നു.?" "ഞാൻ ലെവൽകോസിലെ ഗേറ്റ് തുറക്കുന്നതും നോക്കി നിൽക്കുന്നു." "തമാശ ആയിരിക്കും.ഞാൻ ചിരിക്കണോ?" "കോവാലൻ,ഇവിടെ നിന്നും നാലുകിലോമീറ്റർ കഴിഞ്ഞു റോഡിൻ്റെ ഇടതുഭാഗത്തുള്ള ഫൈനാൻസിയേർസിലല്ലേ ജോലി ചെയുന്നത്?" "അതെ,നീയെങ്ങനെ അറിഞ്ഞു.?" "അത് കോവാലൻ്റെ തലയിൽ എഴുതിവച്ചിട്ടുണ്ടല്ലോ.". "അപ്പോഴാണ് അയാളോർമ്മിച്ചത് ഹെൽമെറ്റിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൻ്റെ പേര് എഴുതിയ ഒരു സ്റ്റിക്കർ ഒട്ടിച്ചിരിക്കുന്നു. "ഈ ബുള്ളറ്റ് ബൈക്ക് അടിപൊളിയാണ് കേട്ടോ".അവൾ പറഞ്ഞു. അയാൾ വെറുതെ ചിരിച്ചു. "സ്വന്തമായി ഒന്ന് വാങ്ങണം"അവൾ പറഞ്ഞു.താൻ ഫീൽഡിൽ കസ്റ്റമേഴ്‌സിനെ കാണാൻ പോകുന്നതുകൊണ്ട് കമ്പനി തന്നിരിക്കുന്ന ബൈക്ക് ആണ് എന്ന് അവൾ മനസിലാക്കിയിരിക്കുന്നു. "ഒരു വല്ലാത്ത സൃഷ്ടി തന്നെ",അയാൾ പതുക്കെ പറഞ്ഞു."എവിടെയാണ് ജോലി ചെയ്യുന്നത്?"അയാൾ ചോദിച്ചു. "ആര്?" "നീ ,ബാങ്കിലാണോ?" "ബുദ്ധിമാൻ കണ്ടുപിടിച്ചല്ലോ. അപ്പോൾ കോവാലന് ബുദ്ധിയുണ്ട്.പിന്നെ ഇന്ന് വെള്ളിയാഴ്ചയാണ്." " അതിന്?" "ശനിയും ഞായറും അവധിയാണ് എന്നെ കാത്ത് ലെവൽക്രോസ്സ്‌സിൽ നിൽക്കണ്ട ." "നിന്നെ കാണാൻ ആര് വരും ?" "എന്താ,വരില്ലേ?" "എനിക്കെന്താ വട്ടുണ്ടോ,നിന്നെ കാണാൻ വരാൻ?കാത്തുനിൽക്കാൻ പറ്റിയ ഒരു മുതൽ". "നല്ല ചൂടിൽ ആണല്ലോ.ദാ, ഗേറ്റ് തുറന്നു."അവൾ കൈ വീശി സ്കൂട്ടിയിൽ പാഞ്ഞുപോകുമ്പോൾ അവളെ പിന്തുടർന്നാലോ എന്ന് അയാൾ ആലോചിക്കാതിരുന്നില്ല. അടുത്ത മൂന്ന് ദിവസങ്ങളിൽ അവളെ ഗേറ്റിൽ കണ്ടില്ല ഗോപാലകൃഷ്ണന് അല്പം ഇച്ഛാഭംഗം തോന്നാതിരുന്നില്ല.വ്യാഴാഴ്ച അവൾ വീണ്ടും വന്നു. ഇന്ന് അവളുടെ സ്‌കൂട്ടിയുടെ പുറകിൽ മറ്റൊരു സുന്ദരിയും ഉണ്ടായിരുന്നു.അവരുടെ സ്‌കൂട്ടി അല്പം പിറകിലായി മറ്റു രണ്ടുമൂന്ന് വാഹനങ്ങൾക്ക് അപ്പുറത്താണ്."കോവാലാ ,സുഖമല്ലേ?" അയാൾ അതിന് മറുപടി പറഞ്ഞില്ല.പകരംചോദിച്ചു,"ഇതേതാ ഇന്ന് ഒരു പുതിയ അവതാരം കൂട്ടിനുണ്ടല്ലോ.". "അതെ, അവളെ നോക്കണ്ട,അവൾ ബുക്ക്ഡ് ആണ്.ആ പെൺകുട്ടിയുടെ മുഖം വ്യക്തമല്ല.അയാൾ ചോദിച്ചു, "രണ്ടുമൂന്നു ദിവസം കണ്ടില്ലലോ എന്തുപറ്റി?". "അപ്പോൾ എന്നെ അന്വേഷിച്ചു അല്ലെ?.ഒന്നും പറ്റിയില്ല.ഞങ്ങൾ സ്ത്രീകൾക്ക് മാസത്തിൽ രണ്ടുമൂന്നു ദിവസം അവധി വേണ്ടതാണ്. ആ അവധി എടുത്തു," ‘ഇതെന്തൊരു സാധനമാണ്?‘.അയാൾ വിചാരിച്ചു.പിന്നെ ഒന്നും ചോദിയ്ക്കാൻ ധൈര്യം വന്നില്ല.അവൾ എന്താണ് വിളിച്ചു പറയാൻപോകുന്നത് എന്നറിയില്ല. "കോവാലൻ പിണങ്ങിയോ?നല്ല രസമാ കോവലൻ്റെ പിണക്കം കാണാൻ." ഗേറ്റ് തുറന്നു, അവൾ പതിവുപോലെ മുൻപേ പാഞ്ഞുപോയി.അവൾ എവിടെയാണ് ജോലി ചെയ്യുന്നത്? അവളുടെ ശരിക്കുള്ള പേര് എന്താണ് ?എല്ലാം കണ്ടുപിടിക്കണം.അയാൾ തീരുമാനിച്ചു.എപ്പോഴും ജയം അവൾക്കാണ്. അങ്ങനെ വിട്ടുകൊടുക്കാൻ പാടില്ല. അടുത്തദിവസം അവളെ കണ്ടില്ല.എന്തുപറ്റിയോ.?ചിലപ്പോൾ വരാൻ താമസിച്ചുപോയിട്ടുണ്ടാകും.ഇപ്പോൾ ആ റെയിൽവേ ഗേറ്റ് അടയുന്നതിൽ ഗോപാലകൃഷ്ണന് ഒരു വിഷമവുമില്ല.തുറക്കാൻ അല്പം കൂടി താമസിച്ചാലും കുഴപ്പമില്ല എന്നു തോന്നിത്തുടങ്ങിയിരുന്നു. അടുത്തദിവസം അടഞ്ഞ ഗേറ്റിനുമുൻപിൽ നിൽക്കുമ്പോൾ അവൾ വീണ്ടും വന്നു.സ്‌കൂട്ടി അടുത്തുതന്നെ നിർത്തി,ഒരു ചോദ്യം,"കോവാല,നാഷണലൈസ്‌ഡ്‌ ബാങ്കിലേക്ക് ഡവലപ്മെൻറ് ഓഫീസേർസിനെ വിളിച്ചിട്ടുണ്ട്.പത്രത്തിലെ പരസ്യം കണ്ടോ?" "ഇല്ല." "കാണേണ്ടതൊന്നുംകാണില്ല.സമയംകളയാതെ വേഗം അപേക്ഷ അയക്കു." അയാൾ അത്ഭുതപ്പെട്ടു അവളെ നോക്കി." കോവാലൻ ,അപേക്ഷ അയച്ചുകഴിഞ്ഞു പരീക്ഷക്ക് തയ്യാറെടുക്കണം.അതിന് ടൗണിൽ നല്ല ഒരു കോച്ചിങ് സെൻറർ ഉണ്ട്,പേര് ,നാഷണൽ.അവിടെ ചേർന്ന് പരീക്ഷക്ക് തയ്യാറാകണം." അപ്പോൾ അവൾക്ക് സീരിയസ് ആയിട്ടു സംസാരിക്കാനും അറിയാം. അന്ന് വൈകുന്നേരംതന്നെ അയാൾ ആപ്ലിക്കേഷൻ തയ്യാറാക്കി കോച്ചിങ് സെൻററിൽ അഡ്മിഷനും വാങ്ങി. അവൾ നാളെ ചോദിക്കും, ‘കോവാല,അപേക്ഷ അയച്ചോയെന്ന്‘,അയാൾ മനസ്സിൽ കരുതി. എന്നാൽ അടുത്ത രണ്ടുദിവസങ്ങളിലും അവളെ കാണാൻ കഴിഞ്ഞില്ല. റീജിയണൽ മാനേജർ ബ്രാഞ്ച് വിസിറ്റിംഗിന് വന്നതുകൊണ്ട് തിരക്കിലായിപ്പോയി. ഇടക്കിടക്ക് അവളുടെ കോവാലാ എന്ന വിളി അയാൾക്ക് ഇഷ്ടമായി തുടങ്ങിയിരുന്നു.അടുത്ത ദിവസം അവളെ കണ്ടപ്പോൾ അയാൾ ചോദിച്ചു,"ലെവൽക്രോസിലെ പെൺകുട്ടി, സുഖമാണോ?" അവൾ പറഞ്ഞു,"നീണ്ട പേരുവിളിച്ചു് നാക്ക് ഉളുക്കും.എൻ്റെ പേര് വിനയ.വിനയ എസ്സ് മേനോൻ ". അയാൾ പൊട്ടിച്ചിരിച്ചു."ആരാ നിനക്ക് ഇത്തരത്തിലുള്ള ഒരു മണ്ടൻ പേരിട്ടത്?" "എന്താ എൻ്റെ പേരിന് കുഴപ്പം?" "അശേഷം വിനയം ഇല്ലാത്ത ഒരാൾക്ക് വിനയ എന്ന പേര്? നല്ലൊരുപേരായിരുന്നു.അത് നശിപ്പിച്ചു." "കോവാലൻചേട്ടാ ഞാൻ രണ്ടുദിവസം അവധിയിലാണ് .ലെവൽക്രോസിൽ എന്നെ കാത്തുനിൽക്കണ്ട.". "അയ്യടാ,കാത്തുനിൽക്കൻ പറ്റിയ ഒരു മുതൽ"അയാൾ ചിരിച്ചു." "ഗേറ്റ് തുറന്നു. രണ്ടുദിവസം കഴിഞ്ഞുകാണാം." എന്നാൽ ഒരാഴ്ച അവളെ കാത്തിരുന്നിട്ടും അവൾ വന്നില്ല.. ഇടക്ക് അവളുടെ സ്‌കൂട്ടിയിൽ ഒന്നിച്ചുയാത്രചെയ്യാറുള്ള പെൺകുട്ടിയെ കണ്ടെങ്കിലും അവൾ ഗോപാലകൃഷ്ണനെ കണ്ടതായി ഭാവിച്ചില്ല.. ഒരാഴ്ച കഴിഞ്ഞപ്പോൾ അയാൾക്ക് ആകെ ഒരു അസ്വസ്ഥത തോന്നിത്തുടങ്ങി. എങ്ങനെയും അവളെ കണ്ടെത്തണം.അവൾക്ക് എന്തുപറ്റി എന്നറിയണം. ഒരാഴ്ച മുൻപ് റെയിൽവേ ലെവൽക്രോസിൽ സ്‌കൂട്ടറിൽ യാത്രചെയ്ത ഒരു യുവതി ട്രെയിൻ ഇടിച്ചു മരിച്ച വാർത്ത ഒരു സായാഹ്ന പത്രത്തിൽ വായിച്ചത് ഓർമ്മയിൽ വന്നു. ലെവൽ ക്രോസ്സിന് അപ്പുറത്തുള്ള വഴിയിൽക്കൂടി ഗേറ്റ് അടയുമ്പോൾ ചിലർ സാഹസികമായി സ്‌കൂട്ടറുകളും സൈക്കിളുകളും ഓടിച്ചുപോകുന്നതുകാണാം. അവിടെയാണ് അപകടം സംഭവിച്ചത് എന്നാണ് പത്രത്തിൽ കണ്ടത്. അവൾക്ക് എന്തെങ്കിലും സംഭവിച്ചിരിക്കുമോ?ലെവൽ ക്രോസിൽ കണ്ടുമുട്ടുമ്പോൾ സംസാരിക്കുന്നതല്ലാതെ അവളെ കുറിച്ച് ഒന്നും അറിയില്ല. മൊബൈൽ നമ്പർപോലും ചോദിക്കുകയോ അവൾ തരികയോ ചെയ്തിട്ടില്ല. ഇനിയും കാത്തിരിക്കാൻ അയാൾക്ക് ക്ഷമയുണ്ടായിരുന്നില്ല.ഒരു വല്ലാത്ത വീർപ്പുമുട്ടൽ അനുഭവപ്പെട്ടുതുടങ്ങി.ഈശ്വരാ, ലെവൽക്രോസിൽ അപകടം ഉണ്ടായത് അവൾക്കായിരിക്കരുതേ. അടുത്തുള്ള പോലീസ്‌സ്റ്റേഷനിൽ ആ അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ കാണാതിരിക്കില്ല. പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ പോലീസുകാർ ഒരു നൂറുകൂട്ടം ചോദ്യങ്ങൾ ചോദിച്ചു.അവസാനം കാര്യങ്ങൾ തുറന്നുപറയേണ്ടിവന്നു.സബ്ബ്ഇൻസ്പെക്ടർ ഒരു കോൺസ്റ്റബിളിനെ വിളിച്ചു് ആ അപകടത്തിൻ്റെ ഫോട്ടോകൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടു.മുഖം തിരിച്ചറിയാൻ വയ്യാത്ത രീതിയിലായിരുന്നു ആ ഫോട്ടോയിലുള്ള രുപം.ആ സ്‌കൂട്ടി വേറെ ആരുടെയോ ഐ.ഡി കൊടുത്തു് വാടകയ്ക്ക് എടുത്തതും ആയിരുന്നു. ആകെക്കൂടി ഒരു ദുരൂഹത അനുഭവപ്പെടുന്നു. ഇനിയുള്ള മാർഗ്ഗം അവൾ ജോലി ചെയ്യുന്ന ബാങ്കിൽ അന്വേഷിക്കുക എന്നതാണ്. നഗരത്തിലെ രണ്ടു ബാങ്കുകളിലും അന്വേഷിച്ചു ചെന്നപ്പോൾ അവിടെ ഒരിടത്തും വിനയ എന്നപേരിൽ ആരും ജോലി ചെയ്യുന്നില്ല. മൂന്നുമാസം കഴിഞ്ഞു പോയി. അവളെക്കുറിച്ചു്യാതൊരു വിവരവും ലഭിച്ചില്ല. അതിനിടയ്ക്ക് അവൾ പറഞ്ഞ ജോലിക്ക് സെലക്ഷൻ കിട്ടി. ഇന്ന് മൂന്നുമാസത്തെ ട്രെയിനിങ്ങിന് ബോംബെയിലേക്ക് പോകുകയാണ്. ഈ ജോലി കിട്ടാൻ പ്രേരണയായ അവളെ ഇനി കാണുവാൻ സാധ്യതയില്ല. അവളെക്കുറിച്ചുള്ള ഒരു വിവരവും അറിയില്ല. എയർപോർട്ടിൽ ആഭ്യന്തര ടെർമിനലിൽ ബോർഡിങ് പാസ്സുമായി അയാൾ കാത്തുനിന്നു. ആദ്യമായി വിമാനയാത്ര ചെയ്യുകയാണ്. അതിൻറെ ടെൻഷനും സന്തോഷവും ഉള്ളിലൊതുക്കി, അല്പം പരിഭ്രമത്തോടെ വിമാനത്തിലേക്കുള്ള കോണിപ്പടി കയറിച്ചെല്ലുമ്പോൾ വിമാനത്തിൻ്റെ വാതുക്കൽ എയർ ഹോസ്റ്റസ് വേഷത്തിൽ അവൾ,വിനയ നിൽക്കുന്നു. അതെ അത് വിനയതന്നെ. അവൾ അയാളെ കണ്ടു.ബോർഡിങ് പാസ്സിൽനോക്കി ബി 8 ലെഫ്റ്റ് സൈഡ് എന്ന് പറഞ്ഞു. അവൾ യാതൊരു പരിചയം കാണിക്കുന്നില്ല . ചിലപ്പോൾ ആൾ മാറിയിരിക്കും,അല്ലെങ്കിൽ അവൾക്ക് തന്നെ മനസ്സിലായിട്ടില്ല. യാത്രക്കാരുടെ ഇടയിൽക്കൂടി അവൾ രണ്ടുമൂന്നുതവണ അയാളെ കടന്നുപോയി.ഇല്ല, അവൾ വിനയതന്നെയാണോ എന്ന് പറയാൻ കഴിയുന്നില്ല. വിമാനത്തിലെ മുകളിലുള്ള ലഗേജ് ട്രാക്കുകൾ അടച്ചുകൊണ്ട് അവൾ അടുത്തുവന്നപ്പോൾ അയാൾ അവളുടെ പേര് എഴുതിയ ഷീൽഡ് നോക്കി ,‘വിനയ എസ്സ് മേനോൻ‘. വിമാനം ടേക്ക് ഓഫ് ചെയ്തുകഴിഞ്ഞു.ഗോപാലകൃഷ്ണൻ വിൻഡോയിൽക്കൂടി പുറത്തേക്ക് നോക്കിയിരുന്നു.മനസ്സിൽ പെരുമ്പറകൊട്ടുന്നു. "സാർ,കോഫി".അവൾ ഒരു കപ്പിൽ കോഫിയും ഒരു സാൻവിച്ചുമായി അയാളുടെ അടുത്തുവന്നു. " ഞാൻ കോഫി ഓർഡർ ചെയ്തിട്ടില്ല." "ഇല്ലേ? എന്നാലും ഒരു കാപ്പികുടിക്കാം അവൾ കോഫിയും സാൻവിച്ചും ഒരു ചോക്ലേറ്റും അയാളുടെ മുൻപിലെ ട്രേ വലിച്ചു വച്ച് അതിൽ വച്ചു. "കോവാലൻ എങ്ങോട്ടാ?" "ബോംബയിൽ പ്രൊബേഷനറി ഓഫീസേഴ്‌സിൻ്റെ ട്രെയിനിങ്ങിന് പോകുന്നു.". "ഇന്ന് ഐർഹോസ്റ്റസ് ട്രൈനിംഗ് കഴിഞ്ഞു, എൻ്റെ ആദ്യത്തെ ജോലി ദിവസം ആണ്. അന്ന് പോരുമ്പോൾ കോവലനോട് പറയാൻ കഴിഞ്ഞില്ല. വെള്ളിയാഴ്ച അപ്പോയിൻമെൻറ് ഓർഡർ കിട്ടി. തിങ്കളാഴ്ച ട്രെയിനിങ് പ്രോഗ്രാമിന് ചേരണം എന്ന് പറഞ്ഞു. ഞാൻ മൃദുലയുടെ കയ്യിൽകൊടുത്തുവിട്ട എഴുത്തു കിട്ടിയിട്ടും എന്താ എന്നെ വിളിക്കാതിരുന്നത്?" "ആരാ മൃദുല ?" "എൻ്റെ കൂടെ ബൈക്കിൽ വരാറുള്ള ആ പെൺകുട്ടി.അവൾ കത്ത് കോവാലന് തന്നു എന്നാണ് എന്നോട് പറഞ്ഞത്." "അവളെ രണ്ടു മൂന്ന് തവണ കണ്ടിരുന്നു.അവൾ സംസാരിക്കുകയോ കണ്ട ഭാവം നടിക്കുകയോ ചെയ്തില്ല." അവൾ പിന്നെ ഒന്നും പറഞ്ഞില്ല. അവളുടെ മനസ്സ് വായിച്ചെടുക്കാൻ കഴിയുന്നില്ല. അവൾ ജോലിയിൽ മുഴുകി. വിമാനത്തിൽ ലാൻഡിംഗ് സിഗ്നൽ തെളിഞ്ഞു. സീറ്റ് ബെൽറ്റ് ധരിക്കാനുള്ള അനൗൺസ്‌മെന്റ് വന്നു. അവൾ യാത്രക്കാർ സീറ്റ് ബെൽറ്റ് ഇട്ടിട്ടുണ്ടോ എന്ന് നോക്കി കടന്നുപോകുന്നതിനിടയിൽ അടുത്തുവന്നു, ഒരു കവർ അയാളുടെ കയ്യിൽകൊടുത്തു. ആ കവറിന്റെ പുറത്തു് വെഡ്‌ഡിങ് എന്ന് പ്രിൻറ് ചെയ്തിരിക്കുന്നു. അവളുടെ വിവാഹത്തിൻ്റെ ക്ഷണക്കത്ത് തനിയ്ക്ക് എന്തിന് തരണം.? വിമാനത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ വാതിൽക്കൽ അവൾ നിൽക്കുന്നു.ഗുഡ്ബൈ പറഞ്ഞ അവളെ ശ്രദ്ധിക്കാതെ കോണിപ്പടി ഇറങ്ങിയെങ്കിലും ഒന്ന് തിരിഞ്ഞുനോക്കാതിരിക്കാൻ കഴിഞ്ഞില്ല.അവളുടെ മുഖഭാവം വായിച്ചെടുക്കാൻ കഴിയുന്നില്ല. ഹോട്ടലിലെ മുറിയിൽ ചെന്ന് ഡ്രസ്സുകളും സാധനകളുമെല്ലാം എടുത്തുവച്ചു.മൂന്നുമാസം ഇവിടെയാണ് താമസം.ആ കവർ അയാൾ പോക്കറ്റിൽനിന്നും പുറത്തെടുത്തു.സങ്കടവും ദേഷ്യവും അയാൾക്ക് ഉള്ളിൽ ഒതുക്കാൻ കഴിയുന്നില്ല.ആ കത്ത് തുറന്ന് പോലും നോക്കാതെ അത് അയാൾ മൂലക്കിരുന്ന വെയിസ്റ്റ് ബോക്സിലേക്ക് വലിച്ചെറിഞ്ഞു.അത് ബാസ്കറ്റിൽ വീഴാതെ പുറത്തേക്ക് വീണു. ആ കത്ത് ഇനി തുറന്നു നോക്കി മനസ്സ് എന്തിന് അസ്വസ്ഥമാക്കണം? അടുത്ത ദിവസം റൂം ക്ളീൻ ചെയ്യാൻ വന്ന സ്ത്രീ തുറക്കാത്ത ആ കത്ത് കണ്ട് അയാളുടെ മേശപ്പുറത്തു ഇരുന്ന പുസ്തകങ്ങൾക്കിടയിൽ എടുത്തുവച്ചു. കഴിഞ്ഞ സംഭവങ്ങൾ പലതവണ അയാൾ കൂട്ടിയും കിഴിച്ചും നോക്കി.അവൾ തന്നെ എപ്പോഴും കളിയാക്കുന്നതല്ലാതെ ഒന്നും പറഞ്ഞിട്ടില്ല. ഒരു മാസം കഴിഞ്ഞുപോയി.അവളെക്കുറിച്ചു പിന്നീട് ഒന്നും അയാൾ കേൾക്കുകയോ അന്വേഷിക്കുകയോ ഉണ്ടായില്ല മുറി ആകെ അലങ്കോലമായിക്കിടക്കുന്നു.മേശപ്പുറത്തു ചിതറിക്കിടന്നിരുന്ന പുസ്തകങ്ങൾ ഗോപാലകൃഷ്ണൻ അടുക്കിവച്ചു . പുസ്തകങ്ങൾക്കിടയിൽ താൻ അന്ന് വലിച്ചെറിഞ്ഞ വെഡ്‌ഡിങ് ഇൻവിറ്റേഷൻ കാർഡ് കണ്ട് അയാൾ അമ്പരന്നു. ഇത് ആദ്യദിവസം തന്നെ കളഞ്ഞതാണല്ലോ,പിന്നെ എങ്ങിനെ ഇവിടെവന്നു.?അയാൾ ആ കവർ തുറന്നു.കാർഡിനോടൊപ്പം ഒരു കത്ത്. "പ്രിയപ്പെട്ട എൻ്റെ കോവാലന്,ഇത് എൻ്റെ കൂട്ടുകാരി മൃദുലയുടെ വിവാഹ ക്ഷണക്കത്താണ്.അടുത്തമാസം ഇരുപത്തിനാലിന്. രണ്ടു ദിവസത്തെ അവധിക്ക് ഞാൻ നാട്ടിൽ വരുന്നുണ്ട് .കാണണം.നമ്മൾക്കും ഒരുകൂട് കൂട്ടണ്ടേ? ഞാൻ കാത്തിരിക്കും.വിനയ എസ്സ് മേനോൻ." താഴെ മൊബൈൽ നമ്പറും. കൈകൾ വിറക്കുന്നു.ഗോപാലകൃഷ്ണൻ വിവാഹത്തിൻറെ തീയതി നോക്കി ഒരു മാസം കഴിഞ്ഞിരിക്കുന്നു. അയാൾ മൊബൈൽ കയ്യിലെടുത്തു,അവൾ തന്ന നമ്പറിലേക്ക് വിളിച്ചു. അവളുടെ മറുപടിക്കായി അയാൾ കാത്തിരുന്നു.
ജോൺ കുറിഞ്ഞിരപ്പള്ളി ജോർജ്കുട്ടിയുടെ പ്രകടനങ്ങൾ എന്നെ തീർത്തും അമ്പരപ്പിച്ചുകളഞ്ഞു. ഓരോ പാക്കറ്റുകൾ തുറക്കുമ്പോഴും ഇനി എന്ത് അപകടമാണ് വരാൻ പോകുന്നത് എന്ന ഉത്കണ്ഠയായിരുന്നു മനസ്സിൽ. പലപല പാക്കറ്റുകളിലായി ജോർജ്കുട്ടി അയാളുടെ സാധനങ്ങൾ പാക്ക് ചെയ്ത് വച്ചിരിക്കുകയാണ്. ഓരോ പാക്കറ്റ് തുറക്കുമ്പോഴും എൻ്റെ നെഞ്ചിടിപ്പ് കൂടി വന്നു. സമയം സന്ധ്യ ആകുന്നു.ഇരുട്ടിൻറെ നിഴലുകൾ പതുക്കെ ഞങ്ങളെ പൊതിഞ്ഞു തുടങ്ങിയപ്പോൾ ജോർജ് കുട്ടി പറഞ്ഞു,"ഇനി നാളെ ബാക്കിതുറക്കാം."എന്നിട്ട് ഒരു പാക്കറ്റ് കയ്യിലെടുത്തു. "ഇനി ഞാൻ തുറക്കാൻപോകുന്നത് വളരെ ഇമ്പോർട്ടൻറായ ഒരു പാക്കറ്റ് ആണ് .അതോടുകൂടി ഇന്നത്തെ പ്രോഗ്രാം അവസാനിക്കുന്നു".പാക്കറ്റ് തുറന്നു. അത് ഒരു ചത്ത കോഴിയെ പാക്ക് ചെയ്തത് ആയിരുന്നു. "ഇതെന്താ ഒരു ചത്ത കോഴിയെ പൊതിഞ്ഞുകൊണ്ടു വന്നിരിക്കുന്നത്?" "ഇത് കോൾഡ് സ്റ്റോറേജിൽ നിന്നും വാങ്ങിയതാണ്.അതിന് ജീവൻ കാണില്ല. " "ഇതെന്ത് ചെയ്യാൻ പോകുന്നു.?" "താൻ ഏതു നാട്ടുകാരനാടോ?കോഴിയെന്തിനാ? താൻ ഒരു മത്തായി തന്നെ." "ഇതെങ്ങനെ ജോർജ്കുട്ടി എന്നെ കൂട്ടുകാർ മത്തായി എന്ന് വിളിക്കുന്നത് അറിഞ്ഞു.ഞാൻ എല്ലാവരോടും മാത്യു എന്നെ പറഞ്ഞിട്ടുള്ളൂ." " ഓ അതോ?.പൊതുവെ മണ്ടന്മാർ എല്ലാം മത്തായിമാർ ആയിരിക്കും.അല്ലെങ്കിൽ മത്തായിമാർ മണ്ടന്മാർ ആണ് എന്നും പറയാം.." ജോർജ് കുട്ടി നമ്മുടെ ഗോൾപോസ്റ്റിലേക്ക് ഗോൾ അടിക്കാൻ നോക്കുന്നു. ഇവനെ ഒതുക്കണം. ഞാൻ മനസ്സിൽകണ്ടത് അയാൾ മാനത്തു കണ്ടു, "വെറുതെ പറഞ്ഞതാടോ,താൻ കാര്യമാക്കണ്ട. നമ്മൾ ഇവനെ ഇപ്പോൾ ശരിയാക്കി, പിന്നെ അല്പം............" "അല്പം............? അതൊന്നും ഇവിടെ നടക്കില്ല." "വേണ്ടെങ്കിൽ വേണ്ട ,ഞാൻ തനിയെ കഴിച്ചോളാം. താൻ ഒരു കാര്യം ചെയ്യ്,ദാ അപ്പുറത്തു ഒരു ബാർ ഉണ്ട്. ശ്രീ വിനായക ബാർ. അവിടെ ഭക്ഷണവും കിട്ടും .ഒരു മലയാളിയാണ് മാനേജർ, കോശി ,എൻ്റെ നാട്ടുകാരനാ,ചെങ്ങന്നൂർ. അവിടെ പോയി ഭക്ഷണം കഴിച്ചിട്ട് വാ. അപ്പോഴേക്കും ഞാൻ ഇവനെ ശരിയാക്കി പിന്നെ അല്പം അടിച്ചു റെഡിയായി ഇരിക്കാം" "എന്തിന് ? " "ഇന്ന് ശനിയാഴ്ച അല്ലെ?നമ്മൾക്ക് കവിത ചൊല്ലാം. പാട്ടു പാടാം. ഞാൻ ഗിറ്റാർ വായിച്ചു കേൾപ്പിക്കാം." "ഓഹോ ,ജോർജ് കുട്ടിക്ക് ഗിറ്റാർ വായിക്കാനറിയാം?" "താൻ പോയിട്ടുവാടോ." "അങ്ങനെ വേണ്ട.നമ്മുക്ക് ഒന്നിച്ചു ഭക്ഷണം കഴിക്കാം." "അങ്ങനെ വഴിക്കുവാ.വെറുതെ ജാഡ കാണിക്കാതെ. " ചപ്പാത്തിയും കോഴിക്കറിയും തയാറാക്കുന്നതിനിടയിൽ ജോർജ്കുട്ടി വളരെ വേഗത്തിൽ ഗിറ്റാർ പഠിച്ചത്, എയർ ഗണ്ണുമായി നായാട്ടിന് പോകുന്നത്, അങ്ങനെ തൻ്റെ വീര കഥകൾ എല്ലാം വിവരിക്കുകയും ചെയ്തു. അതിനിടയിൽ പാട്ടുപാടുകയും കവിതകൾ ചൊല്ലുകയും ചെയ്തുകൊണ്ടിരുന്നു.എല്ലാം ഞാൻ സഹിച്ചു,എന്ന് പറയുന്നതാണ് ശരി. ചപ്പാത്തിയും കറിയും തയ്യാറായിക്കഴിഞ്ഞപ്പോൾ ജോർജ്കുട്ടി മാക്ഡോവെൽസിൻറെ ഒരു ഹാഫ് ബോട്ടിൽ വിസ്‌ക്കി എടുത്തുകൊണ്ടുവന്നു. "നമ്മൾ ക്രിസ്ത്യാനികൾ മദ്യപിക്കുമ്പോൾ ചുരുങ്ങിയത് നാലുപേർ ഉണ്ടായിരിക്കണം എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. ഇത് ഇപ്പോൾ പാപമാണ് .നമ്മൾ രണ്ടു പേര് അല്ലെ ഉള്ളൂ."ജോർജ് കുട്ടി പറഞ്ഞു. "ബൈബിൾ?ഏതു ബൈബിൾ ?ഞാൻ കേട്ടിട്ടില്ലല്ലോ ". "തനിക്കു വിവരമില്ല. ആട്ടെ താൻ ദിവസവും ബൈബിൾ വായിക്കാറുണ്ടോ?" "ഇല്ല" ,ഞാൻ പറഞ്ഞു. "എൻ്റെ നാമത്തിൽ നാലുപേർ ഒന്നിച്ചുകൂടുമ്പോൾ അവരുടെ മദ്യത്തിൽ ഞാനുണ്ട്,എന്ന് ബൈബിളിൽ പറയുന്നുണ്ട്.നമ്മൾ രണ്ടു പേരല്ലേയുളളൂ.".എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല. "അതുകൊണ്ടാണ് ക്രിസ്തുമസ്സിനും ഈസ്റ്ററിനും ഒക്കെ ക്രിസ്ത്യാനികൾ കൂട്ടം കൂടി മദ്യപിക്കുന്നത്." ഞാൻ പറഞ്ഞു,” ജോർജ് കുട്ടി ഒരു ബൈബിൾ പണ്ഡിതനാണ് എന്നു തോന്നുന്നു.". “ഭക്ഷണം റെഡി.നമ്മുക്ക് പ്രാർത്ഥിച്ചിട്ട് തുടങ്ങാം." അയാൾ ബൈബിൾ കയ്യിലെടുത്തു. എനിക്ക് ജോർജ് കുട്ടിയുടെ ഈ ബൈബിൾ വായന തീരെ പിടിക്കുന്നുണ്ടായിരുന്നില്ല. താൻ ആ ബൈബിൾ താഴെ വയ്ക്ക്."ഞാൻ പറഞ്ഞു. "അത് പറ്റില്ല.കുറച്ചൊക്കെ ദൈവ വിശ്വാസവും വേണം." ജോർജ് കുട്ടി ബൈബിൾ എടുത്തു,വായിച്ചു,“നിങ്ങൾ പോയി നിങ്ങളുടെ അപ്പം സന്തോഷത്തോടെ ഭക്ഷിക്കുക , ഉല്ലാസപൂർണ്ണമായ ഹൃദയത്തോടെ നിങ്ങളുടെ വീഞ്ഞ് കുടിക്കുക, കാരണം നിങ്ങൾ ചെയ്യുന്നതിനെ ദൈവം ഇതിനകം അംഗീകരിച്ചു 7. യെശയ്യാവു 5:22."ഞാൻ മിണ്ടാതെയിരുന്നു. "കണ്ടോ,നമ്മൾ ചെയ്യാൻപോകുന്നതിനെ ദൈവം അംഗീകരിച്ചു എന്ന്. അതുകൊണ്ട് നമ്മൾക്ക് വൈൻ ഉണ്ടാക്കണം.തനിക്കറിയാവോ വല്ലതും?" ഞാൻ പറഞ്ഞു," ഇല്ല." "സാരമില്ല,ഞാൻ പഠിപ്പിക്കാം.ജനറൽ നോളജ്ജ് കുറവാണല്ലേ?" ഒരു കാര്യം എനിക്ക് ബോധ്യപ്പെട്ടു,എന്തുചെയ്യുന്നതിനും ജോർജ് കുട്ടി ഒരു ബൈബിൾ വാക്യത്തെ കണ്ടുപിടിച്ചു വച്ചിരിക്കും. ഒരു കാര്യം എനിക്ക് മനസ്സിലായി ,ജോർജ് കുട്ടിക്ക് നന്നായി ഭക്ഷണം ഉണ്ടാക്കാനറിയാം.എനിക്ക് അറിഞ്ഞുകൂടാത്തതും അതാണ്. ആവേശം കൂടി വന്നപ്പോൾ ജോർജ് കുട്ടി ഗിറ്റാർ കയ്യിലെടുത്തു. ആദ്യം സ്ട്രിംഗിൽ തൊട്ടപ്പോഴേ ഒരു കാര്യം എനിക്ക് മനസ്സിലായി.ജോർജ് കുട്ടിക്ക് ഗിറ്റാറ് വായിക്കാൻ അറിയില്ല. ഞാൻ ചോദിച്ചു,"ജോർജ് കുട്ടി എവിടുന്നാ ഗിറ്റാർ പഠിച്ചത്?" "എടോ ഇതൊന്നും ആരും പഠിപ്പിക്കേണ്ട ,ഇങ്ങനെ എടുത്ത് ഈ സ്റ്ററിങ്ങിൽ തട്ടിയാൽ മതി" .അയാൾ ഇനി എയർ ഗൺ എടുത്ത് ഇങ്ങനെ വല്ലതും പ്രയോഗിക്കുമോ അതായിരുന്നു എൻ്റെ പേടി. അപ്പോൾ എന്നെ ഞെട്ടിച്ചുകൊണ്ട് ജോർജ് കുട്ടി പറഞ്ഞു,"അടുത്ത ആഴ്ച നമ്മൾ നായാട്ടിനുപോകുന്നു." ബാംഗ്ലൂർ പോലെയുള്ള നഗരത്തിൽ നായാട്ട്?. "നായാട്ട് എന്നുപറയുമ്പോൾ വേട്ട പട്ടികളും കാണും അല്ലെ? പ്രത്യകം ട്രെയിനിങ് കൊടുത്ത നായ്ക്കൾ വേണ്ടിവരും ഇതുപോലെയുള്ള ഒരു നഗരത്തിൽ നായാട്ട് നടത്താൻ.തൻ്റെ വേട്ട നായ്ക്കൾ എവിടെ?" ഞാൻ വെറുതെ കളിയായിചോദിച്ചു. "വേട്ട നായ്ക്കൾ ഇല്ല. അതിനുപകരം നമ്മുക്ക് ഹൗസ് ഓണറുടെ പിള്ളേരെ കൂട്ടാം." താമസം തുടങ്ങിയില്ല അപ്പോഴേക്കും ഐഡിയകൾ വന്നു തുടങ്ങി. ഇവനെ അങ്ങനെ കേറി മേയാൻ വിട്ടുകൂട. ഞാൻ തീരുമാനിച്ചു. "ഒരു വിഡ്ഢിയുടെ അധരങ്ങൾ വഴക്കു വിലക്ക് വാങ്ങുന്നു. അടി ക്ഷണിച്ചു വരുത്തുന്നു,പ്രോവെർബ് 18 6,ഇതല്ലേ മത്തായി നീ മനസ്സിൽ വിചാരിക്കുന്നത്? ." ഞാൻ ഫ്ലാറ്റ്. (തുടരും)
ജോൺ കുറിഞ്ഞിരപ്പള്ളി
വര : അനുജ സജീവ്
ജോൺ കുറിഞ്ഞിരപ്പള്ളി ബാംഗ്ലൂരിലെ മെയിൻ റെയിൽവേ സ്റ്റേഷനാണ് മജെസ്റ്റിക് എന്നുവിളിക്കുന്ന റെയിൽവേ സ്റ്റേഷൻ. ഇതെന്താ ഇങ്ങനെ ഒരു പേര് എന്ന് ആശ്ചര്യപ്പെടേണ്ടതില്ല. റെയിൽവേ സ്റ്റേഷനടുത്ത് മജെസ്റ്റിക് എന്ന പേരിൽ ഒരു സിനിമാ തീയേറ്റർ ഉണ്ടായിരുന്നു. ബാംഗ്ലൂരിൽ പല റെയിൽവേ സ്റ്റേഷനുകൾ ഉള്ളതുകൊണ്ട് തിരിച്ചറിയാനായി ആളുകൾ അങ്ങനെ വിളിച്ച് ആ പേര് കിട്ടി എന്നുമാത്രം. നമ്മുടെ കഥാനായകൻ അവിടെ വന്നിറങ്ങുമ്പോൾ മനസ്സിൽ ഭയവും ഉള്ളിൽ പരിഭ്രമവും ആയിരുന്നു. കാത്ത് നിൽക്കാം എന്ന് പറഞ്ഞ സുഹൃത്ത് വന്നില്ലെങ്കിൽ എന്ത് ചെയ്യും?അല്ലെങ്കിൽ ട്രെയിൻ മൂന്നു നാലു മണിക്കൂർ താമസിച്ചാണ് വരുന്നതെങ്കിൽ സുഹൃത്ത് മടങ്ങിപ്പോയാൽ എന്ത് ചെയ്യും? അപ്പോയിൻമെൻറ് ഓർഡർ കയ്യിൽ ഉണ്ടെങ്കിലും " ഓ സോറി നിങ്ങൾക്കയച്ചതല്ല ആള് മാറിപ്പോയി" , എന്നുപറഞ്ഞാൽ എന്ത് ചെയ്യും?.അങ്ങനെ ഒരു പാട് ചിന്തകൾ പരിഭ്രമിക്കാനായി കണ്ടു പിടിച്ചുകൊണ്ടിരുന്നു. നാട്ടിൽ നിന്നും ആദ്യമായി പുറത്തുപോകുന്നതാണ്. എന്നാൽ ഒന്നും സംഭവിച്ചില്ല.സുഹൃത്ത് പറഞ്ഞതുപോലെ റെയിൽവേ സ്റ്റേഷനിൽ വന്നു.പുതിയ ജോലിസ്ഥലം അവൻ കൊണ്ടുപോയി കാണിച്ചുതന്നു.അത്യാവശ്യം വേണ്ട കാര്യങ്ങൾ എല്ലാം പറഞ്ഞു തന്നു. അവൻ്റെ താമസസ്ഥലത്തു നിന്നും വളരെ ദൂരമുണ്ട് എൻ്റെ ജോലി സ്ഥലത്തേക്ക്. അതുകൊണ്ട് താമസിക്കാൻ ഒരു വീട് കണ്ടുപിടിക്കേണ്ടതായിട്ടുണ്ട്. പുതിയതായി കിട്ടിയ ജോലിയാണ്.കൊള്ളാവുന്ന ഒരു ജോലി,വലിയ അധ്വാനമില്ലാതെ കിട്ടിയതാണ്. സ്ഥലവും ആളുകളും ഭാഷയും എല്ലാം വ്യത്യസ്തമാണ്. അതുകൊണ്ട് ജോയിൻ ചെയ്യാൻ അല്പം മടിയും പരിഭ്രമവും ഭയവും ഉള്ളിലുണ്ടായിരുന്നു. എല്ലാവരും പ്രോത്സാഹിപ്പിച്ചപ്പോൾ സമ്മതിച്ചു."എന്നും അടുക്കളയിൽ ഒതുങ്ങിക്കൂടാനാണോ നിൻറെ ഭാവം?"കൂട്ടുകാർ കളിയാക്കി.അങ്ങനെ ഇറങ്ങി തിരിച്ചതാണ്. ഇപ്പോൾ താമസിക്കുന്ന ഹോട്ടലിൽ സ്ഥിരമായി താമസിക്കാൻ പറ്റില്ല. അത്യാവശ്യമായി ജോലിസ്ഥലത്തിനടുത്തു താമസിക്കാൻ ഒരു സ്ഥലം കണ്ടുപിടിക്കണം. ആരോടെങ്കിലും ചോദിച്ചു കണ്ടുപിടിക്കാം എന്ന ചിന്തയായിരുന്നു. ഒന്ന് രണ്ടു സഹപ്രവർത്തകരോട് പറഞ്ഞപ്പോൾ അവർക്കും ഏതാണ്ട് അതേ പ്രശനം തന്നെയാണ്. ഒപ്പം ജോലിചെയ്യുന്ന ഒരാൾ പറഞ്ഞു, "ഇവിടെ സെക്യുരിറ്റിയിൽ ജോലി ചെയ്യുന്ന ആളുകൾ ഈ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് അവരോട് ചോദിച്ചു നോക്ക്". പ്രാദേശിക പത്രങ്ങളിൽ ക്ലാസിഫൈഡ് കോളങ്ങളിൽ പരസ്യം കൊടുത്തിരുന്നെങ്കിലും ഒരു മറുപടിയും കിട്ടിയില്ല.ഏതായാലും അന്വേഷിച്ചപ്പോൾ സെക്യുരിറ്റിയിൽ ജോലിചെയ്യുന്ന ഒരാൾ പറഞ്ഞു,അയാളുടെ വീടിനടുത്തുള്ള ഒരു തമിഴൻറെ വീട് ഒഴിഞ്ഞുകിടപ്പുണ്ട്. പക്ഷെ,ബാച്ചലേഴ്‌സിന് കൊടുക്കുമോ എന്ന് സംശയമാണ്". ഏതായാലും അയാളെ നന്നായി സോപ്പിട്ടപ്പോൾ അയാൾ ഉത്സാഹിച്ചു വീടുകിട്ടി. രണ്ടുമുറിയും ഒരു ഹാളും കിച്ചണും ഉണ്ട്. തരക്കേടില്ല. വാടക അല്പം കൂടുതലാണെങ്കിലും സാരമില്ല എന്നുവെച്ചു. ഹൗസ് ഓണർ താമസിക്കുന്നതും അടുത്ത് തന്നെ. ആൾ എക്സ്ട്രാ ഡീസന്റ്.,നല്ല മനുഷ്യൻ,എപ്പോൾ വേണമെങ്കിലും എന്തെങ്കിലും ആവശ്യം വന്നാൽ വിളിച്ചോളൂ എന്ന് അയാൾ ധൈര്യവും തന്നു. സ്വാഭാവികമായി എല്ലാവർക്കും ഉള്ളതുപോലെ ഉള്ളിൽ ഭയവും ടെൻഷനും ഉണ്ട്. പക്ഷെ അത് പുറത്തുകാണിക്കാൻ പറ്റില്ലല്ലോ. വീടുകിട്ടി. ഇനി ഫർണിച്ചർ വാങ്ങണം . കുറെ അതുമിതും വാങ്ങി ഒരു പിക്കപ്പിൽ വീട്ടിലെത്തിച്ചു. അടുത്തത് എല്ലാം ഒന്ന് സെറ്റ് ചെയ്യണം. ആരും സഹായിക്കാനില്ല. എല്ലാം സാവകാശം ചെയ്യാം. ഓടിനടന്ന് നല്ല ക്ഷീണവും ഉണ്ട്. ഇനി എല്ലാം നാളെ എന്ന് വിചാരിച്ചു. ഇന്ന് പുറത്ത് എവിടെയെങ്കിലും ഭക്ഷണം കഴിക്കാൻ ഒരു നല്ല ഹോട്ടൽ കണ്ടുപിടിക്കണം. വീടിന്റെ മുൻവശത്തെ വാതിലിൽ ആരോ മുട്ടുന്നു. ഇതാരാണ് ,എനിക്ക് ഇവിടെ ഒറ്റ പരിചയക്കാരുപോലും ഇല്ല. പോയി നോക്കിയപ്പോൾ ഒരു ചെറുപ്പക്കക്കാരൻ ചിരിച്ചുകൊണ്ട് നിൽക്കുന്നു.. "എന്താ?" "ഞാൻ ജോർജുകുട്ടി." "അതിന് ?" "എടോ തൻ്റെ കൂടെ താമസിക്കാൻ വന്നതാ." "എൻ്റെ കൂടെ?" "അതെ താൻ ഒറ്റക്കല്ലേ "?" "അതെ". "ഞാനും ഒറ്റക്കാണ് . അപ്പോൾ നമുക്ക് ഒന്നിച്ചു താമസിക്കാം,അല്ലെ?" "അതിന് നിങ്ങൾ ആരാണെന്ന് എനിക്കറിയില്ല ". "സാരമില്ല.നിങ്ങൾ ആരാണെന്ന് എനിക്കറിയാം. ഇനി ഞാൻ ആരാണെന്ന് നിങ്ങൾക്കറിയില്ലെങ്കിൽ അത് എൻ്റെ തെറ്റല്ല." "അങ്ങനെ താൻ ഇപ്പോൾ എൻ്റെ കൂടെ ഇവിടെ താമസിക്കണ്ട". "എന്ന് പറഞ്ഞാൽ പറ്റില്ല. എന്നെ എൻ്റെ താമസ സ്ഥലത്തുനിന്നും ഇറക്കി വിട്ടതാ,വാടക കൊടുക്കാത്തതുകൊണ്ട്. ഇനി അന്വേഷിച്ചു നടക്കാൻ പറ്റില്ല. ദാ ഞാൻ എൻ്റെ കട്ടിലും സാധനങ്ങളും ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. തൻ്റെ കൂടെ താമസിക്കുകയാണെങ്കിൽ എനിക്ക് വാടകയും ലാഭിക്കാം. ഏതായാലും താൻ വാടക കൊടുക്കണം. അപ്പോൾ ഞാൻ സേഫ് ആയി." ജോർജ്‌കുട്ടി അകത്തേക്ക് കയറി."ആഹാ,ഈ സാധനങ്ങളെല്ലാം ഇങ്ങനെ വലിച്ചുവാരി ഇട്ടാൽ ഞാൻ എവിടെ കിടക്കും? വാ നമുക്ക് ഇതെല്ലം ഒന്ന് അടുക്കിപെറുക്കി വയ്ക്കാം". അയാൾ എല്ലാം അടുക്കി പെറുക്കാൻ തുടങ്ങി. ഏതായാലും അയാളുടെ സഹായം തൽക്കാലം നല്ലതു തന്നെ, "എവിടെയാണ് ജോലി ചെയ്യുന്നത്?" "നമ്മൾ ഒരേ സ്ഥലത്തുതന്നെ .ഞാൻ സ്റ്റോറിൽ ക്ലർക്കാണ്. സെക്യുരിറ്റിക്കാരൻ പറഞ്ഞു,നിങ്ങൾക്ക് ഒരു വീട് കിട്ടിയെന്ന്." എല്ലാം ഒന്ന് ഒതുക്കിയ ശേഷം ജോർജ്‌കുട്ടി അയാളുടെ സാധങ്ങൾ എടുത്തുകൊണ്ടുവന്നു. ആദ്യം ഒരു പാക്കറ്റ് തുറന്ന് ഒരു ഗിറ്റാർ എടുത്തു വച്ചു. വയ്ക്കുന്നതിന് മുൻപായി രണ്ടു മൂന്നു തവണ അതിൻ്റെ സ്റ്ററിങ്ങിൽ തട്ടി ശബ്ദം കേൾപ്പിച്ചു. അടുത്ത പാക്കറ്റ് തുറന്നു. ഒരു വലിയ എയർ ഗൺ ആയിരുന്നു അത്..അതിൽ തിര തള്ളിക്കയറ്റി അയാൾ പൊട്ടിച്ചുകാണിക്കുമോ എന്ന ഒരു ഭയം മനസ്സിൽ തോന്നാതിരുന്നില്ല. ഒന്നും ചെയ്തില്ല. അടുത്ത പാക്കറ്റ് തുറന്നുകൊണ്ടിരിക്കുമ്പോൾ ഞാൻ പ്രാർത്ഥിച്ചു,കുഴപ്പം ഉള്ളതൊന്നും ആയിരിക്കരുതേ.അത് ഒരു ഇമ്മിണി വല്യപാക്കറ്റ് ആയിരുന്നു.ഒരു റൂമിൽ മുഴുവനും ആയി നിറഞ്ഞുനിൽക്കുന്ന ഒരു കശുമാവ്. കാണാൻ നല്ല ഭംഗിയുണ്ട്.,"സുഹൃത്ത് സിംഗപ്പൂരിൽ നിന്നും കൊണ്ടുവന്നതാണ്." അത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല,"ഒരു റൂം മുഴുവനും അതിനുവേണ്ടി.........." "താൻ ബഹളം ഉണ്ടാക്കാതെ.അതിൻ്റെ തണലിൽ ചുവട്ടിൽ കിടന്നുറങ്ങാമല്ലോ." വീണ്ടും മറ്റൊരു പാക്കറ്റ് അഴിച്ചു ഒരു പത്തുപന്ത്രണ്ടു ബെഡ് ഷീറ്റുകൾ ഒന്നിനുമുകളിൽ ഒന്നായി അടുക്കി വച്ചിരിക്കുന്നു.അത് ഓരോന്നായി എടുത്ത് കട്ടിലിൽ ഒന്നിനുമുകളി ഒന്നായി വിരിക്കുകയാണ്."ഇതെന്തിനാണ് ഒന്നിനുമുകളിൽ ഒന്നായി ഇത്രയധികം ബെഡ് ഷീറ്റുകൾ വിരിക്കുന്നത്?". "അത് ഞാൻ ബെഡ് ഷീറ്റുകൾ അലക്കാറില്ല. ഒന്ന് മുഷിയുമ്പോൾ അതിൻ്റെ മുകളിൽ വേറൊന്ന് വാങ്ങിച്ചു വിരിക്കും." എനിക്ക് തലകറങ്ങാൻ തുടങ്ങി. അയാൾ അടുത്ത പാക്കറ്റിൻറെ കെട്ടഴിച്ചു. എൻ്റെ നെഞ്ചിൽ തീ ആളിപ്പടർന്നു. അത് ഒരു പുസ്തകം ആയിരുന്നു,എന്നിട്ടു പറഞ്ഞു. ഞാൻ എന്നും കിടക്കുന്നതിന് മുൻപ് ഇതിൽ നിന്നും ഒരു അദ്ധ്യായം എടുത്തു വായിക്കും. അത് എൻ്റെ ഒരു പതിവാണ്. അത് ഒരു ബൈബിൾ ആയിരുന്നു. ഈ പുസ്തകത്തിലെ തുറക്കുമ്പോൾ കിട്ടുന്ന പേജ് വായിക്കും. അത് കിറു കൃത്യം ആയിരിക്കും. ഏതായാലും പുസ്തകം കയ്യിൽ എടുത്തതല്ലേ,ഒന്ന് നോക്കിക്കളയാം. അങ്ങിനെ പറഞ്ഞെങ്കിലും അയാൾ പുസ്തകത്തിൽ അടയാളം വച്ച ഒരു പേജാണ് വായിക്കാൻ തുടങ്ങുന്നത് എന്ന് മനസ്സിലായി. എങ്കിലുംഞാൻ അറിയാത്ത ഭാവത്തിൽ ഇരുന്നു. പുസ്തകം തുറന്ന് ജോർജ് കുട്ടി വായിച്ചു,"ഭയപ്പെടേണ്ട,ഞാൻ നിങ്ങളോടുകൂടിയുണ്ട്." എന്നിട്ടു എന്നെ ഏറുകണ്ണിട്ടു നോക്കി. ഞാൻ പറഞ്ഞു,"വളരെ ശരിയാണ്.താൻ വന്നില്ലായിരുന്നെങ്കിൽ ഞാൻ ഭയപ്പെട്ടു വിഷമിച്ചു പോകുമായിരുന്നു.ഇനി ആ പുസ്തകം എനിക്ക് ഒന്ന് തരൂ,ഞാനും ഒന്നു നോക്കട്ടെ." ഞാൻ പുസ്തകം തുറന്നു. "മൂഢനുമായി അധികം സംസാരിക്കുകയോ ബുദ്ധി സ്ഥിരത ഇല്ലാത്തവനെ സന്ദർശ്ശിക്കുകയോ അരുത്‌ അവനിൽ നിന്നും അകന്നു നിൽക്കുക.അവൻ നിന്നെ കുഴപ്പത്തിൽ ആക്കും.തന്നെ കുടഞ്ഞു അവൻ നിന്റ്റെ മേൽ ചെളി തെറിപ്പിക്കും.അവനെ ഒഴിവാക്കുക.നിനക്ക് സ്വസ്ഥത ലഭിക്കും.അവൻ്റെ ഭോഷത്തം നിന്നെ വളയ്ക്കുകയില്ല.. പ്രഭാഷകൻ 22.,13 ,ഇപ്പോൾ എന്ത് തോന്നുന്നു?" ജോർജ് കുട്ടി കുട്ടി എഴുന്നേറ്റു.ആ കളിയും ചിരിയും എല്ലാം നിന്നുപോയി."ശരി ഞാൻ പോയേക്കാം." ഞാൻ പറഞ്ഞു,"താൻ ഇപ്പോൾ പോകുന്നില്ല." ജോർജ് കുട്ടി വീണ്ടും ബൈബിൾ എടുത്തു തുറന്നു."ഞാൻ വെളിച്ചവും ജീവനും ആകുന്നു.എന്നെ അനുഗമിക്കുന്നവൻ അന്ധകാരത്തിൽ നടക്കുന്നില്ല." (തുടരും)
ജോൺ കുറിഞ്ഞിരപ്പള്ളി
വര : അനുജ സജീവ്
ജോൺ കുറിഞ്ഞിരപ്പള്ളി സായാഹ്നങ്ങളിൽ തലശ്ശേരിയിലെ കടൽപാലത്തിൽ  കാഴ്ചക്കാരുടെ നല്ല തിരക്കാണ് . നങ്കൂരമിട്ട കപ്പലുകൾ തുറമുഖത്തു്  ഇല്ലങ്കിൽ കാഴ്ചക്കാർക്ക് പ്രവേശനം നിഷേധിച്ചിരുന്നില്ല.കടൽപാലത്തിൽ നിന്ന്  സൂര്യാസ്തമയം കാണാൻ ധാരാളം ആളുകൾ സായാഹ്നങ്ങളിൽ തടിച്ചുകൂടും. വൈകുന്നേരങ്ങളിൽ മിക്കവാറും  ജെയിംസ് ബ്രൈറ്റും കടൽത്തീരത്ത് നടക്കാനായി ഇറങ്ങും. സായാഹ്നസവാരിക്കായി ഇപ്പോൾ ശങ്കരൻ നായരും  ജെയിംസ് ബ്രൈറ്റും  മുൻകാലങ്ങളിലേതുപോലെ ഒന്നിച്ചു്  പോകാറില്ല.അതിൻ്റെ പ്രധാനകാരണം ബ്രൈറ്റിൻ്റെ  മദ്യപാനവും അന്തസില്ലാത്ത പെരുമാറ്റവും ആയിരുന്നു. ബ്രൈറ്റ് വല്ലപ്പോഴും നാരായണൻ  മേസ്ത്രിയെ കൂടെ കൂട്ടും.ചിലപ്പോൾ  കടൽ തീരത്തുകൂടി തനിയേ നടന്ന് ലൈറ്റ് ഹൌസ്  വരെ പോകും.അവിടെ നിന്നാൽ അങ്ങ്  കടലിൽ വരിവരിയായി മതിലുകൾ പോലെ നിരന്നു നിൽക്കുന്ന പാറക്കൂട്ടങ്ങൾ  കാണാം.വേലിയേറ്റ സമയങ്ങളിൽ തിരകൾ അവയിൽ പളുങ്കുമണികൾ വിതറുന്നതും നോക്കി ബ്രൈറ്റ് എത്ര സമയം വേണമെങ്കിലും  നിൽക്കും. അങ്ങ് ദൂരെ കടലിൽ സൂര്യൻ മുങ്ങിക്കുളിക്കാൻ ഇറങ്ങുന്നു. "ഹലോ ജെയിംസ്". ബ്രൈറ്റ് തിരിഞ്ഞുനോക്കി. "ഹലോ" കുഞ്ചുവിൻ്റെ കേസ് അറ്റൻഡ് ചെയ്ത സ്റ്റേഷൻ ഓഫീസർ ആണ്. സംസാരത്തിനിടയിൽ കുഞ്ഞിരാമൻ്റെ കേസും ചർച്ചാവിഷയമായി. "ആ കേസ് ആരോ കുത്തിപ്പൊക്കാൻ ശ്രമിക്കുന്നത്‌ പോലെ തോന്നുന്നുണ്ട്.രണ്ടു ദൃക്‌സാക്ഷികൾ ഉള്ളതായിട്ടാണ് അറിവ്. പുറത്തു് അറിയില്ലെങ്കിലും പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ വെടിയേറ്റ് മരിച്ചതാണെന്ന് വ്യക്തമായി എഴുതിയിട്ടുണ്ട് ". ജെയിംസ് ബ്രൈറ്റിന് പുതിയ അറിവായിരുന്നു അത്.എല്ലാം അവസാനിച്ചു എന്ന് കരുതിയതാണ്.ഒരാവേശത്തിന് ചെയ്തതാണ്.ഇപ്പോൾ താനാണ് അതിനു പിന്നിൽ എന്ന് പലർക്കും അറിയാമെന്നു തോന്നുന്നു. കുറച്ചു നേരം സംസാരിച്ചതിനുശേഷം അയാൾ പോയി. ആരായിരിക്കും ഇതിന് പിന്നിൽ?ശങ്കരൻ നായർ?ഡാനിയേൽ വൈറ്റ് ഫീൽഡ്? അടുത്ത ദിവസം തലശ്ശേരി മൈസൂർ റെയിൽവേയുടെയും റോഡിൻ്റെയും  പ്ലാനും മറ്റു വിശദാംശങ്ങളും അടങ്ങിയ  റിപ്പോർട്ട് പൂർത്തിയാക്കി ശങ്കരൻ നായർ ബ്രൈറ്റിനെ ഏൽപ്പിച്ചു. റിപ്പോർട്ട്  വായിച്ചു് നോക്കിയ ബ്രൈറ്റിന്  സന്തോഷം അടക്കാനായില്ല. "വെരി ഗുഡ് മിസ്റ്റർ നായർ ,വെരി ഗുഡ് ,മിസ്റ്റർ നായർ"എന്ന് പലതവണ ബ്രൈറ്റ് പറഞ്ഞുകൊണ്ടിരുന്നു. സന്തോഷം സഹിക്കവയ്യാതെ ബ്രൈറ്റ് ഒരു ഹൗസ് പാർട്ടി എല്ലാവർക്കും  വേണ്ടി അറേഞ്ച് ചെയ്തു. എന്നാൽ നായർ പാർട്ടിയിൽ പങ്കെടുക്കുകയുണ്ടായില്ല. നായർ പാർട്ടിയിൽ പങ്കെടുക്കാതിരുന്നത് തന്നെ അപമാനിച്ചതിന് തുല്യമായിട്ടാണ്  ബ്രൈറ്റിന് തോന്നിയത് "നായർ തൻ്റെ കീഴിലുള്ള ജോലിക്കാരനാണ്,അയാൾ തന്നെ അനുസരിക്കേണ്ടവനാണ്.ഇപ്പോൾ ഈ ഇന്ത്യക്കാരൻ തന്നെ  നിയന്ത്രിക്കാൻ വരുന്നു." ഇങ്ങനെ പോയി ബ്രൈറ്റിൻ്റെ ചിന്തകൾ. എങ്കിലും ബ്രൈറ്റ് തൻ്റെ ഭാവമാറ്റം ആരും അറിയാതിരിക്കാൻ ശ്രദ്ധിച്ചു. നായർ കൊടുത്ത പ്ലാനിലും റിപ്പോർട്ടിലും ബ്രൈറ്റ്  ചെറിയ മാറ്റങ്ങൾ വരുത്തി.റിപ്പോർട്ട്   മൈസൂരിൽ ബ്രിട്ടീഷ് കമ്മീഷണർ സർ  കബൂൺ മൺട്രോയ്ക്ക് നേരിട്ട് സബ്ബ്‌മിറ്റ്‌ ചെയ്യാൻ നായരെ ഏൽപ്പിച്ചു. റിപ്പോർട്ടിൽ താനൊഴിച്ചു മറ്റു ആരുടേയും പേരുകൾ വരാതിരിക്കാൻ ബ്രൈറ്റ് പ്രത്യകം ശ്രദ്ധിച്ചു. ഈ പ്രൊജക്റ്റ് തൻ്റെ  ആശയമാണ്.അതിൽ മറ്റാരും അവകാശം പറയാൻ പാടില്ല. തലശ്ശേരി മൈസൂർ റെയിൽവേ ബ്രൈറ്റിൻ്റെ  പേരിൽ അറിയപ്പെടണം. അതായിരുന്നു അയാളുടെ  മനസ്സിൽ. എന്നാൽ ഇത് വെറും ഒരു പ്രാരംഭ പഠനം മാത്രമാണ്. സൈറ്റ് ഇൻസ്‌പെക്‌ഷൻ നടത്തി പ്ലാൻ,എസ്റ്റിമേഷൻ കോസ്റ്റിങ് എല്ലാം, ഈ റിപ്പോർട് അപ്പ്രൂവ് ചെയ്തതിനു  ശേഷം നടത്തണം. ഈസ്റ്റ് ഇന്ത്യ റയിൽവേ കമ്പനി അംഗീകരിച്ചു ആവശ്യമായ തുക അനുവദിക്കണം.അങ്ങിനെ ദീർഘമായ നടപടിക്രമങ്ങൾ ഇനിയുമുണ്ട്.ഒരു സിവിൽ എൻജിനീയർ ആയ ജെയിംസ് ബ്രൈറ്റിന് ഇതെല്ലാം അറിഞ്ഞുകൂടാഞ്ഞിട്ടല്ല.എന്നാലും........ കുടകിൻ്റെ  ഭരണ നിർവ്വഹണം നടത്തിയിരുന്നത് മൈസൂർ ഉള്ള റസിഡന്റ് ആയിരുന്നു.എന്നാൽ  മൈസൂർ ഭരിക്കുന്നത്  വടയാർ രാജ വംശമാണ്.മൈസൂർ ഭരണം ബ്രിട്ടീഷ് നേതൃത്വത്തിൽ വടയാർ രാജാക്കൻമാർ ആണ് നടത്തി വന്നിരുന്നത്. രാജഭരണത്തിൽ ജനക്ഷേമത്തിനായി കാര്യമായി  ഒന്നും ചെയ്തിരുന്നില്ല.ധൂർത്തും അഴിമതിയും  മൂലം ജനങ്ങൾ മുറുമുറുപ്പ് തുടങ്ങിയിരുന്നു.അത് മനസ്സിലാക്കിയ കണിശക്കാരനും സത്യസന്ധനുമായ ബ്രിട്ടീഷ്  കമ്മീഷണർ കബ്ബൺ മൺട്രോ വടയാർ രാജാവിൽനിന്നും ഭരണം ഏറ്റെടുത്തു ബ്രൈറ്റ് തയാറാക്കിയ  തലശ്ശേരി  മൈസൂർ റയിൽവേ ലൈനും റോഡും സംബന്ധിച്ച വിവരങ്ങൾ  സർ കബ്ബൺ മൺട്രോയ്ക്ക് ശങ്കരൻ നായർ നേരിട്ട് വന്ന്  കൊടക്കുകയാണ് ഉണ്ടായത്. റിപ്പോർട്ടുമായി വന്ന നായരെ  വളരെ മാന്യമായി സർ മൺട്രോ  സ്വീകരച്ചു,വിശദാംശങ്ങൾ ചോദിച്ചു മനസ്സിലാക്കി. ഇത്രയും ബുദ്ധിമുട്ടുള്ള ജോലി എങ്ങിനെയാണ് ബ്രൈറ്റ് ചെയ്തതെന്ന് സർ മൺട്രോ തിരക്കി.താനും നാരായണൻ മേസ്ത്രിയും മേമനും ബൂ വും ചെയ്തതെല്ലാം  നായർ വിശദീകരിച്ചു.എന്നാൽ റിപ്പോർട്ടിൽ ഇവരെക്കുറിച്ചുള്ള സൂചനകൾ പോലും ബ്രൈറ്റ് നീക്കം ചെയ്തിരുന്നു. മേമനെയും ബൂ വിനേയും അവരുടെ കോളനിയെയും കുറിച്ച് ചോദിച്ചറിഞ്ഞ മൺട്രോ രണ്ടുമാസം കഴിഞ്ഞു കുടക് സന്ദർശിക്കുന്ന അവസരത്തിൽ അവരെ കാണാനും സഹായങ്ങൾ ചെയ്യാനും താല്പര്യം കാണിച്ചു . കുടകിലെ വനങ്ങളിൽ ആദിവാസികൾ താമസിക്കുന്നുണ്ട് എന്നത് കബ്ബൺ മൺട്രോയ്ക്ക് ഒരു പുതിയ അറിവായിരുന്നു. നായരുമായുള്ള കൂടിക്കാഴ്ചയിൽ വളരെ സംതൃപ്തനായിരുന്നു സർ മൺട്രോ.. നായർ തിരിച്ചു വന്നപ്പോൾ ദീർഘമായ യാത്രകൊണ്ട് ആകെ ക്ഷീണിതനായിരുന്നു.എങ്കിലും എന്തോ ഒരു അസ്വാഭാവികത വീട്ടിൽ വന്നത് മുതലേ നായർക്ക് തോന്നിത്തുടങ്ങി. ചോദിച്ചിട്ട് ഒന്നും വ്യക്തമായി പറയുന്നില്ല മകൾ ഗീത ".സന്ധ്യ സമയത്തുവീട്ടിൽ ആരോ അതിക്രമിച്ചു കയറാൻ ശ്രമിച്ചുവെന്നും അവർ ശബ്ദമുണ്ടാക്കിയപ്പോൾ ഓടി പോയി" എന്നും പറഞ്ഞ കഥ നായർ മുഴുവനും വിശ്വസിച്ചില്ല.നായർ ഒരു കായിക അഭ്യാസിയും  മർമ്മ വിദ്ഗ്ധനും ആയിരുന്നു..കുറെ വിദ്യകൾ മകളെയും പഠിപ്പിച്ചിരുന്നു. അതിക്രമിച്ചു കയറിയ ആളെ അവൾ കീഴ്പെടുത്തിയിട്ടുണ്ടാകണം, നായർ വിചാരിച്ചു.സാധാരണ രീതിയിൽ നായർ പുറത്തെങ്ങാനും പോയിട്ടുവന്നാൽ മകൾക്ക് പറയാൻ ഒരുപാട് കഥകൾ ഉണ്ടാകും.ഇത്തവണ അവൾ മൗനം പാലിക്കുന്നതുകൊണ്ട് നായർക്ക് ഉള്ളിൽ അല്പം പരിഭ്രമം ഇല്ലാതില്ല. മൈസൂരിൽ കബ്ബൺ മൺട്രോയെ കണ്ട വിവരം അറിയിക്കാനായി ഓഫീസിൽ ചെന്നു. നായർക്ക് ഒരു സംശയം,"ബ്രൈറ്റ്"? കുഞ്ചു ഒരിക്കൽ ഭിത്തിയിൽ ഉറപ്പിച്ചുവച്ചിരുന്ന കളരിപ്പയറ്റിന് ഉപയോഗിക്കുന്ന വാളും പരിചയും ശങ്കരൻ നായരുടെ കണ്ണിൽപ്പെട്ടു. ഒരാവേശത്തിൽ അയാളുടെ തല തെറിപ്പിക്കാനാണ്  നായർക്ക് തോന്നിയത്. ബ്രൈറ്റിൻ്റെ  കണ്ണുകൾ  നായരിലായിരുന്നു. രണ്ടുപേരും ഒന്നും സംഭവിക്കാത്തതുപോലെ പെരുമാറി. നായർ കൊടുത്ത റിപ്പോർട്ടും പ്ലാനും സർ കബ്ബൺ മൺട്രോ ടെക്‌നിക്കൽ ബോർഡിന് കൈമാറി.റിപ്പോർട്ടിന് അടിയിൽ "വിശദമായ പഠനത്തിനും പരിഗണനക്കും  മേമൻ റൂട്ട്സ്  കൈമാറുന്നു",എന്നാണ് എഴുതിയത്.കബ്ബൺ മൺട്രോ യ്ക്ക് വളരെ രസകരമായി തോന്നി ഈ മാർഗ്ഗരേഖയും അതിൻ്റെ  പിന്നിലുള്ള പ്രയഗ്നവും. പിന്നീട് എല്ലാവരും കത്തിടപാടുകളിൽ തലശ്ശേരി മൈസൂർ റയിൽവേ ലൈൻ എന്നതിനു പകരമായി"മേമൻ റൂട്ട്",എന്നു ഉപയോഗിച്ചു തുടങ്ങി. "മേമൻ റൂട്ട്"എന്ന പദപ്രയോഗം ജെയിംസ് ബ്രൈറ്റിനെ  അരിശം കൊള്ളിച്ചു.എന്നാൽ ജെയിംസ് ബ്രൈറ്റിൻ്റെ  നീരസം ആരും പരിഗണിച്ചതേയില്ല. രണ്ടു മാസത്തിനുശേഷം ഈ റിപ്പോർട് അടിസ്ഥാനമാക്കി വിദ്ഗ്ധ  സമിതി സൈറ്റ് സന്ദർശിക്കുന്നതിന് തീരുമാനിച്ചു.മാക്കൂട്ടത്തിൽ ഉള്ള  പാറക്കെട്ടുകൾ ഒഴിവാക്കി പത്തു ഡിഗ്രി ചെരിവുകൊടുത്താൽ ഏകദേശം എട്ടു മൈൽ ദൂരം കുറക്കാൻ കഴിയുമെന്ന് അവർ കണക്കുകൂട്ടി. സ്ഥലം സന്ദർശിച്ചു് ഒരു പ്ലാൻ തയ്യാറാക്കി അയച്ചു  കൊടുക്കുവാൻ അവർ  ആവശ്യപ്പെട്ടു. ആ കത്ത് കയ്യിൽകിട്ടിയ ജെയിംസ് ബ്രൈറ്റിന് അരിശം സഹിക്കാൻ കഴിഞ്ഞില്ല.  മേമനെ അഭിനന്ദിച്ചുകൊണ്ട് ഈ റൂട്ടിനെ മേമൻ റൂട് സ്  എന്ന പേര് ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ്?ഈ പേര് എങ്ങനെയുണ്ടായി? "ഇത് എൻ്റെ  ബ്രെയിൻ ചൈൽഡ് ആണ്.അത് വേറെ ആരും തട്ടി എടുക്കാൻ ഞാൻ സമ്മതിക്കില്ല". അയാൾ പറഞ്ഞുകൊണ്ടിരുന്നു. റിപ്പോർട്ടിൽ നായരും ദാനിയേൽ വൈറ്റ് ഫീൽഡും ചേർന്ന് എന്തെങ്കിലും തിരിമറി നടത്തിയിട്ടുണ്ടാകും എന്ന് ബ്രൈറ്റ് സംശയിച്ചു. അതിൻ്റെ  പേരിൽ ദാനിയേൽ വൈറ്റ് ഫീൽഡും  ബ്രൈറ്റും തമ്മിൽ വഴക്കുണ്ടാകുകയും അത് കയ്യാങ്കളിയിൽ അവസാനിക്കുകയും ചെയ്തു. സമർത്ഥനും ബുദ്ധിമാനുമായിരുന്നു ജെയിംസ് ബ്രൈറ്റ്.എന്നാൽ അയാളുടെ മറ്റുള്ളവരോടുള്ള പെരുമാറ്റം അസഹനീയമായിരുന്നു. ദാനിയേൽ വൈറ്റ് ഫീൽഡ് നടന്ന സംഭവങ്ങൾ,  ബ്രൈറ്റിൻ്റെ മോശമായ പെരുമാറ്റം തുടങ്ങിയ  വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് മദ്രാസിലെ റെസിഡന്റിന് അയച്ചു.അത് മദ്രാസ്സിൽ കിട്ടുന്നതിന് മുൻപ് ജെയിംസ് ബ്രൈറ്റിനെ മേമൻ റൂട്ടിൻ്റെ പ്രോജക്ട്  മാനേജർ  ആയി പ്രോമോട്ട്  ചെയ്തുകൊണ്ടുള്ള ഓർഡർ തലശ്ശേരിയിലേക്ക് അയച്ചിരുന്നു. മേമൻ ഇടക്കിടക്കു നായരെ കാണാൻ വരും.വരുമ്പോളൊക്കെ  എന്തെങ്കിലും നായരും നാരായണൻ മേസ്ത്രിയും കൊടുത്തുവിടും അവൻ വന്നാൽ ഗീതക്ക് നല്ല ഉത്സാഹമാണ്.അവളുടെ പ്രസംഗം കേട്ട് ചിരിച്ചുകൊണ്ട് അവനിരിക്കും.രണ്ടുപേരും അവരുടെ ഭാഷയിൽ സംസാരിക്കും.എന്നാൽ അവർ രണ്ട്പേർക്കും മറ്റേ ആൾ പറയുന്നത്  മനസ്സിലാകുകയുംചെയ്യും. അവരുടെ ഈ കളി ശങ്കരൻ നായർ കൗതുകത്തോടെ  നോക്കിയിരിക്കും. "നിൻ്റെ മിന്നിക്ക് സുഖമാണോ?"ഗീത ചോദിക്കും. അവൻ വെറുതെ ചിരിച്ചുകൊണ്ട് തലയാട്ടും. ആംഗ്യം കാട്ടി മേമൻ എന്തെങ്കിലും തിരിച്ചു ചോദിക്കും. ഇതെല്ലം നോക്കി അച്ചടക്കമുള്ള ഒരു കുട്ടിയെപ്പോലെ ബൂ അടുത്തു തന്നെ ഉണ്ടാകും. ആരോടും  അടുപ്പം കാണിക്കാത്ത ബൂ, ഗീത വിളിച്ചാൽ ഓടി വരും. ശങ്കരൻ നായർ തമാശ ആയിട്ടു പറയും,"അവൻ്റെ  ആത്മാവാണ് ബൂ" "ശരിയാ",ഗീത അതിനോട് യോജിക്കും. പതിവുപോലെ മേമന് നായർ രണ്ടു കുപ്പി  മദ്യം കൊടുത്തു.വാങ്ങാൻ അവൻ മടിച്ചു.നായർ ചോദിച്ചു,"എന്തുപറ്റി?" അവൻ്റെ മുഖത്തെ ചിരി മാഞ്ഞു.അവൻ പറഞ്ഞു,"പോയി". അവൻ മദ്യം കൊണ്ടുപോയി കൊടുക്കാറുള്ള അവൻ്റെ ഊര് മൂപ്പൻ മരിച്ചുപോയി എന്ന്. ശങ്കരൻ നായർ ഞെട്ടലോടെ ഓർമ്മിച്ചു,അതെ ആ ഊര് അവസാനിക്കുകയാണ്.പാവം മേമൻ. മേമൻ ശങ്കരൻ നായരെ ഇടക്കിടക്ക് വന്ന് കാണാറുള്ള വിവരം എങ്ങിനെയോ ബ്രൈറ്റ് അറിഞ്ഞു.അരിശം സഹിക്കവയ്യാതെ ബ്രൈറ്റ് നായരോട് ചോദിച്ചു. "എന്തിനാണ് അവൻ ഇടയ്ക്കിടെ ഇവിടെ വരുന്നത്?" നായർ മേമൻ്റെ ദയനീയ അവസ്ഥയും ഊരിലെ അവസ്ഥയും വിശദീകരിച്ചു. അല്പം ആലോചിച്ചിരുന്നശേഷം ജെയിംസ് ബ്രൈയ്റ്റ് പറഞ്ഞു,"സോറി,എനിക്കറിഞ്ഞുകൂടായിരുന്നു അവൻ്റെ സ്ഥിതി.നമുക്ക് സഹായിക്കാം." നായർക്ക് വിശ്വസിക്കാൻ  കഴിഞ്ഞില്ല,ബ്രൈറ്റ് അങ്ങിനെ പറയുമെന്ന്.എന്ത് പറ്റി? വിചാരിച്ചിരുന്നപോലെ അത്രയും ദയ ഇല്ലാത്തവനല്ല ബ്രൈറ്റ്. വിവരം അറിഞ്ഞ നാരായണൻ മേസ്ത്രിയും അത് തന്നെ പറഞ്ഞു "അവിശ്വസനീയം". ബ്രൈറ്റും നായരും തമ്മിലുള്ള അകൽച്ച ഈ സംഭവത്തോടെ അല്പം കുറഞ്ഞു.ബ്രൈറ്റിൻ്റെ  അമിതമായ മദ്യപാനമാണ് കുഴപ്പങ്ങൾക്കെല്ലാം കാരണം എന്ന് ശങ്കരൻ നായർ സമാധാനിച്ചു.. ഒരാഴ്ച്ചകഴിഞ്ഞു. നായർ ചില ഓഫിസ് കാര്യങ്ങൾ ബ്രൈറ്റുമായി ചർച്ചചെയ്തുകൊണ്ടിരിക്കുമ്പോൾ സ്റ്റേഷൻ  ഓഫീസർ കയറി വന്നു. ബ്രൈറ്റ് പറഞ്ഞു,"മിസ്റ്റർ നായർ ബാക്കി നാളെ സംസാരിക്കാം" നായർ പുറത്തുപോയിക്കഴിഞ്ഞു എന്നുറപ്പായപ്പോൾ ബ്രൈറ്റ് ചോദിച്ചു,"എന്തെങ്കിലും പ്രശനം?" "കുഴപ്പമുണ്ട്.കേസ് പുനരന്വേഷണത്തിന് സാധ്യതയുണ്ട്" "എന്താണ് ഒരു മാർഗ്ഗം?" " അറസ്റ്റിന് സാധ്യതയുണ്ട്.രണ്ടാഴ്ചക്കുള്ളിൽ ഓർഡർ വന്നേക്കാം.അങ്ങേയറ്റം ഒരാഴ്ച എനിക്ക് ഓർഡർ കയ്യിൽ കിട്ടിയാൽ താമസിപ്പിക്കാം.എളുപ്പ വഴി ഇംഗ്ളണ്ടിലേക്കു എന്തെങ്കിലും കാരണം പറഞ്ഞു ലീവ് എടുത്തു  പോകുക.പിന്നെ മടങ്ങി വരാതിരിക്കുക." ജെയിംസ് ബ്രൈറ്റ് ആകെ വിഷമത്തിലായി. ഇത്രയും കാലം സ്വപ്നം കണ്ടതെല്ലാം ഒരു നിമിഷം കൊണ്ട് അവസാനിപ്പിക്കണം. തൻ്റെ സ്വപ്നമായിരുന്ന തലശ്ശേരി മൈസൂർ റെയിൽവേ മേമൻ്റെ  പേരിൽ തന്നെ അറിയപ്പെടും. ദുഃഖം സഹിക്കവയ്യാതെ ബ്രൈറ്റ് രാത്രി മുഴുവൻ കരയുകയും ചിരിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇടവേളകളിൽ മദ്യപാനവും ഒഴിവാക്കിയില്ല. പ്രഭാതമായപ്പോൾ ബ്രൈറ്റ് ശാന്തനായി കാണപ്പെട്ടു. ശങ്കരൻ നായരെ വിളിച്ചു് അടുത്ത ദിവസം സൈറ്റ് ഇൻസ്പെക്ഷനു പോകാൻ തയ്യാറായിക്കൊള്ളാൻ നിർദ്ദേശം നൽകി. "മേമൻ ഇപ്പോൾ വരാറില്ലേ "? "ഉണ്ട്.വല്ലപ്പോഴും." "എന്താ?" "വെറുതെ". "അവൻ മിക്കവാറും നമ്മുടെ കൂട്ടുപുഴ വർക്ക് സൈറ്റിൽ വരാറുണ്ട്  " "പുവർ ബോയ്" ബ്രൈറ്റിന്റെ മനസാന്തരം നായരെ ശരിക്കും അത്ഭുതപ്പെടുത്തി. അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പൾ  ഒരു കത്തുമായി ഓഫീസ് ബോയ് വന്നു.കത്ത്  ബ്രൈറ്റിൻ്റെ കയ്യിൽ കൊടുത്തു.അതിനുപുറത്തു കോൺഫിഡൻഷ്യൽ എന്ന് ചുവന്ന മഷിയിൽ എഴുതിയിരിക്കുന്നത് നായരുടെ ശ്രദ്ധയിൽപ്പെട്ടു. ബ്രൈറ്റ് ഒന്നും പറയാതെ കവർ ശ്രദ്ധിക്കുക പോലും ചെയ്യാതെ അത് കോട്ടിനുള്ളിലെ പോക്കറ്റിൽ തിരുകി വച്ചു. അടുത്തദിവസം സൈറ്റിൽ പോകുന്നതിന് വേണ്ട കാര്യങ്ങൾ ചെയ്യുന്നതിനായി നായർ പോയി. ബ്രൈറ്റ് ചിന്താമഗ്നനായി അവിടത്തന്നെ ഇരുന്നു. സൂര്യൻ അസ്തമിക്കുകയും ഇരുട്ടിന് കട്ടികൂടി വരുകയും ചെയ്തത്  ജെയിംസ് ബ്രൈറ്റ് അറിഞ്ഞില്ല. ഓഫീസ് ബോയ് വന്നു വിളിക്കുന്നവരെ അതെ ഇരിപ്പ് തുടർന്നു. (തുടരും) ജോൺ കുറിഞ്ഞിരപ്പള്ളി
ജോൺ കുറിഞ്ഞിരപ്പള്ളി നേരം പുലരുന്നതേയുള്ളു. പതിവിന് വിപരീതമായി നാരായണൻ മേസ്ത്രി ബംഗ്ലാവിൻ്റെ പിൻഭാഗത്തെ വാതിൽക്കൽ മുഖം കാണിച്ചു ജെയിംസ് ബ്രൈറ്റിനെ മൈസൂരിലേക്ക് റസിഡൻറ് വിളിപ്പിച്ചിരിക്കുന്നു.അദ്ദേഹത്തിൻ്റെ കൂടെ മൈസൂരിലേക്ക് പോകണം എന്ന് ശങ്കരൻ നായർ പറഞ്ഞു ഏല്പിച്ചിട്ടുണ്ട്. ശങ്കരൻ നായരുടെ നിർദ്ദേശം അനുസരിച്ചു് തൊഴിലാളികളെ നിയന്ത്രിക്കുകയാണ് നാരായണൻ മേസ്ത്രിയുടെ ജോലി.മൂന്നു മേസ്ത്രിമാരിൽ സീനിയർ നാരായണൻ മേസ്ത്രിയാണ്.കുഞ്ചുവും ഗോപിയും പ്രായംകൊണ്ടും പരിചയംകൊണ്ടും നാരായണൻ മേസ്ത്രിയെക്കാൾ പിന്നിൽ ആയിരുന്നു.അതുകൊണ്ട് ജെയിംസ് ബ്രൈറ്റിൻ്റെ കൂടെ പോകുവാൻ ശങ്കരൻ നായർ,തിരഞ്ഞെടുത്തത് നാരായണൻ മേസ്ത്രിയെയാണ് . മിക്കവാറും ഇങ്ങനെയുള്ള അവസരങ്ങളിൽ ശങ്കരൻ നായരാണ് കൂടെ പോകുക. കുറെ അധികം ജോലികൾ ചെയ്തു തീർക്കാനുണ്ട് എന്ന് പറഞ്ഞു നായർ ഇത്തവണ ഒഴിവായി. ജോലിയെക്കാൾ കൂടുതലായി മകളെ ഒറ്റക്ക് വിട്ടിട്ടു പതിനഞ്ചു ദിവസത്തോളം മാറിനിൽക്കാൻ ഭയമായിരുന്നു നായർക്ക് .മകളുടെ ആഗ്രഹപ്രകാരമാണ് ശങ്കരൻ നായർ തലശ്ശേരിയിലേക്കു താമസം മാറ്റിയത്.തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും ഏതാനും പുതിയ സ്‌കൂളുകൾ അക്കാലത്തു ബാസൽ മിഷൻ തുടങ്ങിയിരുന്നു.ഗീതക്ക് അവിടെ ഒരു ജോലി ശരിയാകുമോ എന്ന് അറിയുകയുക ആയിരുന്നു ലക്‌ഷ്യം. മൈസൂർ വരെപോയി തിരിച്ചുവരുന്നതിന് പതിനഞ്ചു ദിവസത്തോളം വേണ്ടിവരും.കാട്ടിൽകൂടി നടന്നും കുതിരവണ്ടിയിലും മറ്റുമുള്ള യാത്ര വളരെ കഠിനവും ക്ലേശകരവും ആണ്. ബ്രൈറ്റിൻ്റെ കൂടെ സേവകരായി കുറേ ആളുകൾ കാണും.ബോഡിഗാർഡ്, പാചകക്കാർ, ഇടക്ക് താമസിക്കുന്നതിന് ടെൻറ് തയ്യാറാക്കാൻ ഏതാനുംപേർ ,അങ്ങിനെ പതിനഞ്ചോളം ആളുകൾ. ജെയിംസ് ബ്രൈറ്റിൻ്റെ വിശ്വസ്ത സേവകരിൽ ഒരാളാണ് നാരായണൻ മേസ്ത്രി. ബ്രൈറ്റ് ഇംഗ്ലണ്ടിൽ നിന്നും കൊണ്ടുവരുന്ന മദ്യവും സിഗരറ്റും നാരായണനും കൊടുക്കും.എന്നാൽ കുഞ്ചുവിനും ഗോപിക്കും ഇത്തരം കാര്യങ്ങളിൽ താല്പര്യം ഉണ്ടായിരുന്നില്ല.സൂത്രശാലിയായിരുന്ന ബ്രൈറ്റ് ഈ തരത്തിലുള്ള സ്നേഹപ്രകടനങ്ങളിൽകൂടി നാരായണനെ വരുതിയിലാക്കി. കാടിനു പുറത്തു് ഇടവഴികളിലൂടെയുള്ള യാത്ര വളരെ ദൈർഘ്യമേറിയതായിരുന്നു.അതുകൊണ്ടുതന്നെ നല്ല ക്ഷമയും കരുതലും ആവശ്യമാണ്. നാട്ടുകാരായ കർഷകർ കാടുവെട്ടിത്തെളിച്ചു് പലസ്ഥലങ്ങളിലും മഴയെ അടിസ്ഥാനമാക്കി മലമുകളിൽ നെല്ലും തുവരയും കൃഷി ചെയ്തുവരുന്നുണ്ട്.ഇങ്ങനെയുള്ള കൃഷി സ്ഥലങ്ങളുടെ അരികുപറ്റിയുള്ള ഇടവഴികളും മറ്റും ആശ്രയിക്കുമ്പോൾ യാത്രയുടെ സമയം വളരെ കൂടുതലാകും. മൈസൂരിലേക്ക് ഏതാണ്ട് ഇരുന്നൂറ് മൈലിൽ കുറവ് ദൂരമേ തലശ്ശേരിയിൽനിന്നും കാണാൻ സാധ്യതയുള്ളു എന്ന നിഗമനത്തിൽ എത്തിയിരുന്നു ബ്രൈറ്റ്. എന്നാൽ കൃത്യമായ റോഡുകൾ ഇല്ലാത്തതുകൊണ്ട് മുന്നൂറോളം മൈൽ ദൂരം സഞ്ചരിക്കേണ്ടി വന്നേക്കാം.സർവ്വേ ജോലികളിൽ സമർത്ഥനായ ജെയിംസ് ബ്രൈറ്റിന് ദൂരവും വഴിയും കണ്ടുപിടിക്കാൻ അധികം വിഷമം ഒന്നുമില്ല.പ്രധാനമായും വനത്തിലെ അപകടം നിറഞ്ഞ ജോലി ചെയ്യാൻ തയ്യാറുള്ള ആളുകളെ കിട്ടാനില്ല എന്നാതാണ് പ്രശനം. കീഴ്ക്കാംതൂക്കായികിടക്കുന്ന ഇടവഴികളും കാട്ടുചോലകളും വന്യമൃഗങ്ങളോടുള്ള ഭയവും എല്ലാം ചേർന്ന് യാത്ര വളരെ ദുഷ്കരമായിരുന്നതുകൊണ്ട് മൈസൂരിലേക്ക് ആരും തന്നെ ഈ റൂട്ടിൽ യാത്ര ചെയ്യാറില്ല.ജനവാസം വളരെ കുറഞ്ഞ പ്രദേശമായതുകൊണ്ട് റോഡിന്റെ ഉപയോഗവും കുറവാണ്. യാത്ര കുതിരവണ്ടിയിലും പിന്നെ കാളവണ്ടിയിലും മറ്റുമായി കൂട്ടുപുഴ വരെ വലിയ കുഴപ്പമില്ലാതെ പോകാം. കരിഗാസ് വണ്ടികൾ എന്ന് വിളിക്കുന്ന ഓമ്‌നി ബസ്സുകൾ തലശ്ശേരിയിലും ആരംഭിച്ചിരുന്നെങ്കിലും ഉൾപ്രദേശങ്ങളിലേക്കു വ്യാപിച്ചിരുന്നില്ല. മൈസൂർക്കുള്ള യാത്രയിൽ ബ്രൈറ്റും കൂട്ടരും തലശ്ശേരിയിൽ നിന്നും ഇരിട്ടിയിൽ എത്തി വിശ്രമിച്ചു..കൂട്ടുപുഴ കഴിഞ്ഞപ്പോഴേക്കും ബ്രൈറ്റ് രോഗബാധിതനായി, യാത്ര ചെയ്യുവാൻ വയ്യാത്ത അവസ്ഥയിലായി. അവസാനം യാത്ര മതിയാക്കി തിരിച്ചുപോകാൻ അവർ തീരുമാനിച്ചു. "സമയം സന്ധ്യ ആകുന്നു.അതുകൊണ്ട് ടെൻറ് തയ്യാറാക്കി ഇവിടെ താമസിച്ചിട്ടു കാലത്തു് തിരിച്ചു യാത്ര ചെയ്യാം". നാരായണൻ മേസ്ത്രി പറഞ്ഞു. ബ്രൈറ്റ് സമ്മതിച്ചു. എല്ലാവരും യാത്രചെയ്ത് ക്ഷീണിച്ചിരുന്നു. രണ്ടുപേരെ അവരുടെ ടെന്റിനു കാവൽ നിർത്തി ബാക്കിയുള്ളവർ ഉറങ്ങാൻ കിടന്നു. ചീവുടുകളുടെ സംഗീതവും വീശിയടിക്കുന്ന തണുത്തകാറ്റും അതിഥികളായി എത്തിയേക്കാവുന്ന കാട്ടാനകളെക്കുറിച്ചുള്ള ഭയവും മൂലം അവർക്ക് ശരിക്കും ഉറങ്ങാൻ കഴിഞ്ഞില്ല.കാടിന്റെ സംഗീതം ഭയപ്പെടുത്തുന്നത് തന്നെയാണ് എന്ന് അവർ തിരിച്ചറിഞ്ഞു. പുലർച്ചെ എല്ലാം പായ്ക്ക് ചെയ്‌ത്‌ തിരിച്ചുപോകാൻ തുടങ്ങുമ്പോഴാണ് അവരുടെ ടെൻറിനടുത്തുള്ള ഒരു വലിയ പാറക്കെട്ടിന് മുകളിൽ ഒരാളും അയാളുടെ നായയും കിടന്നുറങ്ങുന്നത് അവർ കാണുന്നത്. അതുകണ്ട നാരായണൻ മേസ്ത്രി വിളിച്ചു. "പൂ...... ഹോയ്" രണ്ടുമൂന്നു തവണ വിളിച്ചപ്പോൾ അയാൾ ഒന്ന് എഴുന്നേറ്റു നോക്കിയിട്ടു വീണ്ടും കിടന്നുറക്കമായി .പിന്നെ എത്ര ശബ്ദം ഉണ്ടാക്കിയിട്ടും അയാൾ അനങ്ങിയതേയില്ല.അത് ആരാണെന്ന് അറിയണമെന്നുണ്ട്.പക്ഷേ ഉറങ്ങുന്ന ആൾ എഴുന്നേറ്റ് വന്നതേയില്ല. ഇതെല്ലം കണ്ടുനിന്നിരുന്ന ബ്രൈറ്റ് തൻ്റെ തോക്കും എടുത്ത് പാറക്കൂട്ടത്തിന് അടുത്തേക്ക് ചെന്നു.നാരായണനും ഏതാനും ജോലിക്കാരും ബ്രൈറ്റിനെ അനുഗമിച്ചു.ആൾ സഞ്ചാരമില്ലാത്ത ഈ പ്രദേശത്തുകണ്ട മനുഷ്യൻ ആരാണ് എന്ന് അറിയണമല്ലോ. പാറക്കൂട്ടത്തിന് അടുത്തുചെന്ന ബ്രൈറ്റ് തൻ്റെ റിവോൾവർ എടുത്തു മുകളിലേക്ക് വെടിവച്ചു. കിടന്നുറങ്ങിക്കൊണ്ടിരുന്ന ആ മനുഷ്യനും നായയും പിടഞ്ഞെഴുന്നേറ്റു. നാരായണൻ മേസ്ത്രി വിളിച്ചു പറഞ്ഞു," വാ" അയാൾക്ക് ഒന്നും മനസ്സിലായില്ല എന്ന് തോന്നുന്നു.വീണ്ടും വിളിച്ചു, "വാ,താഴെ ഇറങ്ങി വാ" അനക്കമില്ലാതെ അയാൾ അവിടെത്തന്നെ നിന്നു.നാരായണൻ മേസ്ത്രി കൈകൊണ്ട് ആംഗ്യം കാണിച്ചു,താഴേക്ക് വരാൻ. ആ മനുഷ്യൻ തൻ്റെ നായയേയും കൂട്ടി താഴേക്ക് വന്നു.അസാമാന്യ വലിപ്പവും ഭംഗിയുമുള്ള ആ നായ അവർക്കെല്ലാം ഒരു അത്ഭുതമായി തോന്നി.. "എന്താ നിൻ്റെ പേര്?" ? അയാൾക്ക് നാരായണൻ മേസ്ത്രി പറയുന്നതൊന്നും മനസ്സിലാകുന്നില്ല എന്ന് എല്ലാവർക്കും ബോദ്ധ്യമായി. സംഭാഷണം ആംഗ്യ ഭാഷയിൽ ആയി.അവസാനം അവൻ പേര് പറഞ്ഞു. "മേമനെ " "മേമൻ?" "ഉം" ആദിവാസികളെ പരിചയമുള്ള ഒരു ജോലിക്കാക്കരൻ പറഞ്ഞു,"അയാൾ ആദിവാസിയാണ്.ഡോംബ വിഭാഗത്തിൽപെട്ടതാണെന്ന് തോന്നുന്നു." അരമണിക്കൂർ നേരത്തെ പരിശ്രമംകൊണ്ട് അവർക്കു മനസ്സിലായത് അവൻ്റെ പേര് "മേമൻ",നായയുടെ പേര് "ബൂ". എങ്ങിനെയെങ്കിലും ഇവനെ വശത്താക്കണം എന്ന ചിന്തയിൽ ബ്രൈറ്റ് പോക്കറ്റിൽ നിന്നും ഒരു കുപ്പി മദ്യം പുറത്തെടുത്തു,അവൻ്റെ നേരേ നീട്ടി. ഭാഷ അറിയാവുന്ന ജോലിക്കാരൻ “വാങ്ങിക്കോളൂ”, എന്ന് പറഞ്ഞു പ്രോത്സാഹിപ്പിച്ചു. സംശയിച്ചു് സംശയിച്ചു് സാവകാശം അവൻ അടുത്തുവന്നു. അവന് ഇരുപത്തഞ്ച് വയസ്സുകാണും പ്രായം .കരിങ്കല്ലിൻ്റെ നിറവും ഉറപ്പുമുള്ള ശരീരം.മുഷിഞ്ഞു നാറിയ ഒരു തുണി ഉടുത്തിരിക്കുന്നു എന്ന് വേണമെങ്കിൽ പറയാം.കഴുത്തിൽ മാലയായി കുറെ ഇലകൾ തൂങ്ങിക്കിടക്കുന്നുണ്ട് .അവൻ്റെ നായയുടെ കഴുത്തിലും അതുപോലെ ഇലകൾകൊണ്ട് ഉണ്ടാക്കിയ ഒരു മാല തൂങ്ങിക്കിടക്കുന്നു .ദേഹത്ത് എന്തൊക്കെയോ അരച്ച് പുരട്ടിയിട്ടുണ്ട്.ഒരു വല്ലാത്ത ഗന്ധം അവൻ്റെ ശരീരത്തിൽ നിന്നും അവിടെ പരന്നു. "ഇവൻ കുളിച്ചിട്ട് ഒരു വർഷമെങ്കിലും ആയിട്ടുണ്ടാകും"നാരായണൻ മേസ്ത്രി പറഞ്ഞു. "അവൻ്റെ ദേഹത്ത് അരച്ചുപുരട്ടിയിരിക്കുന്ന മരത്തൊലിയുടെ മണമാണത്" ജോലിക്കാരിൽ ഒരാൾ പറഞ്ഞു. മേമൻ,ജെയിംസ് ബ്രൈറ്റ് കൊടുത്ത മദ്യക്കുപ്പി വാങ്ങി.തിരിച്ചും മറിച്ചും നോക്കി. .”കുടിച്ചോളൂ”, എന്ന് നാരായണൻ മേസ്ത്രി ആംഗ്യം കാണിച്ചു.അവൻ മടിച്ചു് മടിച്ചു് പതുക്കെ കുപ്പി തുറന്നു,മണത്തുനോക്കി. പിന്നെ ഒറ്റവലിക്ക് മുഴുവനും അകത്താക്കി. മേമൻ പറയുന്നത് അൽപ സ്വല്പം മനസ്സിലാകുന്ന ജോലിക്കാരൻ വിശദീകരിച്ചു. "അവൻ്റെ കഴുത്തിൽ കിടക്കുന്നത് നാഗമരത്തിൻ്റെ ഇലകളാണ് .അത് ധരിച്ചാൽ പാമ്പുകൾ ഉപദ്രവിക്കില്ല". അവർ സംസാരിച്ചുകൊണ്ടു നിൽക്കുന്ന പാറയുടെ അടുത്തുതന്നെ ഒരു വലിയ പെരുമ്പാമ്പ്‌ അനക്കമില്ലാതെ കിടക്കുന്നത് അപ്പോഴും അവർ കണ്ടില്ല. "ആദിവാസികളുടെ സഹായമുണ്ടെങ്കിൽ മൈസൂറിലേക്ക് എളുപ്പവഴി കണ്ടുപിടിക്കാൻ സാധിച്ചേക്കും", എന്ന് ശങ്കരൻ നായർ പറഞ്ഞത് ജെയിംസ് ബ്രൈറ്റ് ഓർമ്മിച്ചു. കുറെ തൊഴിലാളികളെയും കൂട്ടി വേണ്ടത്ര ആയുധങ്ങളും മറ്റുമായി കാട്ടിൽ പോകാം എന്നതായിരുന്നു ജെയിംസ് ബ്രൈറ്റിൻ്റെ പ്ലാൻ.എന്നാൽ ഈ ജോലിക്കു നാട്ടുകാരായ ജോലിക്കാരെ കിട്ടില്ല എന്നതിരിച്ചറിവിൽ ബ്രൈറ്റിന് നായർ പറഞ്ഞത് സമ്മതിക്കേണ്ടി വന്നു. ഇവനെ എങ്ങിനെയെങ്കിലും പാട്ടിലാക്കണം. ബ്രൈറ്റ് ഭാഷ അറിയുന്ന ജോലിക്കാരനോട് പറഞ്ഞു ,അവനോടു” കൂടെ പോരാൻ പറ്റുമോ” എന്ന് ചോദിക്കാൻ. മേമൻ നിഷേധാർത്ഥത്തിൽ തലകുലുക്കിഎന്തോ പറഞ്ഞു. അയാൾ പറഞ്ഞു, "പറ്റില്ല എന്നാണ് അവൻ പറയുന്നത്,ഇവൻ ഡോംബ തന്നെ" "എന്താണ് ഡോംബ?"നാരായണൻ മേസ്ത്രി അയാളോട് ചോദിച്ചു.അയാൾ വിശദീകരിച്ചു. ഡോംബകൾ വേദിക് കാലഘട്ടത്തിൽ, വടക്കേ ഇന്ത്യയിൽ നിന്നും കുടിയേറിയതായി കണക്കാക്കപ്പെടുന്ന ആദിവാസികൾ ആണ്.അവർ സംസാരിക്കുന്നത് ഹിന്ദുസ്ഥാനി പോലുള്ള ഒരു തരം ഭാഷയാണ്. ഡോംബ ആദിവാസികൾ ആക്രമണ സ്വഭാവമുള്ളവരും ഒറ്റ തിരിഞ്ഞു യാത്ര ചെയ്യുന്നവരുമാണ്.ഇവർ മറ്റുള്ള ആദിവാസികളെ പോലെ കൂട്ടം ചേർന്ന് നടക്കാത്തതുകൊണ്ട് കൂടുതൽ അപകടങ്ങളിൽ ചെന്നുചാടും വളരെ കുറച്ചു ആളുകളെ ഈ വിഭാഗത്തിൽ പെട്ടവർ ഇപ്പോൾ ജീവിച്ചു് ഇരിപ്പുള്ളൂ.നാട്ടിൻ പുറങ്ങളിലേക്ക് ഇവർ അധികം വരാറില്ല. ഉൾവനങ്ങളിലേക്കു യാത്ര ചെയുന്ന ഇവർക്ക് വനങ്ങളെക്കുറിച്ചു നല്ല ഗ്രാഹ്യവും അറിവും ഉണ്ട്. അവനോടു “എവിടെയാണ് നീ ഉറങ്ങാറുള്ളത്”, എന്ന് ചോദിച്ചപ്പോൾ അവൻ്റെ പാറയാണ് ഇത് എന്ന് മറുപടി. മേമനെ കൂട്ടിക്കൊണ്ടുപോകാൻ കഴിയില്ല എന്ന് അറിഞ്ഞപ്പോൾ ജെയിംസ് ബ്രൈറ്റിന് ദേഷ്യം വന്നു.അവനെ ഒന്ന് വിരട്ടി നോക്കാം എന്ന ചിന്തയിൽ തോക്കെടുത്തു അലറി. " നടക്കടാ ."അവൻ അത് കേട്ടതായി ഭാവിച്ചതേയില്ല സംഗതി വഷളാകും എന്നുതോന്നിയ നാരായണൻ മേസ്ത്രി ബ്രൈറ്റിനെ സമാധാനിപ്പിച്ചു. "ഉൾവനങ്ങളിലേക്കു യാത്ര ചെയുന്ന ഇവന് വനങ്ങളെക്കുറിച്ചു നല്ല ഗ്രാഹ്യം ഉണ്ട്.ഇവനെ നമുക്ക് പതുക്കെ നമ്മുടെ വരുതിയിലാക്കാം.ഇപ്പോൾ അവനെ ശല്യം ചെയ്യേണ്ട". ജെയിംസ് ബ്രൈറ്റിന് അത് സമ്മതിക്കേണ്ടി വന്നു. പെട്ടന്ന് എന്തോ പുലമ്പിക്കൊണ്ട് മേമൻ ബ്രൈറ്റിൻ്റെ നേരെ വിരൽ ചൂണ്ടി.അവൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയ അവർ അലറി വിളിച്ചു പോയി.ഒരു പെരുമ്പാമ്പ് അവരുടെ അടുത്തേക്ക് പതുക്കെ ഇഴഞ്ഞുവരുന്നു. ബ്രൈറ്റ് റിവോൾവർ എടുത്ത് രണ്ട് റൌണ്ട് വെടിവച്ചു. പാമ്പിന് കാര്യമായി ഒന്നും സംഭവിച്ചില്ല.ആ ബഹളത്തിനിടയിൽ വേദനകൊണ്ടുപുളഞ്ഞ പാമ്പിൻ്റെ വളരെ അടുത്തായിപ്പോയി ബ്രൈറ്റ്. ഇത് കണ്ടു നിന്നിരുന്ന മേമൻ അരയിൽ തൂക്കിയിട്ടിരുന്ന മഴു കയ്യിലെടുത്തു.അവരോട് മാറിനിൽക്കാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു.കയ്യിലെടുത്ത മഴു ഒന്ന് വട്ടം കറക്കി പാമ്പിന്റെ നേരെ വലിച്ചെറിഞ്ഞു.അത് പാമ്പിന്റെ തലയുംമുറിച്ചു് അടുത്തുള്ള മരത്തിൽ തറച്ചു നിന്നു... "ഇവൻ ആള് കൊള്ളാമല്ലോ"നാരായണൻ മേസ്ത്രി പറഞ്ഞു.അവൻ്റെ മെയ് വഴക്കവും കൃത്യതയും കണ്ടു അവർ ആശ്ചര്യപ്പെട്ടു. ഇവനെ എങ്ങിനെയും വശത്താക്കണം ,നാരായണൻ മേസ്ത്രി വിചാരിച്ചു.പക്ഷെ അതിന് എന്താണ് ഒരു മാർഗ്ഗം?മദ്യത്തോടുള്ള അവൻ്റെ ആർത്തി എല്ലാവർക്കും ബോധ്യപ്പെട്ടിരുന്നു.അത് തന്നെ പരീക്ഷിച്ചുനോക്കാൻ നാരായണൻ മേസ്ത്രി തീരുമാനിച്ചു. ഇതിനിടയിൽ ജെയിംസ് ബ്രൈറ്റിൻ്റെ കൂടെവന്ന ജോലിക്കാർ ആ പാറക്ക് ചുറ്റും നടന്നു നോക്കി.അവൻ അവിടെയാണ് സ്ഥിരമായി ഉറങ്ങാറുള്ളത് എന്നുപറഞ്ഞത് സത്യമാണ് എന്നുറപ്പാക്കി.. ടെൻറിലേക്ക് തിരിച്ചുപോയ ജെയിംസ് ബ്രൈറ്റ് ഏതാനും ബോട്ടിൽ മദ്യവും കുറെ ബിസ്കറ്റ് പാക്കുകളും ജോലിക്കാരുടെ കയ്യിൽ അവന് കൊടുത്തുവിട്ടു. "പിന്നീട് അവനെ വന്ന് കാണാം,പതുക്കെ ഭയം മാറ്റിയെടുത്തു അവൻ്റെ വിശ്വാസം നേടിയെടുക്കാം", നാരായണൻ മേസ്ത്രി പറഞ്ഞത് ബ്രൈറ്റ് സമ്മതിച്ചു. മേമൻ്റെ ഭാഷ അല്പസ്വല്പം മനസ്സിലാകുന്ന ആ ജോലിക്കാരനെക്കൊണ്ട് നാരായണൻ മേസ്ത്രി പറയിച്ചു. ,”ഞങ്ങൾ ഇനിയും വരും,നിനക്ക് മദ്യവും ഭക്ഷണ സാധനങ്ങളും കൊണ്ടുവരാം”,എന്നെല്ലാം. അവന് എന്തെങ്കിലും മനസ്സിലായോ എന്നറിയാൻ യാതൊരു മാർഗ്ഗവുമില്ല.ഒരു കാര്യം ബോധ്യപ്പെട്ടു,അവൻ്റെ ഭയം കുറഞ്ഞിരിക്കുന്നു. ബ്രൈറ്റും സംഘവും തിരിച്ചുപോയി. ഒരാഴ്ച്ചകഴിഞ്ഞു അവനെ വന്നു കാണാൻ നാരായണൻ മേസ്ത്രിയെ ബ്രൈറ്റ് ചുമതലപ്പെടുത്തി. എന്നാൽ അവർ പോയ ഉടനെ തന്നെ മേമൻ തൻ്റെ നായ ബൂ വിനേയും കൂട്ടി അവിടം ഉപേക്ഷിച്ചുപോയി. ഒരാഴ്ചക്കുശേഷം ബ്രൈറ്റ് പറഞ്ഞതുപോലെ രണ്ട് സഹായികളേയും കൂട്ടി നാരായണൻ മേസ്ത്രി മേമനെ അന്വേഷിച്ചു വന്നു. പാറക്കൂട്ടങ്ങൾക്ക് ചുറ്റിനടന്ന് വെറുതെ സമയം കളഞ്ഞത് മിച്ചം.അവൻ എങ്ങോട്ടോ താമസം മാറിയിരിക്കുന്നു."അവൻ്റെ താമസസ്ഥലം മറ്റുള്ളവർ കണ്ടുപിടിച്ചത് ഇഷ്ട്ടപ്പെട്ടില്ലന്ന് തോന്നുന്നു."നാരായണൻ മേസ്ത്രി പറഞ്ഞു.എന്നാൽ അവൻ്റെ പെണ്ണും അവൻ്റെ കൂടെ ആ പാറക്കൂട്ടത്തിനുമുകളിൽ ഉണ്ടായിരുന്നു എന്നത് ആർക്കും മനസ്സിലായില്ല.ബ്രൈറ്റിൻ്റെ റിവോൾവറിൽ നിന്നുള്ള വെടിയുടെ ശബ്ദംകേട്ട് .പാറക്കൂട്ടത്തിന് മറഞ്ഞിരുന്ന അവളെ ബ്രൈറ്റും കൂടെയുള്ളവരും കാണുകയുണ്ടായില്ല. സമയം ഇരുട്ടി തുടങ്ങിയതുകൊണ്ട് അവർക്ക് തിരിച്ചു പോവുകയേ മാർഗ്ഗമുള്ളു അവർ അവനുവേണ്ടിയുള്ള തിരച്ചിൽ മതിയാക്കി തിരിഞ്ഞുനടന്നു.ഇനി മേമനെ കണ്ടുകിട്ടും എന്ന് പറയാൻ കഴിയില്ല.കാട്ടിൽക്കൂടി അലഞ്ഞുനടക്കുന്ന ഏതോ ഒരു ആദിവാസി ചെറുപ്പക്കാരനെ കണ്ടുപിടിക്കുക അത്ര എളുപ്പമല്ല എന്ന യാഥാർത്യം അംഗീകരിക്കുക, അല്ലാതെ എന്തു ചെയ്യാനാണ്? അവർ കുറച്ചുദൂരം നടന്നുകഴിഞ്ഞു പുറകിൽനിന്നും ഒരു ശബ്ദം കേട്ട് തിരിഞ്ഞുനോക്കി. സന്ധ്യയുടെ മങ്ങിയ വെളിച്ചത്തിൽ വാരിക്കുന്തങ്ങളുമായി നാലഞ്ചുപേർ അവരുടെ മുൻപിലേക്ക് ചാടിവീണു. അപ്രതീക്ഷിതമായ ഈ ആക്രമണത്തിൽ നാരായണൻ മേസ്ത്രിക്കും കൂടെയുണ്ടായിരുന്നവർക്കും ഒന്നും ചെയ്യുവാൻ കഴിഞ്ഞില്ല. ആ പ്രദേശങ്ങളിൽ ചെറുകിട കൊള്ളസംഘങ്ങൾ ധാരാളം ഉണ്ട് എന്ന് കേട്ടിരുന്നുവെങ്കിലും തങ്ങൾക്ക് ഇത് സംഭവിക്കുമെന്ന് അവർ കരുതിയില്ല.ഇനി അവർ പറയുന്നത് അനുസരിക്കുകയേ മാർഗ്ഗമുള്ളു.ഈ അവസരത്തിൽ അവരെ എതിർത്ത് തോൽപ്പിക്കാൻ പറ്റില്ല. മേമന് വേണ്ടികൊണ്ടുവന്ന മദ്യവും ബിസ്കറ്റ് പാക്കറ്റുകളും കയ്യിലുണ്ടായിരുന്ന എല്ലാ സാധനങ്ങളും അവർ പിടിച്ചെടുത്തു.അവരിൽ ഒരാൾ നാരായണൻ മേസ്ത്രിയുടെ മുഖത്ത് സൂക്ഷിച്ചുനോക്കിയിട്ടു ഒന്നിച്ചുള്ളവരോട് എന്തോ പറഞ്ഞു. അവരെ വെറുതെ വിട്ടാൽ അപകടമാണെന്ന് കൊള്ള സംഘം ചിന്തിച്ചിട്ടുണ്ടാകും. അവരെ മൂന്നുപേരെയും ഒരു മരത്തിൽ കെട്ടിയിട്ട് അവർ കടന്നുകളഞ്ഞു "ഞങ്ങളുടെ കയ്യിൽ ഉള്ളതെല്ലാം എടുത്തോളൂ.എന്നിട്ട് ഞങ്ങളെ അഴിച്ചുവിടൂ."അവർ വിളിച്ചുപറഞ്ഞത് കൊള്ളക്കാർ ശ്രദ്ധിച്ചതേയില്ല. രാത്രിയാകുമ്പോൾ കാടിറങ്ങുന്ന വന്യമൃഗംങ്ങളുടെ ആക്രമണത്തിൽ മരിക്കാനോ പെരുമ്പാമ്പുകൾ വിഴുങ്ങാനോ ആണ് തങ്ങളുടെ വിധി എന്ന് അവക്ക് തോന്നി.അവർ വിളിച്ചു കൂകി,"രക്ഷിക്കണേ ,രക്ഷിക്കണേ ...." അവരുടെ രോദനം മലകളിൽ തട്ടി പ്രതിധ്വനിച്ചു. കുടക് മലകളിൽനിന്നും ഒഴുകിവരുന്ന നീർച്ചോലകളുടെ ശബ്ദങ്ങളിൽ ചീവുടുകളുടെ ആക്രോശങ്ങളിൽ അവരുടെ നിലവിളികൾ അലിഞ്ഞുചേർന്നു.അത് കേൾക്കാൻ ആരും അവിടെ ഉണ്ടായിരുന്നില്ല. ഇരുട്ടിൻ്റെ പുതപ്പ് അവരെ മൂടി. പുഴയോരത്തെ മുളം കാടുകളിൽ കാറ്റടിച്ചു കേൾക്കുന്ന വലിയ മൂളലിനിടയിൽ ഒരനക്കം .ശബ്ദം കേട്ട ഭാഗത്തേക്ക് അവർ മൂവരും ഭയപ്പാടോടെ നോക്കി.ഒരു കൂട്ടം കടുവകൾ അവരുടെ അടുത്തേക്ക് വരുന്നു. പേടിച്ചരണ്ട് അവർ നിലവിളിച്ചുകൊണ്ടിരുന്നു. അവരുടെ നിലവിളി ആരുകേൾക്കാനാണ്?. ഇനി ഒന്നുമാത്രം,സുനിശ്ചിതമായ മരണത്തിന് നിശ്ചലമായി നിന്നുകൊടുക്കുക. ശ്വാസം അടക്കിപ്പിടിച്ചു് നിൽക്കുമ്പോൾ മരണത്തിൻ്റെ കാലൊച്ചകൾ അവർ തിരിച്ചറിഞ്ഞു. കടുവകൾ ഒന്നും രണ്ടുമല്ല ഒരു കൂട്ടം അവരുടെ അടുത്തെത്തി. അവ അവരെ കണ്ടുകഴിഞ്ഞു. ഇപ്പോൾ മുളങ്കാടുകളിൽ കാറ്റടിച്ചുകേൾക്കുന്ന മൂളൽ ശബ്ദം മാത്രം. (തുടരും)

പരാജിതൻ്റെ പകയുടെ നോട്ടമാണത് ശങ്കരൻ നായർ വിചാരിച്ചു.

[caption id="attachment_182514" align="alignleft" width="347"] ജോൺ കുറിഞ്ഞിരപ്പള്ളി[/caption]  
RECENT POSTS
Copyright © . All rights reserved