jyothi kurian
മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍ ഇന്ത്യയില്‍ നിന്ന് നഴ്‌സിങ്ങ് പഠനം മികച്ച രീതിയില്‍ പൂര്‍ത്തീകരിച്ചതിനുശേഷം പാശ്ചാത്യലോകത്ത് നഴ്‌സിങ്ങ് മേഖലയില്‍ ജോലി ചെയ്യുക എന്ന സ്വപ്‌നവുമായി ബ്രിട്ടണില്‍ കുടിയേറിയതിനുശേഷം നഴ്‌സിങ്ങ് അസിസ്റ്റന്റായും, കെയറിങ്ങ് ജോലിയിലും ഒതുങ്ങിപ്പോകുന്ന ധാരാളം മലയാളികളുണ്ട്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദവും നിയമത്തിന്റെ നൂലാമാലകളുമാണ് നഴ്‌സിങ്ങ് പഠനം ഉന്നത വിജയത്തോടെ പൂര്‍ത്തീകരിച്ച പലര്‍ക്കും ബ്രിട്ടണില്‍ നഴ്‌സായി ജോലി ചെയ്യുക എന്നത് ഒരു സ്വപ്‌നമായി മാറ്റുന്നത്. റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ വാഗ്ദാനങ്ങളിലും, ഏതുവിധേനയും ബ്രിട്ടണില്‍ എത്തപ്പെട്ടു കഴിഞ്ഞാല്‍ നഴ്‌സിങ്ങ് മേഖലയില്‍ ജോലി സമ്പാദിക്കാമെന്ന പ്രതീക്ഷയിലും യുകെയില്‍ എത്തപ്പെട്ടതിനുശേഷം നഴ്‌സിങ്ങ് പ്രൊഫഷന്‍ ഒരു മരീചികയായി മാത്രം അവശേഷിക്കുന്ന നൂറുകണക്കിന് മലയാളികള്‍ ഉണ്ട് നമ്മുടെ ഇടയില്‍. ഇവര്‍ക്കെല്ലാം മാതൃകയാകുകയാണ് സ്റ്റോക്ക് - ഓണ്‍ - ട്രെന്റില്‍ നിന്നുള്ള ജ്യോതി കുര്യന്‍.കൊല്ലം ബിഷപ്പ് ബെന്‍സിങ്ങര്‍ ഹോസ്പിറ്റലില്‍ നിന്ന് നഴ്‌സിങ്ങ് പഠനം ഉയര്‍ന്ന രീതിയില്‍ പാസായ ജ്യോതി കുര്യന്‍ മറ്റു പലരേയും പോലെ നഴ്‌സിങ്ങ് പ്രൊഫഷന്‍ സ്വപ്‌നം കണ്ടാണ് യുകെയിലേയ്ക്ക് വന്നത്. എന്നാല്‍ നിയമങ്ങളിലും ചട്ടങ്ങളിലും വന്ന ഭേദഗതികള്‍ ജോതിയുടെ സ്വപ്‌നങ്ങളില്‍ മാര്‍ഗ്ഗതടസമായി മാറി. അതുകൊണ്ട് കഴിഞ്ഞ കുറേക്കാലമായി റോയല്‍ സ്‌റ്റോക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നഴ്‌സിങ്ങ് അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു ജ്യോതി. എന്നാല്‍ നഴ്‌സിങ്ങ് മേഖലയില്‍ അനുഭവപ്പെടുന്ന കടുത്ത തൊഴില്‍ ക്ഷാമം വിദേശ രാജ്യങ്ങളില്‍ നഴ്‌സിങ്ങ് യോഗ്യത നേടിയതിനുശേഷം യുകെയില്‍ എന്‍എംസി രജിസ്‌ട്രേഷന്‍ ലഭിക്കാത്തതിനാല്‍ നഴ്‌സായി ജോലി ചെയ്യാന്‍ സാധിക്കാത്തവരെ ട്രാന്‍ഫര്‍മേഷന്‍ പ്രോസസിലൂടെ എന്‍.എം.സി രജിസ്‌ട്രേഷന് യോഗ്യരാക്കുന്ന പ്രക്രിയയെക്കുറിച്ച് ചിന്തിപ്പിക്കാന്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിലെ ഉന്നതരെ നിര്‍ബന്ധിതരാക്കി. ഇത്തരത്തില്‍ ട്രാന്‍ഫര്‍മേഷന്‍ പ്രക്രിയയിലൂടെ യുകെയില്‍ എന്‍എംസി രജിസ്‌ട്രേഷന്‍ കരസ്ഥമാക്കിയ ആദ്യ നഴ്‌സിങ്ങ് സമൂഹത്തിലെ ഒരാളാണ് ജ്യോതി കുര്യന്‍ എന്നത് എല്ലാ മലയാളികള്‍ക്കും അഭിമാനകരമാണ്. നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് വിവിധ ഹോസ്പിറ്റലുകളില്‍ നടപ്പാക്കിയ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രോസസില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് നഴ്‌സിങ്ങ് യോഗ്യത നേടിയതിനുശേഷം യുകെയില്‍ നഴ്‌സിങ്ങ് അസിസ്റ്റന്റായും, കെയറിങ്ങ് മേഖലയിലും മറ്റു ജോലി ചെയ്യുന്നവര്‍ക്ക് ചേരാവുന്നതാണ്. IELTS പാസായി കഴിഞ്ഞാല്‍ CBT (Computer Base Theory Test), OSCE (Objective Structure Clinical Education) എന്നിവ പഠിക്കുന്നതിനും നിശ്ചിത മാനദണ്ഡങ്ങളോടെ വിജയിക്കുന്നതിനും ഹോസ്പിറ്റലിന്റെ എല്ലാവിധ സഹായവും ഉണ്ടാകും. OSCE ടെസ്റ്റ് പാസായതിന്റെ പിറ്റേദിവസം തന്നെ എന്‍.എം.സി. രജിസ്‌ട്രേഷന്‍ ലഭിച്ച കാര്യം സന്തോഷപൂര്‍വ്വം ജ്യോതി കുര്യന്‍ മലയാളം യുകെയോട് പങ്കുവെച്ചു. തിരുവല്ല കവിയൂര്‍ സ്വദേശിയാണ് ജ്യോതികുര്യന്‍. പുള്ളിയില്‍ പി ജെ കുര്യനും തങ്കമ്മയുമാണ് ജ്യോതിയുടെ മാതാപിതാക്കള്‍. ഭര്‍ത്താവ് ജോമോന്‍ പള്ളിക്കുന്നേല്‍ കോട്ടയം മണര്‍കാട് സ്വദേശിയാണ്. ജര്‍മിയാ, നോയല്‍ എന്നീ കുട്ടികളാണ് ജോമോന്‍ - ജ്യോതിതി ദമ്പതികള്‍ക്കുള്ളത്. ഇരട്ട സഹോദരി ജോസി ജെയിംസ് സ്‌റ്റോക്ക് ഹോസ്പിറ്റലില്‍ തന്നെ നഴ്‌സായി ജോലി ചെയ്യുകയാണ്. ജോതിയുടെ വിജയം നഴ്‌സിങ്ങ് പ്രൊഫഷന്‍ സ്വപ്‌നം കണ്ട് കഴിയുന്ന പല മലയാളികള്‍ക്കും മാതൃകയും ആവേശവുമാണ്. ഇന്ന് വിവാഹവാർഷികം ആഘോഷിക്കുന്ന ജോമോനും ജ്യോതിക്കും ഒരായിരം ആശംസകൾ നേർന്നുകൊള്ളുന്നു.

Read more... കാട്ടുപന്നിയിറച്ചി കഴിച്ച് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന മലയാളി കുടുംബത്തിന്റെ പരിശോധനാഫലം പുറത്ത് വന്നു...

RECENT POSTS
Copyright © . All rights reserved