Kerala Flood
വിബീഷ് സി.ടി ആലുവ: പ്രളയത്തിലകപ്പെട്ടവരുള്‍പ്പടെയുള്ള കാര്‍ട്ടൂണിസ്റ്റുകള്‍ ചേര്‍ന്ന് തയാറാക്കിയ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം 'അതിജീവനം' പ്രളയ ബാധിത മേഖലയായ ആലുവയില്‍ സംഘടിപ്പിച്ചിരിക്കുന്നു. തിന്മകളെ വിമര്‍ശിച്ച്, ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുക മാത്രമല്ല കാര്‍ട്ടൂണുകളുടെ ലക്ഷ്യമെന്ന് ഈ കാര്‍ട്ടൂണിസ്റ്റുകള്‍ തെളിയിക്കുന്നു. ഇനിയെന്ത് എന്ന ചോദ്യവുമായി മനസ്സ് മരവിച്ചവര്‍ക്ക് ധൈര്യവും, ആത്മവിശ്വാസവും പകരാന്‍ കഴിയുന്ന പോസിറ്റീവ് കാര്‍ട്ടൂണുകളാണ് പ്രദര്‍ശനത്തിനുള്ളതെന്ന് കാര്‍ട്ടൂണ്‍ അക്കാദമി വൈസ് ചെയര്‍മാന്‍ ശ്രീ ഇബ്രാഹീം ബാദുഷ അഭിപ്രായപ്പെട്ടു. സമൂഹത്തിലെ നാനാ തുറകളിലുള്ളവര്‍ എക്‌സിബിഷനില്‍ പങ്കെടുക്കും. കേരളത്തിലെ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളുടെ 100ല്‍്പ്പരം രചനകള്‍ പ്രദര്‍ശനത്തിനുണ്ടാവും പ്രളയം മൂലമുള്ള ദുരിതങ്ങളുടെ അനുവ സാക്ഷികള്‍ കൂടിയാണ് കാര്‍ട്ടൂണിസ്റ്റുകള്‍. കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ 2018 സെപ്തംബര്‍ 3ന് ആലുവാ റെയില്‍വേ സ്റ്റേഷനു മുന്‍പിലായി പോസിറ്റീവ് കാര്‍ട്ടൂണുകളുടെ പ്രദര്‍ശനവും ലൈവ് കാരിക്കേച്ചര്‍ ഷോയും നടക്കും. സ്ഥലം എം.എല്‍.എ അന്‍വര്‍ സാദത്ത് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ കലാകാരന്മാര്‍ പൊതുജനങ്ങളുടെ ലൈവ് കാരിക്കേച്ചറുകള്‍ വരയ്ക്കും. അതില്‍ നിന്നു സമാഹരിക്കുന്ന തുക ലളിതകലാ അക്കാദമി, മുഖ്യമന്ത്രിയുെട ദുരിതാശ്വാസ ഫണ്ടിലേക്കു സംഭാവന ചെയ്യും. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ബഹുമാന്യനായ ചെയര്‍മാനും കേരളം ഏറ്റവും ആദരിക്കുന്ന കാര്‍ട്ടൂണിസ്റ്റുക്കളില്‍ ഒരാളുമായ ശ്രീ. സുകുമാര്‍ ചടങ്ങിലെ വിശിഷ്ടാതിഥിയായി വരുന്നത് കാര്‍ട്ടൂണിസ്റ്റുകളെ സംബന്ധിച്ച ഏറെ അഭിമാനമുള്ള കാര്യമാണ്. ഒപ്പം മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റുകള്‍ അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
ജോജി തോമസ് ഒരമ്മയുടെ സ്‌നേഹവും കരുതലും ഇന്ത്യാ മഹാരാജ്യത്തിന്റെ ഭരണ നേതൃത്വത്തില്‍ നിന്ന് ഓരോ മലയാളിക്കും അനുഭവപ്പെടേണ്ട സാഹചര്യത്തില്‍ എങ്ങും സംശയത്തിന്റെയും അസംതൃപ്തിയുടെയും വികാരമാണ്. ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു ദുരന്തത്തെ നെഞ്ചുറപ്പോടെ നേരിടാന്‍ മലയാളികള്‍ക്കായെങ്കിലും അതിനു ശേഷമുണ്ടായ പല വിവാദങ്ങളും ഒഴിവാക്കാന്‍ സാധിക്കുന്നതായിരുന്നു. ഇത്തരത്തിലുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് ശേഷം ഭരണയന്ത്രത്തിന്റെ കാര്യക്ഷമതയേക്കുറിച്ച് വാദപ്രതിവാദങ്ങള്‍ സ്വാഭാവികമാണെങ്കിലും കേരളം നേരിട്ട വെള്ളപ്പൊക്കക്കെടുതിക്കു ശേഷം കേന്ദ്ര ഗവണ്‍മെന്റ് കേരളത്തോട് നീതികേട് കാണിച്ചു എന്നതാണ് പൊതുവികാരം. കേന്ദ്രഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നുള്ള സാമ്പത്തിക പിന്തുണയുടെ കാര്യത്തിലും വിദേശസഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിലുമെല്ലാം ഒരമ്മയുടെ സ്‌നേഹത്തിലുപരിയായി ചിറ്റമ്മനയമാണ് പ്രളയാനന്തര കേരളത്തിലെ ജനത കണ്ടത്. പല വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളും പ്രകൃതിക്ഷോഭത്തെ നേരിട്ടപ്പോള്‍ കിട്ടിയ പരിഗണനയല്ല കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് ലഭിച്ചത്. സാമ്പത്തികവും രാഷ്ട്രീയവും ഭാഷാപരവുമായ അവഗണനയെക്കുറിച്ച് വിന്ധ്യപര്‍വതത്തിന് ഇപ്പുറത്തുള്ള ജനതയുടെ പരാതിക്ക് സ്വാതന്ത്ര്യാനന്തര ഭാരതത്തോളം പഴക്കമുണ്ട്. പലപ്പോഴും ഡല്‍ഹി ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍ചേരിയിലുള്ള പാര്‍ട്ടികള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭരണം നടത്തിയത് ഈ പരാതിക്ക് ആക്കം വര്‍ദ്ധിപ്പിച്ചു. ഡല്‍ഹി ഭരിക്കുന്ന രാഷ്ട്രീയകക്ഷികളുമായുള്ള ഈ വിയോജിപ്പ് കാരണം 356-ാം വകുപ്പു പ്രകാരം പിരിച്ചുവിട്ട സംസ്ഥാന ഗവണ്‍മെന്റുകളില്‍ കൂടുതലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായികരുന്നു. ഇന്ത്യയില്‍ ആദ്യമായി 356-ാം വകുപ്പ് ഉപയോഗിച്ച് ഒരു സംസ്ഥാന ഗവണ്‍മെന്റിനെ പിരിച്ചുവിടുന്നതുതന്നെ 1959 ജൂലൈ 31ന് ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിനെ ആയിരുന്നു. കേരളത്തിന് എക്കാലവും കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യം അര്‍ഹിക്കുന്നതില്‍ കുറവായിരുന്നു. രണ്ടാം യുപിഎ മന്ത്രിസഭ മാത്രമാണ് ഇതിന് ഒരു അപവാദം. 1990കള്‍ വരെ കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തിന് ക്യാബിനറ്റ് റാങ്കുള്ള ഒരു മന്ത്രിയെ ലഭിക്കുന്നത് വലിയ സംഭവമായി കരുതിയിരുന്നു. സാമ്പത്തികവും ഭാഷാപരവുമായ വിവേചനം ഇതിലും ഉപരിയാണ്. ഹിന്ദിയിതര ഭാഷകളോടും ദക്ഷിണേന്ത്യന്‍ ഭാഷകളോടും പരമ്പരാഗതമായി തുടരുന്ന ഈ വിവേചനം ഇന്നും തുടരുന്നു. കേരളം പോലെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്ര ഖജനാവിലേക്ക് നല്‍കുന്നത് വളരെ വലുതും നോര്‍ത്തിന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ കൂടുതലും ആണെങ്കിലും പദ്ധതി വിഹിതം നിശ്ചയിക്കുമ്പോഴും വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക വകയിരുത്തുമ്പോഴും കേരളത്തിന് ഈ പരിഗണന ലഭിക്കാറില്ല. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ നാല് ശതമാനത്തില്‍ താഴെ മാത്രം വരുന്ന കേരളീയരാണ് നാണ്യവിഭവങ്ങളുടെ കയറ്റുമതിയിലൂടെയും വിദേശ മലയാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിലൂടെയും രാജ്യത്തിന്റെ മൊത്തം വിദേശനാണ്യ ശേഖരത്തിന്റെ മുപ്പത് ശതമാനത്തിലധികം സംഭാവന ചെയ്യുന്നത്. കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ കേരളത്തില്‍ നിന്ന് മൂലധന നിക്ഷേപത്തിന്റെ ഒരൊഴുക്കുതന്നെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്ക് ഉണ്ടാകുന്നതായി കാണാന്‍ സാധിക്കും. പൊതുമേഖലാ ബാങ്കുകളിലെ മലയാളികളുടെ നിക്ഷേപത്തിന്റെ വളരെക്കുറഞ്ഞ അനുപാതമേ കേരളത്തില്‍ വായ്പയായി വിതരണം ചെയ്യപ്പെടുന്നുള്ളു. സംസ്ഥാന വികസനത്തിനാവശ്യമായ പദ്ധതികള്‍ക്കായി ഡല്‍ഹിയിലെ മേലാളന്‍മാരുടെ മുന്നില്‍ കാത്തു നില്‍ക്കുക മാത്രമല്ല, പലപ്പോഴും കേരളത്തിന് അനുവദിച്ച പദ്ധതികളും സംരംഭങ്ങളും മറ്റു സംസ്ഥാനങ്ങളിലേക്ക് വഴിമാറിപ്പോയ ചരിത്രവുമുണ്ട്. ദക്ഷിണേന്ത്യക്കാരുടെ പ്രധാന ആഹാരമായ അരിയോടു പോലുമുണ്ട് ഈ വിവേചനം. ഗോതമ്പിന് എന്നും കൂടിയ സംഭരണ വില ലഭിക്കുകയും കൂടിയ തോതില്‍ സംഭരിക്കപ്പെടുകയും ചെയ്യുന്നു. റെയില്‍വേയുടെ കാര്യത്തിലും കേരളത്തില്‍ നിന്ന് പുറപ്പെടുന്ന വിമാന സര്‍വീസുകളിലുമെല്ലാം ഈ വിവേചനമുണ്ട്. ഗള്‍ഫിനോട് കൂടുതല്‍ അടുത്തു കിടക്കുന്നത് കേരളമാണ്. പക്ഷേ, മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവരേക്കാള്‍ കൂടുതല്‍ ടിക്കറ്റ് ചാര്‍ജ് കേരളത്തില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ നല്‍കേണ്ടി വരുന്നത് മലയാളിയുടെ പോക്കറ്റടിക്കുന്നതിന് ഉദാഹരണമാണ്. നമ്മള്‍ മലയാളികള്‍ പൊതുവേ മദ്രാസികള്‍ എന്നാണ് നോര്‍ത്തില്‍ അറിയപ്പെടുന്നത്. എന്നാല്‍ മറ്റ് മദ്രാസികള്‍ക്ക് ലഭിക്കുന്ന പരിഗണന പോലും കേരളത്തിന് ലഭിക്കാറില്ല. ആനുകാലിക രാഷ്ട്രീയത്തിന്റെ വെളിച്ചത്തില്‍ ഈ അവഗണനയും പ്രതികാര മേേനാഭാവവും കൂടിവരികയാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് ഒരു തലത്തിലും സ്വാധീനം ഉറപ്പിക്കാന്‍ സാധിക്കാത്ത സംസ്ഥാനമാണ് കേരളമെന്ന തിരിച്ചറിവാണ് പ്രതികാരബുദ്ധിയോടെയുള്ള ഈ അവഗണനയുടെ പ്രധാന കാരണം. പ്രകൃതിക്ഷോഭത്തില്‍പ്പെട്ട കേരളത്തോടുള്ള കേന്ദ്ര സമീപനം വിവേചനം അതിന്റെ പാരമ്യത്തിലെത്തിയതിന്റെ തെളിവാണ്. കേന്ദ്ര സംസ്ഥാന ബന്ധം പലപ്പോഴും കൊള്ളപ്പലിശക്കാരനും കടക്കാരനും തമ്മിലുള്ളതായി മാറി. അല്ലെങ്കില്‍ ദുരിതാശ്വാസമായി അനുവദിച്ച പരിമിതമായ സാമ്പത്തിക സഹായത്തില്‍ നിന്ന് അരിമേടിച്ച് തുക കുറയ്ക്കാന്‍ മുതിരില്ലായിരുന്നു. പ്രളയ ദുരിതത്തില്‍പ്പെട്ട് നാല്‍പതിനായിരം കോടിയോളം നഷ്ടം സംഭവിച്ച കേരളത്തിന് ഒരു റാഫേല്‍ യുദ്ധവിമാനത്തിന് നല്‍കിയ തുകയെങ്കിലും സഹായമായി നല്‍കാമായിരുന്നു. അംബാനിക്കോ അദാനിക്കോ ആണ് ഇങ്ങനെയൊരു ദുരിതം സംഭവിക്കുന്നതെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് ഇതിലേറെ നോവുമായിരുന്നു. സാമ്പത്തിക സഹായത്തേക്കാള്‍ ഉപരി കേരള ജനതയോടുള്ള കരുതലും സ്‌നേഹവും തെളിയിക്കപ്പെടേണ്ട അവസരമായിരുന്നു പ്രളയദുരിതം. കാരണം ഇന്ത്യയുടെ പുരോഗതിക്ക് മലയാളി നല്‍കിയ സംഭാവനകള്‍ വലുതാണ്. കേരളത്തിനുള്ള പദ്ധതി വിഹിതം കുറയാന്‍ കണ്ടെത്തുന്ന ന്യായീകരണം മലയാളിയുടെ ഉയര്‍ന്ന ജീവിതനിലവാരമാണ്. പക്ഷേ കേരളം ഇന്ന് ആര്‍ജ്ജിച്ച ഉയര്‍ന്ന ജീവിതനിലവാരം മലയാളിയുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ്. നാടും വീടും ഉപേക്ഷിച്ച് അന്യനാട്ടില്‍ പോയി വിയര്‍പ്പൊഴുക്കിയും വിദ്യാഭ്യാസരംഗത്ത് കാര്യക്ഷമമായി പ്രവര്‍ത്തിച്ചതില്‍ നിന്നും മലയാളി നേടിയെടുത്തതാണ് ഇപ്പോഴത്തെ പുരോഗതി. ദുരിത സമയത്ത് കേന്ദ്രത്തിലെ ദാദാമാര്‍ സഹായത്തിനെത്തിയില്ലെങ്കിലും മലയാളികള്‍ ഒരു പുതിയ കേരളം ഇതിലും മനോഹരമായി പടുത്തുയര്‍ത്തും. കാരണം മലയാളികള്‍ എന്നും അദ്ധ്വാനിക്കാന്‍ മനസുള്ളവരും സാമൂഹിക പ്രതിബദ്ധതയുള്ളവരുമാണ്. അതുകൊണ്ടാണ് പല നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനതയ്ക്കും കേരളം ഗള്‍ഫ് ആയത്. ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളിൽ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തിലേയും ആലപ്പുഴ കുട്ടനാട് പ്രദേശങ്ങളിലെ ദുരിതബാധിത പ്രദേശങ്ങളില്‍ ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ അവശ്യ വസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. മാന്നാര്‍ സൈക്കിള്‍ മുക്ക് ജംഗ്ഷനില്‍ നിന്നും ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത വാഹന വ്യൂഹം ആലപ്പുഴയിലേക്കും കുട്ടനാട്ടിലേക്കും ചെങ്ങന്നൂരിലെ നാല് പ്രദേശങ്ങളിലുമായി കിറ്റുകള്‍ വിതരണം ചെയ്യും. ഡല്‍ഹി എം.എല്‍.എ ശ്രീ സോംനാഥ് ഭാരതിയുടെ നേതൃത്വത്തില്‍ ശേഖരിച്ച വസ്തുക്കളും കര്‍ണാടക, മഹാരാഷ്ട്ര പ്രദേശങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശേഖരിച്ച വസ്തുക്കളുമാണ് വിതരണം ചെയ്തത്. അതതു പ്രദേശങ്ങളിലെ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇതുവരെയും സന്നദ്ധപ്രവര്‍ത്തകര്‍ എത്തിച്ചേരാത്ത പ്രദേശങ്ങളിലെ അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തിയാണ് കിറ്റുകള്‍ വിതരണം നടത്തിയത്. പരിപാടിയില്‍ സംസ്ഥാന സെക്രട്ടറി ശ്രീ പോള്‍ തോമസ്, മുന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി ശ്രീ സോമനാഥ് പിള്ള, മാവേലിക്കര പി.സി.ഒ റോയി മുട്ടാര്‍, കൊല്ലം പി.സി.ഒ ജയകുമാര്‍, വനിതാ വിഭാഗം കണ്‍വീനര്‍ ശ്രീമതി സൂസന്‍ ജോര്‍ജ്ജ് കൂടാതെ മഹാരാഷ്ട്രയില്‍ നിന്നുള്ള കമാന്‍ഡര്‍ അലിഫ് പട്ടേലിന്റെ നേതൃത്വത്തിലുള്ള സംഘവും പങ്കെടുത്തു.
ടോം ജോസ് തടിയംപാട് ബി.ബി.സിയില്‍ കേരളത്തില്‍ നടന്ന ദുരന്തം വായിച്ചറിഞ്ഞ ബെര്‍മിംഗമിലെ ഗ്രാമര്‍ സ്‌കൂള്‍ അദ്ധ്യാപകന്‍ ജാസ് എന്ന സിഖുകാരന്‍ അടുത്ത് താമസിക്കുന്ന മലയാളിയുടെ കൈയില്‍ ഏല്‍പിച്ച 50 പൗണ്ട് ഉള്‍പ്പെടെ ചാരിറ്റി ഇന്ന് കളക്ഷന്‍ അവസാനിച്ചപ്പോള്‍ ലഭിച്ചത് 2528 പൗണ്ട്. കളക്ഷന്‍ ഇന്ന് അവസാനിപ്പിക്കാന്‍ കാരണം യു.കെയിലെ എല്ലാ സാമൂഹിക സമൂദായിക സംഘടനകളും കളക്ഷന്‍ നടത്തുന്ന സാഹചരൃത്തില്‍ ഞങ്ങള്‍ക്കും അവരോട് സഹകരിക്കേണ്ടതുള്ളതുകൊണ്ടാണ് എന്നറിയിക്കുന്നു. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെ ഓണം ചാരിറ്റി നടത്തിയത് മുഖൃമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്കും അതോടൊപ്പം രണ്ടു കിഡ്‌നിയും തകരാറിലായി ജീവിതം ദുരിതപൂര്‍ണ്ണമായി തീര്‍ന്ന കൂലിപ്പണിക്കാരായ ചേര്‍ത്തല സ്വദേശി സാബു കുര്യന്റെകുടുംബത്തെയും വാഹനാപകടത്തില്‍ തലയ്ക്കു പരിക്കുപറ്റി കിടപ്പിലായ ഇടുക്കി ചുരുളി സ്വദേശി ഡെനിഷ് മാത്യുവിന്റെ കുടുംബത്തെയും, വീടില്ലാതെ കഷട്ടപ്പെടുന്ന മണിയാറന്‍കുടി സ്വദേശി ബിന്ദു പി. വി. എന്ന വിട്ടമ്മയെയും സഹായിക്കാന്‍ വേണ്ടിയാണ്. ഈ മൂന്ന് കുടുംബങ്ങളെ സഹായിക്കണം എന്ന ആവശ്യവുമായി ഞങ്ങളെ സമീപിച്ചത് അജു എബ്രഹാം, സണ്ണി ഫിലിപ്പ്, വിജയന്‍ കൂറ്റാന്‍തടത്തില്‍ എന്നിവരായിരുന്നു അവരോടുള്ള ഞങ്ങളുടെ നന്ദി അറിയിക്കുന്നു. ഈ മൂന്ന് പേര്‍ക്കും 50000 രൂപ വീതം നല്‍കും (1675 പൗണ്ട് ). ബാക്കി വരുന്ന 853 പൗണ്ട്. മുഖൃമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് നല്‍കുമെന്ന് കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു. ഇനിയാരും പണം ചാരിറ്റി അക്കൗണ്ടില്‍ ഇടരുത് എന്ന് അപേക്ഷിക്കുന്നു. ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ഈ എളിയ പ്രവര്‍ത്തനത്തില്‍ വാര്‍ത്തകള്‍ ഷെയര്‍ ചെയ്തും പല രീതിയിലുള്ള പ്രചരണം സംഘടിപ്പിച്ചും ഞങ്ങളോടൊപ്പം സഹകരിച്ച മനോജ് മാത്യു, ആന്റോ ജോസ്, ബിനു ജേക്കബ്, മാര്‍ട്ടിന്‍ കെ ജോര്‍ജ്, ഡിജോ ജോണ്‍ പാറയനിക്കല്‍, ജെയ്‌സണ്‍ കെ തോമസ് എന്നിവരെയും നന്ദിയോടെ സ്മരിക്കുന്നു. അതോടൊപ്പം ഞങ്ങളുടെ ഈ എളിയ പ്രവര്‍ത്തനത്തിന് പിന്തുണ നല്‍കി ഈ പാവം കുടുംബങ്ങളെ സഹായിച്ച എല്ലാ യു.കെ മലയാളികളുടെയും മുകളില്‍ അനുഗ്രഹം പെരുമഴയായി പെയ്തിറങ്ങട്ടെ എന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ഇതുവരെ നടത്തിയ സുതാരൃവും സതൃസന്ധവുമായ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ വലിയ ഒരു അംഗീകാരമായി ഞങ്ങള്‍ ഈ ചരിറ്റിയുടെ വിജയത്തെ കാണുന്നു. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെ എന്ന് പറയുന്നത് ജീവിതത്തില്‍ ദാരിദ്രവും കഷ്ട്ടപ്പാടും അനുഭവിച്ചവരുടെ ഒരു കൂട്ടായ്മയാണ് 2004ല്‍ കേരളത്തിലുണ്ടായ സുനാമിക്ക് ഫണ്ട് പിരിച്ചു മുഖൃമന്ത്രിക്കു നല്‍കികൊണ്ടാണ് ഞങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ പതിനാല് വര്‍ഷത്തെ എളിയ പ്രവര്‍ത്തനം കൊണ്ട് 50 ലക്ഷത്തോളം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിക്കാന്‍ നിങ്ങളുടെ സഹായം കൊണ്ട് ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്, അതിനു ഞങ്ങള്‍ നിങ്ങളോട് ഒരിക്കല്‍ കൂടി നന്ദി പറയുന്നു. ഇടുക്കി ചാരിറ്റി ഗ്രുപ്പിനു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവരാണ്. 'ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു'
മലയാളം യുകെ സ്‌പെഷ്യല്‍ ന്യൂസ്. യു.കെയില്‍ ആരും കൊതിക്കുന്ന ജോലിയും ജീവിത സൗകര്യങ്ങളുമായി കഴിയുമ്പോഴും സൗമ്യ കെ. വിജയന്റെ മനസില്‍ മുന്നിട്ട് നില്‍ക്കുന്നത് സ്വന്തം നാട്ടുകാരും നാടും അനുഭവിക്കുന്ന കഷ്ടതകളും ദുരിതവുമാണ്. തന്റെ ജീവിതത്തിലെ ഏറ്റവും സ്‌ന്തോഷകരമായ അവസരത്തില്‍ സൗമ്യയ്ക്ക് വെള്ളപ്പൊക്കക്കെടുതിയില്‍പ്പെട്ട് വലയുന്ന നാടിനെ സഹായിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അതുകൊണ്ടാണ് വിവാഹ നിശ്ചയ സല്‍ക്കാരങ്ങള്‍ ഒഴിവാക്കി മിച്ചം ലഭിച്ച ഒരു ലക്ഷം രൂപ സൗമ്യയും ഭാവി വരന്‍ വരുണും കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ സാധിച്ചത്. കഴിഞ്ഞ വ്യാഴായ്ച്ചയാണ് സൗമ്യയുടെ പിതാവ് ടി.കെ വിജയന്‍ ഒരു ലക്ഷം രൂപയുടെ ചെക്ക് മന്ത്രി എം.എം മണിക്ക് കൈമാറിയത്. മിഡ്‌യോര്‍ക്ക്‌ഷെയര്‍ എന്‍.എച്ച്. എസ് ട്രസ്റ്റില്‍ നഴ്‌സായി ജോലി ചെയ്യുന്ന സൗമ്യ ലീഡ്‌സിനടുത്തുള്ള വെയ്ക്ക്ഫീല്‍ഡിലാണ് താമസം. സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ ശ്രദ്ധേയ സാന്നിധ്യമായ സൗമ്യ വെസ്റ്റ്‌യോര്‍ക്ക്‌ഷെയര്‍ മലയാളി അസോസിയേഷന്റെ കഴിഞ്ഞ വര്‍ഷത്തെ യൂത്ത് കോഡിനേറ്ററായിരുന്നു. കേരളത്തില്‍ നിന്നും യു.കെയില്‍ എത്തിയിട്ട് രണ്ട് വര്‍ഷം മാത്രം കഴിഞ്ഞപ്പോള്‍ ബാന്‍ഡ് 6 ലഭിച്ചത് സമ്യയുടെ തൊഴില്‍ മികവിനെ അടയാളപ്പെടുത്തുന്നു. ഇടുക്കി ജില്ലയിലെ അണക്കര ഏഴാം മൈലില്‍ കല്ലുറുമ്പില്‍ മുന്‍ പട്ടാള ഉദ്യോഗസ്ഥനായ ടി.കെ വിജയന്റെയും ഭാനുമതിയുടെയും മകളായ സൗമ്യയ്ക്ക് ജീവിതത്തിന്റെ നല്ലൊരു ഭാഗം രാജ്യസേവനത്തിനായി വിനിയോഗിച്ച പിതാവ് പകര്‍ന്നു നല്‍കിയ സാമൂഹിക പ്രതിബന്ധത ഇത്തരത്തിലൊരു തീരുമാനം എടുക്കാന്‍ പ്രചോദനമായി. കേരളത്തിലെമ്പാടും ഊണും ഉറക്കവും ഉപേക്ഷിച്ച് ദുരിതബാധിതരെ സഹായിക്കാനെത്തിയ യുവ തലമുറയുടെ സാമൂഹിക പ്രതിബന്ധതയുടെ നേര്‍കാഴ്ച്ചയാവുകയാണ് സദാ പുഞ്ചിരിയുമായി പേര് സൂചിപ്പിക്കുന്ന പോലെ സൗമ്യമായ വ്യക്തിത്വത്തിന് ഉടമയായ സൗമ്യയുടെയും ഭാവി വരന്‍ വരുണിന്റെയും തീരുമാനം. സൗമ്യയ്ക്കും വരുണിനിനും മലയാളം യു.കെയുടെ അഭിനന്ദനങ്ങളും ആശംസകളും.
RECENT POSTS
Copyright © . All rights reserved