Life expectancy
മുതിര്‍ന്ന ബ്രിട്ടീഷുകാരുടെ ശരാശരി ആയുസ്സ് നേരത്തേ പ്രവചിച്ചതിനേക്കാള്‍ ആറു മാസം കുറഞ്ഞതായി റിപ്പോര്‍ട്ട്. ദീര്‍ഘായുസ്സ് സംബന്ധിച്ചുള്ള പ്രവചനങ്ങളില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവാണ് ഇതെന്നാണ് വിവരം. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ആയുസ്സില്‍ ഇത്രയും ഇടിവുണ്ടാകാന്‍ കാരണമെന്തെന്ന് വെളിപ്പെടുത്താന്‍ യുകെ പൗരന്‍മാരുടെ ലൈഫ് എക്‌സ്‌പെക്റ്റന്‍സി കണക്കാക്കുന്ന ഏജന്‍സിയായ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഫാക്കല്‍റ്റി ആക്ച്വറീസ് വിസമ്മതിച്ചു. പെന്‍ഷന്‍ വ്യവസായത്തെ ആശ്രയിച്ചാണ് ഏജന്‍സി ഈ കണക്കുകള്‍ തയ്യാറാക്കുന്നത്. ശരാശരി ആയുസ് കുറയാന്‍ കാരണമായി ചെലവുചുരുക്കല്‍ നയത്തെയും എന്‍എച്ച്എസ് ഫണ്ട് കട്ടുകളെയും ചില വിദഗ്ദ്ധന്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ജനങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന അമിത വണ്ണം, ഡിമന്‍ഷ്യ, പ്രമേഹം തുടങ്ങിയവയാണ് ഇതിന് കാരണമെന്നാണ് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നത്. പുതിയ നിഗമനം അനുസരിച്ച് ഇപ്പോള്‍ 65 വയസുള്ള പുരുഷന്‍മാര്‍ക്ക് 86.9 വയസു വരെയാണ് ശരാശരി ആയുസ്സ് പ്രവചിക്കുന്നത്. നേരത്തേ ഇത് 87.4 വയസു വരെ എന്നായിരുന്നു കണക്കാക്കിയത്. 65 വയസുള്ള സ്ത്രീകള്‍ക്ക് 89.2 വയസാണ് ശരാശരി ആയുസ്സ്. 89.7 വയസായിരുന്നു നേരത്തേ പ്രവചിച്ചിരുന്നത്. 2010-11ലാണ് ഈ വിധത്തിലുള്ള മാറ്റം ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. കീഴ് വഴക്കങ്ങളില്‍ നിന്നുള്ള ഒരു വ്യതിയാനമായി മാത്രമാണ് ഇത് കണക്കാക്കിയിരുന്നത്. എന്നാല്‍ ആയുസ്സ് കുറയുന്നതിന്റെ നിരക്ക് പിന്നീട് ഉയരുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ വിലയിരുത്തലില്‍ രണ്ടു മാസത്തോളം ശരാശരി ആയുസ്സില്‍ കുറവുണ്ടായി. എന്നാല്‍ ഈ വര്‍ഷം വീണ്ടും ആറു മാസം കൂടി കുറയുകയായിരുന്നു. 2015ലെ കണക്കുകളുമായി താരതമ്യം ചെയ്താല്‍ പുരുഷന്‍മാരുടെ ആയുസ്സ് 13 മാസവും സ്ത്രീകളുടെ ആയുസ്സ് 14 മാസവും കുറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ നയങ്ങളെയും സാമ്പത്തിക വ്യവസ്ഥയെയും ആരോഗ്യത്തെയും നേരിട്ട് ബാധിക്കുന്ന ഒരു ഘടകമാണ് ലൈഫ് എക്‌സ്‌പെക്ടന്‍സി. 2037ഓടെ സ്‌റ്റേറ്റ് പെന്‍ഷന്‍ പ്രായം 68 ആയി ഉയര്‍ത്താന്‍ പദ്ധതിയിട്ടിരിക്കുകയായിരുന്നു. ഇത് 70 ആക്കി മാറ്റാനുള്ള നീക്കവും നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഈ കണക്കുകള്‍ നടപടികളെ പിന്നോട്ടു വലിക്കുമെന്നാണ് കരുതുന്നത്.
ഹാംപ്ഷയറില്‍ ജനിക്കുന്ന ആണ്‍കുട്ടികളും കാംഡെനില്‍ ജനിക്കുന്ന പെണ്‍കുട്ടികളും യുകെയില്‍ ഏറ്റവും കൂടുതല്‍ അയുസ്സുള്ളവരാണെന്ന് കണക്കുകള്‍. ഇന്നലെ പുറത്തു വന്ന ഔദ്യോഗിക കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ ആയുര്‍ദൈര്‍ഘ്യം സംബന്ധിച്ച് തയ്യാറാക്കിയ ഇന്ററാക്ടീവ് മാപ്പാണ് ഈ വിവരങ്ങള്‍ നല്‍കുന്നത്. ലണ്ടന്‍ ബറോവായ കാംഡെനില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് രാജ്യത്ത് ഏറ്റവും ആയുസ്സുള്ളത്. 86.5 വയസു വരെയാണ് ഇവരുടെ ശരാശരി ജീവിതദൈര്‍ഘ്യം. ഹാംപ്ഷയറിലെ ഹാര്‍ട്ട് പ്രദേശത്ത് ജനിക്കുന്ന ആണ്‍കുട്ടികള്‍ ശരാശരി 83.3 വയസുവരെ ജീവിച്ചിരിക്കുന്നു. അതേസമയം ഗ്ലാസ്‌ഗോയിലുള്ളവര്‍ക്കാണ് യുകെയില്‍ ആയുര്‍ദൈര്‍ഘ്യം കുറവ്. 76 വയസാണ് ഇവിടെയുള്ളവരുടെ ശരാശരി ആയുസ്. നോര്‍ത്തും സൗത്തും തമ്മില്‍ പ്രത്യക്ഷമായ വ്യത്യാസമാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ലണ്ടന്‍, സൗത്ത്, ഹോം കൗണ്ടികള്‍ എന്നിവിടങ്ങളിലുള്ളവര്‍ക്ക് ഇത് ശുഭവാര്‍ത്തയാണ്. സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്ത് ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ആയുസ്സില്‍ പിന്നോട്ടാണെന്ന സൂചനയും കണക്കുകള്‍ നല്‍കുന്നു. ജനങ്ങളുടെ ജീവിത ദൈര്‍ഘ്യം ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയാണെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി ഏതാനും ദിവസങ്ങള്‍ പിന്നിടുമ്പോളാണ് ഈ വിവരങ്ങള്‍ പുറത്തെത്തുന്നത്. 2011 മുതല്‍ ജനങ്ങളുടെ ശരാശരി ആയുര്‍ ദൈര്‍ഘ്യത്തില്‍ സാരമായ കുറവ് അനുഭവപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ചില മേഖലകളില്‍ ആയുര്‍ ദൈര്‍ഘ്യത്തിന്റെ നിരക്ക് സാരമായി ഇടിഞ്ഞിട്ടുണ്ട്. ഗ്ലോസ്റ്റര്‍, ഡന്‍ഡി, നോര്‍വിച്ച് എന്നിവിടങ്ങളിലെ പുരുഷന്‍മാരുടെ ആയുസ്സില്‍ 2012 മുതല്‍ 1.4 വര്‍ഷത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട് യുകെയിലെ ജനങ്ങളുടെ ശരാശരി ആയുസ് എത്രയാണെന്ന് വിശദീകരിക്കുന്നു. 2015നും 2017നുമിടയില്‍ ബ്രിട്ടനില്‍ ജനിച്ചവര്‍ ശരാശരി 81.5 വയസുവരെ ജീവിച്ചിരിക്കും. പുരുഷന്‍മാര്‍ 79.2 വയസും സ്ത്രീകള്‍ 82.9 വയസും വരെയാണ് ജീവിച്ചിരിക്കുകയെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കുന്നു. എന്നാല്‍ 63.4 വയസു വരെ മാത്രമേ ആരോഗ്യകരമായ ജീവിതം ഇവര്‍ക്ക് സാധ്യമാകൂ എന്നാണ് കണക്കാക്കുന്നത്. അതായത് ഒരു ദശാബ്ദത്തിലേറെക്കാലം അനാരോഗ്യം ജനങ്ങളെ ബാധിക്കും. സ്ത്രീകള്‍ക്കാണ് പുരുഷന്‍മാരേക്കാള്‍ ആയുസ്സ് കൂടുതലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ബ്രിട്ടനിലെ ജനങ്ങളുടെ ശരാശരി ജീവിത ദൈര്‍ഘ്യം വര്‍ദ്ധിക്കുന്നത് നിലച്ചുവെന്ന് റിപ്പോര്‍ട്ട്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ 2015-17 വര്‍ഷത്തെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. സ്ത്രീകളുടെ ശരാശരി ജീവിത ദൈര്‍ഘ്യം 82.9 വയസും പുരുഷന്‍മാരുടേത് 79.2 വയസുമാണെന്ന് ഒഎന്‍എസ് രേഖകള്‍ കാണിക്കുന്നു. 1982നു ശേഷം ആദ്യമായാണ് ഇത് രേഖപ്പെടുത്തുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തിന്റെ ചില മേഖലകളില്‍ ഈ നിരക്ക് കുറഞ്ഞിട്ടുമുണ്ട്. സ്‌കോട്ട്‌ലന്‍ഡിലെയും വെയില്‍സിലെയും ലൈഫ് എക്‌സ്‌പെക്റ്റന്‍സിയില്‍ ഒരു മാസത്തെ കുറവാണ് ഉണ്ടായത്. അതേസമയം നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പുരുഷന്‍മാരില്‍ മാത്രമാണ് ഈ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ സ്ത്രീകളുടെയും ഇംഗ്ലണ്ടിലെ സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ജീവിത ദൈര്‍ഘ്യത്തില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല. 2015 മുതല്‍ 2017 വരെയുള്ള കാലയളവില്‍ മരണങ്ങള്‍ ഏറെയുണ്ടായതാണ് ജീവിതദൈര്‍ഘ്യ നിരക്ക് ഉയരാതിരിക്കാന്‍ കാരണമെന്നും ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് രേഖകള്‍ വ്യക്തമാക്കുന്നു. വിന്ററും പനിയുമൊക്കെയാണ് മരണങ്ങള്‍ക്ക് കാരണമായത്. മരണങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ കാരണങ്ങളെക്കുറിച്ച് ഇപ്പോളും ചര്‍ച്ചകള്‍ നടന്നു വരികയാണ്. ജീവിത ദൈര്‍ഘ്യ നിലവാരം ഭാവിയില്‍ എപ്രകാരമായിരിക്കുമെന്നതും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ഇംഗ്ലണ്ടിലെ സോഷ്യല്‍ കെയര്‍ ബജറ്റ് വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി പോലും ജീവിത ദൈര്‍ഘ്യത്തെ ബാധിച്ചിട്ടുണ്ടാകാമെന്ന് ചില വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്നും വിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ ഇത് തെളിയിക്കപ്പെടേണ്ടതുണ്ടെന്നാണ് മന്ത്രിമാര്‍ പറയുന്നത്. എന്തായാലും ലൈഫ് എക്‌സ്‌പെക്റ്റന്‍സിയിലുണ്ടാകുന്ന മാറ്റങ്ങള്‍ പഠിക്കണമെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
RECENT POSTS
Copyright © . All rights reserved