malayalam
സാലിസ്ബറി:  യുകെ മലയാളികൾക്ക് അഭിമാനമായിസാലിസ്ബറി താമസിക്കുന്ന പാലക്കാട്ടുകാരൻ റഷീദ്.. യുകെയിലേക്കുള്ള പ്രവാസ കാലഘട്ടം അതിന്റെ വളർച്ചയുടെ ഗ്രാഫ് കുത്തനെ ഉയർന്നുകൊണ്ടിരുന്ന 2003 സമയങ്ങൾ..  ഗൾഫ് വിട്ട് മറ്റൊരു പ്രവാസ ജീവിതം ഇല്ല എന്ന് ചിന്തിച്ചിരുന്ന കാലത്തിന്റെ അസ്‌തമയ സമയം... നേഴ്‌സുമാർ മാത്രമല്ല ഷെഫുകൾ കൂടി യുകെയിലെ ഷോർട്ട് ലിസ്റ്റിൽ കയറിക്കൂടിയപ്പോൾ ഒരുപിടി മലയാളി ഷെഫുമാരും വർക്ക് പെർമിറ്റിൽ യുകെയിൽ എത്തിച്ചേർന്നു... അങ്ങനെ എത്തിപ്പെട്ടവരിൽ ഒരാളായിരുന്നു ബിർമിങ്ഹാമിൽ 2003 ന്നിൽ വന്നിറങ്ങിയ മുഹമ്മദ് റഷീദ്. ഹോട്ടൽ മാനേജ്‌മന്റ് പഠനം കോയമ്പത്തൂരിൽ പൂർത്തിയാക്കി. തുടർന്ന് ഹൈദ്രാബാദിലുള്ള ഷെറാട്ടൺ ഗ്രൂപ്പ് ഓഫ് ഹോട്ടൽസിൽ ജോലി നേടിയെടുത്ത മിടുക്കൻ.. തുടർന്ന് ഇന്ത്യയിലെ തന്നെ മുൻപന്തിയിൽ നിൽക്കുന്ന താജ് ഹോട്ടൽ എത്തിയെങ്കിലും തന്റെ അഭീഷ്ടങ്ങൾ അതിന്റെ പൂർണ്ണതയിൽ എത്തിക്കാൻ അത് ഉതകുമായിരുന്നില്ല എന്ന സത്യം മനസിലാക്കി ഡൽഹിയിൽ വച്ച് നടന്ന ഇന്റർവ്യൂ പാസ്സായി വർക്ക് വിസയിൽ യുകെയിൽ എത്തിച്ചേർന്നു.ആദ്യം വന്ന എല്ലാ മലയാളികളും അനുഭവിച്ച ജീവിത യാഥാർത്യങ്ങളിലൂടെ റഷീദ് കടന്നു പോയി... അതെ അതിജീവനത്തിന്റെ നാളുകൾ... എവിടെ എങ്ങനെ എപ്പോൾ തുടങ്ങും എന്ന ചിന്തയിൽ.. ഒരു മാസത്തെ ബിർമിങ്ഹാം ജീവിതം അവസാനിപ്പിച്ച് ബോൺമൗത്തിലേക്ക് കുടിയേറിയ റഷീദ് രണ്ട് വർഷത്തോളം ലണ്ടനിൽ ഉള്ള മുന്തിയ ഹോട്ടലുകളിൽ ജോലി ചെയ്തു. എങ്കിലും തന്റെ കൊച്ചുനാളുകളിൽ 'അമ്മ പകുത്തുനൽകിയ പാചക കലയോടുള്ള അടങ്ങാത്ത അടുപ്പം റഷീദിനെ മറ്റൊരു വഴിയിൽ നീങ്ങാൻ പ്രേരിപ്പിച്ചു. അങ്ങനെയാണ് 2016 ലിൽ സാലിസ്ബറിയിൽ ഒരു ഹോട്ടൽ എന്ന ആശയം 'കഫേ ദിവാലി' എന്ന പേരിൽ നടപ്പിലാക്കിയത്. ഒരു ബിസിനസ് തുടങ്ങുന്നതിന്റെ ബാലാരിഷ്ടതകൾ തന്നെ തുറിച്ചു നോക്കിയപ്പോഴും അതിനെയെല്ലാം ഒന്നൊന്നായി പിന്തള്ളി മുന്നേറിയ റഷീദിന് തന്റെ അമ്മയുടെ വാക്കുകൾ കൂടുതൽ കരുത്തേകി...  ഇന്ന് അഞ്ച് മലയാളികൾ ഉൾപ്പെടെ ഒരുപറ്റം സായിപ്പുമാർ വരെ റഷീദിനൊപ്പം നിലകൊള്ളുന്നു. ഇംഗ്ലീഷ്‌കാരുടെ പ്രിയപ്പെട്ട ഭക്ഷണ കേന്ദ്രമായി മാറിയത് വളരെ പെട്ടെന്നായിരുന്നു. വിവിധങ്ങളായ ഭക്ഷണങ്ങൾ ഒരുക്കിയപ്പോൾ അതിൽ നാടൻ വിഭവങ്ങൾ ആയ ദോശയും താലിയും ഒക്കെ ഇടം പിടിച്ചപ്പോൾ പെട്ടെന്ന് തന്നെ ഈ കൊച്ചു ഹോട്ടലിനെ തേടി അവാർഡുകൾ എത്തി.. ആദ്യമായി സാലിസ്ബറിയിലെ പ്രാദേശിക പത്രവും റേഡിയോ സ്റ്റേഷനും സംയുക്തമായി ഏർപ്പെടുത്തിയ അവാർഡ് നേടിയെടുത്തു. അങ്ങനെ ഇരിക്കെ ഏഷ്യൻ റെസ്‌റ്റോറന്റ് അവാർഡിന് ഉള്ള അപേക്ഷ കാണാനിടയായത്. കിട്ടില്ല എന്ന് വിചാരിച്ച് തന്നെ അപേക്ഷ സമർപ്പിച്ചു എന്നാണ് ഇതുമായി ബന്ധപ്പെട്ട് മലയാളം യുകെയുമായി റഷീദ് പങ്ക് വെച്ചത്. അപേക്ഷിക്കാനുള്ള യോഗ്യത പട്ടിക കണ്ടപ്പോൾ തന്നെ ഉറപ്പിച്ചു കിട്ടില്ല എന്ന്.. ശുചിത്വം വേണ്ടത് 5 സ്റ്റാർ റേറ്റിംഗ്.... ഗൂഗിൾ, ഫേസ്ബുക് റിവ്യൂസ്... മറ്റ് അവാർഡുകൾ എന്ന് തുടങ്ങി ഒരു നീണ്ട ലിസ്റ്റ് ... ഇതിനെല്ലാം പുറമെ 'മിസ്റ്ററി ഡിന്നെഴ്‌സ്' എന്ന കടമ്പയിൽ വിജയിക്കണം... അത് ഇങ്ങനെ.. ആരെന്നോ എപ്പോൾ എന്നോ പറയാതെ മൂന്ന് ജഡ്ജുമാർ ഹോട്ടലിൽ വന്നു ഭക്ഷണം കഴിക്കും. അവരാണ് മാർക്ക് നൽകുന്നത്.  ഇങ്ങനെ മേൽപ്പറഞ്ഞ എല്ലാ കടമ്പകളും കടന്ന് റഷീദിന്റെ കഫേ ദിവാലി സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഏഷ്യൻ ഹോട്ടലുകളിൽ മുൻപിൽ എത്തി അവാർഡിന് അർഹമായി.. ഈ കഴിഞ്ഞ (നവംബർ) പതിനേഴാം തിയതി ലണ്ടനിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് ലണ്ടൻ മേയറായ സാദിഖ് ഖാനിൽ നിന്നും അഭിമാനപൂർവം അവാർഡ് ഏറ്റുവാങ്ങിയപ്പോൾ യുകെ മലയാളികളുടെ നേട്ടങ്ങളുടെ പട്ടികയിൽ ഒന്ന് കൂടി വന്നു ചേർന്നു. തന്റെ അടുത്തുവരുന്ന കസ്റ്റമേഴ്സ് ആണ് രാജാവ് എന്ന തിരിച്ചറിവ് നഷ്ടപ്പെട്ടു പോവാതെ എളിമയോടെ സ്വീകരിക്കുന്ന ഒരു നല്ല സേവകൻ ആയി പ്രത്യക്ഷപ്പെടുബോൾ ജീവിത വിജയം സുനിശ്ചിതം.റഷീദ് കുടുംബമായി സാലിസ്ബറിയിൽ താമസിക്കുന്നു. പാലക്കാട്ടുകാരി ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബം. തന്റെ വിജയം മലയാളം യുകെയുമായി പങ്കുവെച്ച റഷീദിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ഒപ്പം അഭിനന്ദനവും    
ബിനോയി ജോസഫ്, നോർത്ത് ലിങ്കൺഷയർ ഭാരതാംബയുടെ ധീരപുത്രിയായ ഇന്ദിരാഗാന്ധി അംഗരക്ഷകരുടെ നിറതോക്കുകളുടെ ഗർജനത്താൽ രക്തസാക്ഷിത്വം വരിക്കുമ്പോൾ രാഹുലിന് പ്രായം വെറും 14 വയസ്. ഭാരതത്തിന്റെ മനസാക്ഷിയെ നടുക്കിയ തന്റെ മുത്തശിയായ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന്റെ തീവ ദു:ഖത്തിലൂടെ ആ കുരുന്നു മനസ് കടന്നു പോയി. തന്നെ ലാളിച്ചു വളർത്തിയ മുത്തശിയുടെ ജീവനറ്റ ശരീരത്തിന് മുൻപിൽ തന്റെ പിതാവിന്റെ മാതാവിന്റെയും കരം ഗ്രഹിച്ച് വിങ്ങിപ്പൊട്ടിയ രാഹുൽ ഇന്ത്യൻ ജനതയുടെ വേദനയുടെ ഭാഗമായി മാറി. തങ്ങളുടെ വഴികാട്ടിയും കുടുംബത്തിന്റെ പ്രകാശവുമായിരുന്ന ഇന്ദിരഗാന്ധിയുടെ മരണത്തിന്റെ അലയൊലികൾ അവസാനിക്കും മുൻപ് തന്നെ തന്റെ പിതാവിന്റെ അകാല മൃത്യുവിനും രാഹുൽ ഗാന്ധി സാക്ഷ്യം വഹിച്ചു. ശ്രീ പെരമ്പദൂരിൽ ചാവേറാൽ ഛിന്നഭിന്നമാക്കപ്പെട്ട ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയുടെ ചിതയ്ക്ക് അഗ്നി പകർന്നപ്പോൾ രാഹുലിൽ 21 വയസ് പ്രായം. ആ കരങ്ങൾ ഇന്ന് ഇന്ത്യൻ ജനതയുടെ ആശയും ആവേശവുമാകുന്നു. വെല്ലുവിളികൾ നിറഞ്ഞ ചെറുപ്പകാലം രാഹുലിനു നല്കിയത് വിലയേറിയ ജീവിതാനുഭവങ്ങൾ ആയിരുന്നു. ഡെറാഡൂണിൽ സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ചെങ്കിലും സുരക്ഷാകാരണങ്ങളാൽ ഹോം സ്‌കൂളിംഗിലേയ്ക്ക് പിന്നീട് രാഹുലിനെ മാറ്റേണ്ടി വന്നു. ഫ്ളോറിഡയിലെ റോളിൻസ് കോളജിൽ പഠിച്ചത് മറ്റൊരു പേരിലായിരുന്നു, അതും സുരക്ഷയുടെ പേരിൽ. കേംബ്രിഡ്ജിലും ഹാർവാർഡിലും റോളിൻസിലും പഠിച്ച രാഹുൽ ഇന്റർനാഷണൽ റിലേഷൻസിലും ഡെവലപ്മെന്റ് സ്റ്റഡീസിലും ഡിഗ്രികൾ കരസ്ഥമാക്കി. ഏതാനും വർഷങ്ങൾ ലണ്ടനിൽ ജോലി ചെയ്ത രാഹുൽ ഗാന്ധി സ്വന്തമായി ഒരു കമ്പനി ആരംഭിക്കുകയും ചെയ്തു. നാഷണൽ സ്റ്റുഡൻസ് യൂണിയനിലും യൂത്ത് കോൺഗ്രസിലും സജീവമായി പ്രവർത്തിച്ച രാഹുൽ ഗാന്ധി 2004 ൽ മുഴുസമയ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുകയും അമേത്തിയിൽ നിന്ന് പാർമെന്റിലേക്ക് മത്സരിച്ച് വിജയിച്ചു. 2009 ലും 2014ലും അതേ മണ്ഡലത്തിൽ നിന്ന് പാർലമെൻറിലെത്തിയ അദ്ദേഹം 2013ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വൈസ് പ്രസിഡന്റായി. നാലു വർഷങ്ങൾക്കു ശേഷം കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം തന്റെ മാതാവായ സോണിയാ ഗാന്ധിയിൽ നിന്നും ഏറ്റെടുത്തു. ഇന്ത്യൻ ചരിത്രത്തിൽ എക്കാലവും നെഹ്റു കുടുംബം നിറഞ്ഞു നിന്നിരുന്നു. സ്വാതന്ത്ര്യ സമരത്തിലും സ്വതന്ത്ര ഭാരതത്തിന്റെ ഉയിർത്തെഴുന്നേല്പിലും ഭരണതന്ത്രജ്ഞതയും രാഷ്ട്ര ബോധവും നേതൃത്വപാടവവും പ്രകടിപ്പിച്ച നേതാക്കളെ രാജ്യത്തിന് സംഭാവന ചെയ്ത ഒരു കുടുംബത്തിലെ ഇളം തലമുറയുടെ പ്രതിനിധിയായ രാഹുൽ ഗാന്ധി  രാഷ്ട്രീയ പാരമ്പര്യത്തിനപ്പുറം ആധുനിക ഇന്ത്യയുടെ പ്രതീകമാണ്. കോളനി വാഴ്ച്ചയ്ക്ക് അന്ത്യം കുറിച്ച് ഇന്ത്യാ മഹാരാജ്യത്തിന്റെ ഭരണം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏറ്റെടുക്കുമ്പോൾ ചോദ്യങ്ങൾ ഏറെ മുന്നിലുണ്ടായിരുന്നു. മതത്തിന്റെ പേരിൽ വിഭജിക്കപ്പെട്ട രാജ്യത്ത് സമാധാനം പുനസ്ഥാപിക്കുക എന്ന ദൗത്യവും ഭരണ നിയമ വ്യവസ്ഥകൾ നടപ്പാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വവും തകർന്നടിഞ്ഞ സാമ്പത്തിക രംഗം പുനരുജ്ജീവിപ്പിക്കുക എന്ന പ്രധാന കടമയും ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റു ഏറ്റെടുത്തു. വിദേശ ശക്തികളുടെ ഭീഷണികളിൽ നിന്ന് രാജ്യത്തിന്റെ പരമാധികാരം കാക്കാൻ ധീരമായ തീരുമാനങ്ങൾ എടുക്കുകയും നടപ്പാക്കുകയും ചെയ്ത ഇന്ദിരാ പ്രിയദർശിനിയുടെ യുഗത്തിൽ ലോകരാജ്യങ്ങളുടെ മുൻനിരയിലേക്ക് ഭാരതം ആനയിക്കപ്പെട്ടു. വിധ്വംസക പ്രവർത്തനങ്ങളും മതേതരത്വത്തിനെതിരായ ഭീഷണികളും ഉയർന്നു വന്ന കാലഘട്ടത്തിൽ രാജീവ് ഗാന്ധി എന്ന യുവ പ്രധാനമന്ത്രി ഇന്ത്യയെ നയിച്ചു. ആധുനിക സാങ്കേതിക വിദ്യകളുടെ ലോകത്തേക്ക് ഇന്ത്യയെ നയിച്ച രാജീവ് ഗാന്ധി ലോക നേതാക്കളിൽ തലയെടുപ്പോടെ വിരാജിച്ചു. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ജീവനുകൾ രാജ്യത്തിന്നായി പൊലിഞ്ഞപ്പോൾ ഭാരതമാകെ നെഹ്റു കുടുംബത്തിലെ ഒരംഗത്തിന്റെ വരവിനായി കാത്തിരുന്നു എന്നത് ഒരു യഥാർത്ഥ്യമാണ്. വിവിധങ്ങളായ സംസ്കാരങ്ങളും ഭാഷകളും മതങ്ങളും നാനാത്വത്തിലെ ഏകത്വവും ഭാരതാംബയെ മനോഹരിയാക്കുമ്പോൾ, ആ ജനതയെ നയിക്കാൻ മതേതര വാദിയായ ദീർഘവീക്ഷണമുള്ള,  ജനാധിപത്യ മൂല്യങ്ങൾക്ക് വില കല്പിക്കുന്ന ഒരു പാരമ്പര്യത്തിനേ കഴിയൂ എന്നതിന് ചരിത്രം തന്നെ സാക്ഷി. ബാല്യകാലം മുതൽ മാദ്ധ്യമ ദൃഷ്ടിയിൽ ജീവിക്കുന്ന രാഹുൽ ഗാന്ധിയ്ക്ക് സ്വകാര്യത എന്നത് കിട്ടാക്കനിയായിരുന്നു. ഇത്രയധികം സുരക്ഷാ ഭീഷണിയും അതിനിശിതമായ വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്ന ഒരു യുവാവ് ആധുനിക ഇന്ത്യയിൽ ഉണ്ടായിട്ടില്ല. ഒരടിസ്ഥാനവുമില്ലാതെ വളഞ്ഞിട്ടാക്രമിക്കപ്പെട്ട ആ വ്യക്തിത്വം ഓരോ ദിനവും കഴിയുമ്പോഴും കൂടുതൽ പ്രശോഭിതമായി. മുളയിലേ നുള്ളാൻ വെമ്പുന്ന ശക്തികൾക്കെതിരെ സൗമ്യമായി പുഞ്ചിരിയോടെ പോരാടിയ രാഹുൽ ഗാന്ധി എന്ന യുവത്വം പിന്നിട്ട വെല്ലുവിളികൾ ചെറുതല്ല. ഇന്ത്യൻ യുവതയുടെ പ്രതീകമായി ഉയർന്ന രാഹുൽ ഗാന്ധിയെ മുതിർന്ന നേതാക്കളെന്ന് സ്വയം കരുതുന്നവർ പോലും വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ വിമർശിച്ചപ്പോഴും അതിനെ കണ്ടില്ലെന്ന് നടിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അടിത്തറ കെട്ടിപ്പടുക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം. ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേയ്ക്ക് സഞ്ചരിച്ച് ഭാരത ജനതയുടെ ആത്മാവിനെ അടുത്തറിഞ്ഞ് നാളേയ്ക്കുള്ള പദ്ധതികൾക്ക് രൂപം കൊടുക്കാൻ രാഹുലിന്റെ മനസ് തുടിച്ചു കൊണ്ടിരുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ, ഏറ്റവും പാരമ്പര്യമുള്ള  രാഷ്ട്രീയപ്പാർട്ടിയുടെ അമരക്കാരനായി രാജ്യത്തെ വീണ്ടും ഒന്നിപ്പിക്കാൻ അക്ഷീണം പരിശ്രമിക്കുന്ന രാഹുൽ ഗാന്ധി എന്ന സ്വരം അനേകം യുവഹൃദയങ്ങൾക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കിറങ്ങി രാഷ്ട്ര നിർമ്മാണ പ്രക്രിയയുടെ ഭാഗമാകാൻ പ്രചോദനമായി. ദേശസ്നേഹവും രാജ്യതന്ത്രജ്ഞതയും നിറഞ്ഞ കുടുംബ പശ്ചാത്തലത്തിൽ അച്ചടക്കത്തോടെ വളർന്ന് ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ രാഹുൽ ഗാന്ധി ജീവിതാനുഭവങ്ങളിൽ നിന്ന് നേടിയ കരുത്തിന്റെ പിൻബലവുമായാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന ആശയങ്ങളുടെ കൂട്ടായ്മയെ നയിക്കുന്നത്. ആയിരക്കണക്കിന് തലമുതിർന്ന നേതാക്കന്മാർക്ക് നിർദ്ദേശങ്ങൾ നല്കാനും അച്ചടക്കത്തോടെ പാർട്ടിയെ മുന്നോട്ട് നയിക്കാനും രാഹുൽ ഗാന്ധി കാണിക്കുന്നത് അസാമാന്യമായ പാടവമാണ്. സമ്മർദ്ദങ്ങൾക്ക് അടിപ്പെടാതെ രാഷ്ട്രീയ പ്രബുദ്ധതയുടെ പാഠങ്ങൾ രാജ്യത്തിന് പകർന്നു നല്കി, ലക്ഷ്യം നേടാൻ സധീരം മുന്നേറുന്ന രാഹുൽ ഗാന്ധിയുടെ ഓരോ നീക്കങ്ങളും ലോകജനത സസൂക്ഷ്മം വീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും സമൂഹത്തിൽ ഊർജമായി പടരുന്നു. സോഷ്യൽ മീഡിയയും ആധുനിക സാങ്കേതിക വിദ്യകളും മാനേജ്മെൻറ് തന്ത്രങ്ങളും തന്റെ വ്യക്തിപ്രഭാവവും വേണ്ട വിധം ഉപയോഗിച്ച് ജനങ്ങളിലേയ്ക്കും പ്രവർത്തകരിലേയ്ക്കും ഇറങ്ങി രാജ്യത്ത് ആവേശത്തിന്റെ തിരമാലകൾ സൃഷ്ടിക്കുകയാണ് രാഹുൽ ഗാന്ധി. രാഹുലിന്റെ സാന്നിധ്യം പകരുന്ന പ്രചോദനത്താൽ ഇന്ത്യയുടെ യുവത്വം രാജ്യത്തെ വീണ്ടെടുക്കാൻ കൈകോർക്കുന്നു. അടുത്ത പിറന്നാൾ രാഹുൽ ഗാന്ധി ആഘോഷിക്കുമ്പോൾ അത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ജന്മദിനമായി ഭാരത ജനത ആഘോഷിക്കുന്നതിനുള്ള സാധ്യത അതിവിദൂരമല്ല.  മെയ് 23 ന് ഭാരത ജനത വിധി പ്രഖ്യാപിക്കുമ്പോൾ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയായി രാഹുൽ ഗാന്ധി അവരോധിക്കപ്പെടാനുള്ള സാധ്യത ആർക്കും തള്ളിക്കളയാവുന്നതല്ല. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും നയിച്ച രാജ്യത്തിന്റെ അമരക്കാരനാകാൻ രാഹുൽ ഗാന്ധി തയ്യാറെടുത്തു കഴിഞ്ഞു.
യുവതലമുറയിലെ മലയാളി കുട്ടികള്‍ക്ക് മാതൃഭാഷയുടെ മാധുര്യം പകര്‍ന്നു നല്‍കുന്നതിനായി ലെസ്റ്ററില്‍ മലയാളം ക്ലാസ്സുകള്‍ക്ക്‌ തുടക്കമാകുന്നു. ലെസ്റ്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കലാ സംഗീത കൂട്ടായ്മയായ ലെസ്റ്റര്‍ ലൈവ് കലാസമിതി ആണ് മലയാളം ക്ലാസ്സുകള്‍ ആരംഭിക്കുന്നതിന് മുന്‍കൈയെടുത്തിരിക്കുന്നത്. പഠന കലാ രംഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന യുകെയിലെ മലയാളി കുട്ടികള്‍ മാതൃഭാഷ പഠന രംഗത്ത് വേണ്ടത്ര താത്പര്യം കാണിക്കുന്നില്ല എന്നതിനാലാണ് മലയാള ഭാഷ പഠനത്തിന് അവസരമൊരുക്കാന്‍ ലെസ്റ്റര്‍ ലൈവ് പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. മിക്ക കുട്ടികള്‍ക്കും മലയാളം സംസാരിക്കാന്‍ അറിയാമെങ്കിലും എഴുതാനും വായിക്കാനും അറിയാവുന്നവര്‍ ചുരുക്കമാണ് എന്ന വാസ്തവം തിരിച്ചറിഞ്ഞതിനാലാണ് ഈയൊരു സംരംഭത്തിന് തുടക്കം കുറിക്കുന്നത് എന്ന് ലെസ്റ്റര്‍ ലൈവ് പ്രവര്‍ത്തകര്‍ പറഞ്ഞു. ലെസ്റ്ററിലെ ബ്രോണ്‍സ്റ്റന്‍ ഹാളില്‍ ആയിരിക്കും ഏപ്രില്‍ 21 ശനിയാഴ്ച മുതല്‍ മലയാളം ക്ലാസ്സുകള്‍ക്ക്‌ തുടക്കം കുറിക്കുന്നത്. മുന്‍ അദ്ധ്യാപകനായ ശ്രീ. കെ. എല്‍. വര്‍ഗീസ്‌ ആയിരിക്കും കുട്ടികള്‍ക്ക് ക്ലാസ് എടുക്കുന്നത്. മറ്റ് അനുബന്ധ സൗകര്യങ്ങള്‍ ലെസ്റ്റര്‍ ലൈവ് പ്രവര്‍ത്തകര്‍ ഒരുക്കും. കുട്ടികളെ മലയാളം ക്ലാസ്സില്‍ പങ്കെടുപ്പിക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക. സാബു ജോസ് - 07809211405 റെജി ജോസഫ് - 07463906699
ന്യൂസ് ഡെസ്ക് യൂണിവേഴ്സിറ്റികളുടെ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്താൻ ഗവൺമെന്റ് തയ്യാറെടുക്കുന്നു. നമ്മുടെ കുട്ടികൾ പഠിക്കുന്ന യൂണിവേഴ്സിറ്റികളിൽ എന്തു നടക്കുന്നുവെന്ന് രക്ഷിതാക്കൾക്ക് അറിയാൻ വഴി തെളിയുകയാണ് പുതിയ സംവിധാനത്തിലൂടെ. വർഷം 9,250 പൗണ്ട് വരെ ഫീസീടാക്കുന്നുണ്ടെങ്കിൽ അതിനനുസരിച്ച്  അദ്ധ്യയന നിലവാരവും വേണമെന്ന് വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദർ നിർദ്ദേശിച്ചു. റേറ്റിംഗ് ഏർപ്പെടുത്താനാണ്  ഗവൺമെന്റ് നീക്കം തുടങ്ങിയിരിക്കുന്നത്. ലോകോത്തര നിലവാരത്തിൽ യൂണിവേഴ്സിറ്റികൾ നിലവാരം കാത്തു സൂക്ഷിക്കുന്നുണ്ടോ എന്ന് ഗവൺമെന്റ് പരിശോധിക്കും. യൂണിവേഴ്സിറ്റിയുടെ ദൈനംദിന കാര്യങ്ങൾ സുതാര്യമാകും. മണി സൂപ്പർ മാർക്കറ്റ് സ്റ്റൈൽ സിസ്റ്റം ഏർപ്പെടുത്താനാണ് യൂണിവേഴ്സിറ്റി മിനിസ്റ്ററുടെ തീരുമാനം. യൂണിവേഴ്സിറ്റികളുടെ നിലവാരം മനസിലാക്കി വിദ്യാർത്ഥികൾക്ക്  കോഴ്സുകളും യൂണിവേഴ്സിറ്റിയും തെരഞ്ഞെടുക്കാൻ സാധിക്കുന്ന വിധത്തിലുള്ള റാങ്കിംഗ് ആണ് പദ്ധതിയിലുള്ളത്. ഇംഗ്ലീഷ് യൂണിവേഴ്സിറ്റികളിലെ ഓരോ സബ്ജക്ടിനും ഗോൾഡ്, സിൽവർ, ബ്രോൺസ് അവാർഡുകൾ നിശ്ചയിക്കും. അദ്ധ്യാപന നിലവാരം, കോഴ്സ് പൂർത്തിയാക്കാതെ പഠനം നിർത്തുന്ന കുട്ടികളുടെ എണ്ണം, കോഴ്സിനുശേഷം കുട്ടികൾക്ക് ജോലിക്ക് ലഭിക്കുന്ന ശമ്പളം എന്നിവയുടെ അടിസ്ഥാനത്തിലാകും അവാർഡുകൾ നിശ്ചയിക്കുക. തങ്ങൾക്ക് വേണ്ട കരിയറും  യൂണിവേഴ്സിറ്റിയും  ശ്രദ്ധാപൂർവ്വം തെരഞ്ഞെടുക്കാൻ റാങ്കിംഗ് സിസ്റ്റം വിദ്യാർത്ഥികളെ സഹായിക്കുമെന്ന് മിനിസ്റ്റർ സാം ഗിമാ പറഞ്ഞു. ആദ്യം 50 യൂണിവേഴ്സിറ്റികളിൽ ഈ പൈലറ്റ് റാങ്കിംഗ് നടപ്പിലാക്കും. വിജയകരമെന്നു കണ്ടാൽ പബ്ളിക് കൺസൽട്ടേഷനു ശേഷം മറ്റു യൂണിവേഴ്സിറ്റികളിലേയ്ക്കു കൂടി വ്യാപിപ്പിക്കും. തനിക്ക് ലഭിച്ച ഡിഗ്രി കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നും അതു കേവലം മിക്കി മൗസ് ഡിഗ്രിയാണെന്നും ആരോപിച്ച് ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയെ ഒരു വിദ്യാർത്ഥി കോടതി കയറ്റിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ റാങ്കിംഗ് സിസ്റ്റത്തിന് നീക്കം നടത്തുന്നത്.
ന്യൂസ് ഡെസ്ക് ബ്രിട്ടൺ അതിശൈത്യത്തിൻറെ പിടിയിലമർന്നു. മെറ്റ് ഓഫീസ് റെഡ് അലർട്ട് പുറപ്പെടുവിച്ചു. ഉടൻ നടപടി എടുക്കേണ്ട സാഹചര്യത്തിലേക്ക് കാലാവസ്ഥ എത്തിയതിനെത്തുടർന്നാണ് അലർട്ട് ലെവൽ ഉയർത്തിയത്. കനത്ത മഞ്ഞു വീഴ്ച ജീവന് ഭീഷണി ഉയർത്തുന്ന നിലയിൽ എത്തിയതിനെ തുടർന്നാണ് സ്കോട്ട് ലാന്‍ഡില്‍  മുന്നറിയിപ്പ് റെഡ് ആക്കിയത്. യുകെയിലെ മറ്റു പ്രദേശങ്ങളിൽ ആംബർ വാണിംഗ് നിലവിലുണ്ട്. ലിങ്കൺഷയറിൽ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് പോലീസ് മേജർ ഇൻസിഡന്റ് പ്രഖ്യാപിച്ചു. 65 വാഹനങ്ങൾ മഞ്ഞിൽ അപകടത്തിൽപ്പെട്ടു. നിരവധി ട്രെയിനുകളും ഫ്ളൈറ്റുകളും ക്യാൻസൽ ചെയ്തു. പബ്ളിക് ട്രാൻസ്പോർട്ട് നെറ്റ് വർക്ക് താറുമാറായി. നോർത്തേൺ ലിങ്കൺഷയർ ആൻഡ് ഗൂൾ എൻഎച്ച്എസ് ട്രസ്റ്റ് ഇന്നത്തെ എല്ലാ അപ്പോയിന്റ്മെൻറുകളും റദ്ദാക്കി. യുണൈറ്റഡ് ലിങ്കൺഷയർ ഹോസ്പിറ്റൽ ട്രസ്റ്റ് ഇന്നത്തെ നോൺ എമർജൻസി അപ്പോയിന്റ്മെൻറുകളും ഓപ്പറേഷനുകളും റദ്ദാക്കി. സ്കോട്ട് ലാന്‍ഡില്‍ 400 സ്ക്കൂളുകൾക്ക് അവധി നല്കി. ഇംഗ്ലണ്ടിൽ അറുനൂറിലേറെ സ്കൂളുകൾ പ്രവർത്തിച്ചില്ല. സ്കോട്ട് ലാന്‍ഡ്‌ സെൻട്രൽ ബെൽറ്റിൽ ബുധനാഴ്ച  ഉച്ചയ്ക്ക് മൂന്നു മണി മുതൽ വ്യാഴാഴ്ച രാവിലെ പത്തുമണി വരെ 40 സെൻറിമീറ്റർ മഞ്ഞു വീഴാൻ സാധ്യത. സ്കോട്ട് ലാന്‍ഡില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഞ്ഞുവീഴ്ച ജീവന് ഭീഷണി ഉയർത്തും. പല പ്രദേശങ്ങളും ഒറ്റപ്പെടും. പവർ കട്ടുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. നിരവധി റോഡുകൾ ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. റോഡുകളിൽ നീണ്ട ക്യൂ. അത്യാവശ്യമല്ലാത്ത യാത്രകൾ കഴിയുന്നതും ഒഴിവാക്കാൻ മുന്നറിയിപ്പ്. ജോലിക്കെത്തിയവരോട് കാലാവസ്ഥ മോശമാകുന്നതിനാൽ നേരത്തെ വീടുകളിലേയ്ക്ക് മടങ്ങാൻ നിർദ്ദേശം നല്കി. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും യുകെയിൽ സ്റ്റോം എമ്മ ആഞ്ഞുവീശും. മോശം കാലാവസ്ഥ ഈയാഴ്ച മുഴുവന്‍ തുടരും.
RECENT POSTS
Copyright © . All rights reserved