Minimum
ബ്രിട്ടനിലെ മിനിമം വേതനം 9.61 പൗണ്ടാക്കി ഉയര്‍ത്താന്‍ പദ്ധതി. ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് ഇതിനായുള്ള പദ്ധതി തയ്യാറാക്കിയെന്നാണ് വിവരം. ഇതോടെ ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന മിനിമം വേതനം നല്‍കുന്ന രാജ്യമായി ബ്രിട്ടന്‍ മാറും. കുറഞ്ഞ ശമ്പളം എന്ന അന്താരാഷ്ട്ര മാനദണ്ഡത്തേക്കാള്‍ 66 ശതമാനം വര്‍ദ്ധനവാണ് വരുത്തുന്നത്. ശമ്പളക്കുറവ് എന്ന പ്രതിസന്ധിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഹാമണ്ടിന്റെ നീക്കം. നാഷണല്‍ ലിവിംഗ് വേജസ് 2024 വരെ 9.50 പൗണ്ട് കടക്കാനിടയില്ലെന്നിരിക്കെയാണ് മിനിമം വേജസ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ലേബര്‍ ഈ നീക്കത്തെ സ്വാഗതം ചെയ്യുകയാണ്. ലോകത്തെ ഏറ്റവും ഉയര്‍ന്ന മിനിമം വേജസ് നടപ്പാക്കാനാണ് യുകെ പദ്ധതിയിടുന്നതെന്നും ഇത് നല്ല വാര്‍ത്തയാണെന്നും ലേബര്‍ മാര്‍ക്കറ്റ് വിദഗ്ദ്ധന്‍ മാര്‍ക്ക് ഗ്രഹാം പറഞ്ഞു. എന്നാല്‍ ഇതിലൂടെ കുറഞ്ഞ ശമ്പളക്കാരായ തൊഴിലാളികളെ തെറ്റായി വേര്‍തിരിക്കാനും മിനിമം വേജ് പ്രൊട്ടക്ഷന്‍ പോലെയുള്ള ആനുകൂല്യങ്ങളില്‍ നിന്ന് ഒഴിവാക്കാനുമാണ് ശ്രമിക്കുന്നതെങ്കില്‍ അത് അനുവദിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. യുകെയുടെ മിനിമം വേജസ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിലവില്‍ നാലാമതാണ്. അയര്‍ലന്‍ഡ്, ഫ്രാന്‍സ്, ലക്‌സംബര്‍ഗ് എന്നീ രാജ്യങ്ങളാണ് മുന്‍നിരയില്‍. കഴിഞ്ഞ മാസം മിനിമം വേജസ് 8.21 പൗണ്ടായി ഉയര്‍ത്തിയിരുന്നു. ഇതോടെ 690 പൗണ്ട് തൊഴിലാളികള്‍ക്ക് അധികമായി ലഭിക്കുമെന്നാണ് ഉറപ്പു വരുത്തിയത്. വേതനം ഉയര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രിയുടെ വക്താവ് പറഞ്ഞു. ശമ്പള നിരക്ക് വര്‍ദ്ധനവിനെ ഉത്പാദന വര്‍ദ്ധനവിലൂടെ പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും വക്താവ് പറഞ്ഞു. യുവാക്കളുടെ നാഷണല്‍ മിനിമം വേജസിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 21-24 പ്രായപരിധിയിലുള്ളവര്‍ക്ക് മഇക്കൂറിന് 7.70 പൗണ്ടായും 18-20 പ്രായ പരിധിയിലുള്ളവര്‍ക്ക് 6.15 പൗണ്ടായുമാണ് ഉയര്‍ത്തിയിരിക്കുന്നത്. ശരാശരി വരുമാനം നാണ്യപ്പെരുപ്പ നിരക്ക് എന്നിവയേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് വര്‍ദ്ധനയുണ്ടായിരിക്കുന്നതെന്ന് ബിസിനസ് മിനിസ്റ്റര്‍ കെല്ലി ടോള്‍ഹേഴ്‌സ്റ്റ് വ്യക്തമാക്കി. 1998ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറാണ് യുകെയില്‍ മിനിമം വേജസ് നടപ്പാക്കിയത്.
RECENT POSTS
Copyright © . All rights reserved