MP
ബ്രെക്‌സിറ്റില്‍ ജൂണ്‍ ആദ്യം പാര്‍ലമെന്റില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് സംബന്ധിച്ചായിരിക്കും വോട്ടെടുപ്പ്. ലേബറുമായി നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനം എത്തിയാലും ഇല്ലെങ്കിലും വോട്ടെടുപ്പില്‍ മാറ്റമുണ്ടാവില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു. എംപിമാരുടെ സമ്മര്‍ അവധിക്കു മുമ്പായി യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറണമെങ്കില്‍ ബ്രെക്‌സിറ്റ് നടപ്പാക്കല്‍ ബില്ലിലുള്ള വോട്ടെടുപ്പ് അനിവാര്യമാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് അറിയിച്ചു. എന്നാല്‍ ഇത് ഒരിക്കലും പ്രധാനമന്ത്രിയുടെ ബ്രെക്‌സിറ്റ് ഉടമ്പടിയിലുള്ള നാലാമത്തെ വോട്ടെടുപ്പല്ലെന്നും വക്താവ് പറഞ്ഞു. അതേസമയം ഉഭയകക്ഷി ധാരണയിലെത്താതെ ബില്ലിന് പിന്തുണ നല്‍കില്ലെന്ന് ലേബര്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഡീല്‍ മൂന്നു പ്രാവശ്യം പാര്‍ലമെന്റ് തള്ളിയതോടെയാണ് ക്രോസ് പാര്‍ട്ടി സമവായത്തിന് സര്‍ക്കാര്‍ ശ്രമം ആരംഭിച്ചത്. ിത്‌ഡ്രോവല്‍ എഗ്രിമെന്റ് ബില്‍ മുന്നോട്ടുവെച്ച് സമ്മറിനു മുമ്പായി ബ്രെക്‌സിറ്റ് നടപ്പിലാക്കാനാണ് തെരേസ മേയ് ശ്രമിക്കുന്നത്. എന്നാല്‍ പ്രതിപക്ഷവുമായി നടക്കുന്ന ചര്‍ച്ചകളില്‍ ഇതുവരെ സമവായം സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുമില്ലെന്ന് ബിബിസി പൊളിറ്റിക്കല്‍ കറസ്‌പോണ്ടന്റ് ഇയാന്‍ വാട്ട്‌സണ്‍ പറയുന്നു. ഇപ്പോള്‍ മുന്നോട്ടു വെച്ചിരിക്കുന്ന ബില്‍ ചര്‍ച്ചകള്‍ തുടരുന്നതിന് കൂടുതല്‍ സമയവും സ്ഥലവും നല്‍കുമെന്നും വാട്ട്‌സണ്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ തെരേസ മേയും കോര്‍ബിനും ചൊവ്വാഴ്ച വൈകുന്നേരം നടത്തിയ കൂടിക്കാഴ്ചയില്‍ വിലയിരുത്തി. ചര്‍ച്ചകള്‍ ഫലപ്രദമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. ചര്‍ച്ചകള്‍ തീരുമാനത്തിലേക്ക് എത്തിക്കാനും ഹിതപരിശോധനാ ഫലം നടപ്പിലാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് തെരേസ മേയ് വ്യക്തമാക്കിയിട്ടുണ്ടെന്നും വക്താവ് പറഞ്ഞു. അതേസമയം കണ്‍സര്‍വേറ്റീവ് എംപിമാരും ക്യാബിനറ്റ് മിനിസ്റ്റര്‍മാരും പ്രധാനമന്ത്രിയെ മാറ്റാന്‍ ശ്രമം നടത്തുന്നതിനാല്‍ സര്‍ക്കാരിന്റെ പ്രതിബദ്ധതയില്‍ കോര്‍ബിന്‍ സംശയം പ്രകടിപ്പിച്ചുവെന്നാണ് ലേബര്‍ വക്താവ് പറഞ്ഞത്.
ചെലവുകളില്‍ കൃത്രിമത്വം കാട്ടിയതിന് ടോറി എംപിക്ക് ശിക്ഷ. ബ്രെകോണ്‍ ആന്‍ഡ് റാന്‍ഡന്‍ഷയര്‍ എംപിയായ ക്രിസ് ഡേവീസിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. 1500 പൗണ്ട് പിഴയടക്കാനും 50 മണിക്കൂര്‍ വേതനമില്ലാ ജോലി ചെയ്യാനുമാണ് കോടതി വിധിച്ചത്. മാര്‍ച്ചില്‍ നല്‍കിയ കണക്കുകളില്‍ അലവന്‍സുകള്‍ക്കായി തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കിയതിലാണ് ഡേവീസ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതി ഇന്നലെയാണ് ഡേവീസിനെതിരെ ശിക്ഷ വിധിച്ചത്. ഇതേത്തുടര്‍ന്ന് എംപി ഖേദപ്രകടനം നടത്തി. ഡേവീസ് രാജിവെക്കണമെന്ന ആവശ്യവും ശക്തമായി ഉയരുകയാണ്. ഇതിനിടയില്‍ എംപിക്കെതിരെ റീകോള്‍ പെറ്റീഷന്‍ ഉണ്ടായേക്കുമെന്നും വിവരമുണ്ട്. കോടതിച്ചെലവായി 2500 പൗണ്ട് അടക്കണമെന്നും ഡേവീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ കമ്യൂണിറ്റി ഓര്‍ഡര്‍ പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി. ഇതോടെ ഡേവീസിന്റെ രാഷ്ട്രീയ ജീവിതം ഏറെക്കുറെ ഇല്ലാതായെന്നാണ് ഡിഫന്‍സ് അഭിഭാഷകനായ ടോം ഫോര്‍സ്റ്റര്‍ ക്യുസി അഭിപ്രായപ്പെട്ടത്. ലേബറും ലിബറല്‍ ഡെമോക്രാറ്റുകളും എംപിയുടെ രാജിക്കായി ആവശ്യമുന്നയിച്ചു കഴിഞ്ഞു. എന്നാല്‍ താന്‍ എംപി സ്ഥാനത്തു തന്നെ തുടരുമെന്നാണ് ഡേവീസ് ഒരു പ്രസ്താവനയില്‍ വ്യക്തമാക്കിയത്. കോടതി വിധി അംഗീകരിക്കുന്നുവെന്നും വിഷയത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ ഈയവസരം ഉപയോഗിക്കുന്നുവെന്നുമായിരുന്നു ഡേവീസ് പ്രതികരിച്ചത്. ഒരു തെറ്റ് സംഭവിച്ചതായി സമ്മതിക്കുന്നു. എന്നാല്‍ തന്റെ പ്രവൃത്തിയില്‍ നിന്ന് യാതൊരു സാമ്പത്തിക നേട്ടത്തിനും ശ്രമിച്ചിട്ടില്ലെന്നും ഡേവീസ് പറഞ്ഞു. ചീഫ് വിപ്പ് ജൂലിയന്‍ സ്മിത്ത് ഡേവീസിന് താക്കീത് നല്‍കിയിട്ടുണ്ടെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അറിയിച്ചു. ഡേവീസിന് പിന്തുണ നല്‍കുന്നുണ്ടോ എന്ന കാര്യത്തില്‍ അഭിപ്രായമറിയിക്കാന്‍ ബ്രെകോണ്‍ ആന്‍ഡ് റാന്‍ഡന്‍ഷയറിലെ ജനങ്ങള്‍ക്ക് അവസരം നല്‍കുന്നത് ഉചിതമായിരിക്കുമെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വക്താവ് വ്യക്തമാക്കി.
നോ-ഡീല്‍ ബ്രെക്‌സിറ്റിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നത് ഗവണ്‍മെന്റിന്റെ പരാജയമാണെന്ന് ടോറി റിബല്‍ എംപിമാര്‍. മുതിര്‍ന്ന അംഗങ്ങള്‍ ഉള്‍പ്പെടെ 20 ടോറി റിബലുകളാണ് സര്‍ക്കാരിനെ പഴിചാരുന്നത്. നോ-ഡീല്‍ ബ്രെക്‌സിറ്റുണ്ടായാല്‍ നികുതികള്‍ വര്‍ദ്ധിക്കുന്നത് തടയാനുള്ള ഫിനാന്‍സ് ബില്ലിലെ ഭേദഗതി എംപിമാര്‍ വോട്ടിനിട്ട് പാസാക്കി. 303നെതിരെ 296 വോട്ടുകള്‍ക്കാണ് ഇത് പാസായത്. റിബല്‍ നീക്കം ഗവണ്‍മെന്റിന് കാര്യമായ ഭീഷണി സൃഷ്ടിക്കില്ലെങ്കിലും ഇതിനെ സുപ്രധാന ചുവടുവെയ്പ്പ് എന്നാണ് ലേബര്‍ വിശേഷിപ്പിച്ചത്. എന്തൊക്കെ സംഭവിച്ചാലും മാര്‍ച്ച് 29ന് യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു വരുമെന്ന് ബ്രെക്‌സിറ്റ് അനുകൂലികളും പറയുന്നു. യിവറ്റ് കൂപ്പര്‍ അവതരിപ്പിച്ച ഭേദഗതിക്ക് അനുകൂലമായി മുന്‍ ക്യാബിനറ്റ് മിനിസ്റ്റര്‍ മൈക്കിള്‍ ഫാലന്‍, ജസ്റ്റിന്‍ ഗ്രീനിംഗ്, ഡൊമിനിക് ഗ്രീവ്, കെന്‍ ക്ലാര്‍ക്ക്, സര്‍ ഒലിവര്‍ ലെന്റ്വിന്‍വെയര്‍ തുടങ്ങിയവരുള്‍പ്പെടെ 20 ടോറികളാണ് പിന്തുണ നല്‍കിയത്. ബ്രെക്‌സിറ്റില്‍ ഇതുവരെ ഗവണ്‍മെന്റിന് അനുകൂലമായ നിലപാടുകള്‍ മാത്രം എടുത്തിട്ടുള്ളയാളാണ് സര്‍ ഒലിവര്‍. അടുത്തയാഴ്ചയാണ് ബ്രെക്‌സിറ്റ് ഡീലില്‍ വോട്ടിംഗ് നടക്കുന്നത്. തെരേസ മേയ്ക്ക് എതിരായി വോട്ടു ചെയ്യാന്‍ തയ്യാറെടുത്തിരിക്കുന്ന എംപിമാര്‍ക്ക് ഒരു സന്ദേശം നല്‍കുകയാണ് ഈ നീക്കത്തിലൂടെ താന്‍ ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിക്ക് എതിരായി വോട്ടു ചെയ്യുന്നവര്‍ക്ക് തന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും മാര്‍ച്ച് 29ന് ഒരു നോ ഡീല്‍ ബ്രെക്‌സിറ്റുണ്ടാകാന്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ നീക്കത്തില്‍ അന്ത്യം വരെ താന്‍ ഉണ്ടാകുമെന്നും മുതിര്‍ന്ന ടോറി അംഗം കൂടിയായ അദ്ദേഹം വ്യക്തമാക്കി. നോ-ഡീല്‍ ബ്രെക്‌സിറ്റ് തടയുന്നതില്‍ സുപ്രധാന ചുവടുവെയ്പ്പാണ് ഇതെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന ട്രോളുകള്‍ അതിരു കടക്കുന്നതായി വിലയിരുത്തല്‍. രാഷ്ട്രീയ നേതാക്കള്‍ക്കെതിരായി പ്രത്യക്ഷപ്പെടുന്ന ട്രോളുകള്‍ അധിക്ഷേപകരവും കൊലപാതക, ബലാല്‍സംഗ ഭീഷണികള്‍ നിറഞ്ഞതാകുന്നുവെന്ന വിലയിരുത്തലാണ് എംപിമാര്‍ നടത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികള്‍ക്കെതിരായുള്ള സോഷ്യല്‍ മീഡിയ ട്രോളുകള്‍ നിരോധിക്കപ്പെട്ടേക്കുമെന്നാണ് കരുതുന്നത്. 2017 തെരഞ്ഞെടുപ്പ് കാലത്ത് സോഷ്യല്‍ മീഡിയയില്‍ തങ്ങള്‍ക്കെതിരെയുണ്ടായ അധിക്ഷേപങ്ങളെക്കുറിച്ച് എല്ലാ പാര്‍ട്ടികളില്‍ നിന്നുള്ള അംഗങ്ങളും പരാതി അറിയിച്ചു. വധ ഭീഷണികളും ബലാല്‍സംഗ ഭീഷണികളും വംശീയതയും സ്ത്രീവിരുദ്ധതയും നിറഞ്ഞ പോസ്റ്റുകളും ട്രോളുകളും തങ്ങള്‍ക്കെതിരെയുണ്ടായിട്ടുണ്ടെന്നാണ് എംപിമാര്‍ പറഞ്ഞത്. വനിതാ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വധ ഭീഷണികളും ബലാല്‍സംഗ ഭീഷണികളും ഉയര്‍ന്നു. സോഷ്യല്‍ മീഡിയയിലാണ് പ്രധാനമായും ഇത്തരം ഭീഷണികള്‍ പ്രത്യക്ഷപ്പെട്ടത്. വനിതാ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ ഭീഷണികള്‍ ലഭിച്ചത് ഷാഡോ ഹോം സെക്രട്ടറി ഡയാന്‍ ആബട്ടിനായിരുന്നു. പാര്‍ലമെന്റ് അംഗങ്ങള്‍ക്കെതിരെ ലഭിച്ച 25,000 ഭീഷണി ട്വീറ്റുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ബ്രെക്‌സിറ്റ് വിഷയത്തിലും പാര്‍ലമെന്റ് അംഗങ്ങള്‍ക്കെതിരെ ഭീഷണികള്‍ ഉയര്‍ന്നിട്ടുണ്ട്. ലേബറിലെ ജെസ്സ് ഫിലിപ്പിന് 600 വധ, ബലാല്‍സംഗ ഭീഷണികളാണ് ലഭിച്ചത്. നിരോധനത്തിനൊപ്പം ഭീഷണി ഉയര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ എടുക്കാനും സാധ്യതയുണ്ട്.
ബ്രെക്‌സിറ്റില്‍ ബ്രിട്ടീഷ് ജനതയുടെ ഹിതം അട്ടിമറിക്കാന്‍ പാര്‍ലമെന്റിനെ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി തെരേസ മേയ്. യൂറോപ്യന്‍ യൂണിയന്‍ വിത്‌ഡ്രോവല്‍ ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന് എംപിമാരും ലോര്‍ഡ്‌സ് അംഗങ്ങളും വ്യക്തമാക്കിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. ലോര്‍ഡ്‌സിന്റെ പരിഗണനയിലുള്ള ബില്ല് പ്രധാനപ്പെട്ട ഒന്നാണെന്ന് നോര്‍ത്ത് ലണ്ടനിലെ റോയല്‍ ഫ്രീ ഹോസ്പിറ്റലില്‍ നടത്തിയ പ്രസംഗത്തില്‍ അവര്‍ പറഞ്ഞു. ഈ നിയമം നടപ്പിലാക്കുമെന്ന കാര്യം ഉറപ്പാക്കും. അതേസമയം ഇക്കാര്യത്തില്‍ പാര്‍ലമെന്റിനുള്ള നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ചര്‍ച്ചകളില്‍ ഗവണ്‍മെന്റിന്റെ കൈകള്‍ ബന്ധിക്കാന്‍ പാര്‍ലമെന്റിനെ അനുവദിക്കില്ല. ബ്രിട്ടീഷ് ജനതയുടെ ഹിതം അട്ടിമറിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. ടോറി ക്യാംപില്‍ നിന്നുള്‍പ്പെടെയുള്ള പാര്‍ലമെന്റംഗങ്ങളാണ് ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ അറ്റോര്‍ണി ജനറലും ടോറി റിബലുമായ ഡൊമിനിക് ഗ്രീവ് അനന്തരഫലങ്ങളേക്കുറിച്ച് തനിക്ക് വ്യക്തമായി അറിയാമെങ്കിലും ബില്ലിനെതിരായി വോട്ട് ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ആവശ്യമായ കണ്‍സഷനുകള്‍ വരുത്തിയില്ലെങ്കില്‍ എതിര്‍ വോട്ട് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്‍എച്ച്എസില്‍ നടപ്പാക്കാനിരിക്കുന്ന ഫണ്ടിംഗ് ബൂസ്റ്റിനെക്കുറിച്ചും പ്രധാനമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ബ്രെക്‌സിറ്റ് ഡിവിഡന്റില്‍ നിന്നുള്ള തുകയാണ് ഈ ബൂസ്റ്റിംഗിന് ഉപയോഗിക്കുന്ന തുകയില്‍ പകുതിയും. 2023-24 വര്‍ഷത്തോടെ എന്‍എച്ച്എസ് ഇംഗ്ലണ്ടിന് ആഴ്ചയില്‍ 394 മില്യന്‍ പൗണ്ട് ലഭിക്കുന്ന വിധത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 2016ലെ ഹിതപരിശോധനാ ക്യാംപെയിന്‍ സമയത്ത് ലീവ് പക്ഷക്കാര്‍ ആവശ്യപ്പെട്ടിരുന്നത് 350 മില്യന്‍ പൗണ്ട് മാത്രമായിരുന്നെന്നും അവര്‍ പറഞ്ഞു.
Copyright © . All rights reserved