nurses
നേഴ്‌സുമാർക്ക് ലഭിക്കുന്ന അവസരങ്ങൾ അതും പുറം രാജ്യങ്ങളിൽ വാർത്തകളിൽ എപ്പോഴും ഇടം പിടിക്കാറുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം അത്രയധികം പ്രാധാന്യം നേഴ്സിങ്ങിന് നൽകുന്നു എന്നതിന്റെ തെളിവാണ്. അങ്ങനെയാണ് മുപ്പതിനായിരം മുതല്‍ നാല്‍പതിനായിരം വരെ നഴ്‌സുമാരെ ഉടനടി ആവശ്യമുണ്ടെന്ന് പറഞ്ഞ നെതര്‍ലന്‍ഡസ് ഇപ്പോൾ കൈ മലര്‍ത്തിയിരിക്കുന്നത്. കേരളത്തില്‍നിന്നുള്ള നഴ്‌സുമാരെ ആവശ്യമില്ലെന്നു നെതര്‍ലന്‍ഡ്‌സ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു എന്നാണ് നിയമസഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി ലഭിച്ചിരിക്കുന്നത്. നഴ്‌സുമാരെ അയയ്ക്കുന്നത് സംബന്ധിച്ച് നെതര്‍ലന്‍ഡ്‌സുമായി ധാരണയായെന്നു പറഞ്ഞ സംസ്ഥാന സര്‍ക്കാരും ഇതോടെ ഊരാക്കുടുക്കിലായി. ജൂലൈ 31നു ഡല്‍ഹി കേരള ഹൗസില്‍ നെതര്‍ലന്‍ഡ്‌സ് അംബാസഡര്‍ മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് നെതര്‍ലന്‍ഡ്‌സിലേക്ക് ഇത്രയധികം നഴ്‌സുമാരെ ആവശ്യമുണ്ടെന്നും അയയ്ക്കാന്‍ കേരളം തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞത്. നഴ്‌സുമാരെ അയയ്ക്കുന്നതു സംബന്ധിച്ചു നെതര്‍ലന്‍ഡ്‌സുമായി ധാരണയിലെത്തിയെന്നും പിന്നീട് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഓഗസ്റ്റ് 29ന് നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും നെതര്‍ലന്‍ഡ്‌സ് അംബാസഡറുമായി വിഷയം ചര്‍ച്ച ചെയ്തു. എന്നാല്‍ തദ്ദേശീയെരയും തദ്ദേശീയര്‍ ഇല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്നുള്ളവരെയും മാത്രമേ ജോലിക്കു പരിഗണിക്കുകയുള്ളൂവെന്ന് അംബാസഡര്‍ വ്യക്തമാക്കുകയായിരുന്നു. പിന്നീട് ചീഫ് സെക്രട്ടറി നെതര്‍ലന്‍ഡസ് സര്‍ക്കാരിനു കത്തയച്ചെങ്കിലും യൂറോപ്യന്‍ യൂണിയനു പുറത്തുള്ള രാജ്യങ്ങളില്‍നിന്നു തല്‍ക്കാലം ആരോഗ്യരംഗത്തു തൊഴിലാളികളെ ആവശ്യമില്ലെന്ന മറുപടിയാണു ലഭിച്ചത്. നെതര്‍ലന്‍ഡസ് സര്‍ക്കാരിന്റെ തീരുമാനം സംസ്ഥാന സര്‍ക്കാരിനു കൈമാറിയിരുെന്നങ്കിലും ഇക്കാര്യം പുറത്തുവിട്ടിരുന്നില്ല. മാത്രമല്ല സി.പി.എമ്മിന്റെ സൈബര്‍ വിഭാഗം കഴിഞ്ഞ ദിവസംവരെ പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ നെതര്‍ലന്‍ഡസിലേക്ക് കേരളത്തില്‍നിന്നും നഴ്‌സുമാരെ അയയ്ക്കുന്ന കാര്യവും പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പി.സി. ജോര്‍ജിന്റെ ചോദ്യത്തിനു മറുപടി പറയവേ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് നെതര്‍ലന്‍ഡ്‌സിലേക്കു കേരളത്തില്‍നിന്നുളള നഴ്‌സുമാരെ ആവശ്യമില്ലെന്ന് നെതര്‍ലാന്‍ഡ് അംബാസഡര്‍ അറിയിച്ച കാര്യം വ്യക്തമാക്കിയത്. നെതര്‍ലന്‍ഡ്‌സില്‍ ജോലി ചെയ്യുന്നതിനു ഡച്ചു ഭാഷ അറിഞ്ഞിരിക്കണം. കേരളത്തില്‍ ഡച്ച് ഭാഷ പഠിപ്പിക്കുന്ന സ്ഥാപനങ്ങളില്ല. വസ്തുത ഇതായിരിക്കെയാണ് നെതര്‍ലന്‍ഡ്‌സിലേക്കു നഴ്‌സുമാരെ അയയ്ക്കാന്‍ ധാരണയായെന്ന പ്രചരണമുണ്ടായത്. നഴ്‌സുമാരെ ആവശ്യമുണ്ടെന്ന് നെതര്‍ലാന്‍ഡ് അംബാസഡര്‍ പറഞ്ഞതിന് പിന്നാലെ ഡച്ചു രാജാവിനയും രാജ്ഞിയെയും കേരളത്തിന്റെ അതിഥിയായി ക്ഷണിച്ചിരുന്നു. എന്തായാലും നെതർലൻഡ്‌സ് വേണ്ട എന്ന് പറഞ്ഞെങ്കിലും യുകെയിലെ തിരഞ്ഞെടുപ്പിൽ നേഴ്‌സ് വിഷയം ഒരു പ്രധാന വിഷയമായി മാറിയിരിക്കുകയാണ്. നാഷണൽ ഹെൽത്ത് സെർവിസിൽ നേഴ്‌സുമാർക്ക് ഉണ്ടായ കുറവ് വലിയ രീതിയിൽ യുകെയിലെ ആശുപത്രികളെ ബാധിക്കുകയുണ്ടായി. വിദേശ നേഴ്‌സുമാർക്ക് അവസരം നൽകുമെന്ന് യുകെയിലെ പ്രധാന രണ്ട് പാർട്ടികളും പറഞ്ഞിട്ടുണ്ട്.
ചരിത്രത്തിലെ ഏറ്റവും വലിയ ഫണ്ട് വെട്ടിക്കുറയ്ക്കലിനു ശേഷം നടപ്പില്‍ വരുത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന3.4 ശതമാനത്തിന്റെ എന്‍എച്ച്എസ് ഫണ്ടിംഗ് ബൂസ്റ്റ് ഒന്നിനും തികയില്ലെന്ന് ഡോക്ടര്‍മാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി മുതിര്‍ന്ന കണ്‍സള്‍ട്ടന്റുമാരും പ്രൊഫസര്‍മാരും ജിപിമാരും ജൂനിയര്‍ ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കം 100 പേര്‍ പ്രധാനമന്ത്രിക്ക് തുറന്ന കത്തയച്ചു. അഞ്ച് വര്‍ഷത്തേക്കാണ് പുതിയ ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഫലത്തില്‍ ഇത് മൊത്തം ഹെല്‍ത്ത് സ്‌പെന്‍ഡിംഗില്‍ 3 ശതമാനത്തിന്റെ വര്‍ദ്ധനവ് മാത്രമേ വരുത്തുന്നുള്ളുവെന്ന് വിദഗ്ദ്ധര്‍ പറയുന്നു. എന്‍എച്ച്എസ് പ്രതിസന്ധി മറികടക്കാന്‍ ഇതുകൊണ്ട് സാധിക്കില്ലെന്നും വിലയിരുത്തപ്പെടുന്നു. 2023-24നുള്ളില്‍ വരുത്താനുദ്ദേശിക്കുന്ന 20 ബില്യന്‍ പൗണ്ടിന്റെ ഫണ്ട് ബൂസ്റ്റ് കഴിഞ്ഞ ഒരു ദശകത്തില്‍ എന്‍എച്ച്എസിനുണ്ടായ തകരാര്‍ പരിഹരിക്കാന്‍ ഉപകാരപ്പെടില്ലെന്ന് കത്ത് വ്യക്തമാക്കുന്നു. 4 ശതമാനത്തില്‍ താഴെയുള്ള ഫണ്ട് വര്‍ദ്ധനവ് എന്‍എച്ച്എസിന്റെ പതനം തുടരുമെന്നതിന്റെയും രോഗികള്‍ ഇനിയും ബുദ്ധിമുട്ടുമെന്നതിന്റെയും സൂചനയാണ്. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളിലും ആശുപത്രികളിലും രോഗികള്‍ ദുരിതമനുഭവിക്കാതെയും ദാരുണമായി മരിണപ്പെടാതിരിക്കാനുമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ അനുയോജ്യമായ വിധത്തിലുള്ള ഫണ്ടിംഗാണ് ആവശ്യമെന്നും ഇവര്‍ വ്യക്തമാക്കുന്നു. അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ കുറഞ്ഞത് 4 ശതമാനം ഫണ്ടിംഗ് ബൂസ്റ്റ് എങ്കിലും നടപ്പാക്കണമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സറ്റഡീസും സ്വതന്ത്ര ഹെല്‍ത്ത് ചാരിറ്റികളും വ്യക്തമാക്കിയിരുന്നു. ഒരു ലക്ഷത്തോളം എന്‍എച്ച്എസ് വേക്കന്‍സികള്‍ ഒഴിഞ്ഞു കിടക്കുമ്പോളാണ് ഇത്. 70 വര്‍ഷമാകുന്ന ഹെല്‍ത്ത് സര്‍വീസിന് ഇതുവരെ 3.7 ശതമാനം ഫണ്ടിംഗ് വര്‍ദ്ധന മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളു.
യൂറോപ്യന്‍ യൂണിയന്‍ നഴ്‌സുമാര്‍ക്ക് ബ്രെക്‌സിറ്റിനുശേഷം എന്‍എച്ച്എസ് സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ പണം നല്‍കേണ്ടി വരും. പ്രതിവര്‍ഷം 600 പൗണ്ട് വീതം ഇവര്‍ അടക്കേണ്ടി വരുമെന്നാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. ഈ നീക്കം സ്റ്റാഫിംഗ് പ്രതിസന്ധി രൂക്ഷമാക്കുമെന്ന് എന്‍എച്ച്എസ് നേതൃത്വം മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ യൂറോപ്പിതര രാജ്യങ്ങളില്‍ നിന്നെത്തുന്ന കുടിയേറ്റക്കാരില്‍ നിന്ന് ഈടാക്കുന്ന ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് ബ്രെക്‌സിറ്റിനു ശേഷം യൂറോപ്പില്‍ നിന്നുള്ളവര്‍ക്കു കൂടി ബാധകമാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് ഹോം ഓഫീസ് സ്ഥിരീകരിച്ചു. നഴ്‌സുമാരുടെ കുടുംബങ്ങള്‍ ഈ സര്‍ചാര്‍ജ് മൂലം ഇപ്പോള്‍ത്തന്നെ പലയിടങ്ങളിലായാണ് കഴിയുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പറയുന്നു. കുട്ടികളെ സ്വന്തം രാജ്യത്ത് ഉപേക്ഷിച്ചാണ് മിക്ക നഴ്‌സുമാരും ഇവിടെ ജോലി ചെയ്യുന്നതെന്ന ആര്‍സിഎന്‍ വിശദീകരിച്ചു. കെനിയയില്‍ നിന്നുള്ള ഈവലിന്‍ ഒമോന്‍ഡി എന്ന നഴ്‌സ് രണ്ട് മുതിര്‍ന്നവര്‍ക്കും നാല് കുട്ടികള്‍ക്കുമായി 3600 പൗണ്ടാണ് നല്‍കി വരുന്നത്. ഈ ഫീസ് താങ്ങാനാവാത്തതിനാല്‍ ഇവര്‍ ആറും എട്ടും വയസുള്ള ഇളയ കുട്ടികളെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ചിരിക്കുകയാണെന്ന് ആര്‍സിഎന്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി. 2015ലാണ് ഈ സര്‍ചാര്‍ജ് അവതരിപ്പിച്ചത്. കുടിയേറ്റക്കാര്‍ക്ക് വരാന്‍ സാധ്യതയുള്ള മെഡിക്കല്‍ ചെലവുകള്‍ പരിഗണിച്ചാണ് ഇത് ഈടാക്കുന്നത്. ഒരാള്‍ക്ക് 200 പൗണ്ട് എന്ന നിലയിലാണ് വര്‍ക്ക് പെര്‍മിറ്റിനു വേണ്ടി ഈ തുക നല്‍കേണ്ടതായി വരുന്നത്. ഈ സര്‍ചാര്‍ജുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഇനി കൂടുതല്‍ രൂക്ഷമാകുമെന്ന് ആര്‍സിഎന്‍ ചീഫ് ജാനറ്റ് ഡേവിസ് വാര്‍ഷിക കോണ്‍ഫറന്‍സില്‍ പറയും. ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ നഴ്‌സുമാരിലേക്ക് കൂടി ഈ ഫീസ് ബാധകമാക്കിയാല്‍ അതുകൊണ്ടുണ്ടാകുന്ന നഷ്ടം വിശദീകരണങ്ങള്‍ക്ക് അപ്പുറമായിരിക്കുമെന്നും അവര്‍ സൂചിപ്പിക്കും. എന്‍എച്ച്എസിന് നിലവില്‍ 43,000 നഴ്‌സുമാരുടെ കുറവാണുള്ളത്. 1,40,000 യൂറോപ്യന്‍ നഴ്‌സുമാര്‍ നിലവില്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്യുന്നുണ്ട്. അതിരൂക്ഷമായ സ്റ്റാഫിംഗ് പ്രതിസന്ധിക്കിടയില്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് കൂടുതല്‍ പ്രതിസന്ധിക്കിടയാക്കുകയേയുള്ളുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
ന്യൂസ് ഡെസ്ക് രണ്ടു മാസത്തെ ശമ്പളം ഒന്നിച്ചു കിട്ടിയാൽ എത്ര നന്നായിരുന്നു എന്നു കരുതാത്തവർ ആരുമുണ്ടാവില്ല. എന്നാൽ രണ്ടു വർഷത്തെ ശമ്പളം ഒറ്റയടിയ്ക്കു അക്കൗണ്ടിൽ വന്നാലോ? സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാത്ത സ്ഥിതിയായിരിക്കും. ക്ലീലാൻഡ് ഹോസ്പിറ്റലിലെ നഴ്സുമാർ ആഘോഷം തുടങ്ങിക്കഴിഞ്ഞു. കാരണം അവരുടെ അക്കൗണ്ടിൽ ഓർക്കാപ്പുറത്ത് വന്നു വീണത് ഏകദേശം 66,000 പൗണ്ട് വീതമാണ്. പുതിയ കാറും ഹോളിഡേയും ഒക്കെ ബുക്ക് ചെയ്ത് കിട്ടിയ പണം കൊണ്ട് സന്തോഷം ആഘോഷിക്കുകയാണ് ഈ എൻഎച്ച്എസ് നഴ്സുമാർ. ഇത് ഇവർക്ക് എൻഎച്ച്എസ് കൊടുത്തതോ ആരെങ്കിലും അബദ്ധത്തിൽ അക്കൗണ്ടിൽ നിക്ഷേപിച്ചതോ അല്ല. ലണാർക്ക് ഷയർ ക്ലിലാൻഡ് ഹോസ്പിറ്റലിലെ നഴ്സുമാരെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. 15 പേരടങ്ങുന്ന ഇവരുടെ സിൻഡിക്കേറ്റ് യൂറോമില്യൺ ലോട്ടറിയിൽ നേടിയത് ഒരു മില്യൺ പൗണ്ട്. യു കെ മില്യണയർ മേക്കർ കോഡാണ് ഇവർ നേടിയത്. മൂന്നു വർഷമായി ഇവർ ലോട്ടറിയെടുക്കുന്നു. ഇതിനു മുമ്പ് ഇവർ നേടിയ ഏറ്റവും കൂടിയ ഏറ്റവും കൂടിയ തുക 12 പൗണ്ടായിരുന്നു. സിൻഡിക്കേറ്റിലെ 13 പേർ ഈ സന്തോഷ വാർത്ത ന്യൂസിലൂടെ ഷെയർ ചെയ്തു. ജൂൺ ഫ്രേസർ, 58 ആണ് സിൻഡിക്കേറ്റിന് നേതൃത്വം നല്കുന്നതും ടിക്കറ്റുകൾ മാനേജ്ചെയ്യുന്നത്. ശനിയാഴ്ച രാവിലെ നാഷണൽ ലോട്ടറി ആപ്പിലൂടെ റിസൽട്ട് ചെക്ക് ചെയ്ത ജൂണിന് വിശ്വാസം വന്നില്ല. ഒരു മില്യൺ നേടിയതായി സ്ക്രീനിൽ തെളിഞ്ഞപ്പോൾ ജൂൺ കരുതി ആപ്പിന് തകരാണെന്ന്. ഉടൻ തന്നെ തന്റെ കൂടെ ജോലി ചെയ്യുന്ന മറ്റുള്ളവരെ വിളിച്ച് ജൂൺ സന്തോഷ വാർത്ത പങ്കുവെച്ചു. നവംബറിൽ റിട്ടയർ ചെയ്യുന്ന സിൻഡിക്കേറ്റ് അംഗമായ കരോൾ ഹാമ് ലിൻ സാമ്പത്തിക ഭദ്രതയുള്ള ഒരു റിട്ടയർമെന്റ് ജീവിതം ലഭിക്കുന്നതിലുള്ള ആഹ്ളാദം മറച്ചു വെച്ചില്ല. റിട്ടയർ ചെയ്തതിനു ശേഷവും ഏതാനും മണിക്കൂറുകൾ വീതം ആഴ്ചയിൽ ജോലി തുടരാനിരുന്ന കരോൾ തീരുമാനം തന്നെ മാറ്റി. ഹോസ്പിറ്റലിലെ സ്റ്റാഫിനെയും പേഷ്യന്റുകളെയും കേക്കും മറ്റ് വിഭവങ്ങളുമായി ട്രീറ്റ് ചെയ്താണ് നഴ്സുമാർ തങ്ങളുടെ ലോട്ടറി നേട്ടം ആഘോഷമാക്കിയത്.
ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് വനിതാ ജീവനക്കാര്‍ക്ക് സഹപ്രവര്‍ത്തകരായ പുരുഷന്മാരെക്കാളും കുറവ് വേതനമാണ് ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ട്. പുരുഷന്മാര്‍ക്ക് ലഭിക്കുന്ന ശമ്പളത്തേക്കാളും ഏതാണ്ട് 23 ശതമാനം കുറവ് വേതനമാണ് വനിതകള്‍ക്ക് ലഭിക്കുന്നത്. ബ്രിട്ടനിലെ ആരോഗ്യമേഖലയില്‍ ജോലിയെടുക്കുന്ന ഡോക്ടര്‍മാരിലും മാനേജര്‍മാരിലും തുടങ്ങി നഴ്‌സുമാരുടെയും ക്ലീനിംഗ് തൊഴിലാളികളുടെയും കാര്യത്തില്‍ വേതന അസമത്വം നിലനില്‍ക്കുന്നുണ്ട്. ഏതാണ്ട് ഒരു മില്യണ്‍ ജീവനക്കാരുടെ വിവരങ്ങള്‍ പരിശോധിച്ചാണ് കണക്കുകള്‍ പ്രസ്താവിച്ചിരിക്കുന്നത്. ശരാശരി ഫുള്‍ടൈം വനിതാ ജീവനക്കാരിക്ക് വര്‍ഷം ലഭിക്കുന്നത് 28,702 പൗണ്ടാണ്. പുരുഷന്മാരുടെ കാര്യത്തിലിത് 37,470 പൗണ്ടുമാണ്. ഇരുവിഭാഗത്തിന്റെയും വേതനത്തില്‍ 23 ശതമാനത്തിന്റെ അന്തരം നിലനില്‍ക്കുന്നുണ്ട്. ബേസിക് സാലറിക്ക് പുറമെ നല്‍കുന്ന ഓവര്‍ടൈം, ബോണസ് എന്നീ വരുമാനങ്ങള്‍ ഒഴിവാക്കിയാണ് വേതന അസമത്വം സംബന്ധിച്ച കണക്കുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പുതിയ കണ്ടെത്തലുകള്‍ അങ്ങേയറ്റം നിരാശാജനകമാണെന്നും എന്നാല്‍ അതൊരു പുതുമയായി തോന്നുന്നില്ലെന്നും മെഡിക്കല്‍ വുമണ്‍സ് ഫെഡറേഷന്‍ അംഗം ഡോ. സാലി ഡേവിസ് പറഞ്ഞു. ആരോഗ്യ മേഖലയിലെ മുന്‍നിര സ്ഥാനങ്ങള്‍ പുരുഷന്‍മാര്‍ കൈയടക്കി വെച്ചിരിക്കുകയാണെന്ന് പുറത്ത് വരുന്ന കണക്കുകളിലൂടെ മനസ്സിലാവുന്നത്. സമ്പദ്ഘടനയുടെ മറ്റു മേഖലകളിലും സമാന പ്രശ്‌നങ്ങളുണ്ടെന്നും ഡോ. സാലി പറയുന്നു. അസമത്വം ഇല്ലാതാക്കാന്‍ എന്ത് നടപടിയാണ് സര്‍ക്കാരും എന്‍എച്ച്എസ് സ്വീകരിക്കുക എന്നതായിരിക്കും ഈ ഘട്ടത്തില്‍ ഉന്നയിക്കേണ്ട പ്രധാന ചോദ്യമെന്ന് സാലി കൂട്ടിച്ചേര്‍ത്തു. ലിംഗവിവേചനമില്ലാതെ ന്യായമായ വേതനം എല്ലാ ജീവനക്കാര്‍ക്കും ഉറപ്പു വരുത്തുന്നിന് ഞങ്ങള്‍ ബാധ്യസ്ഥരാണെന്ന് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ വക്താവ് പറഞ്ഞു. ജീവനക്കാരുടെ കഠിനപ്രയത്‌നത്തിന് നീതിപൂര്‍വ്വമായ തുല്യവേതനം നല്‍കുമെന്നും വക്താവ് വ്യക്തമാക്കുന്നു. എന്‍എച്ച്എസ് സ്ഥാപനങ്ങളുമായി യോജിച്ച് വേതന അസമത്വം പരിഹരിക്കുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ ഡിപാര്‍ട്ട്‌മെന്റ് റിവ്യു നടത്തും. സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം ഇക്കാര്യത്തിലുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RECENT POSTS
Copyright © . All rights reserved