onam special 2021
അലോഷ്യസ് ഗബ്രിയേൽ ലണ്ടൻ: യുകെയിലെ ലൂട്ടൻ കേരളൈറ്റ്‌സ് അസോസിയേഷന്റെ (LUKA) നേതൃത്വത്തിൽ ആരംഭിച്ച ലൂക്കാമലയാളം സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനവും ആദ്യത്തെ മലയാളം ക്ലാസും വർണ്ണാഭമായി നടന്നു. ആദ്യക്ലാസിൽ തന്നെ അധ്യാപികമാർ മലയാളഭാഷയിലെ ആദ്യാക്ഷരങ്ങൾ കോർത്തിണക്കി ആലപിച്ച ഗാനമാലകുട്ടികളും ഏറ്റുപാടി മലയാളത്തിന്റെ ആദ്യാക്ഷരങ്ങൾ മനപ്പാഠമാക്കിയ മുഴുവൻ കുരുന്നുകൾക്കും മലയാളംമധുരമായി മാറി. പ്രോജക്ടറിന്റെ സഹായത്താൽ വലിയ സ്ക്രീനിൽ ചിത്രങ്ങൾ കാണിച്ച് അധ്യാപികമാർ എല്ലാ കുട്ടികളുമായിസംവദിച്ചും രസകരമായ കഥകൾ പറഞ്ഞും മലയാളഭാഷയിലെ ആദ്യാക്ഷരങ്ങളും വാക്കുകളുംപറഞ്ഞുകൊടുത്തപ്പോൾ മലയാള ഭാഷാ പഠനം എല്ലാ കുട്ടികൾക്കും നവ്യാനുഭവമാണ് സമ്മാനിച്ചത്. മാതാപിതാക്കളും അധ്യാപകരും കുട്ടികളും ഉൾപ്പെടെയുള്ള സദസ്സിനെ സാക്ഷി നിർത്തി ലൂക്കാ മലയാളംസ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റും ലോകകേരളസഭാംഗവുമായ സി എ ജോസഫ് നിർവഹിച്ചു. ലൂട്ടൻ കേരളൈറ്റ്സ് അസോസിയേഷൻ മാതൃകാപരമായനിരവധി കാര്യങ്ങൾ സമൂഹത്തിലെ വളർന്നുവരുന്ന തലമുറയുടെ സർഗാത്മകമായ കഴിവുകളെപ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ചെയ്തിട്ടുണ്ടെങ്കിലും വളർന്നുവരുന്ന കുട്ടികൾക്ക് വേണ്ടി സാമൂഹികപ്രതിബദ്ധതയോടെ ആരംഭിക്കുന്ന ലൂക്കാ മലയാളം സ്കൂൾ അസോസിയേഷന്റെ പ്രവർത്തനങ്ങളിലെ ഏറ്റവുംവലിയ അടയാളപ്പെടുത്തലായി മാറുമെന്ന് സിഎ ജോസഫ് അഭിപ്രായപ്പെട്ടു. പുതിയതായി ചുമതലയേറ്റ അസ്സോസിയേഷൻ പ്രസിഡന്റ് അലോഷ്യസ് ഗബ്രിയേൽ ചടങ്ങിൽ അധ്യക്ഷതവഹിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരമാണ് മലയാളം ക്ലാസ് നടത്തുന്നതെന്നും വ്യത്യസ്തസമയങ്ങളിലായി കുട്ടികൾക്ക് വേണ്ടി സംഗീത ക്ലാസും, ഡാൻസ് ക്ലാസും ഇതോടൊപ്പം തന്നെഅസോസിയേഷന്റെ ആഭിമുഖ്യത്തിൽ അന്നേ ദിവസം വൈകുന്നേരം സംഘടിപ്പിച്ചിട്ടുണ്ടെന്നും കുട്ടികൾ ഈഅവസരം വിനിയോഗിക്കണമെന്നും മാതാപിതാക്കളുടെ പരിപൂർണ്ണ പിന്തുണ ഉണ്ടാവണമെന്നും അദ്ദേഹംഅഭ്യർത്ഥിച്ചു. ലൂക്കാ മലയാളം സ്കൂളിന്റെ പ്രവർത്തനം സുഗമമായി മുന്നോട്ടു കൊണ്ടുപോകണമെന്ന ലക്ഷ്യത്തോടെഅസോസിയേഷൻ പ്രസിഡന്റ് അലോഷ്യസ് ഗബ്രിയേൽ, സെക്രട്ടറി ജോർജ് കുര്യൻ, ട്രഷറർ അമിത് മാത്യുഎന്നിവരുടെ നേതൃത്വത്തിൽ മാത്യു വർക്കി, ബെറ്റ്സി ജോഷ്വാ, ജിജി അലോഷ്യസ്, ബെയ്ബി കുര്യൻ, ബോബൻ ജോസ്, പ്രിയ അരുൺ, ടോം ജോസ്, റോസമ്മ ജോസ് എന്നിവർ അടങ്ങിയ അധ്യാപകരുടെ പാനലുംരൂപീകരിച്ചിട്ടുണ്ട്. മുൻ പ്രസിഡന്റ്കൂടിയായ ബെറ്റ്സി ജോഷ്വാ ആശംസ അർപ്പിച്ചു. ചടങ്ങിൽ പങ്കെടുത്തമുഴുവൻ ആളുകൾക്കും സെക്രട്ടറി ജോർജ് കുര്യൻ സ്വാഗതവും മുൻ പ്രസിഡന്റ് ബെയ്‌ബി കുര്യൻ നന്ദിയുംപറഞ്ഞു.
റ്റിജി തോമസ് ചിങ്ങത്തിന്റെ പ്രസരിപ്പും തെളിമയുമായിരുന്നു എവിടെയും, ഞങ്ങളുടെ മനസ്സ് പോലെ. നിലാവ് പോലെ വെയിൽ, പിന്നെ കുളിർകാറ്റിന്റെ അവാച്യത. ഞങ്ങൾ മേഘങ്ങളെപ്പോലെ ഒഴുകി സഞ്ചരിച്ചു..... മനോഹര സ്വപ്നങ്ങളുടെ ആനന്ദമാധുരി ആവോളം ആസ്വദിക്കുന്ന ഭാവത്തിൽ ഓരോ നിമിഷവും ഞങ്ങൾ സ്പർശിച്ചു. ഓരോ നിമിഷത്തെയും ഭാഗിക്കണമെന്നും ഓരോ ചെറിയ അംശത്തിലും ജീവിക്കണമെന്നും ഞങ്ങൾ ആഗ്രഹിച്ചു . വീട്ടിലേക്ക് കടന്നു ചെന്നപ്പോൾ സ്വീകരണമുറിയിൽ അച്ഛനും അമ്മയ്ക്കും ഒപ്പം അവൾ സംസാരിക്കുന്നതു കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി. ഞങ്ങളുടെ ഇടയിലെ അനേകം മൈലുകളുടെ ദൈർഘ്യം തരണം ചെയ്യാൻ ഒരിക്കലും സാധിക്കില്ലെന്ന് ഞങ്ങൾ കരുതിയിരുന്നു. ഒപ്പം ജീവിതത്തിലൊരിക്കലും കണ്ടുമുട്ടില്ലെന്നും എനിക്ക് ഒന്നും സംസാരിക്കാൻ സാധിച്ചില്ല. ഒരു അപരിചിതന്റെ ഭാവത്തിൽ , കുട്ടിയുടെ അറിവില്ലായ്മ പോലെ നിശബ്ദനായി നിൽക്കുന്ന എന്നെ നോക്കി അവൾ ചിരിച്ചു .ഒപ്പം അച്ഛനും അമ്മയും .എല്ലാം എല്ലാം തന്നെ എന്നെ അത്ഭുതപ്പെടുത്തി. എന്തൊക്കെയോ മനസ്സിലായെങ്കിലും അറിവില്ലായ്മകൾ കൂടികലർത്തപ്പെട്ട അവ്യക്തതയുടെ ഒരു പ്രത്യേക അവസ്ഥയിലേക്ക് എത്തിപ്പെടുന്നതായി എനിക്ക് തോന്നി. അവൾ എൻറെ കയ്യിൽ പിടിച്ചു .അച്ഛൻറെയും അമ്മയുടെയും അനുഗ്രഹത്തിന്റെയും അനുവാദത്തിന്റെയും ധ്വനിയിലുള്ള മന്ദഹാസത്തിന്റെ മദ്ധ്യേ ഞങ്ങൾ പുറത്തേക്കു നടന്നു . അങ്ങനെ ഞങ്ങൾ മേഘങ്ങളെപോലെ ഒഴുകി സഞ്ചരിച്ചു. യാത്രയിലുടനീളം ഞാൻ സംസാരിച്ചത് എനിക്ക് അവളോടുള്ള സ്നേഹത്തെക്കുറിച്ചായിരുന്നു. ഒരുകാലത്ത് അവളോട് എന്ത് സംസാരിക്കണമെന്ന് ഞാൻ ചിന്തിക്കാറുണ്ടായിരുന്നു. വേറെ ആരെങ്കിലുമായിരുന്നെങ്കിൽ എനിക്ക് കണക്കറ്റ വിഷയങ്ങളുണ്ടായിരുന്നു. പക്ഷേ ,അവളോട് സംസാരിക്കാൻ എനിക്ക് പരിമിതങ്ങളായ വിഷയങ്ങളെ ഉണ്ടായിരുന്നുള്ളൂ. എന്നെക്കുറിച്ച് അവളെക്കുറിച്ച് പിന്നെ ഞങ്ങൾക്ക് മാത്രമായി കിട്ടിയ നിമിഷങ്ങളെക്കുറിച്ച്. അത്രമാത്രം...... അവളുടെ ചുണ്ടുകൾ മന്ദഹാസം കൊണ്ട് നിറഞ്ഞിരുന്നു. കൈവിട്ടുപോകുന്ന പോകുന്ന ഒരു സ്വപ്നം പോലെ ഞാൻ അവളെ ചേർത്തുപിടിച്ചു .അവളുടെ മുടിയുടെ കോന്തലുകൾ എൻറെ ചുമലിൽ കാറ്റത്ത് പറന്നിരുന്നു..... യാത്ര എന്തോ പ്രത്യേകതകളുടെ സങ്കലനയായിരുന്നു. അനുഭൂതികളുടെ സങ്കലനം .….. മഞ്ഞ് ഞങ്ങളുടെ പാതയിലേക്ക് അരിച്ചരിച്ചെത്തി .തണുപ്പ് തീവ്രമായ അനുരാഗം പോലെ ശരീരത്തെ പൊതിഞ്ഞു. " ഇതു രാത്രിയാണോ പകലാണോ ?" ഞാൻ ചോദിച്ചു. "ആവോ " "ചന്ദ്രൻ?" ഞാൻ പറഞ്ഞു. "എന്തിനാ ഇങ്ങനെ ചിന്തക്കണെ. കൊച്ചുകുട്ടികളെപ്പോലെ ചന്ദ്രനെ നോക്ക്യേ..... കടലാസ് പറ്റിച്ചതുപോലെ..... നമ്മൾക്ക് രണ്ടു കുഞ്ഞുഞ്ഞികളാകാം ....." എനിക്ക് അത് സമ്മതമായിരുന്നു. ഏതോ ഒരു അറിവിൻറെ കണിക എന്റെ ഉള്ളിൽ മിന്നിമറഞ്ഞു. " എന്റെ കുഞ്ഞൂഞ്ഞി ....." ഞാൻ വിളിച്ചു . അവൾ ചിരിച്ചുകൊണ്ട് വിളികേട്ടു. അവൾ കൈചൂണ്ടിയിടത്തേക്ക് ഞാൻ നോക്കി . കുന്നിൻറെ മുകളിൽ നിലാവിൽ ( അതോ വെയിലിലോ) തിളങ്ങി നിൽക്കുന്ന മനോഹരമായ ഒരു ദേവാലയം . ആ നിമിഷത്തിൽ അവിടെ പൊന്തി വന്നതുപോലെ. പെട്ടെന്ന് അവളോടുള്ള സ്നേഹത്താൽ ഞാൻ വീർപ്പുമുട്ടി. അവളുടെ കൈപിടിച്ച് ഞാൻ ദേവാലയത്തിലേക്ക് ഓടി..... നിലാവിൽ പലതരം പൂക്കളുടെ മദ്ധ്യേ ഒരു കൊച്ചു ദേവാലയം. ചുവരുകളിൽ നിലാവു തട്ടി ശോഭിക്കുന്നു. അങ്ങനെ ഒരു ദേവാലയം ഇതിന് മുമ്പ് ഒരിക്കലും കണ്ടിരുന്നില്ല. ദേവാലയത്തിന്റെ പ്രധാന കവാടം വഴി അകത്തു കടന്നു . ദേവാലയത്തിൽ സ്ഥാപിച്ചിരുന്ന പഴയ ക്ലോക്ക് മണി അടിച്ചു..... ഏതോ സമയം. വിജനത. ദേവാലയത്തിൽ രണ്ട് വ്യക്തികൾ മാത്രം. പരസ്പരം സ്നേഹിക്കുന്നവർ.... പുറത്തുള്ള ലോകം ഏതോ വിദൂരതയിൽ അങ്ങകലെ. ദേവാലയത്തിന്റെ പ്രകാശമാനമായ, വിജനമായ അവസ്ഥയിൽ ഇനി ഒട്ടുനേരം ജീവിക്കണമെന്നും, ഒളിച്ചേ പാത്തേ, അക്ക്, കല്ലു കൊത്തിക്കളി, ഞൊട്ടിപ്പിടുത്തം മുതലായ അനേകം കുഞ്ഞൂഞ്ഞിക്കളികൾ കളിക്കണമെന്നും ഞങ്ങൾ ആഗ്രഹിച്ചു. പക്ഷേ , അവ്യക്തമായ ലക്ഷ്യപ്രാപ്തി ഞങ്ങളെ മുന്നോട്ട് നയിച്ചു. ദേവാലയത്തിൽ നിന്ന് പുറത്തേക്ക്... പിന്നെ സ്വപ്ന സാദൃശ്യമായ താഴ്വാരം.... ഞങ്ങൾ മുന്നോട്ട് നീങ്ങി. " നമ്മൾക്ക് ജീവിക്കണം...." അപ്പോൾ ഒരു ചെറു മന്ദഹാസത്തിനിടയിൽ അവൾ ചുണ്ടനക്കി. " എന്നുവരെ....?" പെട്ടെന്ന് ഒരു ഉത്തരം എനിക്ക് അപ്രാവ്യമായിരുന്നു. സമയത്തെക്കുറിച്ച് കാലത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു.... "അങ്ങുവരെ..." അത്രമാത്രം പറഞ്ഞ് ഞാൻ അവളുടെ കവിളിൽ ചുംബിച്ചു. ആ നിമിഷം അവളുടെ സാമീപ്യം എൻറെ മനസ്സിൽ സുഖമുള്ള ലേപനമായി പടർന്നു. കടന്നുപോയ നിമിഷങ്ങളുടെ നഷ്ടബോധം വരാനിരിക്കുന്നവയുടെ ലാഭത്തിൽ കിഴിച്ച് കണക്കുകൂട്ടുമ്പോൾ അവൾ മൊഴിഞ്ഞു. മുന്നോട്ട് ... സാധാരണത്വത്തിൻെറ ചരടിൽ യുക്തി തരം തിരിക്കുമ്പോൾ അവൾ വിലക്കി. "ചിന്തകൾ പുറകിലേക്ക് നയിക്കാൻ പാടില്ല.. അവയുടെ ബാഹുല്യത്തിൽ എന്തിന് ഇന്നിനെ നമ്മളെ ....മറക്കണം ...." അവളുടെ അറിവിൻറെ പ്രകാശത്തിൽ എൻറെ വേദനകൾ ആകുന്നു ...ദീപ്തമായ അനുഭൂതിയായി പ്രകാശമായി അവൾ എൻറെ മനസ്സിൽ നിറഞ്ഞു . പാത ഒരു ഗുഹയിലേക്ക് പ്രവേശിച്ചപ്പോൾ ഞാൻ അമ്പരന്നില്ല. കാരണം ഗുഹയുടെ അങ്ങേ കവാടത്തിൽ വിരിഞ്ഞ പൂക്കളുടെ മനോഹാരിതയും ഇളംകാറ്റിൻെറ നിർവൃതിയും അത്ര ശക്തമായി ഉണ്ടായിരുന്നു. മുന്നേറവേ ഇരുട്ടിൻെറയും വായുവിൻെറയും കട്ടി ഏറിവന്നു .ഗുഹയുടെ ഉള്ള് പരന്ന് ഇടുങ്ങി. കൈകൾ കൊരുത്ത് നീങ്ങവേ ഞങ്ങളുടെ കാലുകളെ തഴുകി ഒഴുകുന്ന ജലം പകർന്ന കുളിർമയുടെ നൈമിഷിക അനുഭൂതിയും അടുത്ത നിമിഷം പ്രയാണത്തിൻെറ ദുഷ്‌കരതയും മിന്നായം പോലെ മനസ്സിൽ കടന്നു കൂടി. ഗുഹയിൽ വരമ്പുകൾ ഉള്ളതായും, അവ ഓരോന്നും പിന്തിരിപ്പിക്കണതും ഞങ്ങൾ അറിഞ്ഞു. വരമ്പുകൾക്കിടയിലൂടെ ഇഴഞ്ഞ് മുന്നോട്ട് നീങ്ങവേ അവളുടെ കണ്ണുകളിലെ പ്രകാശവും, നിശ്വാസത്തിൻറെ ഊഷ്മളതയും എനിക്ക് ആശ്വാസമായി. ഇരുട്ടിൻെറയും ഒഴുകി എത്തുന്ന ജലത്തിൻെറയും വരമ്പുകളുടെയും മധ്യേ പ്രയാണത്തിൻെറ അവ്യക്തത ഞങ്ങളെ പിൻതുടർന്നു . ഏതോ ഇച്‌ഛാഭംഗത്തിൻെറ മുറിവുകളുമായി ഞങ്ങൾക്ക് എതിരെ മന്ദമാരുതൻ വീഴ്ത്തി വീശിയെത്തി. അടുത്ത വരമ്പുകൾക്കിടയിലൂടെ നൂർന്ന് കയറാൻ ലക്ഷ്യം വയ്ക്കവേ ബോധത്തിൻെറ വിലക്കിൽ ഞാൻ പിൻവാങ്ങാൻ തീരുമാനിച്ചു. എൻറെ ബോധം അവളെ തേടിച്ചെന്നു. ഞാൻ പിൻതിരിഞ്ഞ നിമിഷം തന്നെ അവളും പിൻതിരിഞ്ഞു. ഇടുങ്ങിയ വരമ്പുകൾക്കിടയിൽ ഞെരിഞ്ഞമർന്ന് മുന്നോട്ടും പിന്നോട്ടും ഇല്ലാത്ത സന്ദിഗ്ദ്ധാവസ്ഥയിൽ ശ്വാസത്തിനായി ബദ്ധപ്പെട്ട് ഞാൻ അവളെ തിരഞ്ഞു. ബോധത്തിൻെറ അന്യതയിൽ വരമ്പുകൾക്ക് അപ്പുറത്ത് അവൾ എത്തിച്ചേർന്നിരുന്നു.... അവസാന ശ്വാസത്തിൻെറ ഊർജ്ജവും പേറി ഞാൻ വിളിച്ചു... " എൻറെ പെണ്ണെ....." വരമ്പുകളിൽ തട്ടി ഒഴുകുന്ന ജലത്തിൻറെ ആരവത്തിൽ എൻറെ വിളി അലിഞ്ഞ് ഇല്ലാതായി. റ്റിജി തോമസ് റ്റിജി തോമസിന്റെ ചെറുകഥകള്‍ ദീപിക ദിനപത്രം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക്ഫാസ്റ്റിലും സ്വന്തം രചനകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചിതാവാണ്. ഇപ്പോൾ തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ വകുപ്പ് മേധാവി. [email protected]
ആദില ഹുസൈൻ ഞാൻ ചെ, ഫാഷനിൽ വിളിക്കാൻ വേണ്ടി അനുമോൾ തന്ന പേരാണ്, പേര് കേട്ടിട്ട് മറ്റേതോ രാജ്യക്കാരിയാണെന്നൊന്നും കരുതല്ലേ, കേരളത്തിൽ പിറന്ന നല്ലൊന്നാന്തരം മലയാളിയാണ് കേട്ടോ, മുഴോൻ പേര് ചേക്കുട്ടി ചേക്കുട്ടിപ്പാവ ഫ്രം ചേന്ദമംഗലം, ചെറിനെ അതിജീവിച്ച കുട്ടി തന്നെ. ചരിത്രവും ഭൂമിശാസ്ത്രവും സംസ്കൃതിയുമൊക്കെ ഇഴുക്കിച്ചേർത്തു പറഞ്ഞാൽ അതിജീവനത്തിന്റെ അടയാളം. പ്രളയ ബാക്കിയായ കൈത്തറി സാരികളിൽ നിന്നും അങ്ങേയറ്റം കരുതലോടെ മുറിച്ചെടുത്തു തുന്നിയതാണെന്നെ. നവ കേരളം പടുത്തുയർത്താൻ ജാതിമതഭേദമന്യേ കേരളീയർ കൈകോർത്തപ്പോൾ പിറന്നവളാണ് ഞാൻ. ഈ കഥയൊക്കെ പറയുമ്പോൾ ഇന്ദ്രപ്രസ്ഥത്തിലാട്ടോ ഞാനിപ്പോ. ന്നുവെച്ചാൽ പുരാനി ദില്ലിയിൽ അനുക്കുട്ടിയോടൊപ്പം പ്രവേശന പരീക്ഷ എഴുതാൻ വന്നതാ ഞാൻ. അനുക്കുട്ടിയുടെ അടുത്ത് ഞാൻ എത്തിയതെങ്ങനെ എന്നൊന്നും എനിക്കറിയില്ല ട്ടോ. ഒരീസം കണ്ണുതുറന്നപ്പോൾ പല വർണ്ണ നൂലുകൾ തുന്നിയ ഒരു തുണി ബാഗിൽ തൂക്കിയിട്ടിരിക്കുകയായിരുന്നു എന്നെ. പ്രളയം പോയിട്ട് ഒന്നൂടെ വന്നു, കൊറോണ വന്നു പിന്നേം വന്നു ഒന്നൂടെ വ ന്നു അപ്പോഴെല്ലാം ഞാൻ അനൂന്റെ മുറീൽ തന്നെ. ഏകാന്തവാസമൊന്നും അല്ലാട്ടോ അനുകുട്ടി മിടുമിടുക്കിയാ പാട്ടും കവിതയും ചിത്രംവരയും വായനയുമൊക്കെയായി രണ്ടു കൊല്ലത്തിനടുത്ത് അവളെ കണ്ടിരിക്കാൻ തന്നെയായിരുന്നു എനിക്കേറ്റവും ഇഷ്ടം. ആളിന് കുന്നോളം സ്വപ്നങ്ങൾ ആന്നേ,പുറത്തു പോയി പഠിക്കണം കുറെ എഴുതണം പ്രസംഗിക്കണം പ്രതികരിക്കണം ന്നൊക്കെ. എനിക്കും ആളുടെ കൂടെ കൂടി ഏതാണ്ട് അങ്ങനെ ഒക്കെ തന്നെ ആയി. ലോകം കാണണമെന്നാണ് എന്റെ ഏറ്റോം വല്യ സ്വപ്നം. അങ്ങനെ വീണു കിട്ടിയതാണ് ദില്ലി യാത്ര. ആളുടെ ബാഗിൽ തൂങ്ങിക്കിടന്ന് ട്രെയിനിലെ എന്തോരം മനുഷ്യരെയാ ഞാൻ കണ്ടതെന്നോ. അനുക്കുട്ടി തനി കിലുക്കാം പെട്ടി എത്ര പേരോടാ വർത്താനം പറയുന്നത്. എനിക്കണേൽ എല്ലാ ഭാഷയും മനസ്സിലാവുന്നുമുണ്ട്. അത് എനിക്ക് തന്നെ പുതിയ ഒരു അറിവായിരുന്നു കേട്ടോ. രണ്ടു ദിവസത്തെ യാത്രയ്ക്കൊടുവിൽ നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷൻ എത്തി. പുറത്തു കടന്നപ്പോൾ അല്ലേ തമാശ. ഓട്ടോറിക്ഷക്കാരും ടാക്സി മാമൻ മാരും എല്ലാരൂടെ ഓടിവന്നൊരു പൊതിയലാ. 100 റുപ്യെന്റെ ഓട്ടത്തിന് 400ഉം 500ഉം ചോദിക്കുന്നത് മാത്രമല്ല എന്തൊക്കെ നട്ടാൽ കുരുക്കാത്ത നൊണകളാ പറഞ്ഞതെന്ന് അറിയോ. ഡൽഹിയിൽ വെള്ളപ്പൊക്കം ആണത്രേ!ന്നിട്ട് മുട്ടുവരെ പാന്റ് തെറുത്തുവെച്ച് കാണിച്ചുതരുന്നു. അതും ആരോടാ? ഈ ചേക്കുട്ടിപ്പാവ യോട് (യ്യോ അല്ല അനുക്കുട്ടിയോട് ) പിന്നെ പറയണ ഞായറാഴ്ച മെട്രോ ഓടൂല്ലെന്ന് അതും നട്ടുച്ച നട്രാനും വെയിലത്ത്. എന്റെ മാമൻമാരെ ഡൽഹി മെട്രോ ആഴ്ചയിൽ ഏഴു ദിവസവും രാവിലെ 6 മണി മുതൽ 11 വരെ ണ്ട്ന്ന് ആർക്കാണ് അറിയാൻ മേലാത്തത്. ദേ ഒരു കാര്യം പറഞ്ഞരാം, ഞാൻ അധികം പുറത്തൊന്നും പോയിട്ടല്ല എന്നാലും എല്ലാ സാധാരണക്കാരായ യാത്രക്കാരും അറിയേണ്ടതാ. മുൻപരിചയമില്ലാത്ത റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ പാടെ കാണുന്ന ഓട്ടോ-ടാക്സി മാമന്മാരെ ഒറ്റയടിക്ക് വിശ്വസിക്കല്ലേ. കുറച്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ കിട്ടണ വണ്ടി പിടിക്കാൻ നോക്കിക്കോ ഇല്ലേൽ നല്ലോം പറ്റിക്കപ്പെടുവേ. എന്തായാലും അനുവും കൂട്ടുകാരും കുറച്ചു മാറി ഓട്ടോ പിടിച്ചു അതുകൊണ്ട് അധികം പൈസ ചെലവായതുമില്ല. അങ്ങനെ അനുവിന് പരീക്ഷയ്ക്ക് കൂട്ടു പോയും,ഹുമയൂൺ ടോമ്പും, ജമാ മസ്ജിദും,ലോട്ടസ് ടെമ്പിളും, ലോധി ഗാർഡനുമൊക്കെ കണ്ടും,മെട്രോ, ഫട് ഫട്,സൈക്കിൾ റിക്ഷാ,സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന ബസുകളിലും ഇ റിക്ഷയിലുമൊക്കെ കയറിയിറങ്ങി നടക്കുമ്പോഴാണ് , രാജ്യതലസ്ഥാനത്തിന്റെ മറ്റൊരു മുഖം ശ്രദ്ധയിൽപ്പെട്ടത്. തലചായ്ക്കാൻ വീടില്ലാതെ ഉടുത്തു മാറാൻ മറുതുണിയില്ലാതെ കരിപുരണ്ട ദേഹവും ഒടുങ്ങാത്ത വിശപ്പുമുള്ള, പുഴുക്കൾ നുരക്കുന്ന ഗട്ടറിലെ വെള്ളം പോലും ഇരുമ്പ് പാട്ടയിൽ കോരിയെടുത്ത് കുടിക്കുന്ന കുഞ്ഞുങ്ങൾ, മെട്രോ പാതയുടെ ചുവട്ടിൽ കിടന്നുറങ്ങുന്ന വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് ആധാറില്ലാത്ത റേഷൻകാർഡിൽ ഇല്ലാത്ത മനുഷ്യർ. അവർ അനാഥരാണ്. ഞാനോ ? ഇനി ഞാൻ എങ്ങനെയാണ് അനുവിന് ഒപ്പം തിരിച്ചു പോവുക, സമാധാനമായി ഉറങ്ങുന്നത് . എന്റെ അജ്ഞതയുടെ പുതപ്പ് കീറി, അത് നൽകുന്ന സുരക്ഷ ഇനി എനിക്കില്ല. മടങ്ങി പോകേണ്ടെന്ന് തീരുമാനിച്ചു. അവളോട് യാത്ര ചോദിക്കുന്നില്ല. ബാഗിൽ നിന്ന് പിടിവിട്ട് നേരെ താഴെ അഴുക്കുചാലുകൾ നിറഞ്ഞ ഗല്ലിയിലേക്ക്. അതിജീവനത്തിന്റെ മറ്റൊരു ചേക്കുട്ടി യുടെ കഥ ഇവിടെ തുടങ്ങുന്നു. ആദില ഹുസൈൻ കായംകുളം സ്വദേശിയാണ്, തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ ബി എ , ഡൽഹി ജാമിയ മിലിയ ഇസ്ലാമിയയിൽ എം എ. ആദില ഹുസൈന്റെ കവിതകൾ എന്ന കവിത സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. വിവർത്തനം, കഥ, കവിത, ആസ്വാദനം, വിമർശനം, അധ്യാപനം എന്നീ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു. സമകാലികങ്ങളിൽ എഴുതാറുണ്ട്.
ശബ്ന രവി മരുഭൂവായി മാറിയ മനസ്സിലിന്നൊരു പുതുമഴ പെയ്യുന്ന സുഖമറിയുന്നു ഒരു നേർത്ത തൂവലാൽ ആത്മാവിനാഴത്തിൽ ആരോ തഴുകുന്ന സുഖമറിയുന്നു. സ്നേഹമാം വിരലുകൾ കൊണ്ടെന്റെ മൺവീണ ആർദ്രമായി മീട്ടുന്ന സുഖമറിയുന്നു അകലെയൊരിടയന്റെ മധുരമാം കുഴൽവിളി കാറ്റലയായ് പുണരുന്ന സുഖമറിയുന്നു. എന്നോ വാടിക്കൊഴിഞ്ഞ കിനാവുകൾ വീണ്ടും തളിർക്കുന്ന സുഖമറിയുന്നു വറ്റിവരണ്ട മോഹമാം നദിയിൽ തെളിനീർ കിനിയുന്ന സുഖമറിയുന്നു. ഇരുൾനീങ്ങി മെല്ലെ പ്രഭാതകിരണങ്ങൾ മിഴികളെ പുൽകുന്ന സുഖമറിയുന്നു പുതിയപ്രതീക്ഷകൾ നിറമുള്ള സ്വപ്നങ്ങൾ- ക്കർത്ഥങ്ങൾ നൽകുന്ന സുഖമറിയുന്നു. ശബ്ന രവി എറണാകുളത്ത് റവന്യൂ വകുപ്പിൽ ഉദ്യോഗസ്ഥയാണ്. കേരള സർവകലാശാലയിൽ ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന ശ്രീ.ടി.ആർ. രാമദാസിന്റെ മകളും സൗദി അറേബ്യയിൽ എസ് ജി എസ് ഗ്ലോബൽ കമ്പനി മാനേജർ ഡോ. രവിയുടെ ഭാര്യയുമാണ്. പതിനൊന്നാം ക്ലാസ് വിദ്യാർഥിയായ ഋഷികേശ് മകനാണ് . വായന ,സംഗീതം, സിനിമ എന്നിവ ഇഷ്ടപ്പെടുന്നു. കവിതകളും ലേഖനങ്ങളും എഴുതാറുണ്ട് .ഓൺലൈൻ പോർട്ടലുകളിൽ പല കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇമെയിൽ വിലാസം : Shabna [email protected]
ന്യൂസ് ഡെസ്ക് മലയാളം യുകെ ലോകമെമ്പാടുമുള്ള പ്രിയ വായനക്കാർക്ക് മലയാളം യുകെ ന്യൂസ് ടീമിൻറെ തിരുവോണാശംസകൾ. മലയാളികൾ ഏറ്റവും കൂടുതൽ ആഘോഷിക്കാൻ ഇഷ്ടപ്പെടുന്ന ഉത്സവമാണ് തിരുവോണം. പോയ്മറഞ്ഞ കാർഷിക സംസ്കാരത്തിന്റെ ഓർമ്മകൾ നെഞ്ചിലേറ്റി പൊന്നിൻ ചിങ്ങത്തിലെ തിരുവോണനാളിൽ ലോകമെങ്ങുമുള്ള പ്രവാസി മലയാളികൾ മനസ്സുകൊണ്ടെങ്കിലും കളിച്ചുവളർന്ന നാടിന്റെ ഓർമ്മകളിലായിരിക്കും. കോവിഡിന്റെ നീരാളിപ്പിടുത്തം മൂലം രണ്ടാം വർഷമാണ് ഓണാഘോഷം രോഗ വ്യാപനത്തിൽ മുങ്ങി പോകുന്നത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള യാത്രാ വിലക്കുകൾ മൂലം പ്രവാസി മലയാളികളിൽ പലരും നാട്ടിലുള്ള ബന്ധുക്കളും സുഹൃത്തുക്കളുമായി ഒത്തുചേർന്നിട്ട് തന്നെ ഏറെ നാളുകളായി. എങ്കിലും പ്രതികൂല പരിസ്ഥിതിയിലും തങ്ങളാലാവുന്ന വിധം ഓണാഘോഷങ്ങൾ ഗംഭീരമാക്കാൻ ലോകമെങ്ങുമുള്ള മലയാളികൾ പരിശ്രമിച്ചിട്ടുണ്ട് . സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡിജിറ്റൽ ഓണാഘോഷങ്ങളും ഒത്തുചേരലുകളുമായി ലോകമെങ്ങുമുള്ള മലയാളികൾ തിരുവോണം കൊണ്ടാടുകയാണ്. അത്തം മുതൽ തിരുവോണം വരെ എല്ലാ ദിവസങ്ങളിലും കഥകൾ, കവിതകൾ, ലേഖനങ്ങൾ അനുഭവക്കുറിപ്പുകൾ തുടങ്ങി ഒട്ടനവധി സാഹിത്യ വിഭവങ്ങൾ വായനക്കാർക്കായി ഒരുക്കാൻ മലയാളം യുകെയ്ക്ക് കഴിഞ്ഞതിലുള്ള സന്തോഷം വായനക്കാരുമായി പങ്കുവെയ്ക്കുന്നു. മൈതാനങ്ങളെ പുളകം കൊള്ളിച്ച മലയാളികളുടെ പ്രിയപ്പെട്ട ഫുട്ബോൾ മാന്ത്രികനായ ഐഎം വിജയനും മലയാളികളുടെ പ്രിയതാരം രജീഷാ വിജയനും ഉൾപ്പെടെ നാല്പതോളം എഴുത്തുകാരുടെ രചനകളാണ് മലയാളം യുകെയിലൂടെ വായനക്കാരിലേയ്ക്ക് എത്തിയത്. ലോകമെങ്ങുമുള്ള വായനക്കാർക്ക് മലയാളം യുകെ ന്യൂസ് ടീമിന്റെ തിരുവോണാശംസകൾ  
RECENT POSTS
Copyright © . All rights reserved