parking
ലണ്ടന്‍: ഒരു വശത്തു കോവിഡ് രണ്ടാമത്തെ സംഹാരതാണ്ഡവത്തിൽ വീർപ്പുമുട്ടുന്ന ആരോഗ്യമേഖലയിലെ ജീവനക്കാർ. കോവിദാന്തര ശമ്പളവർദ്ധനവ് നിഷേധിക്കപ്പെട്ട അല്ലെങ്കിൽ തുച്ഛമായ തുക ലഭിച്ച മലയാളികൾ ഉൾപ്പെടുന്ന നഴ്‌സിംഗ് സമൂഹം. വേതന വര്‍ധനയ്ക്ക് മടി കാണിച്ചാലും എന്‍എച്ച്എസ് സ്റ്റാഫിനെ പിഴിയാനുള്ള തീരുമാനം സംബന്ധിച്ച വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതിനു ഏറ്റവും വലിയ തെളിവാണ് എന്‍എച്ച്എസ് സ്റ്റാഫിന് ഹോസ്പിറ്റല്‍ പാര്‍ക്കിംഗ് ഫീസില്‍ 200% വര്‍ദ്ധന. പാര്‍ക്കിംഗ് ഫീസില്‍ വമ്പിച്ച വര്‍ദ്ധനയോടെ മലയാളി നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ ആയിരക്കണക്കിന് എന്‍എച്ച്എസ് ജീവനക്കാരുടെ പോക്കറ്റ് കാലിയാവുന്ന വാർത്തയാണ് പുറത്തുവരുന്നത്. എന്‍എച്ച്എസ് ജീവനക്കാര്‍ക്കുള്ള ആനുവല്‍ പാര്‍ക്കിംഗ് പെര്‍മിറ്റുകളില്‍ 200 ശതമാനം വര്‍ദ്ധനവ് വരുന്നതായ ആഭ്യന്തര രേഖ ചോര്‍ന്നതോടെയാണ് എന്‍എച്ച്എസ് സ്റ്റാഫിനെ കാത്തിരിക്കുന്ന ഇരുട്ടടി പുറത്തുവന്നത്. ഇതോടെ പുതിയ പെര്‍മിറ്റുകള്‍ക്ക് 1440 പൗണ്ട് വരെ ചെലവ് വരും. ഡിസമ്പർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും എന്നാണ് രേഖ പറയുന്നത്. എന്‍എച്ച്എസില്‍ 30 വര്‍ഷക്കാലം ജോലി ചെയ്ത സീനിയര്‍ നഴ്‌സിന്റെ വാർഷിക പാര്‍ക്കിംഗ് ചാര്‍ജ്ജ് 240 പൗണ്ടില്‍ നിന്നും 720 പൗണ്ടായി ഉയരും. 'നഴ്‌സുമാരെന്ന നിലയില്‍ മോശം അനുഭവങ്ങളാണ് നേരിടുന്നത്, യഥാര്‍ത്ഥ ശമ്പള വര്‍ദ്ധന പോലുമില്ല. മാനസികമായി മോശം അവസ്ഥയിലാണ്. ഹോസ്പിറ്റല്‍ ഒരു തരത്തിലും ഞങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നത് ഒരു യാഥാർത്യമാണ്, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു നഴ്‌സ് വാർത്തയോട് പ്രതികരിച്ചു. തന്റെ സഹജീവനക്കാരും ഈ വിഷയത്തില്‍ രോഷാകുലരാണെങ്കിലും വിവരങ്ങള്‍ പുറത്തുപറയുന്നവര്‍ക്ക് എന്‍എച്ച്എസില്‍ ലഭിക്കുന്ന 'നന്ദിപ്രകടനം' അത്ര സുഖകരമല്ലാത്തതിനാലാണ് പലരും മിണ്ടാതിരിക്കുന്നതെന്നും നഴ്‌സ് വ്യക്തമാക്കി. കോവിഡിന്റെ രണ്ടാം വ്യാപനത്തിന്റെ മധ്യത്തിലും ധീരമായി പൊരുതുന്ന എന്‍എച്ച്എസ് ജീവനക്കാരുടെ മുഖത്തുള്ള അടിയാണ് ഇതെന്ന് ലേബര്‍ ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോന്നാഥന്‍ ആഷ്‌വര്‍ത്ത് പ്രതികരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹാന്‍കോക് പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണം എന്ന് ആഷ്‌വര്‍ത്ത് ആവശ്യപ്പെട്ടു. ഫ്രീ പാര്‍ക്കിംഗ് അനിശ്ചിതമായി നീട്ടാന്‍ കഴിയില്ലെന്ന് ഒരു ഹെല്‍ത്ത് മിനിസ്റ്റര്‍ വ്യക്തമാക്കിയിരുന്നു. പുതിയ പെര്‍മിറ്റുകളും, വിലയും ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രസ്തുത ട്രസ്റ്റിലെ ജീവനക്കാരെ അറിയിച്ചിരിക്കുന്നത്. എന്‍എച്ച്എസ് ജീവനക്കാരെ വിലക്കയറ്റത്തില്‍ നിന്നും രക്ഷിക്കാന്‍ സർക്കാർ പ്രത്യേക നടപടി സ്വീകരിച്ചിട്ടുമില്ല. ലണ്ടന്‍ കിംഗ്‌സ് കോളേജ് ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റാണ് പാര്‍ക്കിംഗ് ഫീ വര്‍ദ്ധന സംബന്ധിച്ച് ജീവനക്കാര്‍ക്ക് ഇമെയില്‍ അയച്ചത്. ചില രോഗികള്‍ക്ക് സൗജന്യ പാര്‍ക്കിംഗ് അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് വര്‍ദ്ധനയ്ക്ക് പിന്നിലെന്ന് ട്രസ്റ്റ് കുറ്റപ്പെടുത്തി. ടോറി പ്രകടനപത്രിക അനുസരിച്ച് പുതുവര്‍ഷം മുതല്‍ വികലാംഗര്‍ക്കും, നൈറ്റ് ഷിഫ്റ്റിനെത്തുന്ന ജീവനക്കാര്‍ക്കും ഉള്‍പ്പെടെ ചില ഗ്രൂപ്പുകള്‍ക്ക് ഫ്രീ പാര്‍ക്കിംഗ് നല്‍കേണ്ടതാണ്. കാര്‍ പാര്‍ക്കിംഗ് പാര്‍ട്ണര്‍ഷിപ്പാണ് എന്‍എച്ച്എസ് ഹോസ്പിറ്റലുകളിലെ പാര്‍ക്കിംഗ് ലോട്ട് കൈകാര്യം ചെയ്യുന്നത്. പിതൃസ്ഥാപനമായ പാർക്കിംഗ് ഐ ക്ക് കിട്ടുന്നതിന്റെ 80 ശതമാനവും ലഭിക്കുന്നത്. 2018 ൽ മുൻ ഓണർ ആയ ക്യാപിറ്റ എന്ന കമ്പനിക്ക് ഡിവിഡന്റ് ആയി നൽകിയത് അഞ്ച് മില്യൺ ആണ് എന്ന് കമ്പനി റെക്കോഡുകൾ പറയുന്നു. സൗജന്യ പാര്‍ക്കിംഗ് തുടരാനാവില്ലെന്ന് സമ്മറില്‍ ഹെല്‍ത്ത് മിനിസ്റ്റര്‍ മുന്നറിയിപ്പേകിയിരുന്നു. എന്നാല്‍ സൗജന്യ പാര്‍ക്കിംഗ് എപ്പോള്‍ അവസാനിക്കുമെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നുമില്ല. വാർത്ത പുറത്തുവന്നതോടെ ഇതുമായി ചോദ്യങ്ങളോടെ അധികൃതർ പ്രതികരിച്ചത് ഇങ്ങനെ. സൗജന്യ പാർക്കിംഗ് ആണ് ഫീ കൂട്ടുവാനുള്ള പ്രധാന കാരണമെന്നും അറിയിച്ചു. സംഭവം വിവാദമായതോടെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വർദ്ധനവ് നടപ്പാക്കുന്നില്ല എന്നാണ് ട്രസ്റ്റ് പറഞ്ഞത്. ഇതേസമയം പാർക്കിംഗ് ഫീ വർദ്ധനവുമായി പാർക്കിംഗ് ഐ ക്ക് ബന്ധമില്ലെന്നും തീരുമാനിക്കുന്നത് ട്രസ്റ്റുകൾ ആണ് എന്നുമാണ് വാർത്തയുമായി ബന്ധപ്പെട്ട പ്രതികരണം.
ആശുപത്രികളിലെ പാര്‍ക്കിംഗ് ചാര്‍ജുകളെച്ചൊല്ലിയുള്ള പരാതികള്‍ തുടരുന്നതിനിടെ നഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള പാര്‍ക്കിംഗ് ചാര്‍ജുകള്‍ പൂര്‍ണ്ണമായും ഇളവു ചെയ്ത് എന്‍എച്ച്എസ് ആശുപത്രി. എസെക്‌സിലെ കോള്‍ചെസ്റ്റര്‍ ജനറലിലാണ് ജീവനക്കാരുടെ പാര്‍ക്കിംഗ് ചാര്‍ജുകളില്‍ ഇളവു വരുത്തിയത്. മൂന്നു മാസത്തേക്കാണ് ഇത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ കാലാവധിക്കു ശേഷം 1.50 പൗണ്ട് നിരക്കില്‍ ഒരു ദിവസത്തെ പാര്‍ക്കിംഗിന് സൗകര്യമൊരുക്കും. ഇപ്പോള്‍ വാങ്ങുന്നതിന്റെ പകുതി നിരക്കാണ് ഇത്. ആശുപത്രി പാര്‍ക്കിംഗിനായി എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ഈടാക്കുന്നത് വലിയ നിരക്കാണെന്ന പരാതി നാളുകളായി ഉയര്‍ന്നു കേള്‍ക്കുന്നതാണ്. ഇംഗ്ലണ്ടിലെ 10 എന്‍എച്ച്എസ് ട്രസ്റ്റുകള്‍ പാര്‍ക്കിംഗ് ഫീസ് ഇനത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം ഈടാക്കിയത് 200 മില്യന്‍ പൗണ്ട് വരും. പാര്‍ക്കിംഗ് ഫീസ് എടുത്തു കളയണമെന്ന ആവശ്യവും ശക്തമാണ്. കോള്‍ചെസ്റ്ററിലെ പാര്‍ക്ക് ആന്‍ഡ് റൈഡ് ബസ് രാത്രി 9 മണി വരെയാണ്. ശനിയാഴ്ചകളില്‍ ഇത് 7 മണിക്ക് അവസാനിക്കും. ഞായറാഴ്ചകളില്‍ ഈ ഇളവ് അനുവദിക്കുന്നില്ല. മൂന്നു മാസത്തേക്ക് ആശുപത്രി ജീവനക്കാര്‍ക്ക് ഇളവ് അനുവദിക്കാനുള്ള നീക്കം പബ്ലിക് സെക്ടര്‍ യൂണിയനായ യൂണിസണ്‍ സ്വാഗതം ചെയ്തു. ഈ ഇളവ് ദീര്‍ഘിപ്പിക്കണമെന്നാണ് യൂണിസണ്‍ ആവശ്യപ്പെടുന്നത്. സാധ്യമാകുമെങ്കില്‍ രോഗികളുടെയും ജീവനക്കാരുടെയും പാര്‍ക്കിംഗം പൂര്‍ണ്ണമായും സൗജന്യമാക്കാന്‍ ഹോസ്പിറ്റല്‍ അധികൃതര്‍ ശ്രമിക്കണമെന്ന് യൂണിസണ്‍ ഹെല്‍ത്ത് വിഭാഗം മേധാവി സാറ ഗോര്‍ട്ടന്‍ പറഞ്ഞു. പാര്‍ക്ക് ആന്‍ഡ് റൈഡ് സ്‌കീമുകള്‍ ഉപകാരപ്രദമാണ്. എന്നാല്‍ വീക്കെന്‍ഡില്‍ ജോലി ചെയ്യുന്നവരെയും പുലര്‍ച്ചെയും മറ്റും ജോലി അവസാനിപ്പിക്കുന്നവരെയും പരിഗണിക്കമെന്നും അവര്‍ ആവശ്യപ്പെട്ടു. ഈസ്റ്റ് സഫോള്‍ക്ക് ആന്‍ഡ് നോര്‍ത്ത് എസെക്‌സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഓണ്‍സൈറ്റ് പാര്‍ക്കിംഗ് പെര്‍മിറ്റുകള്‍ വളരെ കുറച്ചു മാത്രം അനുവദിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് ഇളവ് അനുവദിക്കാന്‍ ട്രസ്റ്റ് തീരുമാനിച്ചത്. 3000 ജീവനക്കാര്‍ക്കു വേണ്ടി 1000 പെര്‍മിറ്റുകള്‍ മാത്രമേ നല്‍കാനാകൂ എന്നാണ് ട്രസ്റ്റ് ആദ്യം നിലപാടെടുത്തത്. പാര്‍ക്ക് ആന്‍ഡ് റൈഡ് ഡിസ്‌കൗണ്ട് നല്‍കുന്നതിനായി പെര്‍മിറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുമെന്നും അറിയിച്ചിരുന്നു.
പ്രത്യക്ഷ വൈക്യല്യമില്ലാത്തവര്‍ക്കും ബ്ലൂ ബാഡ്ജ് പാര്‍ക്കിംഗ് പെര്‍മിറ്റ് അനുവദിക്കാനുള്ള നീക്കം സ്വാഗതം ചെയ്ത് ചാരിറ്റികള്‍. ഓട്ടിസം, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ എന്നിവരുടെ വാഹനങ്ങള്‍ക്കാണ് ബ്ലൂ ബാഡ്ജ് പാര്‍ക്കിംഗ് പെര്‍മിറ്റുകള്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. 40 വര്‍ഷമായി തുടര്‍ന്നു വരുന്ന രീതിയാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് മാറ്റിയെഴുതുന്നത്. 2019 മുതല്‍ പ്രത്യക്ഷ വൈകല്യമില്ലാത്ത ഇത്തരക്കാര്‍ക്ക് തങ്ങള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന വിധത്തിലാണ് നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. നിലവിലുള്ള നിയമത്തില്‍ ഇടപെടലുകള്‍ നടത്താന്‍ ലോക്കല്‍ കൗണ്‍സിലുകള്‍ക്ക് അനുമതി നല്‍കുകയാണ് ചെയ്തിരിക്കുന്നത്. ഇതിലൂടെ നിയമത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ സാധിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. ഭിന്നശേഷിയുള്ളവര്‍ക്ക് വളരെ സഹായകരമാണ് ബ്ലൂ ബാഡ്ജുകളെന്ന് ട്രാന്‍സ്‌പോര്‍ട്ട് മിനിസ്റ്റര്‍ ജെസ്സ് നോര്‍മന്‍ പറഞ്ഞു. ഇത് അവര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും ആത്മവിശ്വാസവും നല്‍കുന്നു. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന ഇളവുകള്‍ പ്രത്യക്ഷത്തില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് തോന്നിക്കുന്ന, എന്നാല്‍ വൈകല്യങ്ങളുള്ള ആളുകള്‍ക്ക് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഇളവിനെ യുകെ ചാരിറ്റികള്‍ സ്വാഗതം ചെയ്യുകയാണ്. മെന്റല്‍ ഹെല്‍ത്ത് ഫൗണ്ടേഷന്‍, മൈന്‍ഡ് ആന്‍ഡ് നാഷണല്‍ ഓട്ടിസ്റ്റിക് സൊസൈറ്റി തുടങ്ങിയ ചാരിറ്റികള്‍ നീക്കം സ്വാഗതാര്‍ഹമാണെന്ന് അറിയിച്ചു. 1970ലാണ് ബാഡ്ജ് സംവിധാനം അവതരിപ്പിച്ചത്. ഇംഗ്ലണ്ടില്‍ മാത്രം 2.4 മില്യന്‍ ആളുകള്‍ ഇതിന്റെ ഗുണഭോക്താക്കളാണ്.
ലണ്ടന്‍: നടപ്പാതകള്‍ തടസരഹിതമാക്കാനുള്ള പദ്ധതിയുമായി ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട്. വീല്‍ച്ചെയര്‍ ഉപയോഗിക്കുന്നവര്‍, പുഷ്‌ചെയര്‍ ഉപയോഗിക്കുന്നവര്‍, കാഴ്ചാ വൈകല്യമുള്ളവര്‍ എന്നിവര്‍ക്ക് തടസമാകുന്ന വിധത്തില്‍ നടപ്പാതകളില്‍ തടസങ്ങളുണ്ടാകാതിരിക്കാന്‍ നിയമങ്ങള്‍ പൊളിച്ചെഴുതുന്നതിനേക്കുറിച്ച് ആലോചിക്കുന്നതായി ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു. ഈ നിര്‍ദേശങ്ങള്‍ അനുസരിച്ച് നടപ്പാതയുടെ അരികുകളിലും മറ്റും വാഹനങ്ങള്‍ മുന്‍കൂര്‍ അനുവാദമില്ലാതെ പാര്‍ക്ക് ചെയ്യുന്നത് കൗണ്‍സിലുകള്‍ക്ക് നിയമവിരുദ്ധമായി പ്രഖ്യാപിക്കാം. വീഴ്ച വരുത്തുന്നവര്‍ക്ക് 70 പൗണ്ട് വരെ പിഴശിക്ഷ നല്‍കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. ലണ്ടനില്‍ കഴിഞ്ഞ 40 വര്‍ഷമായി പേവ്‌മെന്റിലെ പാര്‍ക്കിംഗിന് നിരോധനമുണ്ട്. ഈ നിയമം നടപ്പിലാക്കിയാല്‍ രാജ്യമൊട്ടാകെ നടപ്പാതയിലെ പാര്‍ക്കിംഗ് നിരോധനം പ്രാബല്യത്തിലാകും. ജനങ്ങള്‍ സൈക്കിളുകള്‍ ഉപയോഗിക്കുന്നതും നടക്കുന്നതും പ്രോത്സാഹിപ്പിക്കാനായി പേവ്‌മെന്റ് പാര്‍ക്കിംഗിന്റെ കാര്യത്തില്‍ പുനര്‍വിചിന്തനം വേണമെന്ന് രണ്ട് വര്‍ഷം മുമ്പ് ഡിഎഫ്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് പ്രാവര്‍ത്തികമായിരുന്നില്ല. പക്ഷേ ഈ വര്‍ഷം ഗതാഗതച്ചട്ടങ്ങളില്‍ കാര്യമായ പൊളിച്ചെഴുത്ത് ഉണ്ടാകുമെന്നാണ് ഗവണ്‍മെന്റ് നല്‍കുന്ന സൂചന. അതേസമയം ഈ നിരോധനത്തിനെതിരെ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ രംഗത്തെത്തി. ചില തെരുവുകളില്‍ പാര്‍ക്കിംഗ് സാധ്യമാക്കാത്ത നിയമമാണ് നടപ്പലാകുന്നതെന്ന് പ്രസിഡന്റ് എഡ്മണ്ട് കിംഗ് പറഞ്ഞു. വളരെ ഇടുങ്ങിയ ചില തെരുവുകളില്‍ പേവ്‌മെന്റ് ഒഴിവാക്കി പാര്‍ക്ക് ചെയ്താല്‍ ബിന്‍ ലോറികള്‍ക്കും എമര്‍ജന്‍സി വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. പേവ്‌മെന്റുകളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹന ഉടമകള്‍ കാല്‍നട യാത്രക്കാരെയും വീല്‍ചെയര്‍, പുഷ്‌ചെയര്‍ ഉപയോക്താക്കളെയും പരിഗണിച്ചുകൊണ്ടാണ് പാര്‍ക്ക് ചെയ്യാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ലണ്ടന്‍: ഓട്ടിസം, ഡിമന്‍ഷ്യ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ക്ക് നീല പാര്‍ക്കിംഗ് ബാഡ്ജുകള്‍ അനുവദിക്കാന്‍ തീരുമാനം. അംഗവൈകല്യമുള്ളവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായാണ് നീല ബാഡ്ജുകള്‍ നല്‍കുന്നത്. ഈ ആനുകൂല്യം ഓട്ടിസം, ഡിമന്‍ഷ്യ ബാധിതര്‍ക്കും നല്‍കാനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. ദൃശ്യമല്ലാത്ത വൈകല്യങ്ങള്‍ ഉള്ളവര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കാനുള്ള തീരുമാനം ശാരീരികവും മാനസികവുമായ വൈകല്യങ്ങള്‍ ഉള്ളവരെ ഒരേപോലെ കണക്കാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. നിലവിലുള്ള ചട്ടങ്ങള്‍ ഇത്തരക്കാര്‍ക്കു വേണ്ടി ലഘൂകരിക്കണമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് കൗണ്‍സിലുകള്‍ക്ക് നിര്‍ദേശം നല്‍കി. 50 വര്‍ഷം മുമ്പ് നടപ്പാക്കിയ ബ്ലൂ ബാഡ്ജ് സംവിധാനത്തില്‍ വരുത്തുന്ന ഒരു സുപ്രധാന മാറ്റമാണ് ഇതെന്നും വിലയിരുത്തപ്പെടുന്നു. 24 ലക്ഷം ആളുകളാണ് ഇംഗ്ലണ്ടില്‍ ബ്ലൂ ബാഡ്ജ് ഉടമസ്ഥരായുള്ളത്. ഇവര്‍ക്ക് തങ്ങളുടെ കാറുകള്‍ സൗജന്യമായി പാര്‍ക്ക് ചെയ്യാന്‍ കഴിയും. യെല്ലോ ലൈനുകളില്‍ മൂന്ന് മണിക്കൂര്‍ വരെയും ഇവരുടെ കാറുകള്‍ക്ക് സൗജന്യ പാര്‍ക്കിംഗ് അനുവദിച്ചിട്ടുണ്ട്. ഭിന്നശേഷിയുള്ളവര്‍ക്ക് ജോലികള്‍ അന്വേഷിക്കുന്നതിനും സുഹൃത്തുക്കളെ കാണുന്നതിനും ഷോപ്പിംഗിനും മറ്റും കൂടുതല്‍ സ്വാതന്ത്രം ബ്ലൂ ബാഡ്ജുകള്‍ നല്‍കുന്നുണ്ടെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് മിനിസ്റ്റര്‍ ജെസ്സ് നോര്‍മന്‍ പറയുന്നത്. ഈ സൗകര്യങ്ങള്‍ ദൃശ്യമല്ലാത്ത വൈകല്യങ്ങള്‍ ഉള്ളവര്‍ക്കും നല്‍കുകയാണ് പുതിയ നീക്കത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ നിര്‍ദേശം ഇപ്പോള്‍ രണ്ട് മാസത്തെ പബ്ലിക് കണ്‍സള്‍ട്ടേഷന് വിട്ടിരിക്കുകയാണ്.
RECENT POSTS
Copyright © . All rights reserved