pc george
ഇടുക്കി: അധികമുള്ള വന്യമൃഗങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കണമെന്ന നിര്‍ദേശവുമായി പി.സി.ജോര്‍ജ്. പെരിയാര്‍ കടുവാസങ്കേതത്തിന്റെ നാല്‍പ്പതാം വാര്‍ഷികാഘോഷച്ചടങ്ങിലാണ് പി.സി.ജോര്‍ജ് വിചിത്ര നിര്‍ദേശവുമായി രംഗത്തെത്തിയത്. ഇത് ഖജനാവിലേക്ക് വരുമാനം കൊണ്ടുവരികയും ജനവാസകേന്ദ്രങ്ങളിലിറങ്ങി ശല്യമുണ്ടാക്കുന്ന മൃഗങ്ങളുടെ എണ്ണം കുറയുകയും ചെയ്യുമെന്നും ജോര്‍ജ് പറഞ്ഞു. വനംവകുപ്പ് തന്നെ ഇത് ചെയ്യണമെന്നാണ് പൂഞ്ഞാര്‍ എംഎല്‍എയുടെ നിര്‍ദേശം. വനം മന്ത്രി കെ.രാജുവിന്റെയും ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ജോര്‍ജ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ നിലവിലുള്ള വനനിയമങ്ങള്‍ പ്രകാരം വന്യമൃഗങ്ങളെ കൊല്ലാനാവില്ലെന്ന് വനം മന്ത്രി കെ.രാജു വ്യക്തമാക്കി. മൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങി ശല്യമുണ്ടാക്കുന്നത് നിയന്ത്രിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ നടപ്പാക്കും. ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളുടെ മാതൃക പിന്തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
ന്യൂഡല്‍ഹി: ദേശീയ വനിതാ കമ്മീഷനെ അതിക്ഷേപിച്ച് പൂഞ്ഞാര്‍ എം.എല്‍.എ പിസി ജോര്‍ജ്. യാത്രാ ബത്ത നല്‍കിയാല്‍ ഡല്‍ഹിയില്‍ വന്ന് വനിതാ കമ്മീഷനെ കാണാം. അല്ലെങ്കില്‍ ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ കേരളത്തില്‍ വന്ന് മൊഴിയെടുക്കാമെന്നും ജോര്‍ജ് പ്രതികരിച്ചു. ജലന്തര്‍ ബിഷപ്പിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ അപമാനിച്ച പ്രസ്താവനയെ തുടര്‍ന്ന് നേരത്തെ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജോര്‍ജിന്റെ പ്രതികരണം. ദേശീയ വനിതാ കമ്മിഷന്റെ അധികാരങ്ങള്‍ ഒന്നുകൂടി പഠിക്കട്ടെ, വനിതാ കമ്മിഷന് ഒന്നും ചെയ്യാനാകില്ല, അവരെന്നാ എന്റെ മൂക്ക് ചെത്തുമോ യെന്നും ജോര്‍ജ് ചോദിച്ചു. കന്യാസ്ത്രീകളെ അപമാനിച്ച പി.സി.ജോര്‍ജ് എംഎല്‍എയോടു നേരിട്ടു ഹാജരാകാന്‍ നിര്‍ദേശിച്ച് ദേശീയ വനിതാ കമ്മിഷന്‍ സമന്‍സ് അയച്ചിരുന്നു. 20നു കമ്മിഷനു മുമ്പാകെ ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. അതേസമയം പി.സി ജോര്‍ജ് ഹാജരാകില്ലെന്നാണ് സൂചന. സിവില്‍ കോടതിയുടേതിനു സമാനമായ അധികാരം വനിതാ കമ്മിഷനുമുണ്ട് നിര്‍ദേശിച്ച സമയത്ത് ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് എത്തിക്കാന്‍ പൊലീസിനോട് ആവശ്യപ്പെടാനുള്ള അധികാരവും കമ്മീഷനുണ്ട്. മൊഴിയെടുക്കുന്നത് ശിക്ഷാ നടപടിയുടെ ഭാഗമല്ല. മോശം പ്രസ്താവനയ്ക്ക് ആധാരമായ കാര്യങ്ങള്‍ വിശദീകരിക്കാന്‍ ജോര്‍ജിന് അവസരം നല്‍കുകയാണ് ഇതിലൂടെ ചെയ്യുന്നത്. എന്നാല്‍ ജോര്‍ജ് വരാതിരുന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ നിയമക്കുരുക്കിലേക്ക് നീങ്ങും.
കോഴിക്കോട്: പൂഞ്ഞാര്‍ എംഎല്‍എയും കേരള കോണ്‍ഗ്രസ് സെക്യുലര്‍ നേതാവുമായ പിസി ജോര്‍ജിനെതിരെ കേസെടുക്കാന്‍ കോഴിക്കോട് കുന്ദമംഗലം കോടതി ഉത്തരവിട്ടു. ആക്രമണത്തിനിരയായ നടിയുടെ പേര് പിസി ജോര്‍ജ് ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തുകയും അവരെ ആക്ഷേപിച്ചു സംസാരിക്കുകയും ചെയ്തുവെന്ന ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഗിരീഷ് ബാബു എന്ന വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ഒരു സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് പിസി ജോര്‍ജ് എംഎല്‍എ നടിയുടെ പേര് വെളിപ്പെടുത്തിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇത്തരം കേസുകളില്‍ ഇരകളുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമം ലംഘിച്ച എംഎല്‍എ അവരെ ആക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ചുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. നേരെത്ത ഇതേ പരാതിയുമായി ഗിരീഷ് ബാബു പോലീസിനെ സമീപിച്ചിരുന്നുവെങ്കിലും കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. ഇതോടെയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.
RECENT POSTS
Copyright © . All rights reserved