Plastic
കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് കൊടുത്തു വിടുന്ന സാന്‍ഡ്‌വിച്ചുകള്‍ ക്ലിംഗ് ഫിലിമില്‍ പൊതിയേണ്ടെന്ന് രക്ഷാകര്‍ത്താക്കള്‍ക്ക് നിര്‍ദേശം വരുന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ സ്‌കൂളുകള്‍ പ്ലാസ്റ്റിക് രഹിതമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് നീക്കം. ഇതിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. പ്ലാസ്റ്റിക് വിരുദ്ധ നീക്കങ്ങളുടെ ഭാഗമായി ഷോപ്പിംഗ് ബാഗുകള്‍ക്ക് ഈടാക്കി വരുന്ന 5 പെന്‍സ് നിരക്ക് 10 പെന്‍സായി ഉയര്‍ത്തും. ഇത് പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് മാത്രമായിരിക്കില്ല ബാധകമാകുക. രണ്ടരലക്ഷത്തിലേറെ വരുന്ന ഇടത്തരം സ്റ്റോറുകളിലും ചെറിയ കോര്‍ണര്‍ ഷോപ്പുകളിലും ക്യാരി ബാഗുകള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്തും. നിലവില്‍ ഇത്തരം സ്റ്റോറുകള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന് സ്‌കൂളുകള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും അവരുടേതായ പങ്കു വഹിക്കാനുണ്ടെന്ന് എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ് പറഞ്ഞു. സ്‌കൂളുകളില്‍ പ്ലാസ്റ്റിക് സ്‌ട്രോകള്‍, കുപ്പികള്‍, ഫുഡ് പാക്കിംഗുകള്‍, പ്ലാസ്റ്റിക് ബാഗുകള്‍ എന്നിവയുടെ ഉപയോഗം പൂര്‍ണ്ണമായി നിര്‍ത്തണമെന്ന് ഹെഡ്ടീച്ചര്‍മാരോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇവയ്ക്ക് പകരം പ്രകൃതി സൗഹൃദ വസ്തുക്കള്‍ കണ്ടെത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്ലാസ്റ്റിക് ഫ്രീയാകാന്‍ ലക്ഷ്യമിടുന്ന സ്‌കൂളുകള്‍ കുട്ടികളുടെ രക്ഷിതാക്കളെയും അതിന് പ്രേരിപ്പിക്കണം. കുട്ടികള്‍ക്ക് കൊടുത്തയക്കുന്ന ഭക്ഷണത്തില്‍ പുനരുപയോഗം സാധ്യമായ പാക്കിംഗുകള്‍ വേണം ഉപയോഗിക്കാന്‍ എന്ന് നിര്‍ദേശിക്കാം. കുട്ടികള്‍ക്ക് നല്‍കുന്ന പാല്‍ കാര്‍ട്ടനുകള്‍ പ്ലാസ്റ്റിക് നിര്‍മിതമാണെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എജ്യുക്കേഷന്‍ പറയുന്നു. ഡെവണിലെ ജോര്‍ജ്ഹാം പ്രൈമറി സ്‌കൂളാണ് യുകെയിലെ ആദ്യത്തെ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഫ്രീ സ്‌കൂള്‍. ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചതില്‍ സ്‌കൂളിനെ ഹിന്‍ഡ് അഭിനന്ദിച്ചു. മറ്റു സ്‌കൂളുകളിലെ ഹെഡ്ടീച്ചര്‍മാര്‍ ഈ മാര്‍ഗ്ഗം പിന്തുടരണമെന്നും ഹിന്‍ഡ്‌സ് ആവശ്യപ്പെട്ടു. ഈ സ്‌കൂളിലേക്ക് പ്ലാസ്റ്റിക് കാര്‍ട്ടനുകളില്‍ പാല്‍ കൊണ്ടുവരുന്നതാണ് ആദ്യം നിര്‍ത്തിയത്. പ്ലാസ്റ്റിക് സ്‌ട്രോകളും പിന്‍വലിച്ചു. ഇവിടെ കുട്ടികള്‍ ഇപ്പോള്‍ ഗ്ലാസുകളിലാണ് പാല്‍ കുടിക്കുന്നത്. ഇവ കഴുകി ഉപയോഗിക്കുകയാണ് ചെയ്തു വരുന്നത്.
യുകെയിലെ പ്ലാസ്റ്റിക് റീസൈക്കിളിംഗ് ഇന്‍ഡസ്ട്രിക്കെതിരെ അന്വേഷണം. പ്ലാസ്റ്റിക് മാലിന്യം വേണ്ടവിധത്തില്‍ സംസ്‌കരിക്കുന്നില്ലെന്ന ആശങ്കകള്‍ ഉയര്‍ന്നതോടെയാണ് എന്‍വയണ്‍മെന്റ് ഏജന്‍സി ഈ വ്യവസായ മേഖലയില്‍ പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചത്. മൂന്ന് റിട്ടയര്‍ ചെയ്ത പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തെ ഇഎ നിയോഗിച്ചു. സംഘടിത കുറ്റവാളികളും മാഫിയ സംഘങ്ങളും ഈ വ്യവസായത്തിന്റെ മറവില്‍ പ്രവര്‍ത്തിക്കുന്നുവെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മുന്‍ പോലീസ് ഉദ്യോസ്ഥരെ നിയോഗിച്ചിരിക്കുന്നത്. ഇഎ നല്‍കുന്ന വിവരങ്ങള്‍ അനുസരിത്ത് ആറ് പ്ലാസ്റ്റിക് വെയിസ്റ്റ് കയറ്റുമതിക്കാരുടെ ലൈസന്‍സ് കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കിടെ റദ്ദാക്കുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ ചെയ്തിട്ടുണ്ട്. ഒരു സ്ഥാപനത്തിന്റെ 57 കണ്ടെയ്‌നറുകള്‍ മാലിന്യഭീതി മൂലം യുകെ തുറമുഖങ്ങളില്‍ പ്രവേശിപ്പിച്ചിരുന്നില്ല. കഴിഞ്ഞ മൂന്നു വര്‍ഷമാണ് ഇതാണ് സ്ഥിതി. പുതുതായി നിയോഗിക്കപ്പെട്ട സമിതിക്കു മുന്നില്‍ ഒട്ടേറെ ആരോപണങ്ങളാണ് അന്വേഷണത്തിനായി എത്തിയിരിക്കുന്നത്. കമ്പനികള്‍ പതിനായിരക്കണക്കിന് ടണ്‍ പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യുന്നുവെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ അത്രയും മാലിന്യം വാസ്തവത്തില്‍ ഉണ്ടോ എന്ന കാര്യം സംശയമാണ്. പ്ലാസ്റ്റിക് മാലിന്യം വേണ്ട വിധത്തില്‍ സംസ്‌കരിക്കാതെ നദികളിലും സമുദ്രത്തിലും ഉപേക്ഷിക്കുകയാണ് കമ്പനികള്‍ എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. നെതര്‍ലാന്‍ഡ്‌സ് വഴി കിഴക്കന്‍ നാടുകളിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിയമവിരുദ്ധമായി കയറ്റി അയക്കുന്നു, അണുബാധയുള്ള പ്ലാസ്റ്റിക് മാലിന്യം കയറ്റുമതി ചെയ്യുന്നത് അനുസ്യൂതം തുടരുന്നു തുടങ്ങിയ ആക്ഷേപങ്ങളും കമ്പനികള്‍ക്കെതിരെ ഉയരുന്നുണ്ട്. യുകെയിലെ വീടുകളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പുറത്തെത്തിയത് 11 മില്യന്‍ ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ്. ഇവയില്‍ 75 ശതമാനം പ്ലാസ്റ്റിക് പാക്കേജിംഗ് മാലിന്യവും കയറ്റുമതി ചെയ്യപ്പെടുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 50 മില്യന്‍ പൗണ്ടിന്റെ കയറ്റുമതിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
പ്ലാസ്റ്റിക് കട്‌ലറികള്‍ക്കും പ്ലേറ്റുകള്‍ക്കും ബ്രിട്ടനില്‍ നിരോധനം വന്നേക്കും. സമുദ്രങ്ങളിലെ സിന്തറ്റിക് മാലിന്യത്തിന്റെ അളവ് കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം. ഇവയ്‌ക്കൊപ്പം സ്‌ട്രോകള്‍, പ്ലാസ്റ്റിക് ബലൂണ്‍ സ്റ്റിക്കുകള്‍ എന്നിവയുടെയെല്ലാം വില്‍പന നിരോധിക്കുന്നതിന്റെ പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക മാറ്റങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിനായി 19,000 പൗണ്ടിന്റെ കോണ്‍ട്രാക്ടാണ് എന്‍വയണ്‍മെന്റ് ചീഫുമാര്‍ വാഗ്ദാനം നല്‍കുന്നത്. ഡിപ്പാര്‍ട്ട്‌മെന്‍ ഫോര്‍ എന്‍വയണ്‍മെന്റ്, ഫുഡ് ആന്‍ഡ് റൂറല്‍ അഫയേഴ്‌സ് ആണ് പുതിയ നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്. സമുദ്ര മലിനീകരണം ഇല്ലാതാക്കാനാണ് യൂറോപ്യന്‍ കമ്മീഷന്റെ പദ്ധതി. 10 പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനാണ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് ഫിഷിംഗ് ഗിയറുകളും നിരോധനത്തിന്റെ പരിധിയില്‍ വരും. ഇവയാണ് സമുദ്ര മാലിന്യങ്ങളുടെ 70 ശതമാനവും വരുന്നതെന്നാണ് കണക്കാക്കുന്നത്. പ്ലാസ്റ്റിക് നൈഫുകള്‍, ഫോര്‍ക്കുകള്‍, സ്പൂണ്‍, പ്ലേറ്റ്, കപ്പുകള്‍ എന്നിവ നിരോധിക്കുന്ന കാര്യത്തില്‍ ബ്രിട്ടന്‍ ഫ്രാന്‍സിനേക്കാള്‍ ഏറെ പിന്നിലാണെന്ന് വിമര്‍ശകര്‍ പരാതി ഉന്നയിച്ചിരുന്നു. 2016ല്‍ ഫ്രാന്‍സ് ഈ ഉല്‍പന്നങ്ങള്‍ നിരോധിച്ചിരുന്നു. 2020ലാണ് ഈ നിരോധനം പ്രാബല്യത്തിലാകുന്നതെങ്കിലും ഇത്തരമൊരു തീരുമാനമെടുത്ത ആദ്യ രാജ്യമെന്ന ബഹുമതി ഫ്രാന്‍സിനു തന്നെയാണ്. 2021ഓടെ സിംഗിള്‍ യൂസ് കട്‌ലറി, പ്ലേറ്റുകള്‍, സ്‌ട്രോകള്‍, കോട്ടണ്‍ ബഡ്‌സ്, ഡ്രിങ്ക് സ്റ്റിറര്‍, ബലൂണ്‍ സ്റ്റിക്ക് തുടങ്ങിയവ നിരോധിക്കാനുള്ള പദ്ധതി യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യുകെയും സമാന പദ്ധതിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രതിവര്‍ഷം 150 മില്യന്‍ ടണ്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉല്‍പന്നങ്ങളാണ് ആഗോളതലത്തില്‍ ഉദ്പാദിപ്പിക്കപ്പെടുന്നത്. എതില്‍ 8 മില്യന്‍ ടണ്‍ സമുദ്രത്തിലെത്തുന്നുണ്ടെന്ന് ക്യാംപെയിന്‍ ഗ്രൂപ്പായ പ്ലാസ്റ്റിക് ഓഷ്യന്‍സ് ഫൗണ്ടേഷന്‍ പറയുന്നു.
സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് വാങ്ങുന്ന കുപ്പിവെള്ളത്തില്‍ വന്‍തോതില്‍ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. ഒമ്പത് രാജ്യങ്ങലില്‍ നടന്ന പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഓര്‍ബ് മീഡിയ എന്ന മാധ്യമപ്രവര്‍ത്തകരുടെ സംഘടനയാണ് പഠനം നടത്തിയത്. ഒരു ലിറ്ററില്‍ കുറഞ്ഞത് 10 പ്ലാസ്റ്റിക് കണങ്ങളെങ്കിലും അടങ്ങിയിട്ടുണ്ടെന്ന് തെളിഞ്ഞു. മനുഷ്യരുടെ തലമുടിയേക്കാള്‍ വലിപ്പമുള്ള പ്ലാസ്റ്റിക് തരികളാണ് മിനറല്‍ വാട്ടര്‍ കുപ്പികളില്‍ നിന്ന് കണ്ടെത്തിയത്. 250 കുപ്പി വെള്ളമായിരുന്നു പഠനത്തിന് ഉപയോഗിച്ചത്. ന്യയോര്‍ക്ക് സ്‌റ്റേറ്റ് യൂണിവേഴിസിറ്റിയിലാണ് പഠനം നടന്നത്. എല്ലാ ബ്രാന്‍ഡുകളിലും പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയെന്ന് യൂണിവേഴ്‌സിറ്റിയിലെ കെമിസ്ട്രി വിഭാഗം പ്രൊഫസര്‍ ഷെറി മേസണ്‍ പറഞ്ഞു. പ്ലാസ്റ്റിക് ഒരു സര്‍വ്വവ്യാപിയായ വസ്തുവായി മാറിയിരിക്കുകയാണ്. കുടിവെള്ളത്തിലും ഇതിന്റെ സാന്നിധ്യം പ്രകടമാണെന്ന് അദ്ദേഹം പറഞ്ഞു. ഏവിയന്‍. അക്വാഫീന, ദസാനി, നെസ്ലെ പ്യുവര്‍ ലൈഫ്, സാന്‍ പല്ലേഗ്രീനോ തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്‍ഡുകളും ഇന്തോനേഷ്യയിലെ അക്വാ, ഇന്ത്യയിലെ ബിസ്ലേരി, മെക്‌സിക്കോയിലെ ഇപ്യൂര, ജര്‍മനിയിലെ ജെറോള്‍സ്‌റ്റെയിനര്‍, ബ്രസീലിലെ മിനല്‍ബ, ചൈനയിലെ വഹാഹ തുടങ്ങിയ ബ്രാന്‍ഡുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. കുപ്പികള്‍ വാങ്ങിയതിനു ശേഷം മാലിന്യം കലര്‍ത്തിയതാണെന്ന ആരോപണം ഒഴിവാക്കാന്‍ കടകളില്‍ നിന്ന് ഇവ വാങ്ങുന്നത് വീഡിയോയില്‍ പകര്‍ത്തി. അമേരിക്കയില്‍ ചില പര്‍ച്ചേസുകള്‍ ഓണ്‍ലൈനായാണ് നടത്തിയത്. നൈല്‍ റെഡ് എന്ന ഏജന്റ് കുപ്പികളില്‍ ചേര്‍ത്താണ് പരിശോധന നടത്തിയത്. കടല്‍ വെള്ളത്തില്‍ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്താന്‍ അടുത്തിടെ ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ സാങ്കേതികതയാണ് ഇത്. പ്ലാസ്റ്റിക് കണങ്ങളെ കൂട്ടിയോജിപ്പിക്കുകയാണ് ഈ ഏജന്റ് ചെയ്യുന്നത്. ഇപ്രകാരമാണ് വെള്ളത്തിലടങ്ങിയ പ്ലാസ്റ്റിക് ശാസ്ത്രജ്ഞന്‍മാര്‍ അരിച്ചെടുത്തത്. അതേസമയം തങ്ങളുടെ ബോട്ട്‌ലിംഗ് പ്ലാന്റുകള്‍ ആധുനിക സാങ്കേതികവിദ്യയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കമ്പികള്‍ അവകാശപ്പെടുന്നു. പോളി പ്രോപ്പിലീന്‍. നൈലോണ്‍, പോളി എത്തിലീന്‍ ട്രെപ്താലെറ്റ് തുടങ്ങിയവയാണ് വെള്ളത്തില്‍ കണ്ടെത്തിയത്. ഇവ വെള്ളക്കുപ്പികളുടെ അടപ്പുകള്‍ നിര്‍മിക്കാനാണ് സാധാരണയായി ഉപയോഗിക്കുന്നത്. കുപ്പികളില്‍ വെള്ളം നിറച്ചശേഷം മൂടുന്ന ഘട്ടത്തിലാണ് ഈ പ്ലാസ്റ്റിക് കണങ്ങള്‍ കലരുന്നതെന്നാണ് മനസിലാക്കുന്നതെന്നും മേസണ്‍ പറഞ്ഞു. പ്ലാസ്റ്റിക് കണങ്ങള്‍ കലര്‍ന്ന വെള്ളം കുടിക്കുന്നത് ക്യാന്‍സര്‍, പുരുഷന്‍മാരിലെ വന്ധ്യത, ഓട്ടിസം തുടങ്ങിയവയ്ക്ക് കാരണമാകാമെന്നാണ് വിശദീകരിക്കപ്പെടുന്നത്.
ലണ്ടന്‍: പ്ലാസ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന ഒരു രാസഘടകം പുരുഷന്‍മാരിലെ വന്ധ്യതയ്ക്ക് കാരണമാകുന്നതായി കണ്ടെത്തല്‍. ഈ രാസവസ്തുവിന്റെ സാന്നിധ്യം കൗമാര പ്രായക്കാരിലും കണ്ടെത്തിതായി പഠനം പറയുന്നു. 80 ശതമാനത്തോളം കൗമാരക്കാരായ ആണ്‍കുട്ടികളുടെ ശരീരത്തിലും ഈ രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 17നും 19നുമിടയില്‍ പ്രായമുള്ള 94 ആണ്‍കുട്ടികളില്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. കുടിവെള്ളം ലഭിക്കുന്ന കുപ്പികളിലും പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിലും ടില്‍ റെസിപ്റ്റുകളിലും തുടങ്ങി മനുഷ്യര്‍ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളിലും കാണപ്പെടുന്ന ബിസ്‌ഫെനോള്‍ എ എന്ന രാസഘടകമാണ് വില്ലന്‍. സ്ത്രീ ലൈംഗിക ഹോര്‍മോണായ ഈസ്ട്രജനുമായി വളരെയേറെ സാമ്യമുള്ള ഈ രാസവസ്തു പുരുഷന്‍മാരില്‍ ബീജത്തിന്റെ എണ്ണം കുറയാന്‍ കാരണമാകുമെന്ന് നേരത്തേ നടത്തിയ പഠനങ്ങളില്‍ വ്യക്തമായിരുന്നു. വളരെ സുരക്ഷിതമാണെന്നും മനുഷ്യരില്‍ പ്രത്യാഘാതങ്ങളൊന്നും ഉണ്ടാക്കില്ലെന്നും പ്ലാസ്റ്റിക് വ്യവസായ മേഖല അവകാശപ്പെടുന്ന ഇത് ചില ജീനുകളുടെ പ്രവര്‍ത്തനത്തെപ്പോലും ബാധിക്കുന്നതായാണ് തെളിഞ്ഞത്. ഡെവണ്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഈ പഠനത്തില്‍ പങ്കെടുത്തത്. ഒരാഴ്ചയോളം പ്ലാസ്റ്റിക് വസ്തുക്കളില്‍ നിന്ന് അകലം പാലിക്കാന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കി. ടിന്‍ഡ് ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും നിത്യോപയോഗത്തിന് സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങളും ഉപകരണങ്ങളും നല്‍കുകയും ചെയ്തു. സാധാരണ ഗതിയില്‍ മനുഷ്യശരീരത്തില്‍ ആറ് മണിക്കൂറുകള്‍ മാത്രമേ ഈ രാസവസ്തു നിലനില്‍ക്കുകയുള്ളു. എന്നാല്‍ ഈ സമയപരിധി കഴിഞ്ഞിട്ടും പഠനത്തില്‍ പങ്കെടുത്തവരുടെ ശരീരത്തില്‍ ഇതിന്റെ അംശങ്ങള്‍ കണ്ടെത്തി. അവയുടെ അളവില്‍ കാര്യമായ കുറവുണ്ടാകുന്നില്ലെന്നും വ്യക്തമായി. പ്ലാസ്റ്റിക്കിന്റെ വ്യാപക ഉപയോഗം മൂലം മനുഷ്യന് ഈ രാസവസ്തുവില്‍ നിന്ന് മോചനം അത്ര എളുപ്പമല്ലെന്നാണ് പഠനം സ്ഥിരീകരിക്കുന്നത്.
RECENT POSTS
Copyright © . All rights reserved