pregnant
ഗര്‍ഭിണികള്‍ക്കും പ്രസവത്തിനു ശേഷം തിരികെ ജോലിയില്‍ കയറുന്ന അമ്മമാര്‍ക്കും തൊഴിലില്‍ കൂടുതല്‍ സുരക്ഷ നല്‍കുന്ന പദ്ധതികള്‍ക്ക് രൂപം നല്‍കി ഗവണ്‍മെന്റ്. പേരന്റല്‍ ലീവിന് ശേഷം തിരികെയെത്തുന്ന പുരുഷന്‍മാര്‍ക്കും ഈ പദ്ധതി പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. പ്രസവാവധിക്കു ശേഷം തിരിച്ചെത്തുന്ന മാതാപിതാക്കള്‍ക്ക് ഒട്ടേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുന്നുണ്ടെന്നത് സത്യമാണെന്നും അക്കാര്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. ഒട്ടേറെ അമ്മമാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കാനെത്തുമ്പോള്‍ പുറത്താക്കപ്പെടുന്നുണ്ടെന്നും മേലുദ്യോഗസ്ഥരില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വരുന്നുണ്ടെന്നും ബിസിനസ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. ഓരോ വര്‍ഷവും ഗര്‍ഭിണികളാണെന്ന കാരണത്താലും ആറു മാസത്തെ മെറ്റേണിറ്റി ലീവിനു ശേഷവും 54,000 സ്ത്രീകള്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള വിവേചനം നിയമവിരുദ്ധമാണെന്ന് ബിസിനസ് മിനിസ്റ്റര്‍ കെല്ലി ടോള്‍ഹേഴ്‌സ്റ്റ് പറഞ്ഞു. എന്നാല്‍ മിക്കയിടങ്ങളിലും അമ്മമാര്‍ക്ക് മോശം പെരുമാറ്റവും വിവേചവനവും നേരിടേണ്ടി വരുന്നുണ്ടെന്നത് വാസ്തവമാണ്. ഇതേത്തുടര്‍ന്ന് ഇവര്‍ക്ക് മറ്റു ജോലികള്‍ തേടേണ്ടി വരാറുണ്ടെന്നും ടോള്‍ഹേഴ്‌സ്റ്റ് പറഞ്ഞു. പുതിയ നിര്‍ദേശങ്ങളില്‍ പത്ത് ആഴ്ച കണ്‍സള്‍ട്ടേഷന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഗവണ്‍മെന്റ്. ഇതിനെ കണ്‍സ്യൂമര്‍ ഗ്രൂപ്പുകള്‍ സ്വാഗതം ചെയ്യുന്നു. രാജ്യത്തെ ജനങ്ങള്‍ ലോകത്തെ ഏറ്റവും മികച്ച വര്‍ക്ക് പ്ലേസ് സ്റ്റാന്‍ഡാര്‍ഡുകളാണ് അനുഭവിക്കുന്നതെന്ന് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. പേരന്റല്‍ ലീവുകളും എന്‍ടൈറ്റില്‍മെന്റുകളും നമുക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ യൂറോപ്പില്‍ നിന്ന് പിന്‍മാറുമ്പോള്‍ അതിലുമേറെ നമ്മുടെ ജനതയ്ക്ക് ലഭിക്കേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു.
ലണ്ടന്‍: അമ്മയാകാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് സന്തോഷം പകരുന്ന തീരുമാനവുമായി എന്‍എച്ച്എസ്. ഗര്‍ഭകാലം മുഴുവന്‍ ഒരു മിഡൈ്വഫിന്റെ സേവനം ലഭ്യമാക്കാനുള്ള സംവിധാനം രൂപീകരിക്കാന്‍ എന്‍എച്ച്എസ് തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി 3000ത്തോളം പേര്‍ക്കു കൂടി മിഡൈ്വഫ് പരിശീലനം നല്‍കും. അപ്രതീക്ഷിതമായ ഗര്‍ഭങ്ങള്‍ അലസിപ്പോകുന്നതും മറ്റു ഗര്‍ഭാനുബന്ധ പ്രശ്‌ന ങ്ങളും പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടിന്റെ ആശയമായ ഇതിന്റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. നാലു വര്‍ഷത്തിനുള്ളില്‍ ഇത്രയും മിഡൈ്വഫുമാരെ പരിശീലിപ്പിക്കാനുള്ള പദ്ധതി ഹെല്‍ത്ത് സെക്രട്ടറി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. മറ്റേണിറ്റി സര്‍വീസുകളില്‍ സൗകര്യങ്ങള്‍ കുറവാണെന്ന് റോയല്‍ കോളേജ് ഓഫ് മിഡൈ്വവ്‌സ് മുന്നറിയിപ്പ് നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. അമ്മമാരാകാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് സേവനം നല്‍കാന്‍ അവര്‍ക്കുവേണ്ടി മാത്രം മിഡൈ്വഫുമാരെ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഓരോരുത്തരുടെയും പ്രശ്‌നങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും ഹണ്ട് ഇന്ന് നടത്തുന്ന പ്രഖ്യാപനത്തില്‍ പറയുമെന്ന് കരുതുന്നു. 2021 മുതല്‍ ഒരു സ്ത്രീക്ക് ഗര്‍ഭകാല പരിചരണം നല്‍കാന്‍ ഒരു മിഡൈ്വഫ് എന്ന വിധത്തിലേക്ക് കൊണ്ടുവരാനാണ് ഉദ്ദേശ്യം. 2019ഓടെ കണ്ടിന്യുവിറ്റി ഓഫ് കെയറര്‍ മോഡല്‍ ഇംഗ്ലണ്ടില്‍ നടപ്പാകും. ഈ മോഡല്‍ സ്വീകരിക്കുന്നതിലൂടെ 19 ശതമാനം മിസ്‌കാര്യേജുകളും 16 ശതമാനം ശിശുമരണങ്ങളും 24 ശതമാനം പ്രിമെച്വര്‍ പ്രസവങ്ങളും ഒഴിവാക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നതെന്നും സര്‍ക്കാര്‍ അറിയിക്കുന്നു.
ലണ്ടന്‍: ഗര്‍ഭിണികള്‍ ഐബുപ്രൂഫെന്‍ ഉപയോഗിക്കുന്നത് അവരുടെ പെണ്‍കുഞ്ഞുങ്ങളുടെ പ്രത്യുല്‍പാദന വ്യവസ്ഥയെ ബാധിക്കുമെന്ന് പഠനം. ഗര്‍ഭത്തിന്റെ ആദ്യത്തെ ആറു മാസങ്ങളില്‍ വേദനാസംഹാരികള്‍ ഉപയോഗിക്കുന്നത് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ദോഷകരമായിരിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഗര്‍ഭസ്ഥ ശിശുക്കളുടെ അണ്ഡാശയത്തിലുള്ള അണ്ഡങ്ങളുടെ എണ്ണം നേരെ പകുതിയായി കുറയാന്‍ ഈ മരുന്നുകള്‍ കാരണമാകുമത്രേ! അതായത് മുതിര്‍ന്നു കഴിയുമ്പോള്‍ ഇവര്‍ക്ക് കുട്ടികളുണ്ടാകാനുള്ള സാധ്യത നേര്‍ പകുതിയായി കുറയും. പെണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ തന്നെ അവരുടെ അണ്ഡാശയങ്ങളില്‍ വളര്‍ച്ചയെത്താത്ത വിധത്തില്‍ അണ്ഡങ്ങള്‍ രൂപപ്പെട്ടിരിക്കും. പ്രായപൂര്‍ത്തിയാകുമ്പോള്‍ മാത്രമാണ് ഇവ പൂര്‍ണ്ണ വളര്‍ച്ച കൈവരിക്കുന്നതും ഓരോ ആര്‍ത്തവ ചക്രത്തിലും ഗര്‍ഭപാത്രത്തിലേക്ക് എത്തപ്പെടുന്നതും. ഗര്‍ഭകാലത്ത് ഐബ്രുപ്രൂഫന്‍ പോലെയുള്ള മരുന്നുകള്‍ കഴിക്കുന്ന ഗര്‍ഭിണികള്‍ തങ്ങളുടെ പെണ്‍കുഞ്ഞുങ്ങളുടെ അടുത്ത തലമുറയെയാണ് ഇല്ലാതാക്കുന്നത്. അണ്ഡങ്ങളുടെ എണ്ണം നേര്‍പകുതിയാകുന്നതോടെ ഈ പെണ്‍കുട്ടികള്‍ വിവാഹപ്രായമെത്തി കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഘട്ടമെത്തുമ്പോള്‍ ആര്‍ത്തവ വിരാമം സംഭവിക്കാനും പിന്നീട് ഒരിക്കലും അമ്മമാരാകാതിരിക്കാനും സാധ്യതയുണ്ടെന്ന് പഠനം പറയുന്നു. ഫ്രഞ്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് വേദനാ സംഹാരികള്‍ ഒരു തലമുറയെത്തന്നെ ഇല്ലാതാക്കുകയാണെന്ന ഞെട്ടിക്കുന്ന ഫലം ലഭിച്ചത്. രണ്ട് മുതല്‍ ഏഴ് ദിവസം വരെ മാത്രം ഇവ ഗര്‍ഭകാലത്ത് ഉപയോഗിച്ചാല്‍ പോലും അവ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷകരമാകുമെന്നാണ് കണ്ടെത്തല്‍. അണ്ഡകോശങ്ങളുടെ വളര്‍ച്ച മുരടിക്കുകയോ നശിച്ചുപോകുകയോ ചെയ്യാം.ഐബുപ്രൂഫന്‍ ഗര്‍ഭസ്ഥ ശിശുക്കളിലെ അണ്ഡാശയ ഫോളിക്കിളുകള്‍ വികസിക്കുന്നതിനെ തടയുകയാണ് ചെയ്യുന്നത്.
RECENT POSTS
Copyright © . All rights reserved