Rajyasabha seat
ന്യൂസ് ഡെസ്ക് രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസ് (എം) ന് നല്കാൻ തീരുമാനമായി. ഡൽഹിയിൽ നടന്ന ചർച്ചയെത്തുടർന്നാണ് യുഡിഎഫിനെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. കേരളാ കോൺഗ്രസ് എം യുഡിഎഫിലേക്ക് മടങ്ങുന്നതിനുള്ള തീരുമാനം നാളെ പ്രഖ്യാപിക്കും. ഡൽഹിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയിൽ കേരളാ കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ മാണി എം.പി, മുസ്ളിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ പി സിസി പ്രസിഡന്റ് എം.എം ഹസൻ എന്നിവർ പങ്കെടുത്തു. യുഡിഎഫിനെ ശക്തിപ്പെടുത്തുന്നതിന് കേരളാ കോൺഗ്രസിന്റെ മടങ്ങി വരവ് ആവശ്യമാണെന്നും രാജ്യസഭാ സീറ്റിന് അവർക്ക് അവകാശമുണ്ടെന്നുമുള്ള മുസ്ളീം ലീഗിന്റെ നിലപാട് കേന്ദ്ര കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. നിലവിൽ സ്ഥാനമൊഴിയുന്നവരിൽ ഒരാൾ കോൺഗ്രസ് പ്രതിനിധിയും ഒരാൾ കേരളാ കോൺഗ്രസ് പ്രതിനിധിയുമാണ്.  മൂന്നാമത്തെയാൾ എൽ ഡി എഫ് അംഗം ആണ്. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രണ്ടു വർഷത്തോളമായി യുഡിഎഫിൽ നിന്ന് അകന്നു നിൽക്കുന്ന കേരളാ കോൺഗ്രസിന്റെ തന്ത്രപരമായ രാഷ്ട്രീയ നിലപാടിന്റെയും നിലനില്പിന് പ്രാദേശിക പാർട്ടികളുടെ പിന്തുണ അത്യന്താപേക്ഷിതമാണെന്ന് കോൺഗ്രസ് മനസിലാക്കിയതിന്റെയും അടിസ്ഥാനത്തിലാണ് രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നല്കാനുള്ള തീരുമാനം. രാജ്യസഭാ സ്ഥാനാർത്ഥിയെ കേരളാ കോൺഗ്രസ് നാളെ പ്രഖ്യാപിക്കും.
RECENT POSTS
Copyright © . All rights reserved