Royal Mail
ലണ്ടന്‍: മയക്കുമരുന്ന് വിതരണത്തിനായി മാഫിയകള്‍ പോസ്റ്റല്‍ സിസ്റ്റം ദുരുപയോഗം ചെയ്യുന്നതായി റോയല്‍ മെയില്‍ അധികൃതര്‍. ക്രിസ്മസ് പ്രമാണിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മയക്കുമരുന്നുകള്‍ പോസ്റ്റലുകള്‍ വഴി എത്തിക്കാനുള്ള ശ്രമം നടക്കുന്നതായി കണ്ടെത്തിയതായി പോലീസും വ്യക്തമാക്കിയിട്ടുണ്ട്. കഞ്ചാവ് മുതല്‍ കൊക്കെയ്ന്‍ വരെ ഇത്തരത്തില്‍ പോസ്റ്റല്‍ വഴി വിതരണം ചെയ്യുന്നതായിട്ടാണ് സൂചന. റോയല്‍ മെയിലിന്റെ സോര്‍ട്ടിംഗ് ഓഫീസ് ജീവനക്കാരോട് ഇക്കാര്യത്തില്‍ അതീവ ശ്രദ്ധ പാലിക്കാന്‍ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പോലീസുമായി ബന്ധപ്പെടാനും ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ക്രിസ്മസിനോട് അനുബന്ധിച്ച് ഗ്രീറ്റിംഗ്‌സ് കാര്‍ഡുകള്‍ ധാരാളമായി ആളുകള്‍ പോസ്റ്റല്‍ വഴി കൈമാറുന്നുണ്ട്. ജീവനക്കാര്‍ക്ക് സംശയം തോന്നി പരിശോധിച്ച ചില കാര്‍ഡുകളില്‍ കഞ്ചാവ് കണ്ടെത്തിയതോടെയാണ് ലഹരി മാഫിയയുടെ പുതിയ വിതരണ രീതി പുറത്തുവരുന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഡാര്‍ക്ക് വെബുകള്‍ വഴിയാണ് ഇത്തരം ലഹരി വസ്തുക്കള്‍ ആളുകള്‍ വാങ്ങിക്കുന്നത്. കൃത്യമായ വിലാസത്തില്‍ ഇവ വീട്ടിലെത്തുകയും ചെയ്യും. റോയല്‍ മെയിലിന്റെ സ്വിന്‍ഡന്‍ ഓഫീസില്‍ നിന്നാണ് കഞ്ചാവ് അടങ്ങിയ എന്‍വെലപ്പുകള്‍ പിടിച്ചെടുത്തിരിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ഏതാണ്ട് 30 ഓളം സമാന കേസുകളാണ് പോലീസ് പിടികൂടിയിരിക്കുന്നത്. ഡാര്‍ക്ക് വെബ് ഉപയോഗിക്കാന്‍ പ്രാവീണ്യം നേടിയിട്ടുള്ള വ്യക്തികള്‍ മയക്കുമരുന്ന് മാഫിയകളുമായി നേരിട്ട് ബന്ധപ്പെടുകയും പണം നല്‍കുകയും ചെയ്യും. ഓണ്‍ലൈന്‍ വഴി നടക്കുന്ന കൈമാറ്റമായതിനാല്‍ ഇവരെ പിടികൂടുക ശ്രമകരമായ ജോലിയാണ്. ഉപഭോക്താക്കള്‍ക്ക് ലഹരി മരുന്നുകള്‍ പോസ്റ്റല്‍ കവറിലാക്കി അയക്കുകയാണ് ഇവരുടെ രീതി. ഇത് തടയുന്നതിനായി സമഗ്രമായ പദ്ധതി ആവിഷ്‌കരിച്ച് വരികയാണെന്നാണ് പോലീസ് നല്‍കുന്ന സൂചന. മെയില്‍ ഓഫീസ് ജീവനക്കാരോട് കത്തുകള്‍ മണത്ത് നോക്കി ലഹരി കണ്ടുപിടിക്കുന്നതിനായുള്ള നിര്‍ദേശങ്ങള്‍ നല്‍കി കഴിഞ്ഞു. ക്ലാസ്-ബി ലഹരികള്‍ ഇത്തരത്തില്‍ കണ്ടെത്താനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
റോയല്‍ മെയിലിന് 50 മില്യന്‍ പൗണ്ട് പിഴയിട്ട് ഓഫ്‌കോം. കോംപറ്റീഷന്‍ ലോയില്‍ ഗുരുതരമായ ലംഘനം നടത്തിയതിനാണ് പിഴയീടാക്കുന്നത്. സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിസിലിനു മേല്‍ ഒരു മേല്‍ക്കോയ്മാ മനോഭാവമാണ് റോയല്‍ മെയില്‍ പുലര്‍ത്തുന്നതെന്ന് ഓഫ്‌കോം വിലയിരുത്തുന്നു. വിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റെഗുലേറ്റര്‍ അന്വേഷണം നടത്തിയത്. റോയല്‍ മെയിലിന്റെ ഹോള്‍സെയില്‍ കസ്റ്റമറാണ് വിസില്‍. 2014ല്‍ ഹോള്‍സെയില്‍ കസ്റ്റമേഴ്‌സ് കോണ്‍ട്രാക്ടില്‍ വരുത്തിയ മാറ്റങ്ങളേക്കുറിച്ചാണ് വിസില്‍ പരാതി നല്‍കിയത്. നിരക്കുവര്‍ദ്ധനയുള്‍പ്പെടെയുള്ള കാര്യങ്ങൡലായിരുന്നു പരാതി. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ തപാല്‍ സേവനം നല്‍കുന്ന ഹോള്‍സെയില്‍ കസ്റ്റമര്‍മാര്‍ മറ്റിടങ്ങളില്‍ റോയല്‍ മെയില്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നതിനായി നല്‍കുന്ന നിരക്കുകൡലാണ് വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്. നിരക്കുവര്‍ദ്ധനയുടെ അടിസ്ഥാനത്തില്‍ പുതിയ പ്രദേശങ്ങൡലേക്ക് സേവനം ദീര്‍ഘിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് വിസില്‍ പിന്മാറിയിരുന്നു. ബള്‍ക്ക് മെയില്‍ ഡെലിവറിക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന വിസില്‍ പോലെയുള്ള കസ്റ്റമര്‍മാര്‍ക്കെതിരെ വിവേചനപൂര്‍വമാണ് റോയല്‍ മെയില്‍ പെരുമാറുന്നതെന്ന് ഓഫ്‌കോം അന്വേഷണത്തില്‍ വ്യക്തമായി. ഇതിലൂടെ നിയമലംഘനമാണ് റോയല്‍ മെയില്‍ നടത്തിയിരിക്കുന്നതെന്ന് ഓഫ്‌കോം കോംപറ്റീഷന്‍ ഡയറക്ടര്‍ ജോനാഥന്‍ ഓക്സ്ലി പറഞ്ഞു. ഈ നിലപാട് അംഗീകരിക്കാനാകില്ല. കമ്പനികള്‍ തമ്മിലുണ്ടാകുന്ന ആരോഗ്യകരമായ മത്സരത്തിലൂടെ ലഭിക്കാമായിരുന്ന ഗുണഫലങ്ങള്‍ ഇതിലൂടെ ജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കമ്പനികള്‍ നിയമത്തിന് അനുസൃതമായാണ് പ്രവര്‍ത്തിക്കേണ്ടത്. കോംപറ്റീഷന്‍ ആക്ടിന്റെ സെക്ഷന്‍ 18ഉം ട്രീറ്റി ഫോര്‍ ദി ഫങ്ഷനിംഗ് ഓഫ് ദി യൂറോപ്യന്‍ യൂണിയന്‍ ആര്‍ട്ടിക്കിള്‍ 102 ഉം റോയല്‍ മെയില്‍ ലംഘിച്ചതായും റെഗുലേറ്റര്‍ കണ്ടെത്തിയിട്ടുണ്ട്.
ഫസ്റ്റ്, സെക്കന്റ് ക്ലാസ് സ്റ്റാമ്പുകളുടെ വില റോയല്‍ മെയില്‍ വര്‍ദ്ധിപ്പിച്ചു. ഫസ്റ്റ്, സെക്കന്റ് ക്ലാസ് സ്റ്റാമ്പുകളുടെ വിലയില്‍ 2പെന്‍സ് മുതല്‍ 3 പെന്‍സ് വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ലോകത്തെമ്പാടുമുള്ള തപാല്‍ സേവനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിരക്ക് വര്‍ദ്ധനവെന്ന് റോയല്‍ മെയില്‍ അധികൃതര്‍ വ്യക്തമാക്കുന്നു. സൂക്ഷ്മ വിശകലനത്തിന് ശേഷമാണ് പുതിയ നിരക്ക് വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഉപഭോക്താക്കളെ വലിയ രൂപത്തില്‍ ബാധിക്കാത്ത വിധത്തിലാണ് വര്‍ദ്ധനവ് നടപ്പിലാക്കിയിരിക്കുന്നതെന്നും റോയല്‍ മെയില്‍ പറഞ്ഞു. പുതുക്കിയ സ്റ്റാമ്പ് നിരക്കുകള്‍ മാര്‍ച്ച് 26ഓടെ നിലവില്‍ വരും. യുറോപ്പിലെ മറ്റേതു തപാല്‍ സര്‍വ്വീസുകള്‍ നല്‍കുന്ന സ്റ്റാമ്പുകളേക്കാളും റോയല്‍ മെയില്‍ സ്റ്റാമ്പുകള്‍ക്കാണ് മൂല്യം കൂടുതലെന്ന് അധികൃതര്‍ അവകാശപ്പെടുന്നു. കൂടാതെ യൂറോപ്പിലെ ഏറ്റവും മികച്ചു നില്‍ക്കുന്ന തപാല്‍ സര്‍വ്വീസുകളിലൊന്നാണ് യുകെയ്ക്ക് സ്വന്തമായുള്ളതെന്നും റോയല്‍ മെയില്‍ കൂട്ടിച്ചേര്‍ത്തു. 2006നു ശേഷം ഫസ്റ്റ് ക്ലാസ് സ്റ്റാമ്പുകളുടെ വില ഏതാണ്ട് ഇരട്ടിയിലധികം വര്‍ധിച്ചിട്ടുണ്ട്. പുതുക്കിയ നിരക്കുകള്‍ ഫസ്റ്റ് ക്ലാസ് സ്റ്റാമ്പ്- വര്‍ധന 2 മുതല്‍ 67 പെന്‍സ് വരെ സെക്കന്‍ഡ് ക്ലാസ് സ്റ്റാമ്പ്- വര്‍ധന 2 മുതല്‍ 58 പെന്‍സ് വരെ ലാര്‍ജ് ലെറ്റര്‍ ഫസ്റ്റ് ക്ലാസ് സ്റ്റാമ്പ്- വര്‍ധന 3 മുതല്‍ 101 പെന്‍സ് വരെ ലാര്‍ജ് ലെറ്റര്‍ സെക്കന്‍ഡ് ക്ലാസ് സ്റ്റാമ്പ്- വര്‍ധന 3 മുതല്‍ 79 പെന്‍സ് വരെ
RECENT POSTS
Copyright © . All rights reserved