speed limit
അപകടങ്ങളുടെ നിരക്ക് കുറയ്ക്കാന്‍ ശ്രദ്ധേയ നീക്കവുമായി വോള്‍വോ. തങ്ങളുടെ എല്ലാ കാര്‍ മോഡലുകളുടെയും പരമാവധി വേഗ പരിധി മണിക്കൂറില്‍ 112 മൈല്‍ ആയി ചുരുക്കുമെന്ന് വോള്‍വോ അറിയിച്ചു. ഈ നടപടി സ്വീകരിക്കുന്ന ആദ്യ വാഹന നിര്‍മാതാക്കളായി മാറിയിരിക്കുകയാണ് ഇതോടെ സ്വീഡിഷ് കമ്പനിയായ വോള്‍വോ. അമിത വേഗം മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇരയായി ഒട്ടേറെപ്പേര്‍ കൊല്ലപ്പെടുകയും ഗുരുതരമായ പരിക്കുകളുമായി ജീവിക്കേണ്ടി വരികയും ചെയ്യാറുണ്ടെന്നും അതിനാല്‍ പുതിയ കാറുകളുടെ വേഗത കമ്പനി വെട്ടിക്കുറയ്ക്കുകയാണെന്നും വോള്‍വോ വ്യക്തമാക്കി. അടുത്ത വര്‍ഷം മുതല്‍ ഇത് നിലവില്‍ വരും. വേഗത കുറക്കുന്നതിലൂടെ പരിഹരിക്കപ്പെടുന്ന പ്രശ്‌നമല്ല ഇതെന്ന് വ്യക്തമാണെങ്കിലും ഒരു ജീവനെങ്കിലും രക്ഷിക്കാനായാല്‍ അത്രയും നല്ലതെന്ന് കമ്പനി സിഇഒ ഹകാന്‍ സാമുവല്‍സണ്‍ പറഞ്ഞു. ചൈനീസ് കമ്പനിയായ ഗീലിയാണ് ഇപ്പോള്‍ വോള്‍വോയുടെ ഉടമസ്ഥര്‍. തങ്ങള്‍ ഒരു സ്മാര്‍ട്ട് സ്പീഡ് കണ്‍ട്രോള്‍ സംവിധാനത്തിന്റെ പണിപ്പുരയിലാണെന്ന് വോള്‍വോ അറിയിച്ചു. ഒരു ജിയോ ഫെന്‍സിംഗ് സാങ്കേതികവിദ്യയും ഇതിനൊപ്പമുണ്ട്. സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവയുടെ സമീപത്തെത്തുമ്പോള്‍ സ്വയം വേഗത കുറയ്ക്കുന്ന സംവിധാനമാണ് ഇത്. മദ്യപിച്ചുള്ള ഡ്രൈവിംഗിനെ ചെറുക്കാനും അശ്രദ്ധമായുള്ള വാനമോടിക്കല്‍ തടയാനും കാറുകളില്‍ ഫേഷ്യല്‍ റെക്ഗ്നീഷന്‍ ക്യാമറ സ്ഥാപിക്കുന്ന പരിഗണനയിലാണെന്നും കമ്പനി വ്യക്തമാക്കി. 2016ല്‍ അമിതവേഗത മൂലം ബ്രിട്ടീഷ് റോഡുകളില്‍ 11570 അപകടങ്ങളുണ്ടായിട്ടുണ്ട്. അവയില്‍ 349 എണ്ണം ഗുരുതരമായ അപകടങ്ങളായിരുന്നു. പബ്ലിക് റോഡുകളില്‍ റേസിംഗ് കാറുകള്‍ ഓടിക്കുന്നതു പോലെയാണ് പലരും വാഹനമോടിക്കുന്നത്. വേഗത കുറയ്ക്കുന്നത് വോള്‍വോയിലെങ്കിലും ഈ ശീലം കുറയ്ക്കുന്നതിനാണെന്ന് സാമുവല്‍സണ്‍ പറഞ്ഞു. റേസര്‍മാര്‍ക്കുള്ള കാറല്ല വോള്‍വോയെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ എക്‌സ് സി 90 സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി മോഡലിന് നിലവില്‍ 132 മൈലാണ് പരമാവധി വേഗത.
മോട്ടോര്‍വേകളിലെ സ്പീഡ് ലിമിറ്റ് ഉയര്‍ത്തുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനമുണ്ടാക്കുമെന്ന് ക്യാബിനറ്റ് മിനിസ്റ്ററും ട്രഷറി ചീഫ് സെക്രട്ടറിയുമായ ലിസ് ട്രസ്. നിലവിലുള്ള 70 മൈല്‍ പരിധിയില്‍ നിന്ന് സ്പീഡ് ലിമിറ്റ് 80 മൈലാക്കി ഉയര്‍ത്തുന്നത് പ്രൊഡക്ടിവിറ്റി വര്‍ദ്ധിപ്പിക്കുമെന്നാണ് മിനിസ്റ്റര്‍ വാദിക്കുന്നത്. ടോറി കോണ്‍ഫറന്‍സിലാണ് ട്രസ് ഈ വാദമുന്നയിച്ചത്. 2003ലാണ് ടോറികള്‍ ഈ പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് 2011ല്‍ അത് പൊടിതട്ടിയെടുത്തെങ്കിലും സ്പീഡ് ലിമിറ്റ് ഇപ്പോഴും 70 മൈലില്‍ തന്നെ നിലനിര്‍ത്തിയിരിക്കുകയാണ്. സെന്റര്‍ ഫോര്‍ പോളിസി സ്റ്റഡീസ് തിങ്ക്ടാങ്കിന്റെ ഡിബേറ്റില്‍ സംസാരിക്കുന്നതിനിടെയാണ് ട്രസ് ഈ ആശയം വീണ്ടും അവതരിപ്പിച്ചത്. മോട്ടോര്‍വേകളിലെ സ്പീഡ് ലിമിറ്റിനെക്കുറിച്ച് നമുക്ക് വീണ്ടും ചിന്തിക്കാമെന്നും അത് 80 മൈലായി ഉയര്‍ത്തുന്നതിനെക്കുറിച്ച് എന്തുകൊണ്ട് വീണ്ടും ആലോചിച്ചുകൂടായെന്നും അവര്‍ ചോദിച്ചു. വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ പലപ്പോഴും സമയം നഷ്ടമാകുകയാണെന്നും വേഗ പരിധി ഉയര്‍ത്തുന്നത് ഉദ്പാദനക്ഷമത കൂട്ടുമെന്നും അവര്‍ പറഞ്ഞു. 2011ല്‍ ഇപ്പോള്‍ ചാന്‍സലറായ അന്നത്തെ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഫിലിപ്പ് ഹാമണ്ട് മോട്ടോര്‍വേകളിലെ സ്പീഡ് ലിമിറ്റ് 80 മൈല്‍ ആക്കി ഉയര്‍ത്തുന്ന കാര്യം പരിഗണിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ടോറി കോണ്‍ഫറന്‍സിലായിരുന്നു ഈ പ്രഖ്യാപനവും. സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച പ്രവചനങ്ങള്‍ കൃത്യമാകാറില്ലെന്നും അവര്‍ പറഞ്ഞു. ഭാവി പ്രവചിക്കാന്‍ ട്രഷറിയില്‍ ആര്‍ക്കെങ്കിലും കഴിയുന്നുണ്ടെങ്കില്‍ അവര്‍ക്ക് സ്റ്റോക്ക് മാര്‍ക്കറ്റായിരിക്കും യോജിച്ച മേഖലയെന്നും അവര്‍ വ്യക്തമാക്കി.
ലണ്ടന്‍: യു.കെയില്‍ നിരത്തുകളില്‍ കടുത്ത ട്രാഫിക്ക് നിയമങ്ങള്‍ കൊണ്ടുവരാനൊരുങ്ങി അധികൃതര്‍. സ്പീഡ് ലിമിറ്റിനെക്കാളും ഒരു മൈല്‍ വേഗത കൂടിയാല്‍ 100 പൗണ്ട് ഈടാക്കുന്ന നിയമം കൊണ്ടുവരാന്‍ പോലീസ് ചീഫിന് ശുപാര്‍ശ ലഭിച്ചു. ഇക്കാര്യത്തില്‍ പോലീസ് ചീഫ് കൂടി അനുമതി നല്‍കിയാല്‍ നിയമം പ്രാബല്യത്തില്‍ വരും. റോഡുകളില്‍ നിയമങ്ങള്‍ ലംഘിക്കുന്നവരോട് സീറോ ടോളറന്‍സ് നയം സ്വീകരിക്കുകയാണ് വേണ്ടതെന്ന് നാഷണല്‍ റോഡ്‌സ് പോലീസിംഗ് ഹെഡ് ചീഫ് കോണ്‍സ്റ്റബിള്‍ ആന്റണി ബന്ഗാം ചൂണ്ടികാണിക്കുന്നു. നിലവിലുള്ള നിയമങ്ങള്‍ സ്പീഡ് ഡ്രൈവിംഗിനെ പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദഹം പറയുന്നു. അതേസമയം പുതിയ നിയമം പ്രവര്‍ത്തികമാക്കാന്‍ ഏറെ ബുദ്ധിമുട്ടാണെന്ന് മറ്റു പോലീസ് ബോസുമാര്‍ ചൂണ്ടികാണിക്കുന്നു. പുതിയ നിയമം കൊണ്ടുവന്നാല്‍ നിരവധി പേരെ അത് പ്രതികൂലമായി ബാധിക്കുമെന്ന് അധികൃതര്‍ പറയുന്നു. പലര്‍ക്കും താങ്ങാനാവുന്നതിനും അപ്പുറമായിരിക്കും പുതിയ പിഴ ശിക്ഷയെന്നും പോലീസ് ബോസുമാര്‍ അഭിപ്രായപ്പെടുന്നു. ഒരു മൈല്‍ അധിക വേഗതയില്‍ ഓടിച്ചാല്‍ പിഴ കൂടാതെ ഡ്രൈവര്‍മാര്‍ ബോധവല്‍ക്കരണ കോഴ്‌സുകളിലും പങ്കെടുക്കേണ്ടതായി വരും. ലൈസന്‍സിലേക്ക് മൂന്ന് പോയിന്റും ലഭിക്കും. ഇത്രയും കടുപ്പേമേറിയ നിയമം പൊതുജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ വേഗപരിധിയുടെ പത്ത് ശതമാനത്തില്‍ കൂടുതല്‍ സ്പീഡില്‍ വാഹനം ഓടിച്ചാലാണ് പിഴ ശിക്ഷ ലഭിക്കുക. 30 മൈല്‍ വേഗ പരിധിയുള്ള റോഡില്‍ 35 മൈല്‍ വേഗതയില്‍ ഓടിച്ചാല്‍ 100 പൗണ്ട് പിഴ, നിര്‍ബന്ധിത ബോധവല്‍ക്കരണ കോഴ്‌സിന് ചേരുക, ലൈസന്‍സില്‍ പോയിന്റുകള്‍ രേഖപ്പെടുത്തുക തുടങ്ങിയ ശിക്ഷകളാണ് ലഭിക്കുക. എന്നാല്‍ പുതിയ ശുപാര്‍ശ പോലീസ് ചീഫ് അംഗീകരിച്ചാല്‍ കടുപ്പമേറിയ നിയമം പ്രാബല്യത്തില്‍ വരും. പുതിയ നിയമം വന്നാലും സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഡ്രൈവറെ പിഴ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാനുള്ള അധികാരം പരിശോധന നടത്തുന്ന പോലീസുകാരന് ഉണ്ടാവും.
ലണ്ടന്‍: യുകെ തലസ്ഥാനത്ത് റോഡ് സുരക്ഷ ഉറപ്പാക്കാന്‍ പുതിയ നീക്കവുമായി ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍. വാഹനങ്ങളുടെ വേഗതാ പരിധി മണിക്കൂറില്‍ 20 മൈലാക്കി ചുരുക്കും. നിലവിലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതാണ് നടപടി. ലണ്ടന്‍ നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം ഈ നിയമം നടപ്പിലാക്കും. അതേസമയം 2020ന്റെ ആരംഭത്തോടെ മാത്രമെ 20 മൈല്‍ വേഗത നിയമം നടപ്പിലാക്കുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു. നടപടിയെ സ്വാഗതം ചെയ്തുകൊണ്ട് റോഡ് സുരക്ഷാ ക്യാംപയിനേഴ്‌സും രംഗത്ത് വന്നു. ലണ്ടന്‍ നഗരത്തിലുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. നഗരത്തിലെ തിരക്കേറിയ റോഡുകളിലുണ്ടാകുന്ന അപകടങ്ങളില്‍ സൈക്കിള്‍ യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കുമാണ് ഏറ്റവും കൂടുതല്‍ പരിക്കേല്‍ക്കുന്നത്. പുതിയ വേഗതാ പരിധി കൊണ്ടുവന്നാല്‍ ഇത്തരം അപകടങ്ങളെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ലണ്ടന്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലുള്ള വേഗതാ നിയന്ത്രണമായിരിക്കും ഇത്. ലണ്ടനിലെ മറ്റു പ്രദേശങ്ങളിലെ വേഗതാ പരിധിയും പുനര്‍നിര്‍ണയിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ വ്യക്തമാക്കിയിട്ടുണ്ട്. മേയര്‍ സാദിഖ് ഖാന്‍ നഗരത്തിലെ റോഡപകടങ്ങള്‍ നിയന്ത്രിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ നടപടി. വെസ്റ്റ്മിനിസ്റ്റര്‍ സിറ്റി കൗണ്‍സിലിന്റെ നിയമപ്രകാരം നഗരപരിധിയില്‍ ഓടിക്കാവുന്ന പരമാവധി വേഗത 30 മൈലാണ്. അപകടങ്ങളുടെ തോത് വര്‍ദ്ധിക്കുന്നത് ചൂണ്ടിക്കാണിച്ചായിരുന്നു കൗണ്‍സില്‍ വേഗത നിയന്ത്രണം കൊണ്ടുവന്നത്. ലണ്ടനില്‍ മാത്രം ഒരു വര്‍ഷം 2,000ത്തിലധികം പേര്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുയോ ചെയ്യുന്നുണ്ട്. ഇതില്‍ 80 ശതമാനവും സൈക്കിള്‍, കാല്‍നട യാത്രക്കാരാണ്. ലണ്ടന്‍ നഗരത്തിലെ അപകടങ്ങള്‍ നിയന്ത്രിച്ചേ മതിയാകൂ. ഓരോ മരണങ്ങളും പരിക്കുകളും വലിയ ആഘാതമാണ് കുടുംബങ്ങള്‍ക്ക് ഉണ്ടാക്കുന്നതെന്ന് മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞു.
ആഴ്ചയിലെ ദിവസങ്ങള്‍ക്കനുസരിച്ച് മോട്ടോര്‍വേകളില്‍ കാറുകളുടെ സ്പീഡ് ലിമിറ്റ് ക്രമീകരിക്കുമെന്ന് ഹൈവേയ്‌സ് ഇംഗ്ലണ്ട്. റോഡുകളില്‍ അറ്റകുറ്റപ്പണികള്‍ കുറയുന്നതനുസരിച്ച് 50മൈല്‍ പരിധിയില്‍ നിന്ന് 60 മൈല്‍ വരെയായി സ്പീഡ് ലിമിറ്റ് ഉയര്‍ത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതനുസരിച്ച് ഞായറാഴ്ചകളിലായിരിക്കും പരമാവധി സ്പീഡ് ലിമിറ്റ് ലഭിക്കുക. റോഡ് പണികള്‍ മൂലം ഡ്രൈവര്‍മാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതി അവതരിപ്പിക്കുന്നതെന്ന് ഹൈവേയ്‌സ് ഇംഗ്ലണ്ട് അറിയിച്ചു. റോഡ് വര്‍ക്കുകള്‍ നടക്കുന്നയിടങ്ങളില്‍ വേഗപരിധികളില്‍ മാറ്റം വരുത്തും. റോഡ് പണികള്‍ നടക്കുന്ന പ്രദേശങ്ങളില്‍ വേഗം കുറയ്ക്കാനും പണികള്‍ നടക്കാത്തയിടങ്ങളില്‍ പരമാവധി വേഗപരിധി അനുവദിക്കാനുമാണ് നീക്കം. റോഡ് പണികള്‍ നടക്കുന്ന അവസരങ്ങളില്‍ നാരോ ലെയിനുകള്‍ ഏര്‍പ്പെടുത്തുമ്പോള്‍ 50 മൈല്‍ വേഗതയാണ് സാധാരണയായി അനുവദിക്കാറുള്ളത്. ഇപ്രകാരം വേഗ പരിധികളില്‍ മാറ്റം വരുത്തുന്നത് പണികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കോ ഡ്രൈവര്‍മാര്‍ക്കോ എന്തെങ്കിലും ദോഷം വരുത്തുമോ എന്ന കാര്യവും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. റോഡ് അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത് അത്യാവശ്യമാണെന്ന് അറിയാമെങ്കിലും ജനങ്ങള്‍ ഇവയില്‍ അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ടെന്ന് ഹൈവേയ്‌സ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് ജിം ഒ' സള്ളിവന്‍ പറയുന്നു. അതുകൊണ്ടാണ് എല്ലാവര്‍ക്കും സൗകര്യപ്രദമായ വിധത്തില്‍ രീതികളില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷത്തോളം പഠനങ്ങള്‍ നടത്തിയ ശേഷമായിരിക്കും ഇത് നടപ്പാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
Copyright © . All rights reserved