UK Health
മുതിര്‍ന്ന ബ്രിട്ടീഷുകാരുടെ ശരാശരി ആയുസ്സ് നേരത്തേ പ്രവചിച്ചതിനേക്കാള്‍ ആറു മാസം കുറഞ്ഞതായി റിപ്പോര്‍ട്ട്. ദീര്‍ഘായുസ്സ് സംബന്ധിച്ചുള്ള പ്രവചനങ്ങളില്‍ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ഇടിവാണ് ഇതെന്നാണ് വിവരം. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ആയുസ്സില്‍ ഇത്രയും ഇടിവുണ്ടാകാന്‍ കാരണമെന്തെന്ന് വെളിപ്പെടുത്താന്‍ യുകെ പൗരന്‍മാരുടെ ലൈഫ് എക്‌സ്‌പെക്റ്റന്‍സി കണക്കാക്കുന്ന ഏജന്‍സിയായ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഫാക്കല്‍റ്റി ആക്ച്വറീസ് വിസമ്മതിച്ചു. പെന്‍ഷന്‍ വ്യവസായത്തെ ആശ്രയിച്ചാണ് ഏജന്‍സി ഈ കണക്കുകള്‍ തയ്യാറാക്കുന്നത്. ശരാശരി ആയുസ് കുറയാന്‍ കാരണമായി ചെലവുചുരുക്കല്‍ നയത്തെയും എന്‍എച്ച്എസ് ഫണ്ട് കട്ടുകളെയും ചില വിദഗ്ദ്ധന്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ജനങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന അമിത വണ്ണം, ഡിമന്‍ഷ്യ, പ്രമേഹം തുടങ്ങിയവയാണ് ഇതിന് കാരണമെന്നാണ് മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നത്. പുതിയ നിഗമനം അനുസരിച്ച് ഇപ്പോള്‍ 65 വയസുള്ള പുരുഷന്‍മാര്‍ക്ക് 86.9 വയസു വരെയാണ് ശരാശരി ആയുസ്സ് പ്രവചിക്കുന്നത്. നേരത്തേ ഇത് 87.4 വയസു വരെ എന്നായിരുന്നു കണക്കാക്കിയത്. 65 വയസുള്ള സ്ത്രീകള്‍ക്ക് 89.2 വയസാണ് ശരാശരി ആയുസ്സ്. 89.7 വയസായിരുന്നു നേരത്തേ പ്രവചിച്ചിരുന്നത്. 2010-11ലാണ് ഈ വിധത്തിലുള്ള മാറ്റം ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. കീഴ് വഴക്കങ്ങളില്‍ നിന്നുള്ള ഒരു വ്യതിയാനമായി മാത്രമാണ് ഇത് കണക്കാക്കിയിരുന്നത്. എന്നാല്‍ ആയുസ്സ് കുറയുന്നതിന്റെ നിരക്ക് പിന്നീട് ഉയരുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ വിലയിരുത്തലില്‍ രണ്ടു മാസത്തോളം ശരാശരി ആയുസ്സില്‍ കുറവുണ്ടായി. എന്നാല്‍ ഈ വര്‍ഷം വീണ്ടും ആറു മാസം കൂടി കുറയുകയായിരുന്നു. 2015ലെ കണക്കുകളുമായി താരതമ്യം ചെയ്താല്‍ പുരുഷന്‍മാരുടെ ആയുസ്സ് 13 മാസവും സ്ത്രീകളുടെ ആയുസ്സ് 14 മാസവും കുറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ നയങ്ങളെയും സാമ്പത്തിക വ്യവസ്ഥയെയും ആരോഗ്യത്തെയും നേരിട്ട് ബാധിക്കുന്ന ഒരു ഘടകമാണ് ലൈഫ് എക്‌സ്‌പെക്ടന്‍സി. 2037ഓടെ സ്‌റ്റേറ്റ് പെന്‍ഷന്‍ പ്രായം 68 ആയി ഉയര്‍ത്താന്‍ പദ്ധതിയിട്ടിരിക്കുകയായിരുന്നു. ഇത് 70 ആക്കി മാറ്റാനുള്ള നീക്കവും നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഈ കണക്കുകള്‍ നടപടികളെ പിന്നോട്ടു വലിക്കുമെന്നാണ് കരുതുന്നത്.
ബ്രിട്ടീഷ് ജനതയ്ക്ക് ആശങ്കയുണ്ടാക്കുന്ന പ്രഥമ വിഷയമായി ആരോഗ്യം മാറുന്നുവെന്ന് ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പഠനം. മുന്‍പന്തിയിലുണ്ടായിരുന്ന കുടിയേറ്റത്തെയാണ് ആരോഗ്യം പിന്നിലാക്കിയിരിക്കുന്നത്. ഈ മാസം യൂറോപ്യന്‍ യൂണിയനില്‍ നിന്ന് രാജ്യം പിന്‍വാങ്ങാനിരിക്കെയാണ് പുതിയ കണക്കുകള്‍ ഒഎന്‍എസ് പുറത്തു വിട്ടിരിക്കുന്നത്. ജനങ്ങളുടെ സന്തുഷ്ടിയുടെ നിരക്കു വര്‍ദ്ധിക്കുകയും മുന്‍ഗണനാ വിഷയങ്ങളില്‍ മാറ്റമുണ്ടാകുകയും ചെയ്തതായി ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. യുകെ ജനതയുടെ ക്ഷേമവും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെ ജനതയുടെ ക്ഷേമവുമായി താരതമ്യം ചെയ്യുന്ന പഠന റിപ്പോര്‍ട്ടാണ് 'മെഷറിംഗ് നാഷണല്‍ വെല്‍ ബീയിംഗ് ഇന്‍ ദി യുകെ; ഇന്റര്‍നാഷണല്‍ കംപാരിസണ്‍സ്, 2019' എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതനുസരിച്ച് 2016 സ്പ്രിംഗില്‍ കുടിയേറ്റമായിരുന്നു ബ്രിട്ടീഷ് ജനതയുടെ പ്രധാന പരിഗണനാ വിഷയം. ആരോഗ്യം, സാമൂഹ്യ സുരക്ഷ, തീവ്രവാദം എന്നിവയായിരുന്നു ഇതിനു പിന്നാലെയുണ്ടായിരുന്നവ. 2018 സ്പ്രിംഗ് എത്തിയപ്പോള്‍ ആരോഗ്യവും സോഷ്യല്‍ സെക്യൂരിറ്റിയും കുടിയേറ്റത്തിലുള്ള ബ്രിട്ടീഷ് ജനതയുടെ ആശങ്കയെ കവച്ചുവെച്ച് മുന്നിലെത്തി. ഇതിനു പിന്നാലെ ഹൗസിംഗ്, നാണ്യപ്പെരുപ്പം, ജീവിതച്ചെലവുകള്‍ എന്നിവയെക്കുറിച്ചുള്ള ആശങ്കകളും എത്തി. ബ്രെക്‌സിറ്റ് സൃഷ്ടിക്കുന്ന മാറ്റങ്ങളായിരിക്കാം ഇതെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. കുടിയേറ്റം ബ്രിട്ടീഷ് ജനതയ്ക്ക് എന്നും ആശങ്കയുണ്ടാക്കുന്ന വിഷയം തന്നെയാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് അഫയേഴ്‌സിന്റെ ലൈഫ്‌സ്റ്റൈല്‍ ഇക്കണോമിക്‌സ് തലവന്‍ ക്രിസ്റ്റഫര്‍ സ്‌നോഡന്‍ പറയുന്നു. ബ്രെക്‌സിറ്റ് കുടിയേറ്റം കുറയ്ക്കുമെന്നാണ് ഇവര്‍ കരുതുന്നത്. ബ്രെക്‌സിറ്റോടെ ബ്രിട്ടന് സ്വന്തം അതിര്‍ത്തികളില്‍ അധികാരം തിരിച്ചു കിട്ടുമെന്ന് കരുതുന്നതിനാലാണ് പഴയ വിഷയങ്ങളായ ആരോഗ്യം, എന്‍എച്ച്എസ്, സാമൂഹ്യ സുരക്ഷ, അതിന്‍മേലുള്ള ബജറ്റ് എന്നിവയിലേക്ക് ജനങ്ങളുടെ ശ്രദ്ധ തിരിയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2016ല്‍ ആശങ്ക ഉയര്‍ത്തുന്ന പ്രധാന വിഷയമായി കുടിയേറ്റമാണെന്ന് 38 ശതമാനം ബ്രിട്ടീഷുകാര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ആരോഗ്യത്തിനു സാമൂഹ്യസുരക്ഷയ്ക്കും പ്രാധാന്യം നല്‍കിയത് 26 ശതമാനമായിരുന്നു. 2018 ആയപ്പോള്‍ ഇത് നേരേ തിരിയുകയും ആരോഗ്യം, സാമൂഹ്യ സുരക്ഷ എന്നിവ ആശങ്കയുണ്ടാക്കുന്നുവെന്ന് 33 ശതമാനം പേര്‍ അഭിപ്രായപ്പെടുകയും ചെയ്തു. യൂറോപ്യന്‍ യൂണിയനിലെ ആശങ്കാ വിഷയങ്ങള്‍ തൊഴിലില്ലായ്മയും ആരോഗ്യം, സാമൂഹ്യ സുരക്ഷ എന്നിവയുമാണ്.
ലണ്ടന്‍: എച്ച്‌ഐവി മുക്തി നേടിയ ലോകത്തെ രണ്ടാമനായി ലണ്ടന്‍ സ്വദേശി. ഒരിക്കല്‍ ബാധിച്ചാല്‍ പിന്നെ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത അണുബാധയാണ് എയിഡ്‌സ് രോഗാണുവാണ് എച്ച്‌ഐവി. മജ്ജ മാറ്റിവെക്കലിലൂടെയാണ് എച്ച്‌ഐവി പൊസിറ്റീവായ ആള്‍ രോഗമുക്തി നേടിയതെന്നാണ് റിപ്പോര്‍ട്ട്. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ പ്രൊഫസറും എച്ച്‌ഐവി വിദഗ്ദ്ധനുമായ ഡോ.രവീന്ദ്ര ഗുപ്തയുടെ നേതൃത്വത്തിലാണ് ചികിത്സ നടത്തിയത്. ഇതോടെ എച്ച്‌ഐവി ബാധയില്‍ നിന്ന് മുക്തി നേടുന്ന ലോകത്തെ രണ്ടാമത്തെ വ്യക്തിയായി മാറിയിരിക്കുകയാണ് ഇയാള്‍. അമേരിക്കക്കാരനായ തിമോത്തി ബ്രൗണ്‍ ആണ് എച്ച്‌ഐവിയില്‍ നിന്ന് മുക്തനായ ആദ്യ വ്യക്തി. 2007ല്‍ ജര്‍മനിയില്‍ വെച്ച് നടത്തിയ ചികിത്സയിലാണ് തിമോത്തി ബ്രൗണ്‍ രോഗമുക്തി നേടിയത്. ബെര്‍ലിന്‍ പേഷ്യന്റ് എന്ന പേരിലായിരുന്നു ഇയാള്‍ അറിയപ്പെട്ടിരുന്നത്. ലണ്ടന്‍ സ്വദേശിയായ രോഗിയില്‍ നടത്തിയത് സ്‌റ്റെം സെല്‍ ചികിത്സയായിരുന്നു. അപൂര്‍വ്വ ജനിതക മാറ്റത്തിലൂടെ എച്ച്‌ഐവിയോട് പ്രതിരോധം ആര്‍ജ്ജിച്ച ദാതാവിന്റെ മജ്ജയുടെ വിത്തുകോശങ്ങളാണ് ഇയാളില്‍ ഉപയോഗിച്ചത്. വൈറസിനെതിരായുള്ള ചികിത്സകളും ഇതിനൊപ്പം തുടര്‍ന്നു. 18 മാസത്തിനു ശേഷം നടത്തിയ പരിശോധനയില്‍ ഈ രോഗിയില്‍ എച്ച്‌ഐവി ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് ഡോ.രവീന്ദ്ര ഗുപ്ത പറഞ്ഞു. 2016ലാണ് എച്ച്‌ഐവി പ്രതിരോധമുള്ള ഒരു വിത്തുകോശ ദാതാവിനെ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. മജ്ജ മാറ്റിവെക്കല്‍ നടത്തിയതോടെ രോഗി എച്ച്‌ഐവിയോട് പ്രതിരോധം ആര്‍ജ്ജിക്കുകയായിരുന്നു. 2003ല്‍ എച്ച്‌ഐവി ബാധിതനായ ഈ രോഗിക്ക് 2012ല്‍ രക്താര്‍ബുദവും സ്ഥിരീകരിച്ചിരുന്നു.
ലണ്ടന്‍: സാധാരണയായി പച്ചക്കറി മാത്രം കഴിക്കുന്നവര്‍ക്ക് ആയൂര്‍ ദൈര്‍ഘ്യം കൂടുതലായിരിക്കുമെന്നാണ് പലര്‍ക്കും കേട്ടറിവ്. ശരീരത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും പച്ചക്കറിയില്‍ നിന്ന് ലഭിക്കുന്നുവെന്നും നാം കരുതുന്നു. ബ്രിട്ടണ്‍, അമേരിക്ക, ഫ്രാന്‍സ് തുടങ്ങി ഇന്ത്യയിലും മറ്റു നിരവധി രാജ്യങ്ങളിലും സസ്യാഹാരികളായ നിരവധി സമൂഹം ഇന്ന് നിലനില്‍ക്കുന്നുണ്ട്. ആയൂര്‍ദൈര്‍ഘ്യവും രോഗമില്ലായ്മയുമാണ് പ്രധാനമായും സസ്യാഹാരികളാവാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ നാം കരുതുന്നത് പോലെയല്ലെന്നാണ് യു.കെയില്‍ ജോലിയെടുക്കുന്ന പ്രമുഖ എന്‍.എച്ച്.എസ് കാര്‍ഡിയോളജിസ്റ്റ് ഡോ. അസീം മല്‍ഹോത്രയുടെ വാദം. തന്റെ അമ്മയുടെ അകാല മരണത്തിന് കാരണം സസ്യാഹാരം മാത്രമായി ഡയറ്റിനെ ചുരുക്കിയതിനാലെന്ന് ഡോ. മല്‍ഹോത്ര ചൂണ്ടിക്കാണിക്കുന്നു. അമ്മയുടെ മരണത്തില്‍ ആഹാരക്രമീകരണങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ശരീരത്തില്‍ അത്യാവശ്യമായിരുന്ന പ്രോട്ടീനുകള്‍ ലഭിക്കാതിരുന്നതാണ് അമ്മയെ രോഗത്തിലേക്ക് തള്ളിവിട്ടതും അത് പിന്നീട് മരണമായി മാറുകയും ചെയ്തതെന്നും ഡോ. മല്‍ഹോത്ര പറയുന്നു. വളരെ സീരിയസായി സ്‌പൈനല്‍ പ്രശ്‌നങ്ങള്‍ അമ്മയ്ക്ക് ഉണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ നടക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് സെപ്‌സിസ് പിടിപ്പെട്ടു. ഇന്‍ഫെക്ഷന്‍ അമ്മയെ മരണത്തിലേക്ക് അടുപ്പിക്കുകയും ചെയ്തു. മരണത്തിലേക്ക് നയിച്ചതിന്റെ മൂലകാരണമായി എനിക്ക് തോന്നിയത് അവശ്യ പ്രോട്ടീനുകളുടെ കാര്യമായ കുറവാണ്. പ്രോട്ടീനുകളുടെ കുറവ് മനുഷ്യശരീരത്തെ ദുര്‍ബലമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡോ. മല്‍ഹോത്രയുടെ മാതാവ് അനിഷ മാഞ്ചസ്റ്ററില്‍ ജോലിയെടുത്തിരുന്ന ഒരു ജി.പി കൂടിയായിരുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. 68-ാമത്തെ വയസിലാണ് അനിഷ മരണപ്പെടുന്നത്. അനിഷ അമിത ഭാരം വെക്കുന്നതിനും ആരോഗ്യ പൂര്‍ണമായും നശിക്കുന്നതിനും കാരണമായി മല്‍ഹോത്ര ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാരണം 'അള്‍ട്രാ പ്രോസസ്ഡ് ജങ്ക്' ഭക്ഷണ പദാര്‍ത്ഥങ്ങളാണ്. ഇവയില്‍ മീറ്റ് അടങ്ങിയിട്ടില്ലാത്തതിനാല്‍ വിറ്റാമിന്റെയും പ്രോട്ടീനിന്റെയും കുറവുണ്ടായെന്നും മല്‍ഹോത്ര വ്യക്തമാക്കുന്നു. അമ്മയുടെ മസിലുകളുടെ ശേഷിക്കുറവിലേക്ക് നയിച്ചതും വെജിറ്റേറിനസമാണെന്ന് മല്‍ഹോത്ര പറഞ്ഞു. ബ്രിട്ടനില്‍ സമീപകാലത്ത് നിരവധി പേരാണ് വെജിറ്റേറിനസത്തിലേക്ക് ആകൃഷ്ടരാവുന്നത്. പൂര്‍ണമായും സസ്യാഹാരികളാകുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഡോ. മല്‍ഹോത്ര നല്‍കുന്ന നിര്‍ദേശം.
എന്‍എച്ച്എസ് ജീവനക്കാര്‍ തങ്ങളുടെ ജോലിയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിക്കുന്നതായി സര്‍വേ. ജീവനക്കാരില്‍ അഞ്ചില്‍ രണ്ടു പേര്‍ക്ക് വീതം ജോലി സമ്മര്‍ദ്ദം മൂലം അസ്വസ്ഥതകള്‍ ഉണ്ടായെന്ന് സര്‍വേ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അവലോകനത്തിലാണ് ഇത് വ്യക്തമാക്കുന്നത്. ജോലി സംബന്ധമായ സമ്മര്‍ദ്ദം മൂലം 39.8 ശതമാനം ജീവനക്കാര്‍ക്കും അസ്വസ്ഥതയുണ്ടായിട്ടുണ്ടെന്ന് കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പറയുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ശമ്പളമില്ലാതെ ഓവര്‍ടൈം പണിയെടുക്കുകയാണെന്ന തോന്നല്‍ ഡോക്ടര്‍മാരിലും നഴ്‌സുമാരിലും മറ്റു ജീവനക്കാരിലും വര്‍ദ്ധിച്ചു വരികയാണെന്നും ജോലി വിടുന്നതിനെക്കുറിച്ച് ഇവര്‍ ചിന്തിച്ചു തുടങ്ങിയിട്ടുണ്ടെന്നും എന്‍എച്ച്എസ് സ്റ്റാഫ് സര്‍വേയില്‍ വ്യക്തമായി. എന്‍എച്ച്എസില്‍ ജീവനക്കാരുടെ ക്ഷേമം അപകടകരമായ വിധത്തില്‍ കുറയുകയാണെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഇത് രോഗികള്‍ക്ക് ലഭിക്കേണ്ട പരിചരണത്തെയായിരിക്കും പ്രതികൂലമായി ബാധിക്കുക. രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവും വര്‍ഷങ്ങളായി തുടര്‍ന്നു പോന്നിരുന്ന ചെലവുചുരുക്കലും ജീവനക്കാരുടെ കുറവു മൂലമുണ്ടാകുന്ന സമ്മര്‍ദ്ദവുമൊക്കെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്ത വിധത്തിലുള്ള ജോലി സാഹചര്യങ്ങളാണ് സൃഷ്ടിക്കുന്നതെന്നും വിദഗ്ദ്ധര്‍ പറയുന്നു. ഇംഗ്ലണ്ടിലെ 230 എന്‍എച്ച്എസ് ട്രസ്റ്റുകളിലെ 497,000 ജീവനക്കാരിലാണ് സര്‍വേ നടത്തിയത്. എന്‍എച്ച്എസിലെ 1.2 ദശലക്ഷം ജീവനക്കാരുടെ പ്രതികരണമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. നിലവിലുള്ള തസ്തിക മാറുന്നതിനെക്കുറിച്ച് 51 ശതമാനം പേര്‍ ചിന്തിക്കുമ്പോള്‍ 21 ശതമാനം പേര്‍ എന്‍എച്ച്എസില്‍ നിന്നുതന്നെ വിട്ടു പോകാന്‍ ആഗ്രഹിക്കുന്നവരാണ്. 78 ശതമാനം പേരും കടുത്ത സമ്മര്‍ദ്ദത്തിലാണ് ജോലി ചെയ്യുന്നതെന്ന് പറയുന്നു. എല്ലാ ആഴ്ചയിലും വേതനമില്ലാത്ത ഓവര്‍ടൈം ജോലി ചെയ്യുന്നുണ്ടെന്നാണ് 58 ശതമാനം പേര്‍ പരാതിപ്പെടുന്നത്. വിശ്രമമില്ലാത്ത ജോലി മൂലം നടുവേദനയുണ്ടായെന്ന് 28 ശതമാനം പേര്‍ പറയുന്നു. 2017നേക്കാള്‍ 2 ശതമാനം കൂടുതലാണ് ഇത്. തങ്ങളുടെ ക്ഷേമത്തിനായി ട്രസ്റ്റുകള്‍ നടപടികളെടുക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നത് വെറും 28.6 ശതമാനം പേര്‍ മാത്രമാണെന്നും സര്‍വേ വ്യക്തമാക്കുന്നു. .
RECENT POSTS
Copyright © . All rights reserved