UK Universities
ഓരോ വര്‍ഷവും പുതിയ ഇരകളെ കണ്ടെത്തുകയും അവരെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന പീഡനവീരന്‍മാര്‍ യൂണിവേഴ്‌സിറ്റികളില്‍ ജോലി ചെയ്യുന്നതായി കണ്ടെത്തല്‍. 1752 ഗ്രൂപ്പ് എന്ന ക്യാംപെയിന്‍ ഗ്രൂപ്പും പോര്‍ട്‌സ്മൗത്ത് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തു വന്നത്. വിദ്യാര്‍ത്ഥികളുമായോ കീഴ്ജീവനക്കാരുമായോ ആശ്വാസ്യകരമല്ലാത്ത ബന്ധം പുലര്‍ത്തുന്ന ജീവനക്കാരില്‍ പലരും അതു കൂടാതെ മറ്റു ബന്ധങ്ങളും കൊണ്ടുനടക്കുന്നുണ്ടെന്നാണ് വ്യക്തമായത്. ജീവനക്കാരില്‍ നിന്ന് ഒരേ വിധത്തിലുള്ള പെരുമാറ്റം നേരിടേണ്ടി വന്നിട്ടുള്ളതായി സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. ഓരോ വര്‍ഷവും എത്തുന്ന വിദ്യാര്‍ത്ഥികളെ ഗ്രൂം ചെയ്യുകയും ഡേറ്റ് ചെയ്യുകയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയുമൊക്കെയാണ് ഇവര്‍ ചെയ്തു വരുന്നത്. താരതമ്യേന ജൂനിയറായ ജീവനക്കാര്‍ക്കും ഇത്തരക്കാരില്‍ നിന്ന് ശല്യം നേരിടേണ്ടി വരാറുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു. ജീവനക്കാരില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടിട്ടുള്ള 16 സ്ത്രീകള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. ഇവര്‍ക്ക് മോശം അനുഭവമുണ്ടായ ജീവനക്കാരില്‍ നിന്ന് അതേ അനുഭവം നേരിട്ട മറ്റൊരു സ്ത്രീയെ അറിയാമെന്ന് സര്‍വേയില്‍ പങ്കെടുത്ത 12 പേരും പറഞ്ഞു. 14 യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരുമാണ് അനുഭവങ്ങള്‍ പങ്കുവെച്ചത്. ഇവര്‍ ചൂണ്ടിക്കാട്ടിയ ജീവനക്കാരില്‍ ഈ കുറ്റകൃത്യത്തിന്റെ പേരില്‍ ഒരാള്‍ക്ക് മാത്രമാണ് ജോലി നഷ്ടമായത്. ഇരയാക്കപ്പെട്ടവരില്‍ ആറു പേര്‍ തങ്ങള്‍ നേരിട്ട അതിക്രമം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കപ്പെട്ടതായും വെളിപ്പെടുത്തി. സോഷ്യല്‍ മീഡിയ വഴി ഇരകളെ വല വീശിപ്പിടിക്കുകയാണ് മിക്കവരും ചെയ്യുന്നത്. പിന്നീട് ലൈംഗികാതിക്രമങ്ങളും ഭീഷണിയും മറ്റും തുടങ്ങും. ബന്ധത്തില്‍ നിന്നു പിന്‍മാറാന്‍ ശ്രമിക്കുന്നവര്‍ക്കു നേരെ ഭീഷണിയും പരസ്യമായ ശകാരങ്ങളുമുള്‍പ്പെടെയാണ് ഇവര്‍ പ്രയോഗിക്കുന്നത്. ഇരയാക്കാപ്പെട്ട പലരും ആത്മഹത്യക്കു ശ്രമിക്കുകയോ കരിയര്‍ നശിക്കുകയോ പഠനമുപേക്ഷിക്കേണ്ടി വരികയോ ചെയ്തിട്ടുണ്ട്. പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡറിന് അടിമകളായി കഴിയുന്നവരും ഇവരിലുണ്ടെന്ന് പഠനം കണ്ടെത്തി.
സമീപ കാലത്ത് യൂണിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കിയ 50 ശതമാനം ഉദ്യോഗാര്‍ത്ഥികളും വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാന്‍ പ്രാപ്തിയില്ലാത്തവര്‍. വര്‍ഷങ്ങള്‍ തൊഴിലെടുത്താലും ഇവര്‍ വായ്പയെടുത്ത മുഴുവന്‍ തുകയും തിരിച്ചടക്കാന്‍ ഇവര്‍ക്ക് കഴിയില്ലെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. 30 വര്‍ഷത്തെ സമ്പാദ്യം ഉണ്ടെങ്കില്‍ പോലും തങ്ങളെടുത്ത വായ്പ തിരിച്ചടക്കാന്‍ കഴിയില്ലെന്ന് സ്‌കൂള്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ 10 ശതമാനം പേരും വിശ്വസിക്കുന്നുത്. 28 ശതമാനം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ സ്ഥിതിയും സമാനമാണ്. സമീപ കാലത്ത് ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ 42 ശതമാനവും വായ്പ മുഴുവനായും തിരിച്ചടക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ലോണ്‍ തിരിച്ചടക്കാന്‍ കഴിയാതെ വരുന്നത് വിദ്യാര്‍ത്ഥികളില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലോണ്‍ തുക തിരിച്ചടക്കാന്‍ പാകത്തിനുള്ള അത്രയും തുക സമ്പാദിക്കാന്‍ യൂണിവേഴ്‌സിറ്റി ബിരുദദാരികള്‍ക്ക് കഴിയാത്തതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. ബിരുദ വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം തങ്ങളെടുത്ത ലോണ്‍ തുക തിരിച്ചടക്കാന്‍ പാകത്തിലുള്ള തൊഴില്‍ കണ്ടെത്താനോ വരുമാനമുണ്ടാക്കാനോ കഴിയില്ലെന്ന് വിശ്വസിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് നാള്‍ക്കുനാള്‍ ഉണ്ടായികൊണ്ടിരിക്കുന്നതെന്ന് ഹയര്‍ എജ്യൂക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ നിക് ഹില്‍മാന്‍ സാക്ഷ്യപ്പെടുത്തുന്നു. നിഷ്‌കളങ്കവും തെറ്റിധാരണാജനകവുമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുട്ടികള്‍ യൂണിവേഴ്‌സിറ്റികളിലേക്ക് എത്തിച്ചേരുന്നതെന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്ന വസ്തുതയെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളില്‍ നിന്നും കോളേജുകളില്‍ നിന്നും പുറത്തു വരുന്നവരെ സഹായിക്കാന്‍ കൂടുതല്‍ പണം ലഭിക്കുന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം. എങ്കില്‍ മാത്രമെ സാമ്പത്തികപരമായ ക്ലേശങ്ങളില്‍ നിന്ന് മോചിതരാകാന്‍ കഴിയുകയുള്ളു. സാമ്പത്തികപരമായ മികച്ചു നില്‍ക്കുന്ന ജോലി സ്വന്തമാക്കാന്‍ വേണ്ടിയാണ് പലരും യൂണിവേഴ്‌സിറ്റികള്‍ തേടിയെത്തുന്നത്. എന്നാല്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കുന്നതോടെ ഈ ധാരണയില്‍ മാറ്റം വരുന്നു. കോളേജുകളില്‍ പഠിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുന്ന സമയത്തു തന്നെ നമ്മുടെ യുവാക്കള്‍ ഭാവി വരുമാനത്തെക്കുറിച്ച് അമിത പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നവരാണെന്ന് യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ ഇന്‍സറ്റിറ്റിയൂട്ട് ഓഫ് എജ്യൂക്കേഷന്‍ പ്രൊഫസര്‍ ജോണ്‍ ജെറിം അഭിപ്രായപ്പെട്ടു. യൂണിവേഴ്‌സിറ്റി പഠനത്തിന് ശേഷം അവര്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള വരുമാനം ഉണ്ടാക്കാന്‍ കഴിയില്ലെന്നതാണ് സത്യം. അതുകൊണ്ടു തന്നെ ലോണ്‍ തുക മുഴുവനും തിരിച്ചടക്കാന്‍ അവര്‍ക്ക് കഴിയണമെന്നില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം യൂണിവേഴ്‌സിറ്റി ഫണ്ടിംഗുമായി ബന്ധപ്പെട്ട റിവ്യൂവിന് പ്രധാനമന്ത്രി തെരെസ മേയ് പ്രഖ്യാപിച്ചിരുന്നു. യൂണിവേഴ്‌സിറ്റികളോടുള്ള ബ്രിട്ടന്റെ കാലഹരണപ്പെട്ട മനോഭാവത്തെ മേയ് വിമര്‍ശിച്ചിരുന്നു. ഡിഗ്രികളെടുക്കുന്ന ആളുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും ഇവരില്‍ നിന്നും വന്‍ തുക കോഴ്‌സ് ഫീ ഇനത്തില്‍ ഈടാക്കുന്നതായും മേയ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ യൂണിവേഴ്‌സിറ്റി ഫണ്ടിംഗ് റിവ്യ പ്രഖ്യാപിച്ചു. യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസ് നിരക്ക് കുറയ്ക്കില്ലെന്ന് ഫണ്ടിംഗ് റിവ്യൂവില്‍ പറയുന്നു. യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസ് നിരക്ക് കുറയ്ക്കുന്നത് നികുതി വര്‍ദ്ധനവിന് കാരണമാകുമെന്നും ഇത് യൂണിവേഴ്‌സിറ്റി സീറ്റുകളെ പരിമിതപ്പെടുത്തുമെന്നും തേരേസ മേയ് പറയുന്നു. യൂണിവേഴ്‌സിറ്റികളില്‍ നിന്ന് വിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങള്‍ കൈപ്പറ്റുന്ന വിദ്യാര്‍ത്ഥികള്‍ അതിന്റെ വില നേരിട്ട് നല്‍കേണ്ടതായിട്ടുണ്ടെന്ന് തെരേസ മേയ് പറയുന്നു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സ്റ്റുഡന്റ് ഫിനാന്‍സിംഗ് ആന്റ് യൂണിവേഴസിറ്റി ഫണ്ടിംഗ് റിവ്യൂവാണ് തേരേസ മേയ് അവതരിപ്പിച്ചത്. അതേസമയം ട്യൂഷന്‍ ഫീസുകള്‍ നിര്‍ത്തലാക്കുമെന്നും മെയിന്റനനസ് ഗ്രാന്റുകള്‍ തിരിച്ചുകൊണ്ടു വരുമെന്നിമാണ് ലേബര്‍ പാര്‍ട്ടി നയം. ഏതാണ്ട് എല്ലാ കോഴ്‌സുകളിലും വര്‍ഷത്തില്‍ ഈടാക്കുന്ന ഫീസ് 9,250 പൗണ്ടാണ്. 6.1 ശതമാനമാണ് ഇതിന്റെ പലിശ നിരക്ക്. ലോകത്തിലെ ഏറ്റവും ചെലവേറിയ യൂണിവേഴ്‌സിറ്റി ട്യൂഷന്‍ സിസ്റ്റങ്ങളില്‍ ഒന്നാണ് ഇഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റികള്‍ പിന്തുടരുന്നത്. വിദ്യഭ്യാസത്തിന്റെ മൂല്യവും ഗുണങ്ങളും ഫീസും തമ്മില്‍ താരതമ്യപ്പെടുത്തേണ്ട ആവശ്യമില്ലെന്നും തേരെസ മേയ് പറഞ്ഞു. ഫീസിനത്തിലെ വര്‍ദ്ധനവ് വിദ്യാര്‍ത്ഥികളിലും മാതാപിതാക്കളിലും ഉത്കണ്ഠയുണ്ടാക്കുന്നുണ്ട്. 9250 പൗണ്ട് ഫീസില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന താല്‍ക്കാലിക മരവിപ്പിക്കല്‍ ചുരുങ്ങിയത് അടുത്ത വര്‍ഷം വരെയെങ്കിലും നിലനില്‍ക്കും. പക്ഷേ ഫീസ് കുറയ്ക്കുന്നതു സംബന്ധിച്ച നടപടികളൊന്നും മന്ത്രിമാരുടെ ഭാഗത്ത് പ്രതീക്ഷിക്കേണ്ടതില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രതീക്ഷിച്ചിരുന്ന ഫീസ് വെട്ടിക്കുറയ്ക്കല്‍ നടപ്പാക്കില്ലെന്ന് വ്യക്തമായതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി് ഫണ്ടിംഗ് റിവ്യൂ അനാവശ്യമായ സമയം നഷ്ടപ്പെടുത്താലായിരുന്നുവെന്ന് ലേബര്‍ പാര്‍ട്ടിയുടെ ഷാഡോ എജ്യുക്കേഷന്‍ സെക്രട്ടറി ആഞ്ചല റൈനര്‍ പറഞ്ഞു. സര്‍ക്കാരിന് തെറ്റുപറ്റിയതായി പ്രധാനമന്ത്രിക്ക് സമ്മതിക്കേണ്ടി വന്നുവെന്നും റൈനര്‍ പറഞ്ഞു. ട്യൂഷന്‍ ഫീസുകള്‍ എടുത്തു കളയുകയും മെയിന്റനനസ് ഗ്രാന്റുകള്‍ തിരിച്ചകെ കൊണ്ടുവരികയും സൗജന്യ വിദ്യഭ്യാസം നല്‍കുകയും ചെയ്യുമെന്നാണ് ലേബര്‍ നയമെന്ന് അവര്‍ വ്യക്തമാക്കി. അടുത്ത കാലത്തായി വിദ്യാഭ്യാസ മേഖലയില്‍ നടപ്പില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ വിദ്യാര്‍ത്ഥികളെ കടക്കെണിയില്‍ പെടുത്തുന്നവയായിരുന്നുവെന്ന് അക്കാഡമിക് ജീവനക്കാരുടെ സംഘടനയായ യൂണിവേഴ്‌സിറ്റി ആന്‍ഡ് കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി സാലി ഹണ്ട് പറഞ്ഞു.
RECENT POSTS
Copyright © . All rights reserved