UK weather
രാജ്യത്ത് ഈയാഴ്ച കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. 10 സെന്റീമീറ്റര്‍ (3.9 ഇഞ്ച്) മഞ്ഞുവീഴ്ചയുണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. സൗത്ത് ഈസ്റ്റ് പ്രദേശങ്ങള്‍ മഞ്ഞുവീഴ്ചയില്‍ ഒറ്റപ്പെട്ടേക്കുമെന്നും മെറ്റ് ഓഫീസ് അറിയിച്ചു. വാഹനങ്ങള്‍ വഴിയില്‍ കുരുങ്ങാനും വിമാനങ്ങളും ട്രെയിനുകളും താമസിക്കാനോ സര്‍വീസുകള്‍ തന്നെ റദ്ദാക്കപ്പെടാനോ സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു. കനത്ത കാറ്റില്‍ വൈദ്യുതി വിതരണത്തിനും തടസമുണ്ടാകാനിടയുണ്ട്. റോഡുകളിലും നടപ്പാതകളിലും മറ്റും മഞ്ഞിന്റെ പാളികള്‍ രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സൈക്കിള്‍ യാത്രക്കാര്‍ക്കും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. അറ്റ്‌ലാന്റിക്കില്‍ നിന്നുള്ള മഴമേഘങ്ങള്‍ ചൊവ്വാഴ്ച യുകെയില്‍ എത്തും. യുകെയിലെ തണുത്ത കാലാവസ്ഥയുമായി ഇത് ചേരുന്നതോടെ കനത്ത മഞ്ഞുവീഴ്ചയായിരിക്കും ഉണ്ടാകുക. ഉച്ചക്കു ശേഷം മഞ്ഞുവീഴ്ച ആരംഭിക്കും. വൈകുന്നേരത്തോടെ ഇത് ലണ്ടനിലും സൗത്ത് ഈസ്റ്റിലും എത്തുമെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു. ഇതേത്തുടര്‍ന്ന് ഇംഗ്ലണ്ടിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും മെറ്റ് ഓഫീസ് യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിരിക്കുകയാണ്. മിക്കയിടങ്ങളിലും കുറഞ്ഞത് 1 സെന്റീമീറ്റര്‍ മഞ്ഞുവീഴ്ചയെങ്കിലും ഉണ്ടാകും. ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇത് 5 സെന്റീമീറ്റര്‍ മുതല്‍ 10 സെന്റീമീറ്റര്‍ വരെയാകാം. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, സതേണ്‍ സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്ത് വെയില്‍സ് എന്നിവിടങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കാം. വ്യാഴാഴ്ച രാത്രിയില്‍ വീണ്ടും ഇതേ കാലാവസ്ഥ അനുഭവപ്പെടുമെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു. രാജ്യത്തൊട്ടാകെ പൂജ്യത്തിലും താഴെയായിരിക്കും താപനില. ഇത് സ്‌കോട്ട്‌ലന്‍ഡിലെ ഗ്രാമ പ്രദേശങ്ങളില്‍ മൈനസ് 7 വരെ പോകാനിടയുണ്ടെന്നും മുന്നറിയിപ്പ് പറയുന്നു.
ലണ്ടന്‍: ബ്രിട്ടനില്‍ അതിശൈത്യം തുടരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഏറ്റവും കുറഞ്ഞ താപനില മൈനസ് അഞ്ച് ഡിഗ്രി സെല്‍ഷ്യസാണ്. വരും ദിവസങ്ങളില്‍ താപനില ഇനിയും താഴോട്ട് പോകാനാണ് സാധ്യത. കഴിഞ്ഞ മഞ്ഞുകാലത്ത് ബ്രിട്ടനെ വിറപ്പിച്ച് 'ബീസ്റ്റ് ഫ്രം ഈസ്റ്റ്' ശൈത്യക്കാറ്റിന്റെ ചെറിയ രൂപം വരും ദിവസങ്ങളില്‍ രാജ്യത്തെത്തുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാല്‍ നവംബര്‍ കൂടുതല്‍ തണുക്കും. ഡിസംബറില്‍ കൊടും ശൈത്യമുണ്ടാകുമെന്ന മുന്നറിയിപ്പ് കൂടിയാണ് നവംബറിലെ കാലവസ്ഥാ റിപ്പോര്‍ട്ട്. പലയിടങ്ങളിലും മഞ്ഞുവീഴ്ച്ച ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. എന്നാല്‍ ഇതൊരു അസാധാരണ പ്രതിഭാസമല്ല. കഴിഞ്ഞ വര്‍ഷം രാജ്യത്തുണ്ടായ അതിശൈത്യത്തിന് കാരണമായത് ബീസ്റ്റ് ഫ്രം ഈസ്റ്റ് എന്ന പ്രതിഭാസമായിരുന്നു. താപനില അസാധാരണമായി താഴ്ന്നതോടെ ജനജീവിതം സ്തംഭിച്ചിരുന്നു. ഇത്തവണ നവംബറില്‍ തന്നെ ബീസ്റ്റ് ഫ്രം ഈസ്റ്റിന്റെ മിനി രൂപം രാജ്യത്തെത്തുമെന്നത് ചെറിയ ആശങ്ക ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഭയപ്പെടാനില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം. നിലവിലെ അവസ്ഥ തന്നെയായിരിക്കും അടുത്ത ആഴ്ച്ചയിലുമെന്നാണ് കാലാവസ്ഥാ നിരീക്ഷകനായ ബെക്കി മിച്ചല്‍ പ്രവചിച്ചിരിക്കുന്നത്. ഉയരമുള്ള പ്രദേശങ്ങളില്‍ മൈനസ് അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടാതെ മഞ്ഞ് വീഴ്ച്ചയുമുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും ചെറിയതോതില്‍ മഞ്ഞ് വീഴ്ച്ച ഉണ്ടായിട്ടുണ്ട്. സൗത്ത്-ഈസ്റ്റിലും സമാനമാണ്. ഈ ആഴ്ച്ചയില്‍ മാത്രമല്ല, ചിലപ്പോള്‍ സമാന താപനില പിന്നിടുള്ള ദിവസങ്ങളില്‍ തുടരാനും സാധ്യതയുണ്ട്. നോര്‍ത്തേണ്‍ മലനിരകളില്‍ മഞ്ഞ് വീഴ്ച്ചയുള്ളതായും ബെക്കി മിച്ചല്‍ വ്യക്തമാക്കി. ഇന്ന് ഏറ്റവും നല്ല കാലവസ്ഥാ ലഭിക്കുക ഇംഗ്ലണ്ടിലെ സൗത്ത് വെസ്റ്റ് ഭാഗങ്ങളിലായിരിക്കും. 10 ഡിഗ്രി സെല്‍ഷ്യസായിരിക്കും ഇവിടങ്ങളിലെ താപനിലയെന്ന് ബെക്കി മിച്ചല്‍ പറഞ്ഞു. നോര്‍വിച്ച്, ന്യൂകാസില്‍, മാഞ്ചസ്റ്റര്‍ എന്നീ സ്ഥലങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ മഞ്ഞ് വീഴ്ച്ചയ്ക്ക് സാധ്യതയുണ്ട്. വീക്കന്‍ഡിലേക്ക് എത്തുമ്പോഴേക്കും തണുപ്പ് കനക്കുമെന്നാണ് സൂചനയെന്നും ബെക്കി മിച്ചല്‍ കൂട്ടിച്ചേര്‍ത്തു.
വരാനിരിക്കുന്നത് കടുത്ത മഞ്ഞുകാലമാണെന്നതിന് സൂചന നല്‍കി താപനില താഴുന്നു. ഒക്ടോബര്‍ അവസാന ദിവസങ്ങള്‍ തണുപ്പേറിയതായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. 25 വര്‍ഷത്തിനിടെ ഒക്ടോബര്‍ മാസത്തില്‍ അനുഭവപ്പെടുന്ന ഏറ്റവും കുറഞ്ഞ താപനില ഈ വീക്കെന്‍ഡില്‍ ഉണ്ടാകുമെന്നാണ് വിവരം. കഴിഞ്ഞ വിന്ററില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടാക്കിയ ബീസ്റ്റ് ഓഫ് ദി ഈസ്റ്റിനു ശേഷം ആദ്യമായി ഐസ് വാണിംഗും നല്‍കിക്കഴിഞ്ഞു. വിന്റര്‍ തുടങ്ങുന്നതിനു മുമ്പു തന്നെ മഞ്ഞുവീഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് രാജ്യം. രാജ്യത്തെ പല പ്രദേശങ്ങളിലും മൈനസ് 14 ഡിഗ്രി വരെയായിരിക്കും താപനിലയെന്നാണ് മുന്നറിയിപ്പ്. തണുത്ത കാലാവസ്ഥയെ അതിജീവിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. റഷ്യ, ഗ്രീന്‍ലാന്‍ഡ്, ഐസ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളേക്കാള്‍ കുറഞ്ഞ താപനിലയായിരിക്കും മിക്ക പ്രദേശങ്ങളിലും അനുഭവപ്പെടുക. ശീതക്കാറ്റ് ചില മേഖലകളെ ആര്‍ട്ടിക്കിനേക്കാള്‍ തണുത്തുറഞ്ഞതാക്കും. അടുത്തയാഴ്ചയോടെ കടുത്ത ശീത കാലാവസ്ഥയിലേക്ക് രാജ്യം നീങ്ങും. അതിനു ശേഷം മെഡിറ്ററേനിയനില്‍ നിന്ന് ഒരു കൊടുങ്കാറ്റ് രാജ്യത്തെ ലക്ഷ്യമാക്കി വരാന്‍ സാധ്യതയുണ്ട്. ചൊവ്വാഴ്ച സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളില്‍ ഇതിനോടനുബന്ധിച്ച് കനത്ത മഴയും കാറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ട്. വെള്ളിയാഴ്ചയോടെ പോളാര്‍ വിന്‍ഡ് രാജ്യത്തേക്ക് എത്തും. ഇതു മൂലം താപനില സാരമായി താഴുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. ഇന്ന് ഉച്ചയോടെ സ്‌കോട്ട്‌ലന്‍ഡില്‍ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. മുന്നറിയിപ്പും ഇതിനോടനുബന്ധിച്ച് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് -6 വരെ താപനില താഴ്‌ന്നേക്കാമെന്നാണ് മുന്നറിയിപ്പ്.
യു.കെയില്‍ ഭക്ഷണ സാധനങ്ങളുടെ വിലയില്‍ വര്‍ദ്ധനവുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. 5 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്നാണ് സൂചന. കാലവസ്ഥയിലുണ്ടായ പ്രതികൂല മാറ്റങ്ങള്‍ ഭക്ഷോല്‍പ്പാദന മേഖലയെ പ്രതികൂലമായി ബാധിച്ചതായി സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് ആന്റ് ബിസിനസ് റിസര്‍ച്ച് വ്യക്തമാക്കുന്നു. ബീസ്റ്റ് ഫ്രം ഈസ്റ്റും ഹീറ്റ് വേവും ഉള്‍പ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ പ്രൊഡക്ഷന്‍ സെക്ടറിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഉത്പാദനം കുറഞ്ഞതും കര്‍ഷകര്‍ക്കുണ്ടായ നഷ്ടവും വില വര്‍ദ്ധനവിന് ആധാരമായതായി സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടി കാണിക്കുന്നു. ഹൗസ്‌ഹോള്‍ഡ്‌സ് ബില്ലുകളുടെ കാര്യത്തില്‍ മാസം 7.15 പൗണ്ട് വര്‍ദ്ധനവുണ്ടാകുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ കര്‍ഷകരെ പ്രതികൂല കാലാവസ്ഥ രൂക്ഷമായി ബാധിച്ചിട്ടുണ്ട്. മാര്‍ച്ച് മുതല്‍ ജൂലൈ വരെയുള്ള കാലഘട്ടങ്ങളില്‍ ഫാം ഗേറ്റ് വിലയില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. യൂറോപ്യന്‍ കമ്മിഷന്‍ പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം 80 ശതമാനം വരെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ട്രാന്‍സ്‌പോര്‍ട്ട് ചാര്‍ജും ഫാം ഗേറ്റ് ചാര്‍ജും വര്‍ദ്ധിക്കുന്നത് വിപണി വിലയെയും പ്രതികൂലമായി ബാധിക്കും. ഇനിയുള്ള ദിവസങ്ങളില്‍ ഏതു സമയത്തും കൂടുതല്‍ വര്‍ദ്ധനവ് പ്രതീക്ഷാക്കാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. വീറ്റ് ബ്രഡിന്റെ വിലയില്‍ 5 ശതമാനവും സ്‌ട്രോബറിയുടെ വിലയില്‍ 28 ശതമാനവും ക്യാരറ്റിന്റെ വിലയില്‍ 41 ശതമാനവും ചീര ഇനങ്ങളുടെ വിലയില്‍ 61 ശതമാനവും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ക്യാരറ്റിന്റെ ഫാം ഗേറ്റ് പ്രൈസ് 80 ശതമാനമാണ് വര്‍ദ്ധിച്ചത്. 2018ലെ സമ്മര്‍ സമീപകാലത്തെ ഏറ്റവും കൂടുതല്‍ ചൂട് നല്‍കിയിട്ടുള്ള ദിനങ്ങളാണ് യു.കെയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. ഏതാണ്ട് 50 ദിവസത്തോളം സമാന കാലാവസ്ഥ നിലനില്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഗ്രില്‍ ഭക്ഷണങ്ങളുടെ വില വര്‍ദ്ധിക്കാന്‍ കാരണമായെന്നും സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് ആന്റ് ബിസിനസ് റിസര്‍ച്ച് പറയുന്നു. യു.കെ ഇതര യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഭക്ഷണ സാധനങ്ങളുടെ വിലയിലും വര്‍ദ്ധനവുണ്ടായേക്കും. കാലാവസ്ഥ യൂറോപ്പിന്റെ എല്ലാ ഭാഗങ്ങളിലെയും കൃഷിയെ പ്രതികൂലമായി ബാധിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
ഹീറ്റ് വേവ് മൂലം യുകെയില്‍ കൊല്ലപ്പെട്ടത് 650ലേറെ ആളുകളെന്ന് റിപ്പോര്‍ട്ട്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ജൂണ്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ 663 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ഇക്കാലയളവിലുണ്ടായിരിക്കുന്നതും ഈ വര്‍ഷമാണ്. കിഡ്‌നി, ഹൃദയ രോഗങ്ങളുള്ളവരും പ്രായമായവരുമാണ് ഏറെ ഭീഷണി നേരിടുന്നതെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഹീറ്റ് വേവ് മൂലമുണ്ടാകുന്ന ഡീഹൈഡ്രേഷന്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അമിത ക്ഷീണം, അണുബാധ, ഹൃദയാഘാതം, പക്ഷാഘാതം മുതലയാവയുണ്ടാകാനുള്ള സാധ്യത ശരീരത്തിലെ ജലാംശം കുറയുന്നതു മൂലം ഉണ്ടാകാമെന്ന് സൊസൈറ്റി ഫോര്‍ അക്യൂട്ട് മെഡിസിന്‍ പ്രസിഡന്റ് പറഞ്ഞു. പ്രായമായവരിലാണ് ഇവയ്ക്കും സാധ്യത ഏറെയുള്ളത്. ശ്വസന പ്രശ്‌നമുള്ളവര്‍ക്ക് പ്രതിസന്ധിയാകുന്നത് അന്തരീക്ഷ വായുവിന്റെ മലിനീകരണമാണ്. അന്തരീക്ഷ മലിനീകരണം വരണ്ട കാലാവസ്ഥയില്‍ വര്‍ദ്ധിക്കും. വന്‍ നഗരങ്ങളില്‍ ഇത് പരിധിക്കും മേലെയായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ഹീറ്റ് വേവിന് ഉടനൊന്നും ശമനമുണ്ടാകാന്‍ ഇടയില്ലെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ വാരാന്ത്യത്തില്‍ ചൂട് ഇനിയും കൂടുമെന്നാണ് പ്രവചനം. അസുഖങ്ങളും മരണങ്ങളും വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എന്‍എച്ച്എസില്‍ ജീവനക്കാര്‍ക്ക് വന്‍ സമ്മര്‍ദ്ദമുണ്ടായേക്കുമെന്നും കരുതുന്നു. 2003 ഓഗസ്റ്റില്‍ ഹീറ്റ് വേവ് മൂലം 2000 അധിക മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 75 വയസിനു മുകളില്‍ പ്രായമുള്ളവരാണ് മരിച്ചവരില്‍ ഏറെയും. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലും ലണ്ടനിലുമുള്ളവരായിരുന്നു മരിച്ചവരില്‍ ഏറെയും.
RECENT POSTS
Copyright © . All rights reserved