Vince Cable
ബ്രെക്‌സിറ്റ് അനന്തര വ്യാപാര ചര്‍ച്ചകളില്‍ എന്‍എച്ച്എസില്‍ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം അമേരിക്ക ആവശ്യപ്പെടുമെന്ന് ആശങ്ക. വ്യാപാര ചര്‍ച്ചകളേക്കുറിച്ചുള്ള ചോദ്യോത്തര വേളയില്‍ എന്‍എച്ച്എസ് വിഷയം ട്രാന്‍സ് അറ്റ്‌ലാന്റിക് ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കുമോ എന്ന കാര്യത്തില്‍ പ്രധാനമന്ത്രി സ്ഥിരീകരണം നല്‍കാത്തതാണ് എംപിമാര്‍ക്കിടയില്‍ ആശങ്ക പടര്‍ത്തിയത്. എന്‍എച്ച്എസില്‍ പങ്കാളിത്തത്തിനും സ്വകാര്യ കമ്പനികളുടെ പ്രാതിനിധ്യത്തിനും അമേരിക്ക ശ്രമിക്കാന്‍ സാധ്യതയുണ്ടെന്ന് എംപിമാര്‍ പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ നല്‍കി. വിഷയം ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തില്ല എന്ന് ഉറപ്പ് നല്‍കാന്‍ പ്രധാനമന്ത്രിക്ക് കഴിയുമോ എന്ന് ലിബറല്‍ ഡെമോക്രാറ്റ് നേതാവ് വിന്‍സ് കേബിള്‍ ചോദിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചകളില്‍ എന്‍എച്ച്എസ് വില്‍പനക്കില്ലെന്ന കാര്യം വ്യക്തമാക്കാന്‍ തെരേസ മേയ്ക്ക് കഴിയുമോ എന്ന കാര്യം സ്ഥിരീകരിക്കണമെന്നാണ് കേബിള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ബ്രെക്‌സിറ്റ് അനന്തര വ്യാപാര ചര്‍ച്ചകളില്‍ അമേരിക്ക ഉന്നയിക്കുന്ന ആവശ്യങ്ങളേക്കുറിച്ച് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന മറുപടി മാത്രമാണ് മേയ് നല്‍കിയത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വേര്‍പെടുന്നതിനു മുമ്പ് തന്നെ ട്രാന്‍സ് അറ്റ്‌ലാന്റിക് വ്യാപാരക്കരാറിനായുള്ള ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും അതിനായുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞെന്നും കോമണ്‍സില്‍ മറുപടി പറഞ്ഞ മേയ് പക്ഷേ എന്‍എച്ച്എസ് വിഷയത്തില്‍ നിശബ്ദത പാലിക്കുകയാണ് ഉണ്ടായത്. അമേരിക്കയുമായി സ്ഥാപിക്കാനിരിക്കുന്ന സ്വതന്ത്ര വ്യാപാരക്കരാറില്‍ യുകെയുടെ താല്‍പര്യങ്ങള്‍ക്ക് യോജിക്കുന്ന ഉടമ്പടികളായിരിക്കും ഉണ്ടാകുകയെന്നും മേയ് പറഞ്ഞു. ഈ മറുപടിയിലൂടെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ സ്വാധീനത്തിന് ആവശ്യമുന്നയിക്കാന്‍ ഡൊണാള്‍ഡ് ട്രംപിന് പ്രധാനമന്ത്രി പച്ചക്കൊടി കാട്ടിയിരിക്കുകയാണെന്നായിരുന്നു യൂറോപ്പ് അനുകൂല നിലപാടുകളുള്ള ലേബര്‍ എംപി പീറ്റര്‍ കൈല്‍ പറഞ്ഞത്. അമേരിക്കന്‍ ഹെല്‍ത്ത് ഭീമന്‍മാര്‍ എന്‍എച്ച്എസില്‍ സ്വാധീനത്തിന് ശ്രമിക്കില്ല എന്ന് ഉറപ്പ് നല്‍കാന്‍ പ്രധാനമന്ത്രിക്ക് കഴിയാത്തത് ധാരണാ ചര്‍ച്ചകളില്‍ അവര്‍ക്കുള്ള ദൗര്‍ബല്യമാണ് തെളിയിക്കുന്നതെന്നും കൈല്‍ പറഞ്ഞു. എല്ലാ പ്രതിപക്ഷ കക്ഷികളും ഇക്കാര്യത്തില്‍ ആശങ്കയറിയിച്ച സാഹചര്യത്തില്‍ സംശയനിവാരണത്തിന് ശ്രമിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. ബ്രെക്‌സിറ്റിനു ശേഷമുള്ള ഏത് വ്യാപാര ഉടമ്പടിയും പൊതുമേഖലയിലുള്ള ഒരു സ്ഥാപനത്തിലും വിദേശ പങ്കാളിത്തമുണ്ടാകുന്ന വിധത്തിലായിരിക്കില്ലെന്ന് നമ്പര്‍ 10 അറിയിച്ചു. എന്‍എച്ച്എസ് സ്വകാര്യവത്കരിക്കാനാണ് ടോറി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആരോപണങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രിയുടെ വ്യക്തതയില്ലാത്ത മറുപടി ആശങ്ക പരത്തിയത്.
RECENT POSTS
Copyright © . All rights reserved