അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

പോർട്ട് ടാൽബോട്ടിലെ പ്ലാൻറ് നിർത്താനും നെതർലാൻഡിലെ സംരംഭങ്ങൾ വിൽക്കാനുമുള്ള പദ്ധതികൾ ടാറ്റാ സ്റ്റീൽ പുറത്തുവിട്ടു. യുകെയിലെ തങ്ങളുടെ സംരംഭങ്ങൾ സ്വയംപര്യാപ്തമാക്കുന്നതിൻെറ ഭാഗമായിട്ടാണ് ഈ നടപടികൾ. മലയാളികൾ ഉൾപ്പെടെയുള്ള 8000 തൊഴിലാളികളെ കമ്പനിയുടെ പ്രഖ്യാപനം അനിശ്ചിതത്വത്തിൽ ആക്കിയിരിക്കുകയാണ്. ടാറ്റയുടെ നടപടി അങ്ങേയറ്റം വേദനാജനകമാണെന്നാണ് വെയിൽസ് ധനകാര്യമന്ത്രി ഈ വാർത്തയോട് പ്രതികരിച്ചത്. അതേസമയം യുകെയിലെ തങ്ങളുടെ ബിസിനസ് സുസ്ഥിരപ്പെടുത്തതിനായിട്ട് ഗവൺമെൻറ് തലത്തിലുള്ള ചർച്ചകൾ തുടരുമെന്ന് ടാറ്റാ സ്റ്റീൽ സിഇഒയും മാനേജിംഗ് ഡയറക്ടറും ആയ റ്റി. വി നരേന്ദ്രൻ പറഞ്ഞു.

ടാറ്റയുടെ ഇന്നത്തെ പ്രഖ്യാപനം തൊഴിലാളികൾക്ക് മാത്രമല്ല മറ്റ് അനുബന്ധ വ്യവസായങ്ങൾക്കും വിതരണശൃംഖലകൾക്കും വളരെയധികം ആശങ്ക പ്രധാനം ചെയ്തതായി പ്രാദേശിക റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കപ്പെടുന്നു. എണ്ണായിരത്തോളം തൊഴിൽ നഷ്ടങ്ങളെയും അനുബന്ധ പ്രശ്നങ്ങളെയും കുറിച്ച് പ്രധാനമന്ത്രിയുമായി അടിയന്തര ചർച്ചകൾക്ക് ഒരുങ്ങുകയാണ് വെയിൽസ്.

കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ കമ്പനിക്ക് 500 ദശലക്ഷം പൗണ്ടിൻെറ അടിയന്തര സാമ്പത്തിക സഹായം നൽകണമെന്ന ആവശ്യം നേരത്തെ ഉയർന്നുവന്നിരുന്നു. പക്ഷേ ടാറ്റയുടെ ഇന്നത്തെ പ്രഖ്യാപനം പ്രതീക്ഷിച്ചതാണെന്നും കൊറോണാ വൈറസ് വ്യാപനത്തോടെ വാഹന നിർമാണ വ്യവസായത്തിൽ ഉൾപ്പെടെ ഉണ്ടായ മാന്ദ്യം സ്റ്റീൽ വ്യവസായത്തെ പ്രതിസന്ധിയിലാക്കിയെന്നും ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.