സ്വന്തം ലേഖകൻ

അഫ് ഗാനിസ്താൻ :- അഫ് ഗാനിസ്ഥാന്റെ കിഴക്കൻ പ്രവിശ്യയായ ഗസ് നിയിൽ നടന്ന സ്ഫോടനത്തിൽ 15 കുട്ടികൾ കൊല്ലപ്പെട്ടു. ഇരുപതോളം പേർക്ക് പരിക്കേറ്റതായും പോലീസ് അധികൃതർ സ്ഥിരീകരിച്ചു. ഓട്ടോറിക്ഷയുടെ പുറകിൽ സ്ഥാപിച്ചിരുന്ന ബോംബ് ആയിരുന്നു പൊട്ടിയത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ ഗിലാൻ ഡിസ്ട്രിക്ടിൽ നടന്ന ഈ സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. അപ്രതീക്ഷിതമായ സ്ഫോടനം എന്നാണ് താലിബാൻ വക്താക്കളും വിലയിരുത്തുന്നത്.

ബോംബ് സ്ഫോടനം നടന്നതിന് സമീപത്തായി ഒരു വീട്ടിൽ ഖുർആൻ പാരായണം നടക്കുകയായിരുന്നു. ബോംബ് വച്ചിരുന്നു എന്ന് കരുതുന്ന ഓട്ടോറിക്ഷയുമായി ഡ്രൈവർ ഗ്രാമത്തിലേക്ക് വന്നുവെന്നും, അതിനു ചുറ്റും കുട്ടികൾ ഉണ്ടായിരുന്നതായും ആണ് ഗസ് നി ഗവർണറുടെ ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചത്. മരണനിരക്ക് ഇനിയും വർദ്ധിക്കാൻ സാധ്യത ഉള്ളതായും അദ്ദേഹം പറഞ്ഞു.


എന്നാൽ താലിബാനാണ് സ്ഫോടനത്തിന് കാരണമെന്ന് പോലീസ് വക്താവ് അഹമ്മദ് ഖാൻ പറഞ്ഞതായി എ എഫ് പി ന്യൂസ് റിപ്പോർട്ട് ചെയ്തു.അഫ് ഗാൻ സർക്കാരും താലിബാൻ അധികൃതരുമായി സമാധാന ചർച്ചകൾ നടന്നുകൊണ്ടിരിക്കെയണ് ഇത്തരത്തിൽ സ്ഫോടനങ്ങൾ രാജ്യത്ത് വർധിച്ചുവരുന്നത്.