മാനന്തവാടി: ഒരേ ഇടവകാംഗങ്ങളായ നാലു ഡീക്കന്മാര്‍ ഒരുമിച്ചു പൗരോഹിത്യം സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് ചെന്നലോട് സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകാംഗങ്ങള്‍. മാനന്തവാടി രൂപതയില്‍ ആദ്യമായാണ് ഒരേ ഇടവകയിലെ സമപ്രായക്കാരായ നാല് പേര്‍ ഒരുമിച്ചു പൗരോഹിത്യം സ്വീകരിക്കുന്നത്. 2020-ലെ പുതുവത്സര സമ്മാനമായാണ് ഇടവകാംഗങ്ങള്‍ പൗരോഹിത്യ സ്വീകരണത്തെ കാണുന്നത്. ഡീക്കന്മാരായ വിപിന്‍ കളപ്പുരയ്ക്കല്‍, അഖില്‍ കുന്നത്ത്, ജ്യോതിസ് പുതുക്കാട്ടില്‍, ജിതിന്‍ ഇടച്ചിലാത്ത് എന്നീ കളിക്കൂട്ടുകാരാണ് അള്‍ത്താരയില്‍ ഒരുമിച്ചത്. ഇവരില്‍ ജ്യോതിസ് പുതുക്കാട്ടില്‍ സി.എസ്.ടി സന്യാസ സഭാംഗവും മറ്റുള്ളവര്‍ മാനന്തവാടി രൂപതക്കുവേണ്ടിയുമാണ് പൗരോഹിത്യം സ്വീകരിച്ചത്.
കളപ്പുരയ്ക്കല്‍ തോമസ് ബീന ദമ്പതികളുടെ മകനായ ഫാ. മാത്യു (വിപിന്‍), കുന്നത്ത് തോമസ് മേരി ദമ്പതികളുടെ മകന്‍ ഫാ. ജോസഫ് (അഖില്‍), പുതുക്കാട്ടില്‍ സെബാസ്റ്റ്യന്‍ അന്നമ്മ ദമ്പതികളുടെ മകന്‍ ഫാ. സെബാസ്റ്റ്യന്‍ (ജ്യോതിസ്), ഇടച്ചിലാത്ത് ജോസഫ് മേരി ദമ്പതികളുടെ മകന്‍ ഫാ. ജിതിന്‍ (ജോസഫ്) എന്നിവര്‍ ഒരുമിച്ചാണ് ചെന്നലോട് യു.പി. സ്‌കൂളില്‍ പഠിച്ചിരുന്നത്. വേദപാഠ പഠനം പത്താംക്ലാസുവരെ ഒരുമിച്ചായിരുന്നു. ഇവര്‍ നാല്‍വരും ഒരുമിച്ചെടുത്ത തീരുമാനത്തിന് ദൈവം കൃപ ചൊരിഞ്ഞപ്പോള്‍ ഒരേ ദിവസം തന്നെ സ്വന്തം ഇടവകയില്‍വച്ച് പൗരോഹിത്യം സ്വീകരിക്കുന്നതിന് ഇവര്‍ക്ക് അവസരമൊരുക്കി.
മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടം ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചു. പൗരോഹിത്യം ധാരാളം വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ ശുഭസൂചകമാണെന്ന് മാര്‍ പൊരുന്നേടം പറഞ്ഞു.
ഗുവാഹത്തി ആര്‍ച്ച്ബിഷപ് ഡോ. ജോണ്‍ മൂലച്ചിറ, ചെന്നലോട് ദൈവാലയ വികാരി ഫാ. സണ്ണി മഠത്തില്‍ എന്നിവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് സഹകാര്‍മികരായി.

>