സ്വന്തം ലേഖകൻ

വിയറ്റ്നാം : അമ്മയുടെ വയറ്റിൽ നിന്നും ഭൂമിയിലേക്ക് ജനിച്ചുവീണ കുഞ്ഞ് ഇടതുകൈ ചുരുട്ടിപിടിച്ചിരിക്കുകയായിരുന്നു. എന്നാൽ അതിനുള്ളിലെ കാഴ്ചയാണ് ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയത്; കുട്ടിയുടെ കയ്യിൽ അമ്മയുടെ ഗർഭനിരോധന ഉപകരണം. വടക്കൻ വിയറ്റ്നാമിലെ ഹായ് ഫോംഗ് നഗരത്തിലെ ഹായ് ഫോംഗ് ഇന്റർനാഷണൽ ഹോസ്പിറ്റലിൽ ആണ് സംഭവം നടന്നത്. ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന ഇൻട്രാ യൂട്രിൻ ഡിവൈസ് എന്ന കൃത്രിമഗര്‍ഭനിരോധനയന്ത്രം മുറുക്കിപിടിച്ചുള്ള നവജാത ശിശുവിന്റെ ചിത്രം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. കുഞ്ഞ് ജനിക്കുമ്പോൾ ഈ ഉപകരണവും ഒപ്പം പുറത്തുവന്നിട്ടുണ്ടെന്ന് ഡോക്ടർ ട്രാൻ വിയറ്റ് ഫുവാങ് പറഞ്ഞു.

“ഡെലിവറിക്ക് ശേഷം, ഉപകരണം കയ്യിൽ ഇരിക്കുന്നത് രസകരമാണെന്ന് എനിക്ക് തോന്നി. അതിനാൽ ഞാൻ ഒരു ചിത്രമെടുത്തു. അതിന് ഇത്രയധികം ശ്രദ്ധ ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.” ഫുവാങ് വെളിപ്പെടുത്തി. 34-കാരിയായ അമ്മ രണ്ട് വർഷം മുമ്പ് ഐ.യു.ഡി നിക്ഷേപിച്ചതായി റിപ്പോർട്ടുണ്ട്. ഐയുഡി അതിന്റെ യഥാർത്ഥ സ്ഥാനത്ത് നിന്ന് നീക്കിയിരിക്കാമെന്നും ഫലപ്രദമല്ലാത്ത ഗർഭനിരോധന മാർഗ്ഗമായി മാറുകയും അത് അമ്മ ഗർഭിണിയാകാൻ അനുവദിക്കുകയും ചെയ്തതായി ഫുവാങ് പറഞ്ഞു. അമ്മയുടെ മൂന്നാമത്തെ കുട്ടിയായാണ് ഈ ആൺകുഞ്ഞ് ജനിച്ചുവീണത്. ജനനത്തിനു ശേഷം കുഞ്ഞും അമ്മയും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.