തിരുവല്ല:നടു റോഡിൽ വഴിയറിയാതെ നിന്ന അന്ധനെ തിരുവല്ലയിലെ വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരി ബസിൽ കയറ്റി വിട്ട രംഗം ജൂലൈ ആദ്യ വാരത്തിൽ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതിനെ തുടർന്ന് ജീവനക്കാരിക്ക് നിരവധി പാരിതോഷികങ്ങളും പുരസ്ക്കാരങ്ങളും ലഭിച്ചിരുന്നു.

എന്നാൽ ജീവനക്കാരി കയറ്റി വിട്ട ആ അന്ധനെ തേടുകയായിരുന്നു ജീവകാരുണ്യ പ്രവർത്തകൻ ഡോ. ജോൺസൺ വി.ഇടിക്കുളയുടെ നേതൃത്വത്തിലുള്ള സൗഹൃദ വേദി പ്രവർത്തകർ. ഒടുവിൽ തൊട്ടടുത്ത ദിവസം അന്ധനായ ജോസിൻ്റെ (62) വീട്ടിൽ അവർ എത്തി.

തിരുവല്ല കറ്റോട് തലപ്പാലയിൽ ജോസിന് 22 വർഷങ്ങൾക്ക് മുമ്പാണ് കണ്ണിൻ്റെ കാഴ്ചശക്തി കുറയുവാൻ തുടങ്ങിയത്. രണ്ട് ശസ്ത്രക്രിയ നടത്തിയെങ്കിലും ശരിയായ തുടർ ചികിത്സ നടത്തുവാൻ കഴിയാഞ്ഞതുമൂലം 12 വർഷമായി 100% അന്ധനാണ്. തിരുവല്ല മുൻസിപാലിറ്റി 2006 ൽ ആണ് 2 സെൻ്റ് വസ്തു വാങ്ങുന്നതിനും വീട് വെയ്ക്കുന്നതിനും എഴുപതിനായിരം രൂപ നല്കിയത്. ചോർന്നൊലിച്ച് ഏത് സമയവും താഴെ വീഴാവുന്ന നിലയിൽ നിന്ന വീടിൻ്റെ അവസ്ഥ കണ്ട് ഒരു സന്നദ്ധ സംഘടന 2008 -ൽ ഒരു വീട് വാഗ്ദാനം ചെയ്തു. വീടിൻ്റെ നിർമ്മാണം തുടക്കം കുറിച്ചെങ്കിലും 10 വർഷമായി നിർമ്മാണം പാതി വഴിയിലായിരുന്നു. സുരക്ഷിതത്വവും കെട്ടുറപ്പും ഇല്ലാത്ത ഷെഡില്ലാണ് ഇപ്പോൾ ഇവരുടെ താമസം. ജോസിൻ്റെ ഭാര്യ സിസിൽ ജോസ്‌ ആസ്മ രോഗിയാണ്. മുടിവെട്ട് തൊഴിലാളിയായ മൂത്തമകൻ്റെ ഏക വരുമാനം കൊണ്ടാണ് കുടുംബം പുലർത്തുന്നത്. ക്ഷേമ പെൻഷൻ ആയി ലഭിക്കുന്ന തുക മരുന്നിന് പോലും തികയുന്നില്ല. ഇളയ മകൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ 10 വർഷമായി പാതിവഴിയിൽ നിർമ്മാണം ഉപേക്ഷിക്കപെട്ട ജോസിൻ്റെ വീടിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആണ് ഇപ്പോൾ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ സുമനസുകളുടെ സഹായത്തോടെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. ജൂലൈ മാസത്തിൽ തന്നെ നിർമ്മാണ പ്രവർത്തതനങ്ങൾ തുടങ്ങിയെങ്കിലും ഇതിനിടയിൽ ജോസ് കോവിഡ് ബാധിതനാകുകയും ചെയ്തു. ഇപ്പോൾ പൂർണ്ണ ആരോഗ്യവാാനാണ്.

കഴിഞ്ഞ 4 മാസം കൊണ്ട് രണ്ട് മുറി, അടുക്കള, ഹാൾ, സിറ്റ് ഔട്ട് , ബാത്ത് റൂം എന്നിവ അടങ്ങിയ വീടിൻ്റെ പെയിൻ്റിംങ്ങ് ജോലികൾ ഉൾപ്പെടെ മനോഹരമായി പൂർത്തിയാക്കി.വെള്ളപൊക്ക സമയങ്ങളിൽ വീടിനുള്ളിൽ വെള്ളം കയറുന്നതുമൂലമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് ഏകദേശം 1200 ചതുരശ്ര അടി വിസ്തീർണത്തിൽ വീടിൻ്റെ മുകൾ ഭാഗത്ത് റൂഫിംങ്ങ് ചെയ്യുന്ന ജോലികൾ പുരോഗമിക്കുന്നതായി സിബി സാം തോട്ടത്തിൽ ,റോജിൻ പൈനുംമൂട്,വിൻസൻ പൊയ്യാലുമാലിൽ,പി.ഡി സുരേഷ് ,ഷാജി ആലുവിള, സിയാദ് മജീദ് എന്നിവർ പറഞ്ഞു.മഹേഷ് മനോഹരൻ ,ബിജു ബേബി എന്നിവരുടെ നേതൃത്വത്തിലുള്ള ടീം ആണ് നിർമ്മാണ പ്രവർത്തനങ്ങൾ സമയ ബന്ധിതമായി നിർവഹിച്ചത്.

പണികൾ നടക്കുമ്പോൾ തന്നെ വാർത്തകൾ വായിച്ചറിഞ്ഞ് ജീവകാരുണ്യ പ്രവർത്തന മനസ്ഥിതിയുള്ളവർ സുവിശേഷകനായ ജോസിൻ്റെ വീട്ടിലേക്ക് ഫോൺ, ഫ്രിഡ്ജ്, ഗ്യാസ് അടുപ്പ് ,ഡൈനിങ്ങ് ടേബിൾ,ഡിന്നർ സെറ്റ്, ഫാനുകൾ ,ട്യൂബ് ലൈറ്റ് ,എൽ.ഇ.ഡി ബൾബുകൾ, ടെലിവിഷൻ,സോഫാ സെറ്റ് ,മറ്റ് ഫർണീച്ചറുകൾ തുടങ്ങിയവ എത്തിച്ചു കൊടുത്തിരുന്നു. ഡിസംബർ ആദ്യവാരത്തിൽ താക്കോൽ ദാനം നടത്തുവാനാണ് ഉദ്യേശിക്കുന്നതെന്ന് ഡോ: ജോൺസൺ വി. ഇടിക്കുള പറഞ്ഞു.

നമ്മുടെ ചെറിയ ഒരു സഹായം വഴിമുട്ടി നില്ക്കുന്ന ഇവർക്ക് വലിയ ആശ്വാസമാകും.