സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് സമ്മാനിച്ച ദുരിതത്തിനടയിലും ബ്രിട്ടീഷ് ജനതയ്ക്ക് ആശ്വാസ വാർത്ത. രാജ്യതലസ്ഥാനത്തു കോവിഡ് 19 കേസുകൾ കുറയുന്നു. പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത് ലണ്ടനിൽ കൊറോണ വൈറസ് കേസുകൾ കുറഞ്ഞുവരുന്നു എന്നതാണ്. 24 പുതിയ കേസുകൾ മാത്രമാണ് ഒരുദിനം റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്. ഇതോടെ രണ്ടാഴ്ച കൊണ്ട് ലണ്ടൻ കോവിഡ് മുക്തമാകുമോ എന്ന സംശയവും ജനങ്ങളിൽ ഉടലെടുത്തിരിക്കുന്നു. നഗരത്തിലെ റീപ്രൊഡക്ഷൻ റേറ്റ് 0.4 ആണ്. ഇത് സൂചിപ്പിക്കുന്നത് ഓരോ മൂന്നര ദിവസങ്ങളിലും കേസുകളുടെ എണ്ണം പകുതിയായി കുറയുന്നു എന്നതാണ്. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടുമായി സഹകരിച്ച് കേംബ്രിഡ്ജ് സർവകലാശാല ഗവേഷകരാണ് പുതിയ കണക്കുകൾ പ്രസിദ്ധീകരിച്ചത്. ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്ന് രണ്ടാം ഘട്ട വ്യാപനത്തിന് സാധ്യത കുറവാണെന്നും വിദഗ്ദർ അഭിപ്രായപ്പെടുന്നു. ലണ്ടനിലെ 1.8 ദശലക്ഷം ആളുകൾക്ക് (20 ശതമാനം) ഇതിനകം കൊറോണ വൈറസ് ഉണ്ടെന്ന് കേംബ്രിഡ്ജ് സംഘം കണക്കാക്കി. പ്രധാനമന്ത്രി ബോറിസ് ജോൺസൻ ലോക്ക്ഡൗൺ നിയമങ്ങളിൽ നേരിയ ഇളവ് പ്രഖ്യാപിച്ച മെയ് 10 ന് തലസ്ഥാനത്ത് 10 നും 53 നും ഇടയിൽ ആളുകൾക്ക് വൈറസ് പിടിപെട്ടതായി അവർ അറിയിച്ചു. കേസുകൾ കുറയുന്നതോടെ നിയന്ത്രണങ്ങളിലും കൂടുതൽ ഇളവുകൾ ഉണ്ടാകുമെന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നു.

അതേസമയം, ഓരോ 160 കേസുകളിലും ഒരു മരണം മാത്രമേ സംഭവിക്കുന്നുള്ളൂവെന്ന് സംഘം പറയുന്നു. നിലവിലെ നിരക്കനുസരിച്ച്, ലണ്ടനിലെ ദൈനംദിന മരണസംഖ്യ മൂന്നാഴ്ചയ്ക്കുള്ളിൽ പൂജ്യത്തിലേക്ക് താഴും. രോഗവ്യാപനത്തിന്റെ തുടക്കത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടത് ലണ്ടനിൽ ആയിരുന്നു. എന്നാൽ ഇപ്പോൾ തലസ്ഥാനം തിരിച്ചുവരവിന്റെ പാതയിലാണെന്ന് പഠനങ്ങൾ വെളിവാക്കുന്നു. പക്ഷേ ഇംഗ്ലണ്ടിന്റെ നോർത്ത് ഈസ്റ്റ് പ്രദേശത്ത് പ്രതിദിനം 4,000 കേസുകൾ രേഖപ്പെടുത്തുന്നു. കൂടാതെ അവിടുത്തെ റീപ്രൊഡക്ഷൻ നിരക്ക് 0.8 ആണ്, ലണ്ടനിലെക്കാൾ ഇരട്ടി. ഇംഗ്ലണ്ടിലെ 12 ശതമാനത്തോളം പേർക്ക് വൈറസ് പിടിപെട്ടതായി കണക്കാക്കുന്നു. ഒപ്പം കിഴക്കൻ ഇംഗ്ലണ്ടിലെ പത്തിൽ ഒരാൾക്ക് ഇതിനകം കോവിഡ് -19 ഉണ്ടെന്ന് അവർ അഭിപ്രായപ്പെടുന്നു. കേംബ്രിഡ്ജ്-പി‌എച്ച്ഇ കണക്കനുസരിച്ച് ദിവസേനയുള്ള പുതിയ കേസുകളുടെ എണ്ണം 24ൽ അല്പം കൂടുതലായിരിക്കുമെന്ന് ഒരു പ്രമുഖ ശാസ്ത്രജ്ഞൻ അഭിപ്രായപ്പെട്ടു. എന്തായാലും കൊറോണ ഭീതിയിൽ കഴിയുന്ന ജനങ്ങൾക്ക് ഈ പുതിയ കണക്കുകൾ നൽകുന്ന ആശ്വാസം ചെറുതല്ല.