ന്യൂസ് ഡെസ്ക് , മലയാളം യുകെ

രണ്ടാമത്തെ ദേശീയ ലോക്ക്ഡൗൺ രാജ്യത്തിന് വിനാശകരമായ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ. രാജ്യവ്യാപകമായി മറ്റൊരു ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് തടയാൻ സർക്കാർ പരിശ്രമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. അതിനാലാണ് രോഗവ്യാപനം തടയാനായി പുതിയ നിയന്ത്രണങ്ങൾ ഇംഗ്ലണ്ടിൽ ഏർപ്പെടുത്തിയത്. എന്നാൽ ഇപ്പോഴും വേണ്ടത്ര പരിശോധന ശേഷിയില്ലെന്നും പ്രധാനമന്ത്രി തുറന്ന് സമ്മതിച്ചു. രാജ്യത്തെ പ്രതിദിനരോഗവ്യാപനം 4000ത്തിൽ എത്തിനിൽക്കുകയാണ്. കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്നതിനിടയിൽ, യുകെയ്ക്ക് മറ്റൊരു ദേശീയ ലോക്ക്ഡൗണിലേക്ക് പോകാൻ കഴിയുമോ എന്ന് കോമൺസ് ലൈസൻസ് കമ്മിറ്റി ജോൺസനോട് ചോദിച്ചു. എന്നാൽ രണ്ടാമത്തെ ലോക്ക്ഡൗൺ ആവശ്യമില്ലെന്നും അത് തെറ്റായ നടപടിയാണെന്നും അദ്ദേഹം പ്രതികരിച്ചു. രാജ്യത്തിനത് താങ്ങാൻ കഴിയില്ലെന്നും ജോൺസൻ കൂട്ടിച്ചേർത്തു.

സമ്പദ്‌വ്യവസ്ഥയ്ക്കും വിദ്യാഭ്യാസത്തിനും ആരോഗ്യമേഖലയ്ക്കും കനത്ത നഷ്ടമാണ് കോവിഡ് മഹാമാരി വിതച്ചത്. ലോക്ക്ഡൗണിനെ തുടർന്ന് വർധിച്ചു വരുന്ന തൊഴിലില്ലായ്മയും രാജ്യത്തിന്റെ നിലനിൽപ്പിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. രോഗവ്യാപനം ഇനി ഉയർന്നാലും എൻ എച്ച് എസ് നേരിടുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. രോഗം പടരുന്നത് തടയാൻ സർക്കാർ ഒരുങ്ങുകയാണ്. ആറിലധികം ആളുകളുടെ ഒത്തുചേരൽ നിരോധിക്കുന്നത് ആദ്യപടി മാത്രമായിരിക്കും. രോഗവ്യാപനം ഉയരുന്നതോടൊപ്പം പുതിയ നിയന്ത്രണങ്ങളും ഏർപ്പെടുത്താൻ സാധ്യതയുണ്ട്.

ഒക്ടോബർ അവസാനത്തോടെ ഒരു ദിവസം 500,000 ടെസ്റ്റുകൾക്ക് ശേഷിയുണ്ടാക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. എന്നാൽ രോഗലക്ഷണങ്ങളില്ലാത്ത ആളുകളോട് പരിശോധനാ കേന്ദ്രങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം പരിശോധന പ്രശ്നങ്ങൾ ആഴ്ചകൾക്കുള്ളിൽ പരിഹരിക്കപ്പെടുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. കോവിഡ് -19 ടെസ്റ്റ്‌ ആഗ്രഹിക്കുന്നവരുടെ എണ്ണം കുത്തനെ ഉയർന്നതിന് ശേഷം പരിശോധനാ സംവിധാനം വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ബഹുജന പരീക്ഷണ പദ്ധതികളിൽ നിക്ഷേപിക്കാൻ 500 മില്യൺ പൗണ്ട് നീക്കിവച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.