ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ കൊറോണവൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. മഹാമാരി ആരംഭിച്ചതിന് ശേഷം ഏകദേശം 104,000 പേർ കോവിഡ് ബാധിച്ച് മരണമടഞ്ഞത് എന്നാണ് നാഷണൽ സ്റ്റാറ്റസ്റ്റിക്സിലെ കണക്കുകൾ പ്രകാരം വ്യക്തമാകുന്നത്. രോഗ വ്യാപന തോത് ഉയർന്നതിനെ തുടർന്ന് ആഗോളതലത്തിൽ തന്നെ ഏറ്റവും ഉയർന്ന മരണനിരക്കിനാണ് യുകെ സാക്ഷ്യംവഹിച്ചത്. കോവിഡ് മരണങ്ങൾക്ക് ഏറ്റവും കൂടുതൽ കീഴടങ്ങിയത് പ്രായമായവരാണ്. വൈറസ് ബാധിച്ച് മരിച്ചവരിൽ മുക്കാൽഭാഗവും 75 വയസ്സിന് മുകളിലുള്ളവരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അതുപോലെതന്നെ മരിച്ചവരിൽ മൂന്നിൽ ഒരാൾ കെയർ ഹോം അന്തേവാസികളാണ്.

മരണം ഒരു ലക്ഷം കടന്നത് ഈ ദുരന്തത്തിലെ ഏറ്റവും വേദനിപ്പിക്കുന്നതാണെന്ന് എൻ‌എച്ച്‌എസ് പ്രൊവൈഡേഴ്‌സിന്റെ ചീഫ് എക്സിക്യൂട്ടീവ് ക്രിസ് ഹോപ്‌സൺ പറഞ്ഞു. ഓരോ മരണത്തിനും പിന്നിൽ സങ്കടത്തിൻറെയും വേദനയുടെയും ഒട്ടേറെ മുഹൂർത്തങ്ങളുണ്ട്. ഈ മരണങ്ങൾ കുറയ്ക്കുന്നതിനും രോഗികൾക്ക് തങ്ങളാൽ ആവുന്നതെല്ലാം ചെയ്ത എൻഎച്ച്എസിനെയും കെയർ സ്റ്റാഫിനെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇതിനിടെ തങ്ങളുടെ ഉറ്റവരെ കൊറോണവൈറസ് തട്ടിയെടുത്തതിൻെറ വേദനയിലാണ് യുകെയിലെ മലയാളികൾ. 24 മണിക്കൂറിനുള്ളിൽ 3 മലയാളികളാണ് യുകെയിൽ മരണമടഞ്ഞത്. ഇതിൽ ഹെയർ ഫീൽഡിലെ മരിയ ജോണും ഹെയ്‌സിൽ താമസിച്ചിരുന്ന സുജ പ്രേംജിത്തിൻെയും ജീവൻ കവർന്നത് കോവിഡായിരുന്നു. ലിവർപൂളിൽ താമസിച്ചിരുന്ന ജോസ് കണ്ണങ്കര ക്യാൻസർ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്.