റോംഫോർഡ് : കോവിഡ് 19 പിടിപെട്ട എൻ എച്ച് എസ് നേഴ്സിന് ദാരുണാന്ത്യം ചർച്ചയാകുന്നു. നൈജീരിയൻ വംശജയായ ഓന്യനാച്ചി ഒബാസി(51) യാണ് മരിച്ചത്.കോവിഡ് ബാധിച്ച രോഗികൾക്ക് പരിചരണം നൽകിയ ഒബാസി, പിപിഇ കിറ്റുകളുടെ അഭാവത്തെ പറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതുവരെ കൊറോണ വൈറസ് ബാധിച്ചു മരണപ്പെടുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം 203 ആയി. കിഴക്കൻ ലണ്ടനിലെ ന്യൂഹാമിൽ നേഴ്സ് ആയും ഹെൽത്ത്‌ വിസിറ്റർ ആയും ജോലി ചെയ്തിരുന്ന വ്യക്തിയാണ് ഒരു കുട്ടിയുടെ അമ്മ കൂടിയായ ഒബാസി. റോംഫോർഡിലെ ക്വീൻസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് ഒബാസി മരണപ്പെട്ടത്. അസുഖം ബാധിക്കുന്നതിനുമുമ്പ് പിപിഇ ക്ഷാമത്തെക്കുറിച്ച് ഒബാസി സംസാരിച്ചിരുന്നുവെന്ന് മരുമകൾ ഇജിയോമ ഉസുക്വ പറഞ്ഞു.

ഇരുപത് വർഷമായി എൻ എച്ച് എസിൽ നേഴ്സ് ആയിരുന്ന ഒബാസിയുടെ മരണം സ്റ്റാഫുകളെ ദുഃഖത്തിലാഴ്ത്തി. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതിരുന്ന അവൾ , പകർച്ചവ്യാധിയുടെ സമയത്ത് ജോലി ചെയ്യാനും രോഗികളെ സഹായിക്കാനുമുള്ള കടമ തനിക്കുണ്ടെന്ന് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. മുൻനിരയിൽ പ്രവർത്തിച്ചപ്പോഴും അവൾക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. അതാണ് രോഗം പിടിപെടാൻ കാരണമായതെന്ന് മരുമകൾ കൂട്ടിച്ചേർത്തു. ഇതുവരെ കൊറോണയോട് മല്ലിട്ടു മരിച്ച ആരോഗ്യപ്രവർത്തകരിൽ നേഴ്‌സുമാർ, ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ , കെയർ ഹോം വർക്കർമാർ, ആശുപത്രി ഫാർമസിസ്റ്റുകൾ, പോർട്ടർമാർ, ക്ലീനർമാർ, ഡ്രൈവർമാർ എന്നിവർ ഉൾപ്പെടുന്നു. ഏപ്രിലിൽ കൊറോണ വൈറസ് മൂലം മരണപെട്ട എൻ‌എച്ച്എസ് തൊഴിലാളികളുടെ എണ്ണം ഒരാഴ്ചയ്ക്കുള്ളിൽ ഇരട്ടിയായി. കറുത്ത, ഏഷ്യൻ, ന്യൂനപക്ഷ വംശീയ പശ്ചാത്തലങ്ങളിൽ നിന്നുള്ള എൻ‌എച്ച്‌എസ് ഉദ്യോഗസ്ഥർക്ക് കൂടുതൽ അപകടസാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. കൊറോണ വൈറസ് ബാധിച്ച് മരിച്ച യുകെയിലെ ആദ്യത്തെ പത്ത് ഡോക്ടർമാരും കറുത്ത, ഏഷ്യൻ, ന്യൂനപക്ഷ വംശീയ പശ്ചാത്തലമുള്ളവരാണ്. പിപിഇ കിറ്റുകളുടെ അഭാവം ഒരു എൻ എച്ച് എസ് നേഴ്സിന്റെ കൂടി ജീവൻ നഷ്ടപ്പെടുന്നതിന് കാരണമായി മാറിയിരിക്കുകയാണ്.