ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് മൂന്നുമാസത്തേക്ക് ക്യാൻസൽ ചെയ്യാനുള്ള തീരുമാനം ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും. ട്രാൻസ്പോർട്ട് മിനിസ്റ്റർ ഷെയിൻ റോസ് ആണ് ഈ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. നേരത്തെയുള്ള നിയമങ്ങളിൽ മദ്യപിച്ച് വാഹനമോടിക്കുന്ന എല്ലാവരുടെയും ലൈസൻസ് ഇല്ലാതാക്കി യിരുന്നില്ല. പെനാൽറ്റി നൽകി വിട്ടയയ്ക്കുകയാണ് ചെയ്തിരുന്നത്. പുതിയ നിയമമനുസരിച്ച് മദ്യപിച്ച് വാഹനമോടിച്ചു പിടിച്ചാൽ മൂന്ന് മാസത്തേക്ക് പിന്നീട് വണ്ടിയോടിക്കാൻ സാധിക്കുന്നതല്ല. മദ്യപിച്ച് വാഹനമോടിക്കുന്നതിനെ തുടർന്നുണ്ടാകുന്ന അപകടങ്ങളുടെ എണ്ണം കുറയ്ക്കാൻ ആണ് പുതിയ നിയമം നിലവിൽ വരുന്നത്.

മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ പ്രശ്നം അയർലൻഡിൽ അതി രൂക്ഷമാണെന്ന് റോഡ് സേഫ്റ്റി അതോറിറ്റി വക്താവ് മൊയാഗ് മർഡോക്ക് രേഖപ്പെടുത്തി. 39% റോഡപകടങ്ങളും മദ്യപിച്ച് വാഹനമോടിക്കുന്നതിനെ തുടർന്നുണ്ടാകുന്നതാണെന്നും അവർ പറഞ്ഞു. ഗവൺമെന്റ് റോഡ് സേഫ്റ്റി സ്ട്രാറ്റജിയുടെ ഭാഗമായാണ് ഈ തീരുമാനം നടപ്പിലാക്കുന്നതെന്നും അവർ രേഖപ്പെടുത്തി.  മദ്യപിച്ച് വാഹനം ഓടിക്കുന്നതിനെ തുടർന്ന് റോഡുകളിൽ മനുഷ്യജീവൻ കുരുതികൊടുക്കുന്നത് തടയുകയും മരണനിരക്ക് 2020 -ഓടെ പ്രതിവർഷം   124 -ൽ കുറയ്ക്കുകയുമാണ് ഗവൺമെൻറ് ലക്ഷ്യമിടുന്നത്.