ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കഴിഞ്ഞദിവസം അന്തരിച്ച ബ്രിട്ടൺ രാജകുടുംബാംഗം ഫിലിപ്പ് രാജകുമാരന്റെ ശവസംസ്കാര ചടങ്ങുകൾ ഏപ്രിൽ 17 ശനിയാഴ്ച കോവിഡ് മാനദണ്ഡങ്ങളോടുകൂടി നടക്കും. ചടങ്ങുകൾ തത്സമയം ജനങ്ങൾക്ക് കാണുന്നതിനുവേണ്ടി സംപ്രേക്ഷണം ചെയ്യും. അടുത്ത കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഉൾപ്പെടെ മുപ്പതു പേർക്ക് മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ അനുവാദം. കൊച്ചുമകൻ ആയിരിക്കുന്ന ഹാരി രാജകുമാരനും ചടങ്ങിൽ പങ്കെടുക്കും. കാസ്റ്റിലിൽ നിന്നും സെന്റ് ജോർജ് ചാപ്പലിലേക്ക് പ്രദക്ഷിണം ഉണ്ടായിരിക്കും.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളിൽ ഒരാൾക്ക് കൂടി സ്ഥലം ലഭിക്കാൻ ആണ് ഇത്തരമൊരു തീരുമാനം എന്ന് അദ്ദേഹം പറഞ്ഞു. അടുത്ത മാസം നടക്കാനിരിക്കുന്ന ലോക്കൽ ഇലക്ഷൻ പ്രചാരണം രാജകുമാരന്റെ മരണത്തെ തുടർന്ന് തൽക്കാലം നിർത്തിവെക്കുമെന്ന് കൺസർവേറ്റീവ് പാർട്ടി അറിയിച്ചു. രാജകുമാരന്റെ മരണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.

ഫ്രാൻസിസ് മാർപാപ്പയും രാജകുമാരൻെറ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം ചെയ്ത സേവനങ്ങൾ വളരെ വലുതാണെന്ന് മാർപാപ്പ ഓർമിപ്പിച്ചു. ജനഹൃദയങ്ങളിൽ എപ്പോഴും ഫിലിപ്പ് രാജകുമാരന് ഒരിടം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മുൻപ് തന്നെ രോഗബാധിതനായിരുന്ന രാജകുമാരൻ ചികിത്സയിലായിരുന്നു. നൂറാം പിറന്നാളിന് രണ്ടുമാസം ബാക്കിനിൽക്കെയാണ് രാജകുമാരന്റെ മരണം. കോവിഡ് മാനദണ്ഡങ്ങൾ മൂലം ജനങ്ങൾക്ക് ചടങ്ങുകളിൽ ഒന്നും തന്നെ പങ്കെടുക്കുവാൻ സാധിക്കുകയില്ല.