സ്വന്തം ലേഖകൻ

ലാബ് ഡാൻസിംഗ് ക്ലബ്ബിൽ ‘വിലയേറിയ’ ഒരു രാത്രി ചെലവഴിച്ച വ്യാപാരിക്ക് 13000 പൗണ്ട് അക്കൗണ്ടിൽനിന്ന് നഷ്ടമായി. ഫിനാൻഷ്യൽ ഓംബുഡ്സ്മാന്റെ സഹായത്തോടെ തുക തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലായിരുന്നു, മിസ്റ്റർ പി എന്ന പേരിൽ അറിയപ്പെടുന്ന ചൂത് കളി വിദഗ്ധൻ. ക്ലബ്ബിലെ രാത്രി വൈകിയുള്ള ആഘോഷത്തിന് ശേഷം രാവിലെ ഉണരുമ്പോൾ 200 പൗണ്ടിന്റെ രണ്ട് നൃത്തങ്ങൾ വാങ്ങിയതായി മാത്രമേ മിസ്റ്റർ പിയ്ക്ക് ഓർമ്മ ഉണ്ടായിരുന്നുള്ളൂ. എന്നാൽ പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോൾ ആറ് ട്രാൻസാക്ഷനുകളിലായി 12,921പൗണ്ട് പിൻവലിച്ചിരിക്കുന്നതായി കണ്ടു.

തനിക്ക് മദ്യവും മയക്കുമരുന്നും നൽകി ജീവനക്കാർ തന്റെ ബാങ്ക് വിവരങ്ങൾ ചോർത്തി എടുത്തതാണെന്നും, തന്റെ പണം തിരിച്ചുകിട്ടണമെന്നും മിസ്റ്റർ പി തന്റെ ബാങ്ക് ആയ ടി എസ് ബിയോട് ആവശ്യപ്പെട്ടു.

എന്നാൽ ബാങ്ക് ക്ലബ്ബിനെ വിഷയത്തിൽ സമീപിച്ചപ്പോൾ നടത്തിയ 6 പർച്ചേസുകളുടെ റെസിപ്റ്റ് ജീവനക്കാർ ഹാജരാക്കി. ഓംബുഡ്സ്മാൻ വിഷയം പോലീസിനെ അറിയിച്ചെങ്കിലും, സമാനമായ കഥകളുള്ള ചൂതുകളികാരെ ഇന്റർവ്യൂ ചെയ്ത പോലീസ് പ്രോസിക്യൂഷനുള്ള വകുപ്പില്ല എന്ന് അറിയിച്ചു. ഒരുപക്ഷേ മിസ്റ്റർ പി അമിത ലഹരി ഉപയോഗിച്ച് ബോധം കെടുന്ന അവസ്ഥയിലായിരുന്നില്ല എന്നാണ് ഇപ്പോഴത്തെ നിഗമനം. സ്വബോധത്തിൽ അല്ലാതിരുന്ന സമയത്ത് ഒരുപക്ഷേ അയാൾ കാർഡ് ഉപയോഗിക്കാൻ ജീവനക്കാർക്ക് അനുമതി നൽകിയിരുന്നിരിക്കാം, അയാൾ നൽകിയ പണത്തിനുള്ള സേവനം ക്ലബ്ബ് ലഭ്യമാക്കിയിട്ടുണ്ട് എന്ന തെളിവുകൾ ലഭ്യമായ സ്ഥിതിക്ക് മറ്റൊന്നും ചെയ്യാനില്ല എന്നും പോലീസ് അറിയിച്ചു.