ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇംഗ്ലണ്ടിൽ പ്രതിദിനം 175 രോഗികൾ മാത്രമാണ് കോവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നത് എന്ന കണക്കുകൾ പുറത്തുവന്നു. ജനുവരിയിൽ രോഗവ്യാപനം ഏറ്റവും കൂടി നിന്ന സമയത്ത് ഇത് 4000 വരെയായിരുന്നു. ആശുപത്രികളിൽ അഡ്മിറ്റ് ആകുന്നവരുടെ എണ്ണം വളരെ കുറഞ്ഞത് രോഗവ്യാപനം നിയന്ത്രണവിധേയമായതിൻറെ സൂചനകളായാണ് വിലയിരുത്തപ്പെടുന്നത്. രോഗവ്യാപനവും മരണനിരക്കും കുറഞ്ഞതിനാൽ കൂടുതൽ ലോക്ഡൗൺ ഇളവുകൾക്കായി രാഷ്ട്രീയ നേതൃത്വത്തിൻെറ മേൽ സമ്മർദ്ദം വർധിക്കുമെന്നാണ് പൊതുവെ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എൻഎച്ച്എസ് ഇംഗ്ലണ്ടിൻെറ ഔദ്യോഗിക കണക്കുകൾ പ്രകാരം രോഗവ്യാപനവും മരണനിരക്കും കുറയുന്നതിൽ നിർണായക പങ്കുവഹിച്ചത് യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകിയതാണ്. മാർച്ച് മാസം തുടക്കത്തിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട രോഗികളിൽ 49 ശതമാനവും 65 വയസ്സിന് മുകളിലുള്ളവരായിരുന്നു. ഡിസംബറിൽ പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ തുടങ്ങുന്നതിനുമുമ്പ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട 65 വയസ്സിന് മുകളിലുള്ള രോഗികളുടെ എണ്ണം 70 ശതമാനമായിരുന്നു. ജൂൺ 21 വരെ നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കാൻ സാധ്യതയില്ല എന്നാണ് കരുതപ്പെടുന്നത്. രോഗവ്യാപനം തടയാൻ ഫെയ്‌സ് മാസ്ക് തുടർന്നും ഉപയോഗിക്കണം എന്ന അഭിപ്രായമാണ് ആരോഗ്യവിദഗ്ധർക്കുള്ളത്.