സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ആരോഗ്യ സേവന മേഖലകളിൽ പ്രവർത്തിക്കുന്നവരെയണെന്ന കണ്ടെത്തലാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ പുതിയ റിപ്പോർട്ട് പങ്കുവയ്ക്കുന്നത്. ഇത്തരത്തിൽ സേവന മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ മരണനിരക്ക് സാധാരണ ഉള്ളവരിൽ നിന്നും 2.5 ശതമാനം കൂടുതലാണ്. സാമൂഹ്യ പ്രവർത്തകരായ സ്ത്രീകളുടെ മരണനിരക്കും സാധാരണക്കാരിൽ നിന്നും അധികമാണ്. എന്നാൽ ഇത്തരക്കാർക്ക് ലഭിക്കുന്ന സംരക്ഷണം കുറവാണെന്നതാണ് ഏറ്റവും വേദനാജനകം. പുതുതായി പുറത്തിറങ്ങിയിരിക്കുന്ന ഈ റിപ്പോർട്ടുകൾ ഗവൺമെന്റിന് പ്രതിക്കൂട്ടിൽ നിർത്തുകയാണ്.

ഗവൺമെന്റ് പലപ്പോഴും നൽകിയിരിക്കുന്ന വാഗ്ദാനങ്ങൾ മറന്നു പോവുകയാണെന്ന കുറ്റപ്പെടുത്തൽ സമൂഹത്തിലെ പല ഭാഗങ്ങളിൽ നിന്നും ഉയർന്നു വന്നു കൊണ്ടിരിക്കുകയാണ്. വൈറസ് ബാധ കൂടുന്ന സാഹചര്യങ്ങളിലും ഇത്തരത്തിൽ സാമൂഹിക സേവന മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഒരു തരത്തിലുള്ള സംരക്ഷണവും ഗവൺമെന്റ് ഉറപ്പു നൽകുന്നില്ലെന്ന് ലീഡർഷിപ്പ് ഓർഗനൈസേഷൻ ആൻഡ് ഡെവലപ്മെന്റ് സംഘടനയുടെ മേധാവി സുസി ബെയ്‌ലി കുറ്റപ്പെടുത്തി. സാമൂഹ്യ സേവന മേഖലകളെ എൻ എച്ച് എസിൽ നിന്നും ഒരിക്കലും വേറിട്ട് കാണരുതെന്നും ബെയ്‌ലി ഓർമിപ്പിച്ചു. എൻ എച്ച് എസ് പ്രവർത്തകരെ പോലെ തന്നെ സാമൂഹ്യ പ്രവർത്തകരുടെയും സേവനങ്ങളെ കാണണമെന്നും വാർത്താസമ്മേളനത്തിൽ ബെയ്‌ലി വ്യക്തമാക്കി.

ഇത്തരത്തിലുള്ള പ്രവർത്തകർക്ക് പ്രൊട്ടക്ഷൻ കിറ്റുകൾ സമയത്ത് ലഭിക്കുന്നില്ലെന്ന പരാതിയും നിലനിൽക്കുന്നുണ്ട്. ഇതോടൊപ്പംതന്നെ കെയർ ഹോമുകളിൽ വർധിച്ചുകൊണ്ടിരിക്കുന്ന മരണനിരക്കും ഗവൺമെന്റിനു മേൽ സമ്മർദ്ദം കൂട്ടുകയാണ്. ഇപ്പോൾ തന്നെ പതിനാറായിരത്തിൽ അധികം പേരാണ് ബ്രിട്ടണിൽ കെയർ ഹോമുകളിൽ മാത്രമായി മരണപ്പെട്ടിരിക്കുന്നത്.

പതിനേഴോളം തൊഴിൽ മേഖലകളിൽ തൊഴിലെടുക്കുന്ന പുരുഷന്മാരിൽ മരണ നിരക്ക് അധികം എന്നാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നത്. ഇതിൽ കൺസ്ട്രക്ഷൻ ജീവനക്കാർ, ടാക്സി ഡ്രൈവർമാർ, സെക്യൂരിറ്റി ഗാർഡുകൾ എന്നിവരെല്ലാം ഉൾപ്പെടുന്നു. സെക്യൂരിറ്റി ഗാർഡുമാരായി ജോലി ചെയ്യുന്നവരിലാണ് മരണനിരക്ക് ഏറ്റവുമധികം രേഖപ്പെടുത്തിയിരിക്കുന്നത്. തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവരിൽ സ്ത്രീകളെക്കാൾ അധികം രോഗബാധിതർ പുരുഷന്മാർ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.