ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ സ്കൂളുകൾ മേഖലാടിസ്ഥാനത്തിലായിരിക്കും വീണ്ടും തുറക്കുകയെന്ന് ഗവൺമെൻറ് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ജെന്നി ഹാരിസ് പറഞ്ഞു. ലോക്ക്ഡൗൺ അവസാനിക്കുമ്പോൾ രാജ്യത്തുടനീളം വ്യത്യസ്ത തോതിലുള്ള രോഗതീവ്രതയായിരിക്കും ഉണ്ടായിരിക്കുന്നത് എന്ന് കോമൺസ് എഡ്യൂക്കേഷൻ കമ്മറ്റിയിൽ സംസാരിക്കവെ ഡോ. ജെന്നി ഹാരിസ്അഭിപ്രായപ്പെട്ടു. ഓരോ സ്ഥലത്തിൻെറയും രോഗവ്യാപനതീവ്രതയുടെ തോത് അനുസരിച്ച് അതത് പ്രദേശങ്ങളിൽ സ്കൂളുകൾ തുറക്കാനാണ് സർക്കാർ പദ്ധതി തയ്യാറാക്കുന്നത്.

കോവിഡ് -19 ൻെറ രോഗവ്യാപനം തടയുന്നതിനായി ജനുവരി തുടക്കം മുതൽ രാജ്യത്തെ സ്കൂളുകൾ അടച്ചിരുന്നു. കീ വർക്കേഴ്സിൻെറ മക്കൾക്കും ദുർബലരായ കുട്ടികൾക്കും വേണ്ടി സ്കൂളുകൾ തുറക്കുന്നുണ്ടെങ്കിലും മറ്റുള്ളവർക്ക് ഓൺലൈൻ ക്ലാസുകൾ വഴിയാണ് പഠനം പുരോഗമിക്കുന്നത്. ഇനി ഏതാനും ആഴ്ചകൾ കൂടി സ്കൂളുകൾ അടച്ചിടേണ്ടി വരുമെന്ന് കോമൺ എഡ്യൂക്കേഷൻ കമ്മിറ്റി ചെയർമാൻ റോബർട്ട് ഹാൽഫോൺ അഭിപ്രായപ്പെട്ടു. സ്കൂളുകൾ പ്രവർത്തിക്കുകയാണെങ്കിൽ കോവിഡ്-19 രോഗികളുടെ എണ്ണം കൈകാര്യംചെയ്യാൻ എൻഎച്ച്എസിനെ കഴിയില്ലെന്ന് മെഡിക്കൽ, സയൻസ് അഡ്വൈസേഴ്സ് ക്രിസ്മസിന് മുമ്പ് സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു.