യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്ത് പോകേണ്ടത് മാർച്ച്‌ 29നായിരുന്നു. യൂറോപ്യൻ യൂണിയനുമായി 3 തവണ നടത്തിയ കരാർ പാർലമെന്റ് നിരസിച്ചതിനാലാണ് സമയപരിധി നീട്ടിയത്. ഇപ്പോൾ ബ്രെക്സിറ്റ്‌ നടക്കുമെന്ന് പ്രധാനമന്ത്രി ജോൺസൻ പറയുന്ന തീയതി ഒക്ടോബർ 31 ആണ്. ഇത് ഒൻപത് ആഴ്ച മാത്രം അകലെയാണ്. ഇന്നലെ ബോറിസ് ജോൺസൻ എലിസബത്ത് II രാജ്ഞിയോട്, സെപ്റ്റംബർ പകുതി മുതൽ ഒക്ടോബർ പകുതി വരെ യുകെ പാർലമെന്റ് താത്കാലികമായി നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ടു. 5 ആഴ്ചത്തേക്കാണ് പാർലമെന്റ് നിർത്തിവെക്കുന്നത്. എല്ലായ്‌പോഴും ശരത്കാലത്താണ് പാർലമെന്റ് ഏതാനും ആഴ്ചകളിലേക്ക് നിർത്തിവെക്കുന്നത്. എന്നാൽ ഇത് ഒരു സാധാരണ ഇടവേളയല്ല. എംപിമാർ ജോലിയിൽ തിരിച്ചെത്തി ദിവസങ്ങൾ കഴിഞ്ഞ് സെപ്റ്റംബർ 10 മുതൽ പാർലമെന്റ് സസ്‌പെൻഡ് ചെയ്യാനാണ് ജോൺസൻ ആവശ്യപ്പെട്ടത്.

 

ഇതിനാൽ എംപിമാർക്ക് ബ്രെക്സിറ്റിനെക്കുറിച്ച് ചർച്ച ചെയ്യാൻ വളരെ കുറച്ച് സമയമേ ലഭിക്കുകയുള്ളൂ. നോ ഡീൽ ബ്രെക്സിറ്റ്‌ തടയാൻ കഴിയുന്ന നിയമം പാസാക്കാനും അവർക്ക് സമയം ലഭിക്കാതെ വരും. പ്രതിപക്ഷ എംപിമാരും ഭരണകക്ഷി എംപിമാരിൽ ചിലരും നോ ഡീൽ ബ്രെക്സിറ്റിനെ പിന്തുണയ്ക്കുന്നില്ല. ഇത് ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയെ തകർക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു. നോ ഡീൽ ബ്രെക്സിറ്റ്‌ തടയുന്ന നിയമം കൊണ്ടുവരുമെന്ന് പ്രതിപക്ഷ എംപിമാർ പറഞ്ഞിരുന്നു. അത് പരാജയപ്പെട്ടാൽ അവിശ്വാസ വോട്ടെടുപ്പ് നടത്തുമെന്നും അവർ അറിയിച്ചിരുന്നു. എന്നാൽ പാർലമെന്റ് നടക്കാത്തതിനാൽ എംപിമാർക്ക് സർക്കാരിൽ അവിശ്വാസ വോട്ടെടുപ്പ് നടത്താൻ കഴിയാതെവരും. സെപ്റ്റംബർ 3 ചൊവ്വാഴ്ച പാർലമെന്റ് വീണ്ടും കൂടുമെങ്കിലും പിന്നീട് അവധിയിലേക്ക് പോകും. സെപ്റ്റംബർ 10നു മുമ്പ് എംപിമാർ അവിശ്വാസ വോട്ടെടുപ്പ് നടത്തിയാൽ മാത്രമേ ഒക്ടോബറിൽ പൊതുതെരഞ്ഞെടുപ്പ് നടത്താൻ സാധിക്കൂ. നിഗൽ ഫരാഗിന് കീഴിലുള്ള ബ്രെക്സിറ്റ്‌ പാർട്ടി, എന്തു വില കൊടുത്തും ബ്രെക്സിറ്റ്‌ നടക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ തീരുമാനം വളരെ സംശയാസ്പദവും തികച്ചും പ്രകോപനപരവുമാണെന്ന് നോ ഡീൽ ബ്രെക്സിറ്റ്‌ തടയാൻ ശ്രമിക്കുന്ന കൺസേർവേറ്റിവ് എംപി ഡൊമിനിക് ഗ്രീവ് ബിബിസിയോട് പറഞ്ഞു.