സ്വന്തം ലേഖകൻ

ലണ്ടൻ : തൊഴിൽ നഷ്‌ടത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾക്ക് ശേഷം ഇംഗ്ലണ്ടിലെ പബ്ബുകൾക്കും റെസ്റ്റോറന്റുകൾക്കും ജൂണിൽ തന്നെ തുറന്ന് പ്രവർത്തിക്കാൻ കഴിയും. നേരത്തെ, ജൂലൈ 4 മുതൽ പബ്ബുകൾക്കും റെസ്റ്റോറന്റുകൾക്കും പ്രവർത്തനാനുമതി നൽകിയെങ്കിലും ജൂൺ 22 മുതൽ തുറന്ന് പ്രവർത്തിക്കണമെന്ന് മന്ത്രിമാർ താല്പര്യം പ്രകടിപ്പിച്ചു. രോഗവ്യാപനം കുറഞ്ഞതോടെ ലോക്ക്ഡൗണിൽ ധാരാളം ഇളവുകളാണ് പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നത്. രണ്ട് മീറ്റർ അകലം പാലിക്കുന്ന നിയമത്തിൽ ഇളവ് വരുത്തുന്നതിനൊപ്പം ചൊവ്വാഴ്ച ഈ വിഷയവും മന്ത്രിസഭ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പബ്ബുകളും റെസ്റ്റോറന്റുകളും നേരത്തെ തുറക്കുന്നത് സ്വാഗതാർഹമാണെന്ന് ട്രേഡ് ബോഡി യുകെ ഹോസ്പിറ്റാലിറ്റി പറഞ്ഞു. എന്നാൽ സാമൂഹിക അകലം ലഘൂകരിക്കുന്നതാണ് ഇപ്പോൾ കൂടുതൽ പ്രധാനമെന്ന് അവർ അറിയിച്ചു. ചാൻസലർ റിഷി സുനക് ഉൾപ്പടെയുള്ള മന്ത്രിമാർ ഹോസ്പിറ്റാലിറ്റി മേഖലയെ കൂടുതൽ ഉയർത്തികൊണ്ടുവരുവാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നു. അതിനാൽ തന്നെ ഇളവുകളൊക്കെ പറഞ്ഞതിലും നേരത്തെ ഒഴിവാക്കാൻ സാധ്യതയുണ്ട്.

പബ്ബുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ തുടങ്ങിയവ വീണ്ടും തുറക്കാനുള്ള പദ്ധതി സ്വാഗതാർഹമാണെങ്കിലും ആഴ്ചകളോളം മരവിച്ചുകിടന്ന ഒരു മേഖല രണ്ടാഴ്ച കൊണ്ട് എങ്ങനെ തിരിച്ചുവരുമെന്ന് യുകെ ഹോസ്പിറ്റാലിറ്റി ചീഫ് എക്സിക്യൂട്ടീവ് കേറ്റ് നിക്കോൾസ് ചോദിച്ചു. സാമൂഹ്യ അകലം പാലിക്കൽ രണ്ട് മീറ്ററിൽ നിന്ന് ഒരു മീറ്ററായി കുറയ്ക്കുന്നത് വ്യവസായത്തിന്റെ നിലനിൽപ്പിന് വളരെ പ്രധാനമാണെന്ന് അവർ അറിയിച്ചു. നിയമപ്രകാരം രണ്ട് മീറ്റർ അകലം പാലിക്കുന്ന ഔട്ട്‌ലെറ്റുകൾക്ക് സാധാരണ വരുമാനത്തിന്റെ 30% വരുമാനം നേടാനാകുമെന്ന് യുകെ ഹോസ്പിറ്റാലിറ്റി കണക്കാക്കി. അതേസമയം ഒരു മീറ്റർ നിയമം നടപ്പിൽ വരികയാണെങ്കിൽ വരുമാനത്തിന്റെ 60-75 ശതമാനത്തോളം നേടാനാകും. നഗരത്തിലുള്ള പല പബ്ബുകളുടെയും ഔട്ട്‌ഡോർ ഇടങ്ങൾ നടപ്പാതകളാണെന്ന് മിസ് നിക്കോൾസ് ചൂണ്ടിക്കാട്ടി.

അതേസമയം ജൂലൈ മുതൽ ബ്രിട്ടീഷുകാർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് അവധിക്കാലം ആഘോഷിക്കാൻ യാത്ര ചെയ്യാനുള്ള പദ്ധതി പ്രധാനമന്ത്രി ഒരുക്കുന്നു . ഇതിൽ ഏറ്റവും പ്രധാനം അവർക്ക് 14 ദിവസം ക്വാറന്റൈനിൽ കഴിയേണ്ടി വരില്ല എന്നതാണ്. 14 ദിവസത്തേക്ക് ക്വാറന്റൈനിൽ കഴിയാതെ ബ്രിട്ടീഷുകാർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് പോകാൻ ഈയൊരു നടപടി സഹായിക്കും. എന്നാൽ കൊറോണ വൈറസിന്റെ രണ്ടാം വ്യാപനത്തിൽ നിന്ന് രക്ഷനേടാനുള്ള സർക്കാർ നടപടികൾ പ്രകാരം യുകെയിൽ എത്തുന്ന യാത്രക്കാർ ഇപ്പോൾ 14 ദിവസത്തേക്ക് സ്വയം ഒറ്റപ്പെടേണ്ടതുണ്ട്. ബന്ധപ്പെടാനുള്ള വിവരങ്ങൾ ഉൾപ്പെടെയുള്ള ഫോം യാത്രക്കാർ‌ പൂരിപ്പിച്ചു നൽകണം. അവർ‌ എവിടെ താമസിക്കുന്നുവെന്നത് ഉറപ്പാക്കുന്നതിന് ബോർ‌ഡർ‌ ഫോഴ്‌സ് ഓഫീസർ‌മാരെപ്പോലുള്ള ഉദ്യോഗസ്ഥർ‌ അന്വേഷണം നടത്തുകയും ചെയ്യും.