അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

നവംബർ 5 -ന് തുടങ്ങി ഡിസംബർ 2 -ന് അവസാനിക്കുന്ന ലോക്ക്ഡൗണിന് ശേഷവും കടുത്ത പ്രാദേശിക നിയന്ത്രണങ്ങൾ തുടരും എന്നുള്ള വാർത്ത കടുത്ത അസംതൃപ്തിയാണ് ബ്രിട്ടണിൽ ഉളവാക്കിയിരിക്കുന്നത്. തൻെറ മന്ത്രിസഭയിൽ നിന്നും വിമത എംപി മാരിൽ നിന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ നിയന്ത്രണങ്ങളുടെ പേരിൽ എതിർപ്പ് നേരിടുന്നതായി ഇതിനോടകം പരസ്യമായി കഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് പ്രാദേശിക നിയന്ത്രണങ്ങളോട് സഹകരിച്ചില്ലെങ്കിൽ വൈറസ് വ്യാപനം തടയാനായി രാജ്യം മൂന്നാം ലോക്ക്ഡൗണിലേയ്ക്ക് പോകേണ്ടതായി വരുമെന്ന മുന്നറിയിപ്പ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നടത്തിയത്.

പല കോണുകളിൽനിന്നും പ്രാദേശിക നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്നുള്ള സമ്മർദ്ദം ഗവൺമെൻറ് അഭിമുഖീകരിക്കുന്നുണ്ട്. രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയ്ക്കും ജനങ്ങളുടെ മാനസികാരോഗ്യത്തിനും വിഘാതം സൃഷ്ടിക്കുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരു പ്രധാനമന്ത്രിയും ആഗ്രഹിക്കുകയില്ല എന്ന് ബോറിസ് ജോൺസൺ പറഞ്ഞു. എന്നാൽ വൈറസ് വ്യാപനവും അതിനെ തുടർന്നുള്ള പ്രത്യാഘാതങ്ങളും കുറയ്ക്കാൻ നിയന്ത്രണങ്ങൾ അല്ലാതെ മറ്റ് പോംവഴികളില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

നിയന്ത്രണങ്ങളുടെ ആവശ്യകത ബോധ്യപ്പെടുത്താനായി വൈറസ് വ്യാപനം രാജ്യത്തിൻറെ ആരോഗ്യ, സാമ്പത്തിക, സാമൂഹിക മേഖലകളെ എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ചുള്ള വിശകലനം ഇന്ന് ഡൗണിങ് സ്ട്രീറ്റ് പ്രസിദ്ധീകരിക്കും എന്നാണ് കരുതപ്പെടുന്നത്. ലോക്ക്ഡൗണിനു ശേഷമുള്ള നിയന്ത്രണങ്ങളുടെ ഫലമായുള്ള പ്രതിദിന നഷ്ടം 900 മില്യൺ പൗണ്ടാണെന്നാണ് സെൻറർ ഫോർ എക്കണോമിക്സ് ആൻഡ് ബിസിനസ് റിസർച്ച് കണക്കാക്കുന്നത്.

ഇതിനിടെ എത്രയും പെട്ടെന്ന് വാക്സിൻ വിതരണം നടത്താനുള്ള നടപടികളെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്. ഒരാഴ്ചയ്ക്കകം ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ വിതരണം ആരംഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു കഴിഞ്ഞു. ഇതിൻറെ ഭാഗമായി ഉടനെ തന്നെ ഫൈസറിൻെറ കോവിഡ് പ്രതിരോധ വാക്സിന് യുകെ അനുമതി നൽകിയേക്കും. ഇംഗ്ലണ്ടിൽ കോവിഡ് വാക്സിൻ വിതരണം ത്വരിതഗതിയിലാക്കാനും മേൽനോട്ടം വഹിക്കാനുമായി പുതിയ ആരോഗ്യ മന്ത്രിയായി നാദിം സഹാവിയെ നിയമിച്ചിരുന്നു. സ്ട്രാറ്റ്‌ഫോർഡ്-ഓൺ-അവോണിലെ എംപിയായ സഹാവി അടുത്ത വേനൽക്കാലം വരെ വാക്സിൻ വിതരണത്തിന് മേൽനോട്ടം വഹിക്കും. നിലവിൽ ഇംഗ്ലണ്ടിലെ വാക്സിൻ വിതരണത്തിലെ ചുമതല മാത്രമേ സഹാവിക്കുള്ളൂ. സ്കോട്ട്‌ലൻഡ്,വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ വാക്സിൻ വിതരണം അവിടങ്ങളിലെ ഭരണസംവിധാനത്തിന് കീഴിലായിരിക്കും. നിലവിൽ യുകെ സർക്കാർ 100 ദശലക്ഷം ഡോസ് ഓക്സ്ഫോർഡ്, അസ്ട്രസെനെക വാക്സിനും 40 ദശലക്ഷം ഫൈസർ വാക്സിനും മോഡേണയുടെ അഞ്ച് ദശലക്ഷം ഡോസുകൾക്കുമാണ് ഓർഡർ നൽകിയിരിക്കുന്നത്.