മെട്രിസ്‌ ഫിലിപ്പ്

ലോകം ഇപ്പോൾ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന അതിപ്രധാനമായ ഒരു വിഷയം, സൂയസ് കനാലിൽ തടഞ്ഞു നിൽക്കുന്ന വലിയ ഒരു കണ്ടൈനർ ഷിപ്പിനെകുറിച്ചാണ്.

ഇപ്പോൾ(23/03/2021) മണ്ണിൽ ഇടിച്ചു നിൽക്കുന്ന ഈ ചരക്കു കപ്പലിൽ (Vessel Evergreen (Ever Given), നീളം 400 മീറ്റർ, വീതി ഏകദേശം 60 മീറ്റർ., 20000 TEU) നു മുകളിൽ കണ്ടെയ്നർ അടുക്കി വെച്ചിട്ടുണ്ട്. ഇവ മറ്റൊരു കപ്പലിലേയ്ക്ക് മാറ്റുകയും, അടിഞ്ഞു കൂടിയ 30000 ക്യുബിക് മീറ്റർ മണ്ണ്, ഡ്രഡ്ജിങ് ചെയ്തു നീക്കുവാൻ ഉള്ള ജോലി തുടങ്ങി കഴിഞ്ഞു. ഏതാണ്ട് 3 മുതൽ 5 ദിവസം വരെ എടുക്കും ഈ ജോലി പൂർത്തിയാക്കുവാൻ. സാരമായ കേടുപാടുകൾ സംഭവിച്ചിരിക്കുന്ന ഈ കപ്പൽ നീക്കുവാൻ കുറേ സമയം വേണ്ടി വരും എന്നുള്ള റിപ്പോർട്ട് ഉണ്ട്.

ഇവിടേക്ക് ദിവസേന കപ്പലുകൾ വന്നുകൊണ്ടിരിക്കുന്നു. മറ്റ് പാതയിലൂടെ, കപ്പലുകൾക്കു പോകുവാൻ സാധിക്കും, എങ്കിലും, ആ യാത്ര ദിവസങ്ങൾ നീണ്ടു നിൽക്കും എന്നറിയുന്നതുകൊണ്ട്, സൂയസ് കനാലിന്റെ സമീപത്ത്, 300 നു മുകളിൽ കപ്പലുകൾ ഇപ്പോൾ തന്നെക്യുവിൽ ഉണ്ട്. ഇന്ത്യ ഉൾപ്പടെയുള്ള ലോക രാജ്യങ്ങൾ ഈ തടസ്സം നീക്കുവാൻ കഠിനപരിശ്രമത്തിൽ ആണ്.

എന്റെ വിശുദ്ധമീ യാത്രയുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഈജിപ്തിലെ, കയ്‌റോയിലേയ്ക്ക് പോകുന്ന,14 മണിക്കൂർനീണ്ടു നിൽക്കുന്ന റോഡ് യാത്രയിൽ, വെച്ചാണ്, സൂയസ് കനാൽ എനിക്ക് കാണുവാൻ സാധിച്ചത്.

ഈജിപ്തിനോട് ചേർന്ന് കിടക്കുന്ന മെഡിറ്ററേനിയൻ കടലും, ചെങ്കടലും തമ്മിൽ വേർതിരിക്കപ്പെട്ടു കിടക്കുന്ന, ഇടുങ്ങിയ കടലിടുക്കിൽ, മനുഷ്യനിർമ്മിതിയാൽ പണിത ഈ കനാൽ 17 Nove. 1869 (1859-1869)ൽ Isthmus of Asia എന്ന പേരിൽ, കപ്പലുകൾക്ക് സഞ്ചരിക്കാൻ തുറന്നു കൊടുത്തു. ആഫ്രിക്ക – ഏഷ്യ ഭൂഖണ്ഡങ്ങളെ തമ്മിൽ ബന്ധിക്കുന്ന ഈ കനാലിന്റെ നീളം 193.3 കിലോമീറ്റർ ആണ്. ബ്രിട്ടീഷ്- ഫ്രഞ്ച് രാജ്യങ്ങൾ സംയുകതമായി 87 വർഷങ്ങൾ ഈ കനാൽ പ്രവർത്തിപ്പിച്ചു.

1888 കോൺസ്റ്റാന്റിനോപ്പിൾ കൺവെൻഷനിൽ വെച്ച് ആംഗ്ലോ-ഫ്രഞ്ച് കരാർ തയ്യാർ ആക്കി, ഈ കനാൽ പ്രവർത്തിച്ചു വന്നു. 1904 ൽ നിയമത്തിൽ മാറ്റങ്ങൾ വരുത്തി, International water way for war and Peace എന്ന പേരിൽ എല്ലാ രാജ്യങ്ങളിലെയും കപ്പലുകൾക്ക്, ഈ വഴി കടന്ന് പോകുവാൻ അവസരം നൽകിവന്നു. 1956 ൽ ബ്രിട്ടൻ ഇവിടെ നിന്നും പിൻമാറുകയും, തുടർന്ന് ഈ കനാൽ ഈജിപ്ഷ്യൻ ഗവൺമെന്റിന്റെ സ്വന്തം അസറ്റ് ആക്കി മാറ്റുകയും, ഈ വഴി കടന്നുപോകുന്ന എല്ലാ കപ്പലുകളും, ടാക്സ് നൽകണം എന്നുള്ള നിയമം കൊണ്ടുവന്നു. ഈ കനാൽ പിടിച്ചെടുക്കുവാൻ, അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ ശ്രമിക്കുകയും, അന്നത്തെ, ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു, ഈജിപ്തിനു വേണ്ടി, ഇന്ത്യൻ യുദ്ധക്കപ്പലുകൾ അയച്ചു സംരകഷണ വലയം തീർത്തു. അതിന് പ്രത്യപകരമായി, ഇന്ത്യൻ കപ്പലുകൾക്കു ടാക്സ് ഒഴിവാക്കി കൊടുത്തു. 1967-1975 വർഷങ്ങളിൽ ഈ കനാൽ അടച്ചിട്ടു. 1976 മുതൽ പുതിയ നിയമത്തോടെ തുറന്നു കൊടുത്തു. ഈജിപ്തിന്റെ ഒരു പ്രധാന വരുമാന മാർഗ്ഗമാണ് സൂയസ് കനാൽ.

ഇസ്രയേലിൽ നിന്നും ഈജിപ്തിലേയ്ക്ക് പോകുന്ന വഴിയിൽ, സൂയസ് കാനാലിൻെറ അടിയിൽ കൂടിയാണ് ഈ റോഡ് പണിതിരിക്കുന്നത്. അതായത് കടലിനടിയിലൂടെ പോകുന്ന വഴി. ദൈവം ചെങ്കടൽ മുറിച്ച്, ഇസ്രയേൽ ജനതയെ രക്ഷിച്ചപോലെ ഉള്ള ഒരു വഴി. വഴിയുടെ മുകളിൽ കൂടി, വലിയ വലിയ കപ്പലുകൾ കടന്ന് പോകുന്നത് ഓർക്കുമ്പോൾ തന്നെ ഭയം ഉണ്ടാക്കും. 100 കണക്കിന് മീറ്റർ താഴ്ച്ചയിൽ ആണ് ഈ വഴി പണിതിരിക്കുന്നത്. വർഷങ്ങൾ കൊണ്ട് പിരമിഡ് പണിയാമെങ്കിൽ, ഇതും അവർക്ക് നിസ്സാരം തന്നെ. കർശനമായ സുരക്ഷാ നിയമങ്ങൾ പാലിച്ചു മാത്രമേ, വാഹനങ്ങൾക് ഈ വഴി പ്രവേശിക്കാൻ സാധിക്കു. ഈ അണ്ടർപാസിൽ ഫോട്ടോ, വിഡിയോ ഉപയോഗിക്കാൻ പാടില്ല. ഈ റോഡിന്റെ ആരംഭ ഭാഗത്ത് നിന്ന് നോക്കിയാൽ വലിയ കപ്പലുകൾ ഈ കനാലിൽ കൂടി പോകുന്നത് കാണുവാൻ സാധിക്കും.

ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ തടസ്സം പരിഹരിച്ച്, കപ്പലുകൾക്ക് ലക്ഷ്യസ്ഥലങ്ങളിൽ എത്തിചേരുവാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കാം…