ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : യുകെയിൽ വാക്സിനേഷൻ പ്രോഗ്രാം ആരംഭിക്കാനിരിക്കെ അടുത്ത ആഴ്ചയോടെ 800,000 ഡോസുകൾ കൂടി ലഭിക്കുമെന്ന കാര്യത്തിൽ സർക്കാരിന് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് ബിസിനസ് സെക്രട്ടറി അറിയിച്ചു. ഫൈസർ ബയോൺടെക് വാക്സിൻ ഡോസുകൾ എത്തിയിട്ടുണ്ടെന്നും വർഷാവസാനത്തോടെ കൂടുതൽ പ്രതീക്ഷിക്കാമെന്നും അലോക് ശർമ പറഞ്ഞു. ചൊവ്വാഴ്ച വാക്സിനേഷൻ ആരംഭിക്കുമ്പോൾ മുൻഗണനാക്രമത്തിൽ കഴിയുന്നത്ര വേഗം ആളുകൾക്ക് വാക്സിൻ നൽകാൻ ആശുപത്രികൾ ഒരുങ്ങണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ക്രിസ് ഹോപ്സൺ ട്വീറ്റ് ചെയ്തു. നോർത്ത് ഈസ്റ്റ് ഒഴികെയുള്ള എല്ലാ ഇംഗ്ലീഷ് പ്രദേശങ്ങളിലും അണുബാധയുടെ തോത് കുറയുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ പ്രതീക്ഷിച്ചത്ര ഡോസുകൾ ലഭിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുകയാണ്. അങ്ങനെയാണെങ്കിൽ എൻ എച്ച് എസ് ജീവനക്കാർക്ക് വാക്സിൻ ലഭിക്കുന്നതിൽ കാലതാമസം നേരിടും. വർഷാവസാനത്തിനുമുമ്പ് ദശലക്ഷക്കണക്കിന് ഡോസുകൾ എത്തുമെന്ന് മന്ത്രിമാർ പറഞ്ഞു. എന്നാൽ സപ്ലൈ ചെയിൻ പ്രശ്‌നങ്ങൾ കാരണം ഈ വർഷം വിതരണം ചെയ്യാൻ ഉദേശിച്ച 10 കോടി ഡോസുകളിൽ പകുതി മാത്രമേ നൽകാൻ കഴിയൂ എന്ന് ഫൈസർ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

 

യുകെയുടെ ചരിത്രത്തിലെ വലിയ വാക്സിനേഷൻ ഡ്രൈവ് ഡിസംബർ 8 ചൊവ്വാഴ്ച ആരംഭിക്കും. കെയർ ഹോം ജീവനക്കാർക്ക് ആദ്യം കുത്തിവയ്പ്പ് നൽകാനുള്ള പദ്ധതിയെ പിന്തുണയ്ക്കുന്നതായി ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ നേതാവ് ഡോ. ചന്ദ് നാഗ്പോൾ പറഞ്ഞു. എന്നിരുന്നാലും, എൻ‌എച്ച്‌എസ് ഉദ്യോഗസ്ഥർ രോഗബാധിതരാകാനും മരിക്കാനുമുള്ള സാധ്യത വളരെ കൂടുതലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാക്സിനേഷൻ പ്രോഗ്രാമിന്റെ സിംഹഭാഗവും അടുത്ത വർഷം നടപ്പാക്കുമെന്ന് ശർമ്മ ആവർത്തിച്ചു. മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർ‌എ) ഓക്സ്ഫോർഡ് അസ്ട്രസെനെക വാക്സിൻ അവലോകനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വരും ദിവസങ്ങളിൽ രാജ്യത്ത് ആദ്യത്തെ വാക്സിൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചൊവ്വാഴ്ച മുതൽ ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ പദ്ധതിയിടുന്നതായും വെയിൽസ് ഫസ്റ്റ് മിനിസ്റ്റർ മാർക്ക് ഡ്രേക്ക്ഫോർഡ് പറഞ്ഞു. സാധാരണ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ വാക്സിന് സാധിക്കുമെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്തയാഴ്ച കൂടുതൽ ഡോസുകൾ ബ്രിട്ടനിൽ എത്തുമെന്ന് ബയോ ടെക്കിന്റെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ സീൻ മാരെറ്റ് സ്ഥിരീകരിച്ചു. ആദ്യ ബാച്ച് ഇന്നലെ യൂറോടണൽ വഴി യുകെയിൽ എത്തിയതായും പിന്നീട് അവയെ ഒരു സംഭരണ ​​കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായും മാരെറ്റ് അറിയിച്ചു.