അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ഫലപ്രദവും സുരക്ഷിതവുമായുള്ള വാക്സിന് വേണ്ടിയുള്ള പരീക്ഷണങ്ങൾ ലോകമെങ്ങും പുരോഗമിക്കുകയാണ്. ഓസ്‌ട്രേലിയിൽ വികസിപ്പിച്ച കോവിഡ് വാക്സിൻെറ ഫലപ്രാപ്തിയെ കുറിച്ചുള്ള ശുഭ സൂചനകൾ പുറത്തുവന്നു. ഫൈസറിൻെറ കോവിഡ് വാക്‌സിൻ 90 ശതമാനം ആളുകളിലും ഫലപ്രദമാണെന്നുള്ള വാർത്തകൾ കഴിഞ്ഞ തിങ്കളാഴ്ച ലോകമെങ്ങും വൻ മാധ്യമശ്രദ്ധ നേടിയിരുന്നു. ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റി ആയ യൂണിവേഴ്സിറ്റി ഓഫ് ക്യൂൻസ് ലാൻഡ് വികസിപ്പിച്ച വാക്‌സിൻ പ്രായമായവരിലും ഗർഭിണികളിലും ഫൈസറിൻെറ വാക്സിനുകളെക്കാളും കൂടുതൽ ഫലപ്രദമാണെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ.

പ്രതീക്ഷിച്ചതിലും നേരത്തെ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ വാക്സിൻ വിജയകരമാണെന്ന് പ്രഖ്യാപിച്ചത് ഓസ്ട്രേലിയൻ ഹെൽത്ത് മിനിസ്റ്റർ ഗ്രെഗ് ഹണ്ട് ആണ്. കൊറോണ വൈറസിനെതിരെ പോസിറ്റീവ് ആൻറിബോഡി ഉത്പാദിപ്പിക്കുന്നതിൽ വാക്സിൻ വിജയം കണ്ടു എന്ന് അദ്ദേഹം പറഞ്ഞു. അടുത്തവർഷം തന്നെ സാധ്യമായ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാനാണ് ഓസ്ട്രേലിയ ലക്ഷ്യമിടുന്നത്. 10 മില്യൺ ഡോസ് ഫൈസർ വാക്സിനായും ഓസ്ട്രേലിയ കരാർ ഉറപ്പിച്ചിട്ടുണ്ട്.

ഇതിനിടെ യുകെയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് 9 ദിനങ്ങൾ പിന്നിട്ടിട്ടും കോവിഡ് ബാധിച്ചവരുടെ എണ്ണത്തിലെ കുതിപ്പ് തുടരുകയാണ്. ഇന്നലെ മാത്രം യുകെയിൽ 33470 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം യുകെയിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ നിരക്കാണ് ഇന്നലത്തേത്. ഇത് കൂടി ഉൾപ്പെടുത്തി രാജ്യത്താകമാനം ഇതുവരെ 1.29 ദശലക്ഷം പേർക്കാണ് കോവിഡ് ബാധിച്ചത്. കോവിഡ് വ്യാപനത്തിന് കുറവുണ്ടാകാത്ത പശ്ചാത്തലത്തിൽ ജനങ്ങൾ കൂടുതൽ മുൻകരുതലുകൾ കൈക്കൊള്ളണമെന്നും കോവിഡ് -19 പ്രോട്ടോകോൾ പാലിക്കണമെന്നും ആരോഗ്യ മേഖലയിൽ ഉള്ളവർ ആവശ്യപ്പെടുന്നു. കഴിഞ്ഞ ബുധനാഴ്ച യൂറോപ്പിൽ ആദ്യമായി കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 50,000 പിന്നിട്ട രാജ്യമായി ബ്രിട്ടൻ മാറിയിരുന്നു. ഇന്ത്യ, അമേരിക്ക, ബ്രസീൽ, മെക്സിക്കോ എന്നിവയാണ് മരണസംഖ്യ 50,000 കടന്ന മറ്റ് രാജ്യങ്ങൾ.