ന്യൂഡൽഹി∙ വിഡ‍ിയോ കോൺഫറൻസിന് ഉപയോഗിക്കുന്ന സൂം ആപ് സുരക്ഷിതമല്ലെന്നു കേന്ദ്രസർക്കാർ. സൂം ആപ് ഉപയോഗിക്കുന്നവർ സുരക്ഷയ്ക്കായി ചില നിർദേശങ്ങൾ പാലിക്കണമെന്നും സർക്കാര്‍ അറിയിച്ചു. ലോക്ഡൗൺ കാലത്തു ജനങ്ങള്‍ വിഡിയോ കോൺഫറൻസിനായി സൂം ആപ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

സൂം ആപ് സുരക്ഷിതമല്ലെന്നു സർക്കാർ ഏജൻസിയായ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടി– ഇന്ത്യ) നിർദേശങ്ങൾ നേരത്തേ തന്നെ പുറത്തിറക്കിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷിതമല്ലാതെ ആപ് ഉപയോഗിക്കുകയാണെങ്കിൽ വിവരങ്ങള്‍ സൈബർ ക്രിമിനലുകൾക്കു ചോർത്തിയെടുക്കാൻ സാധിക്കും. സോഫ്റ്റ്‍വെയർ അപ്ഡേറ്റ് ചെയ്യണമെന്നും ഓരോ മീറ്റിങ്ങിലും പാസ്‌വേഡുകൾ മാറ്റണമെന്നും നിർദേശമുണ്ട്. സ്വകാര്യത, സുരക്ഷ എന്നിവയിൽ സൂം ആപ്പിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥൻ പറഞ്ഞു. ടിക് ടോക് ആപ് പോലെ സൂം ആപിന്റെയും സെർവറുകൾ ചൈനയിൽ ആണ്.

രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ട വ്യാപാര സ്ഥാപനങ്ങളും സർക്കാർ കേന്ദ്രങ്ങളും സൂം ഉപയോഗിക്കാതിരിക്കുന്നതാണു നല്ലതെന്നും മുന്നറിയിപ്പുണ്ട്. സൂം ആപ് ഉപയോഗത്തിനിടെ ഹാക്കർമാർ പാസ്‍വേഡുകൾ ലീക്ക് ചെയ്ത് വിഡിയോ കോളുകൾ ഹൈജാക് ചെയ്യുന്ന കേസുകൾ റിപ്പോർട്ട് ചെയ്തു. ജീവനക്കാരുടെ കംപ്യൂട്ടറുകളില്‍ സൂം ആപ് ഉപയോഗിക്കുന്നതിനു ഗൂഗിൾ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സിംഗപ്പൂരിൽ അധ്യാപകർ സൂം ആപ് ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്. ജർമനി, തായ്‍വാൻ എന്നീ രാജ്യങ്ങളിലും ആപ്പിന് വിലക്കേർപ്പെടുത്തി.