മലയാളം യുകെ സ്പെഷ്യല്‍ കറസ്പോണ്ടൻറ്

പ്രധാനമന്ത്രി തെരേസ മേയും ലേബർ പാർട്ടി നേതാവ് ജെറമി കോർബിനും തമ്മിൽ ബ്രെക്സിറ്റ് ഡെഡ് ലോക്ക് ഒഴിവാക്കുന്നതിനായി ആദ്യവട്ട ചർച്ചകൾ നടത്തി. ഇന്ന് നടത്തിയ ചർച്ചകൾ ഫലപ്രദമായിരുന്നെന്നും കൂടുതൽ ചർച്ചകൾ നടത്താൻ തീരുമാനിച്ചെന്നുമാണ് അറിയുന്നത്. മുന്നോട്ട് എങ്ങനെയാണ് പോകേണ്ടത് എന്നുള്ള ഒരു നടപടിക്രമം രണ്ടു നേതാക്കളും അംഗീകരിച്ചു.

കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും സമവായ ചർച്ചകൾക്കായി ഓരോ ടീമുകളെ നിയോഗിച്ചു. അവർ ഇന്ന് രാത്രി ബ്രെക്സിറ്റ് വിഷയങ്ങളിലുള്ള തർക്കങ്ങൾ പരിഹരിക്കാനുള്ള പ്രാരംഭ ഘട്ട ചർച്ചകൾ നടത്തും. നാളെ നടക്കുന്ന മുഴുദിന ചർച്ചകൾക്ക് മുന്നോടിയാണിത്. ഇരു പാർട്ടികളും തങ്ങളുടെ സമീപനങ്ങളിൽ അയവു വരുത്തിയതായി നമ്പർ 10 ഡൗണിംഗ് സ്ട്രീറ്റ് വൃത്തങ്ങൾ വ്യക്തമാക്കി.

ബ്രെക്സിറ്റിൽ ഒരു തീരുമാനം പാർലമെന്റിൽ എം പിമാർക്ക് എടുക്കാൻ പറ്റാത്ത സാഹചര്യം ഒഴിവാക്കുന്നതിനായുള്ള ശ്രമങ്ങൾ നടത്താൻ കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും യോജിപ്പിലെത്തിയിട്ടുണ്ട്. ബ്രിട്ടന്റെ പുതിയ ബ്രെക്സിറ്റ് പ്ളാൻ പാർലമെന്റിൽ അംഗീകരിച്ച് യൂറോപ്യൻ യൂണിയനു മുന്നിൽ ഏപ്രിൽ 12 ന് മുമ്പ് സമർപ്പിച്ചില്ലെങ്കിൽ ഡീലില്ലാതെ ബ്രിട്ടൺ പുറത്തു വരുന്ന സ്ഥിതിയാണ് നിലവിലുള്ളത്. എന്നാൽ ഇന്നത്തെ ചർച്ചകൾ ബ്രെക്സിറ്റ് ശുഭപര്യവസായി മാറുന്നു എന്ന സൂചനയാണ് നല്കുന്നത്