സ്റ്റീവനേജ്: ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനും, ലോകത്തിൽ ഏറ്റവും അധികം സ്നേഹവും സ്വാധീനവും ബഹുമാനവും ആർജ്ജിച്ചിട്ടുമുള്ള പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പയോടൊപ്പമുള്ള ഒരു നിമിഷം ആഗ്രഹിക്കാത്ത ആരെങ്കിലും ഉണ്ടാവുമെന്ന് കരുതാനാവില്ല. അപ്പോൾ പോപ്പിന്റെ ബലിപീഠത്തിനേറ്റവും അടുത്തിരിക്കുവാനും പാപ്പയുടെ സ്നേഹവും വാത്സല്യവും സമ്മാനവും കൂടി നേടുവാൻ കഴിയുകയും അതും കത്തോലിക്കാ വിശ്വാസികൾക്കാവുമ്പോൾ സന്തോഷം പറയാനുണ്ടോ? അത്തരം ഒരു സന്തോഷ തിമർപ്പിലാണ് സ്റ്റീവനേജിൽ നിന്നുള്ള പ്രിൻസണും, വിൽസിയും കുഞ്ഞു പ്രാർത്ഥനാ മരിയാ മോളും.

പരിശുദ്ധ മാർപ്പാപ്പ തിങ്കളാഴ്ച പതിവായി അർപ്പിക്കാറുള്ള വിശുദ്ധ ബലിയിൽ പങ്കു ചേരുവാൻ സുവർണ്ണാവസരം കിട്ടിയ ഈ പാലാട്ടി കുടുംബത്തിന്, ബുധനാഴ്ചയിലെ പൊതു ദർശന വേളയിൽ പോപ്പിനെ ഒന്ന് കാണുവാനായി ജനങ്ങളുടെ ഇടയിൽ ആഗ്രഹിച്ചിരിക്കുമ്പോൾ പോപ്പിന്റെ വേദിക്കരിയിൽ എത്തിപ്പറ്റുവാനും സാധിച്ചു.

ബുധനാഴ്ചത്തെ പൊതുദർശന ശുശ്രുഷാവേളയിൽ തീർത്തും ആകസ്മികമായി മാർപ്പാപ്പയുടെ ഒരു സെക്യൂരിറ്റി അടുത്തു വന്ന്‌ പ്രാർത്ഥനാ മോളെയും മാതാപിതാക്കളെയും വിളിച്ചു കൊണ്ടുപോയി ഏറ്റവും മുന്നിലത്തെ നിരയിൽത്തന്നെ ഇരിക്കുവാൻ ഒരു വേദി നൽകുക, ഫ്രാൻസീസ് മാർപ്പാപ്പ വന്നു കയ്യും പിടിച്ചു ചുംബനവും,തലോടലും നൽകി,തലയിൽ കുരിശുവരച്ചു അനുഗ്രഹിക്കുകയും കൂടാതെ പോക്കറ്റിൽ നിന്നും രണ്ടു കൊന്ത എടുത്തു സമ്മാനവും തങ്ങളുടെ മോൾക്ക് നൽകുക കൂടിയാവുമ്പോൾ ഇതിൽപ്പരം എന്ത് സന്തോഷാനുഗ്രഹമാണ് നേടുവാനെന്ന് പാലാട്ടി കുടുംബം.

പ്രാർത്ഥന മരിയായുടെ മാതാപിതാക്കളായ പ്രിൻസൺ പാലാട്ടി,വിൽസി പ്രിൻസൺ എന്നിവർക്ക് പോപ്പിന്റെ കൈ ചുംബിക്കുവാനും, തലയിൽ കൈവെച്ചനുഗ്രഹം ഏറ്റു വാങ്ങുവാനും, കൊന്ത വെഞ്ചിരിച്ചു വാങ്ങുവാനും കൂടിഭാഗ്യം കിട്ടിയപ്പോൾ റോമിലേക്കുള്ള യാത്ര തങ്ങളുടെ വിശ്വാസ ജീവിതത്തെ ഏറെ ധന്യമാക്കിയെന്നാണ് പ്രാർത്ഥനയുടെ മാതാപിതാക്കൾ പറയുന്നത്.

പ്രാർത്ഥനാ മരിയയെ സംബന്ധിച്ചിടത്തോളം തന്റെ ജീവിതം തന്നെ ദൈവാനുഗ്രഹത്തിന്റെയും കൃപയുടെയും കരുതലാണ്‌. 2017 ഡിസംബർ 25 നു ഒരു ക്രിസ്തുമസ്സ് ദിനത്തിൽ ജനിക്കുമ്പോൾ 3 മാസം നേരത്തെയായിരുന്നു മോളുടെ ഈ ലോകത്തേക്കുള്ള ആഗമനം. വൈദ്യ ശാസ്ത്രം അതിജീവനം അസാദ്ധ്യമെന്ന് വിധിയെഴുമ്പോളും, മോളുടെ ജീവൻ പരമാവധി ദീർഘിപ്പിച്ചെടുക്കുന്നതിനായി വെന്റിലേറ്ററിയുമായി രണ്ടു മാസത്തിലേറെ തീവ്ര പരിചരണത്തിലായിരുന്നു പ്രാർത്ഥനാ മോളുടെ ആദ്യ മാസങ്ങൾ.

പ്രാർത്ഥനയിൽ മാത്രം ശക്തിയും ബലവും ആശ്രയവുമെന്ന് ഉറച്ചു വിശ്വസിക്കുന്ന പ്രിൻസനും, വിൽസിയും തങ്ങളുടെ കുടുംബത്തിലേക്ക് നൽകപ്പെട്ട മോളെ നഷ്‌ടപ്പെടാതിരിക്കുവാൻ,ലോകത്തിന്റെ നിരവധി കോണുകളിൽ നിന്നും പ്രാർത്ഥന സഹായം പരമാവധി നേടിയെടുക്കുകയായിരുന്നു.

മെഡിക്കൽ സയൻസ് സാദ്ധ്യത തള്ളിയിടത്തു മിടുക്കിയായി വളർന്നു വരുന്ന മോൾക്ക് പ്രാർത്ഥനാ മരിയാ എന്ന് പേരിട്ടതു തന്നെ പ്രാർത്ഥനകളിലൂടെ നേടിയ ഈ അനുഗ്രഹ സാഫല്യത്തിന്റെ കടപ്പാടിലാണത്രെ. പ്രാർത്ഥനകളില്ലായിരുന്നെങ്കിൽ ഞങ്ങൾക്കൊരു പ്രാർത്ഥനാ മോളുണ്ടാവില്ലായിരുന്നു എന്നാണ് അവരുടെ ഭാഷ്യം.പ്രാർത്ഥന മോളെ യു കെ യിൽ അറിയാത്തവർ ചുരുക്കം ആവും. മക്കളില്ലാത്തവർക്കും,രോഗങ്ങളിൽ മനം മടുത്തു പോകുന്നവർക്കും ശക്തി പകരുന്ന ജീവിത സാക്ഷ്യങ്ങളുമായി മാതാപിതാക്കൾ ദൈവാനുഗ്രഹത്തിന്റെ സാക്ഷ്യം പറയാത്ത വേദികളില്ല.

പ്രിൻസണും, വിൽസിയും സ്റ്റീവനേജ് സീറോ മലബാർ സമൂഹത്തിലെ സജീവ സാന്നിദ്ധ്യങ്ങളാണ്. ട്രസ്റ്റിയായും,അൾത്താര ശുശ്രുഷകനായും, പള്ളിക്കമ്മിറ്റിയംഗമായും പ്രവർത്തിക്കുന്ന പ്രിൻസൺ തന്റേതായ താൽപര്യത്തിൽ ‘ജീസസ് മീറ്റ് പ്രയർ ഗ്രൂപ്പ്’ ആരംഭിക്കുകയും,വ്യാഴാഴ്ചകൾ തോറും പാരീഷ് ഹാളിൽ ചേരുന്ന പ്രസ്തുത പ്രാർത്ഥന കൂട്ടായ്മ്മയിൽ ശുശ്രുഷ നയിക്കുകയും ചെയ്തു വരുകയാണ്.സ്റ്റീവനേജ് മലയാളീ കൂട്ടായ്‌മയായ ‘സർഗ്ഗം സ്റ്റീവനേജ്’ മലയാളി അസോസിയേഷന്റെ ഭാരവാഹികൂടിയാണ്‌ പ്രിൻസൺ.

അങ്കമാലിക്കടുത്തു എറണാകുളം അതിരൂപതയിലെ മറ്റൂർ സെന്റ്
ആന്തണിസ്‌ ഇടവകയിൽ ഉള്ള പാലാട്ടി കുടുംബാംഗമാണ് പ്രിൻസൺ. നേഴ്‌സിങ് മേഖലയിൽ ആതുര സേവനം ചെയ്തു വരുകയാണ് പ്രിൻസണും വിൽസിയും.സ്വപ്നത്തിൽ പോലും നിനച്ചിരിക്കാത്ത വേളയിൽ വന്നു വീണ ഈ അനുഗ്രഹ മഹാസൗഭാഗ്യത്തെ ഓർത്ത് സന്തോഷവും ആനന്ദവും പങ്കിടുന്ന ഈ കുടുംബം നന്ദി സൂചകമായി ദൈവത്തിനു സ്തുതിയർപ്പിക്കുകയാണ്.

 

പ്രിൻസൻ പാലാട്ടിയുടെ റോമിലുള്ള മൂത്ത സഹോദരിയും, അവിടെ സെന്റ് മേരീസ് ലവൂക്കാ കോൺഗ്രിഗേഷൻ സഭാംഗവുമായ സി.ലിച്ചീനിയായുടെ സന്യസ്ത ജൂബിലി ആഘോഷ നിറവിൽ അവരെ സന്ദർശിക്കുവാനും, സാധിച്ചാൽ പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പയുടെ ഒരു കുർബ്ബാനയിൽ പങ്കു കൊള്ളുവാനും അതിയായി ആഗ്രഹിച്ചു പോയ യാത്രയാണ് പ്രിൻസണും വിൽസിക്കും പ്രാർത്ഥനാ മരിയാ മോൾക്കും ഈ അസുലഭ സൗഭാഗ്യം നേടുവാൻ സുവർണ്ണാവസരമായത്.

പ്രാർത്ഥനാ മരിയ മോൾക്ക്, പ്രാർത്ഥനയുടെ തോഴിയായി അനുഗ്രഹങ്ങളുടെയും കൃപകളുടെയും നിരർഗ്ഗളമായ പ്രവാഹം ആവോളം അനുഭവിക്കുവാൻ കൂടുതലായി ഇടവരട്ടെ എന്നാണേവരുടെയും ആശംസകൾ.