ഷെയ്ന്‍ നിഗം വിവാദത്തില്‍ അനുനയ ശ്രമങ്ങള്‍ വൈകുകയായണ്. ചര്‍ച്ചകള്‍ക്കായി ബുധനാഴ്ചയോ വ്യാഴാഴ്ചയോ കൊച്ചിയില്‍ എത്തണമെന്നാണ് ഷെയിനിനോട് താരസംഘടനയായ എഎംഎംഎ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതുവരെ താരം നാട്ടില്‍ മടങ്ങിയെത്തിയിട്ടില്ല. അതിനിടെ താരസംഘടനയിലും ഷെയ്നനിനെതിരെ താരങ്ങള്‍ രംഗത്തെത്തി തുടങ്ങി.

അമ്മ ജനറല്‍ സെക്രട്ടറി ഇളവേള ബാബു ഉള്‍പ്പെടെയുള്ളവര്‍ ഷെയ്നിനിനെ പിന്തുണച്ചിരുന്നെങ്കിലും ചില മുതിര്‍ന്ന താരങ്ങള്‍ നടനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഷെയിനിന്‍റെ സംസാര രീതി ശരിയല്ലെന്നാണ് നടന്‍ ദേവന്‍ പ്രതികരിച്ചത്. സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ചും നടന്‍ ദേവന്‍ തുറന്നടിച്ചു.

ഷെയ്ന്‍ നിഗം വിഷയത്തില്‍ തുടക്കം മുതല്‍ തന്നെ താരസംഘടന രണ്ട് തട്ടിലായിരുന്നു. അച്ചടക്കലംഘനം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടായിരുന്നു ചില നടന്‍മാര്‍ സ്വീകരിച്ചത്. സമാന പ്രതികരണമാണ് നടന്‍ ദേവനും ഷെയിനിനെതിരെ നടത്തിയത്.

ഷെയിന് വിജയം കൈകാര്യം ചെയ്യാനുള്ള പക്വത കൈവന്നിട്ടില്ലെന്ന് ദേവന്‍ പറഞ്ഞു. പരാജയത്തെ കൈകാര്യം ചെയ്യാന്‍ നമ്മുക്ക് എളുപ്പത്തില്‍ സാധിക്കും. എന്നാല്‍ വിജയത്തെ കൈകാര്യം ചെയ്യുന്നതാണ് ശ്രദ്ധിക്കേണ്ടത്. വിജയത്തെ കൈകാര്യം ചെയ്യുന്നതില്‍ ഷെയിന്‍ പരാജയപ്പെട്ടു. അതിനുള്ള പക്വത ഷെയിനിന് ഇല്ല, ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

ഏറെ കഷ്ടപ്പാടുകള്‍ സഹിച്ച് കൊണ്ടാണ് മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ ഈ നിലയില്‍ എത്തിയത്. ഒരുപാട് വിട്ട് വീഴ്ചകള്‍ ചെയ്യാന്‍ നടന്‍മാര്‍ തയ്യാറാകണം. മുതിര്‍ന്ന നടന്‍മാര്‍ എല്ലാം അത്തരത്തില്‍ വളര്‍ന്ന് വന്നതാണ്.എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പക്വത ഇല്ലാതെ പ്രതികരിക്കാന്‍ പോകരുത്.

തന്‍റെ സമകാലീനാണ് ലാലും മമ്മൂട്ടിയും. അവര്‍ എന്തൊക്കെ സഹിച്ചുവെന്നത് എനിക്ക് അറിയാം. അവര്‍ അനാവശ്യ കാര്യങ്ങളില്‍ പ്രതികരിക്കാന്‍ പോയിട്ടില്ല. ചെറിയ കാര്യങ്ങളില്‍ പിടിവാശി കാണിക്കുന്നത് നല്ല കാര്യമായിട്ട് തോന്നുന്നില്ലെന്നും ദേവന്‍ പറഞ്ഞു.

അബിയുടെ മകനാണ്. അബിക്ക് എത്തിപ്പെടാന്‍ കഴിയാത്ത ഇടത്താണ് ഈ ചെറിയ പ്രായത്തില്‍ ഷെയിന്‍ എത്തിയിരിക്കുന്നത്. ഷെയിനിന്‍റെ കഴിവ് കൊണ്ട് തന്നെയാണ് അയാള്‍ ഇത് നേടിയത്. സാമാര്‍ത്ഥ്യം കൊണ്ടാണെന്ന് വിചാരിക്കരുത്.

നല്ല ഭാവിയുള്ള നടനാണ് ഷെയിന്‍. എന്നാല്‍ അവന് അച്ചടക്കമല്ല, സംസാരിക്കുന്ന രീതി ശരിയല്ല. അവന്‍ എന്തൊക്കെ പറഞ്ഞാലും ഫേസ്ബുക്കില്‍ പ്രതികരിക്കുന്ന രീതിയെല്ലാം വേദദനിപ്പിക്കുന്നത്. ഒന്നോ രണ്ടോ ആളുകള്‍ ചെയ്യുന്ന കാര്യങ്ങള്‍ കൊണ്ട് സിനിമയെ മാറ്റാന്‍ സാധിക്കില്ല.

സിനിമാ മേഖലയില്‍ ലഹരിയുടെ ഉപയോഗം കൂടി വരുന്നുണ്ടെന്നും ദേവന്‍ പറഞ്ഞു.ലഹരിയുടെ ഉപയോഗം കൂടി വരുന്നുണ്ടുവെന്നത് വിഷമിപ്പിക്കുന്നതാണെന്നും ദേവന്‍ പറഞ്ഞു. ഷെയ്ന്‍ തല മൊട്ടയടിച്ചത് തോന്നിയവാസം ആണെന്നായിരുന്നു നേരത്തേ നടന്‍ ഗണേഷ് കുമാര്‍ പ്രതികരിച്ചത്. അഹങ്കരിച്ചാല്‍ മലയാള സിനിമയില്‍ നിന്ന് പുറത്ത് പോകുമെന്നും ഗണേഷ് പറഞ്ഞിരുന്നു.

കാശ് എണ്ണി വാങ്ങിയതിന് ശേഷം അഭിനയിക്കാൻ പ്രകൃതി അനുവദിക്കുന്നില്ല, മൂഡ് അനുവദിക്കുന്നില്ല എന്നൊക്കെ പറയുന്നത് ശരിയല്ലെന്നായിരു്നനു നടന്‍ മഹേഷ് തുറന്നടിച്ചത്. ചില നടന്മാരുടെ കാരവനിൽ കയറിയാൽ ലഹരി വസ്തുക്കളുടെ മണമാണെന്നും മഹേഷ് പറഞ്ഞിരുന്നു.

അതേസമയം ഷെയിനിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് സംവിധായകന്‍ ആഷിഖ് അബു രംഗത്തെത്തി. ഒരു നിര്‍മ്മാതാവ് നടനെ വണ്ടി ഇടിച്ച് കൊലപ്പെടുത്തും എന്ന് ഭീഷണി മുഴക്കിയെങ്കില്‍ അത് ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. എന്നാല്‍ വളരെ ലാഘവത്തോടെയാണ് ഈ വിഷയം കൈകാര്യം ചെയ്തതെന്നും ആഷിഖ് പറഞ്ഞു.

വധഭീഷണി ഉണ്ടെന്ന ഷെയിന്‍ നിഗത്തിന്‍റെ ആരോപണം ഗൗരവുള്ളതാണെന്നും ആഷിഖ് അബു വ്യക്തമാക്കി. സിനിമാ മേഖലയിലെ എല്ലാ സംഘടനകളും ഒരു പോലെ ഇടപെട്ട് ഇപ്പോഴുള്ള പ്രശ്നങ്ങള്‍ തീര്‍ക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ആഷിഖ് പറഞ്ഞു.

അതേസമയം വിവാദം സങ്കീര്‍ണമായതോടെ ദില്ലിയിലേക്ക് തിരിച്ച ഷെയ്ന്‍ ഇതുവരെ നാട്ടിലെത്തിയിട്ടില്ല. ദില്ലിയിലെ ചില തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി മടങ്ങുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം അജ്മീറിലാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ബുധനാഴ്ചയോ വ്യാഴാഴ്ചയോ മടങ്ങിയെത്തണമെന്നായിരുന്നു ഷെയിനിനോട് താരസംഘടന ഷെയിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇനിയും ഹിമാചല്‍ പോലുള്ള സ്ഥലങ്ങളില്‍ കൂടി ഷെയ്ന്‍ സന്ദര്‍ശനം നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.