കൊച്ചി∙ എൻഐഎ മൂർഷിദാബാദിലും കൊച്ചിയിലുമായി പിടികൂടിയ പ്രതികൾ എല്ലാവരും താമസിച്ചിരുന്നത് വേറെ വേറെ ഇടങ്ങളിൽ. കേരളത്തിൽ പിടിയിലായ മൂന്നു പേർ മൂന്നു സ്ഥലങ്ങളിൽ താമസിച്ചപ്പോൾ മൂർഷിദാബാദിൽ അറസ്റ്റിലായത് ആറിടങ്ങളിൽ നിന്നാണ്. സാധാരണക്കാരെ പോലെ താമസിച്ച് ജോലി ചെയ്ത് ഭീകര പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയായിരുന്നു ഇവരെന്നാണ് വ്യക്തമാകുന്നത്. ആർക്കും സംശയം തോന്നാതിരിക്കാനാണ് ഇവർ സാധാരണ ജോലികളിൽ ഏർപ്പെട്ടിരുന്നത്. എന്നാൽ സ്ഥിരമായി ഒരു ജോലിക്കും ഇവർ പോയിരുന്നില്ല എന്നും വ്യക്തമാകുന്നുണ്ട്.

പ്രതികൾ പരസ്പരം ബന്ധപ്പെട്ടിരുന്നു എന്നതു സംബന്ധിച്ച് എൻഐഎ അന്വേഷണ സംഘത്തിന് കൃത്യമായ വിവരം ലഭിച്ചിരുന്നു. പ്രതികളിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയ നാടൻ തോക്ക് ഉൾപ്പടെയുള്ള ആയുധങ്ങൾ സ്വയരക്ഷയ്ക്കായി കരുതിയതാണ് എന്നാണ് വിലയിരുത്തൽ. പെട്ടെന്ന് പൊലീസിൽ നിന്നൊ മറ്റേതെങ്കിലും ഏജൻസികളിൽ നിന്നൊ ഒരു ആക്രമണമുണ്ടായാൽ കരുതൽ എന്ന നിലയിലാണ് ഇവർ ഇത് കരുതിയിരുന്നത്. എന്നാൽ അർധരാത്രിയിൽ ഒരു തിരച്ചിൽ ഇവർ പ്രതീക്ഷിച്ചിരുന്നില്ല എന്നത് തീവ്രവാദി സംഘത്തിന് തിരിച്ചടിയാകുകയായിരുന്നു.

രാജ്യത്ത് അൽഖായിദ തീവ്രവാദ പ്രവർത്തനം നടത്താൻ ലക്ഷ്യമിടുന്നതായി ഈ മാസം ആദ്യമാണ് എൻഐഎയ്ക്ക് വിവരം ലഭിക്കുന്നത്. ഇതു സംബന്ധിച്ച് ഡൽഹിയിൽ കേസ് റജിസ്റ്ററും ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ എട്ടു ദിവസമായി പ്രതികളെ അന്വേഷണ സംഘം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു. ഇവരിൽ ചിലർ ഡൽഹിയിലേയ്ക്ക് യാത്ര ചെയ്യാൻ തയാറെടുക്കുന്നതിനിടെയാണ് നടപടിയുണ്ടായത്. ഇന്നു പുലർച്ചെ രണ്ടു മണിയോടെയായിരുന്നു എൻഐഎയുടെ നീക്കം. രാജ്യത്ത് 12 കേന്ദ്രങ്ങളിൽ ഒരേ സമയമായിരുന്നു പരിശോധനകളും അറസ്റ്റ് നടപടികളും. 15 മിനിറ്റ് മാത്രം നീണ്ട നടപടിക്കുള്ളിൽ പാതാളത്തു നിന്ന് പ്രതിയെ പിടികൂടിയെന്നാണ് ഇവിടെ താമസിച്ചിരുന്ന മറ്റുള്ളവർ വ്യക്തമാക്കുന്നത്. അഞ്ചു പേർ താമസിച്ചിരുന്ന വീട്ടിൽ നിന്ന് കൃത്യമായ പ്രതിയിലേയ്ക്ക് അന്വേഷണ സംഘം എത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പിടിയിലായ അൽഖായിദ തീവ്രവാദികൾ പദ്ധതിയിട്ടത് കേരളത്തിൽ നിന്ന് പണം സ്വരൂപിച്ച് കശ്മീരിൽ എത്തിക്കലായിരുന്നു എന്നാണ് വിവരം. കശ്മീരിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നതിന് പണം കണ്ടെത്തുകയായിരുന്നു പ്രതികൾ ലക്ഷ്യമിട്ടതെന്നാണ് വ്യക്തമാകുന്നത്. ഡൽഹിയിൽ ഉൾപ്പടെ രാജ്യത്തെ വൻ നഗരങ്ങളിൽ ആക്രമണങ്ങൾ നടത്തുന്നതിനാണ് സംഘം പദ്ധതിയിട്ടതെന്നാണ് വിവരം. ഒരു ഘട്ടത്തിൽ കേരളത്തിൽ നാവിക സേനാ ആസ്ഥാനത്തും കപ്പൽ നിർമാണ ശാലയിലും ആക്രമണം നടത്തുന്നതിന് പദ്ധതിയിട്ടിരുന്നു എന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ‍‍‍‍ഡൽഹിയിലാണ് ആദ്യ ആക്രമണം ലക്ഷ്യമിട്ടതെന്നും വിവരം പുറത്തു വന്നിട്ടുണ്ട്.

പ്രതി പാതാളത്ത് താമസിച്ചിരുന്ന വീട്ടിൽ ഇയാൾ എത്തിയത് ലോക്ഡൗൺ സമയത്താണെന്നാണ് വ്യക്തമാകുന്നത്. നേരത്തെ 25 പേർ വരെ താമസിച്ചിരുന്ന വീട്ടിൽ മൂന്നു പേർ മാത്രമാണ് കുറച്ചു നാളായി ഉണ്ടായിരുന്നത്. ഇതിനിടെ തൊഴിലാളികളെ വിതരണം ചെയ്യുന്ന ഏജന്റ് ചോദിച്ചത് അനുസരിച്ചാണ് ഇയാളെ ഇവിടെ താമസിപ്പിച്ചതെന്ന് വീടിന്റെ ഉടമ നാസർ പറഞ്ഞു. യാഥാർഥ രേഖകൾ ഉൾപ്പടെ നൽകിയ ശേഷമാണ് ഇവിടെ താമസിപ്പിച്ചത്. പരിശോധന നടത്താൻ എൻഐഎ എത്തിയപ്പോൾ വിളിപ്പിച്ചിരുന്നു. അവരോട് കാര്യങ്ങൾ വിശദീകരിക്കുകയും രേഖകൾ കൈമാറുകയും ചെയ്തിരുന്നു. ഇപ്പോൾ പിടിയിലായ മൂർഷിദ് ഹസൻ എന്നയാൾ എല്ലാ പണിക്കും പോയിരുന്നു എന്നാണ് വ്യക്തമായിരുന്നത്. താൻ വാടകയ്ക്ക് നൽകിയിട്ടുള്ള ചായക്കടയിലും ജോലി ചെയ്തിട്ടുണ്ടെന്നും നാസർ പറഞ്ഞു.